Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

കരാർ കമ്പനി പാതിവഴിയിൽ മുങ്ങിയപ്പോൾ കാല് പിടിച്ച് പണി എടുപ്പിച്ചത് സബ് കോൺട്രാക്ടർമാരെ; പണി കഴിഞ്ഞപ്പോൾ പോയി പണി നോക്കാൻ സർക്കാർ; ഡിജിറ്റൽ സർവകലാശാല ക്യാമ്പസ് നിർമ്മിച്ച ഉപകരാറുകാർ കാശ് കിട്ടാതെ ആത്മഹത്യയുടെ വക്കിൽ

കരാർ കമ്പനി പാതിവഴിയിൽ മുങ്ങിയപ്പോൾ കാല് പിടിച്ച് പണി എടുപ്പിച്ചത് സബ് കോൺട്രാക്ടർമാരെ; പണി കഴിഞ്ഞപ്പോൾ പോയി പണി നോക്കാൻ സർക്കാർ; ഡിജിറ്റൽ സർവകലാശാല ക്യാമ്പസ് നിർമ്മിച്ച ഉപകരാറുകാർ കാശ് കിട്ടാതെ ആത്മഹത്യയുടെ വക്കിൽ

വിഷ്ണു ജെ ജെ നായർ

തിരുവനന്തപുരം: തിരുവനന്തപുരം ടെക്നോസിറ്റിയിലെ ഡിജിറ്റൽ സർവകലാശാല ക്യാമ്പസ് നിർമ്മാണം ഏറ്റെടുത്ത കൊൽക്കത്ത കമ്പനി പാതിവഴിയിൽ മുങ്ങി. ഇപ്പോൾ, സംസ്ഥാന സർക്കാരിന് ആശ്രയമായത് മലയാളികളായ സബ് കോൺട്രാക്ടർമാരാണ്. എന്നാൽ പണി കഴിഞ്ഞപ്പോൾ അധികൃതർ അവരെ കൈവിട്ടെന്ന് പരാതി. കിട്ടാനുള്ള പണം ലഭിക്കാതെ പ്രതിസന്ധിയിലാണ് ഡിജിറ്റൽ സർവകലാശാല ക്യാമ്പസിന്റെ പണി ഏറ്റെടുത്ത് പൂർത്തിയാക്കിയ സബ് കോൺട്രാക്ടർമാർ.

കൊൽക്കത്ത ആസ്ഥാനമായി പ്രവർത്തിക്കുന്ന സിംപ്ലക്സ് ഇൻഫ്രാസ്ട്രക്ചർ ലിമിറ്റഡ് എന്ന സ്ഥാപനത്തിനാണ് ഡിജിറ്റൽ സർവകലാശാല ക്യാമ്പസ് നിർമ്മാണത്തിനുള്ള കോൺട്രാക്ട് ലഭിച്ചിരുന്നത്. അവർ അതിന് വേണ്ടി കേരളത്തിൽ നിന്നും സബ് കോൺട്രാക്ടർമാരെ തെരെഞ്ഞെടുക്കുകയും പണി ആരംഭിക്കുകയും ചെയ്തു. എന്നാൽ പണി പൂർത്തിയാകും മുമ്പ് കോവിഡ് നിയന്ത്രണങ്ങൾ വരുകയും പണി നിർത്തിവയ്ക്കുകയും ചെയ്തു. തുടർന്ന് സിംപ്ലക്സ് ഇൻഫ്രാസ്ട്രക്ചറിന്റെ ഉദ്യോഗസ്ഥർ കൊൽക്കത്തയിലേയ്ക്ക് മടങ്ങി. എന്നാൽ പണി പുനരാരംഭിച്ച ശേഷവും അവർ മടങ്ങിയെത്തിയില്ല. കോവിഡ് നിയന്ത്രണങ്ങൾ പൂർണമായും നീക്കാത്തത് മൂലം അന്ത:സംസ്ഥാന യാത്രകൾക്കുള്ള വിലക്കുകൾ കൊണ്ടാണ് എത്താനാകാത്തത് എന്നായിരുന്നു സബ് കോൺട്രാക്ടർമാർക്ക് ലഭിച്ച അറിയിപ്പ്.

എന്നാൽ സർക്കാരിന് കെട്ടിടങ്ങളുടെ നിർമ്മാണം അതിവേഗം തീർക്കണമെന്നതിനാൽ സബ് കോൺട്രാക്ടർമാരോട് പണി പൂർത്തിയാക്കാൻ ആവശ്യപ്പെടുകയും സിംപ്ലക്സ് ഇൻഫ്രാസ്ട്രക്ചറിന്റെ ഉദ്യോഗസ്ഥർ തിരിച്ചെത്താത്തത് മൂലം പണി അനന്തമായി നീണ്ടുപോകുന്നതിനാൽ സർക്കാർ അഭ്യർത്ഥന ഏറ്റെടുത്ത് പണി പൂർത്തിയാക്കാൻ സബ് കോൺട്രക്ടർമാർ മുന്നോട്ടുവരുകയും ചെയ്തു. എന്നാൽ പണി പൂർത്തിയായ ശേഷം ഇവർ നൽകിയ ബില്ല് അംഗീകരിക്കാൻ ഡിജിറ്റൽ സർവകലാശാല അധികൃതർ തയ്യാറാകുന്നില്ലെന്നാണ് പരാതി. കോൺട്രാക്ട് ലഭിച്ചത് സിംപ്ലക്സ് ഇൻഫ്രാസ്ട്രക്ചറിനാണെന്നും അതിനാൽ അവർ തന്നെ ബില്ല് നൽകണമെന്നുമാണ് അധികൃതരുടെ വാദം. അങ്ങനെയെങ്കിൽ എന്തിനാണ് തങ്ങളെകൊണ്ട് ബാക്കി പണി ചെയ്യിച്ചതെന്നാണ് സബ് കോൺട്രാക്ടർമാർ ചോദിക്കുന്നത്.

