Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Sep / 202021Monday

ക്ഷമിക്കണം ഇവിടെ പ്ലാസ്റ്റിക് കുപ്പി വെള്ളം കിട്ടില്ല; കുടിവെള്ളം വേണ്ടവർക്ക് വാട്ടർ എ.ടി.എമ്മിൽ അഞ്ച് രൂപയ്ക്ക് ഒരു ലിറ്റർ ശുദ്ധജലം; ജൈവ സമ്പത്തിന് കോട്ടം തട്ടാതിരിക്കാൻ നീലഗിരി ജില്ലയിൽ വെള്ളക്കുപ്പികളെ പടിക്ക് പുറത്താക്കി തമിഴ്‌നാട് സർക്കാർ; തമിഴ്‌നാട്ടിൽ നിന്ന് മലയാളികൾക്ക് മാതൃകയാക്കാവുന്ന ഒരു വിജയപദ്ധതി കൂടി

ക്ഷമിക്കണം ഇവിടെ പ്ലാസ്റ്റിക് കുപ്പി വെള്ളം കിട്ടില്ല; കുടിവെള്ളം വേണ്ടവർക്ക് വാട്ടർ എ.ടി.എമ്മിൽ അഞ്ച് രൂപയ്ക്ക് ഒരു ലിറ്റർ ശുദ്ധജലം; ജൈവ സമ്പത്തിന് കോട്ടം തട്ടാതിരിക്കാൻ നീലഗിരി ജില്ലയിൽ വെള്ളക്കുപ്പികളെ പടിക്ക് പുറത്താക്കി തമിഴ്‌നാട് സർക്കാർ; തമിഴ്‌നാട്ടിൽ നിന്ന് മലയാളികൾക്ക് മാതൃകയാക്കാവുന്ന ഒരു വിജയപദ്ധതി കൂടി

കെ വി നിരഞ്ജൻ

കോഴിക്കോട്: നിയമങ്ങൾ ഉണ്ടെങ്കിലും അതൊന്നും നടപ്പിലാക്കാത്തതാണ് കേരളത്തിന്റെ പ്രധാന പ്രശ്നം. പ്ലാസ്റ്റിക് നിരോധനത്തെപ്പറ്റി സംസാരവും പ്രസ്താവനകളും ഉത്തരവുകളും പലതുണ്ടാവുമെങ്കിലും കാര്യത്തോടടുക്കുമ്പോൾ അതെല്ലാം കാറ്റിൽ പറത്തപ്പെടും. കേരളത്തിലെ പ്രധാനപ്പെട്ട വിനോദസഞ്ചാര കേന്ദ്രങ്ങളിലും വനമേഖലകളിലുമെത്തിയാൽ പ്ലാസ്റ്റിക് മാലിന്യങ്ങളുടെ കൂമ്പാരങ്ങൾ തന്നെ കാണാം. ജീവജാലങ്ങൾക്കും ജൈവസമ്പത്തിനുമെല്ലാം പ്രശ്നങ്ങൾ സൃഷ്ടിച്ച് പ്ലാസ്റ്റിക് കുപ്പികളും കവറുകളുമെല്ലാം ഇത്തരം കേന്ദ്രങ്ങളിലെല്ലാം കുമിഞ്ഞുകൂടുകയാണ്. ഇത്തരമൊരു സാഹചര്യത്തിൽ കേരളത്തിന് മാതൃകയാക്കാവുന്ന ഒരു പദ്ധതിയുടെ വിജയം തൊട്ടടുത്ത തമിഴ്‌നാട്ടിൽ പോയാൽ കാണാം.

തമിഴ്‌നാട്ടിലെ ഊട്ടിയും ഗൂഡല്ലൂരും അവിടേക്കുള്ള വനപാതയും ചുരവുമെല്ലാം സഞ്ചാരികൾക്ക് ഏറെ ഇഷ്ടമുള്ളതാണ്. ഈ യാത്രയിലും വനപാതകളിൽ പ്ലാസ്റ്റിക്ക് കുപ്പികളുടെയും മറ്റും കൂമ്പാരം മുമ്പ് ഏറെ കാണാമായിരുന്നു. എന്നാൽ ഇനി ഊട്ടിയിലേക്കുള്ള യാത്രയിൽ അത്തരം കാഴ്ചകൾ അപൂർവ്വമായിരിക്കും. വഴിക്കടവ്-ഗൂഡല്ലൂർ, ഗൂഡല്ലൂർ-ഊട്