കോവിഡ് പ്രതിസന്ധി മൂലം സിംപ്ലക്സ് ഇൻഫ്രാസ്ട്രക്ചർ പ്രതിസന്ധിയിലാണെന്നും വലിയ ബാധ്യതകളാൽ ശ്വാസം മുട്ടുകയുമാണെന്ന് സബ് കോൺട്രാക്ടർമാർ പറയുന്നു. സബ് കോൺട്രാക്ടർമാരുമായി ആശയവിനിമയത്തിന് പോലും കമ്പനി തയ്യാറല്ല. ഈ അവസരത്തിൽ തങ്ങൾ പൈസ ചെലവാക്കി ചെയ്ത പണിയുടെ ബില്ല് അവർക്ക് ലഭിച്ചാൽ ഒരുരൂപ പോലും തങ്ങൾക്ക് ലഭിക്കില്ലെന്ന് സബ് കോൺട്രാക്ടർമാർ പറയുന്നു. എന്നാൽ തങ്ങളോട് ഒഴിവുകഴിവ് പറയുന്നതല്ലാതെ സിംപ്ലക്സ് ഇൻഫ്രാസ്ട്രക്ചറിന്റെ അധികൃതരെ ബന്ധപ്പെടാനോ മാനുഷിക പരിഗണനയുടെ പേരിൽ തങ്ങളുടെ ബിൽ സ്വീകരിക്കാനോ അധികൃതർ തയ്യാറാകുന്നില്ലെന്നും അവർ പരാതിപ്പെടുന്നു.

ടെക്നോസിറ്റിയിലെ ക്യാമ്പസ് കെട്ടിടങ്ങളുടെ ഫയർ പ്രൊട്ടക്ഷൻ സംവിധാനങ്ങളുടെ സബ് കോൺട്രക്ട് ഏറ്റെടുത്ത് ഫയർ വകുപ്പിൽ നിന്നും സമ്മതപത്രം വാങ്ങിനൽകിയത് മാസ്റ്റർ സെർവ് ഇന്ത്യ എന്ന കമ്പനിയാണ്. ഈ സ്ഥാപനത്തിന്റെ മാനേജിങ് ഡയറക്ടർ പ്രമോദ് നായർക്ക് ഐഐടിഎംകെ ഏകദേശം 40 ലക്ഷം രൂപയോളം നൽകാനുണ്ടെന്ന് അവർ പരാതിപ്പെടുന്നു. അതിൽ മുഖ്യ കോൺട്രാക്ടർ സർട്ടിഫൈ ചെയ്തത് തന്നെ 24, 58000 രൂപയോളം വരും. ഈ പണം ലഭിക്കുന്നതിന് പ്രമോദ് നായർ നിരവധി സർക്കാർ വകുപ്പുകളുടെ വാതിലുകൾ മുട്ടി. എന്നിട്ടും ഒരു രക്ഷയുമില്ല. ഒരുപക്ഷെ നിയമപ്രകാരം മുഖ്യകോൺട്രാക്ടർക്ക് മാത്രം പണം നൽകിയാൽ മതിയായിരിക്കും. എന്നാൽ സബ് കോൺട്രാക്ടർമാരെ കൊണ്ട് ഐഐടിഎംകെയാണ് ബാക്കി പണി പൂർത്തീകരിച്ചത് എന്നതുകൊണ്ട് മാനുഷിക പരിഗണനയുടെ പുറത്ത് അവരുടെ പക്കലുള്ള രേഖകൾ പരിശോധിച്ച് പ്രധാന കോൺട്രാക്ടറിന്റെ റിട്ടെൻഷൻ തുകയിൽ നിന്നും സബ് കോൺട്രാക്ടർമാർക്ക് ലഭിക്കാനുള്ള പണം ലഭ്യമാക്കണമെന്നാണ് അവരുടെ ആവശ്യം.

കോവിഡ് പ്രതിസന്ധിയിൽ നട്ടംതിരിഞ്ഞുനിൽക്കുന്ന കോൺട്രാക്ടർമാർക്ക് ഇരുട്ടടി നൽകുകയാണ് സർക്കാർ. പലയിടത്തും നിന്നും വായ്പകൾ വാങ്ങിയും മറ്റുമാണ് കോൺട്രക്ടർമാർ ഡിജിറ്റൽ സർവകലാശാല കെട്ടിടങ്ങളുടെ പണി പൂർത്തിയാക്കിയത്. സബ് കോൺട്രാക്ട് ചെയ്തവർക്കെല്ലാം ലക്ഷക്കണക്കിന് രൂപയാണ് കിട്ടാനുള്ളത്. എന്നാൽ സർക്കാർ കയ്യൊഴിഞ്ഞതോടെ വലിയ സാമ്പത്തിക പ്രതിസന്ധിയിലേയ്ക്ക് വഴുതിവീണ അവർ ആത്മഹത്യയുടെ വക്കിലാണ്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP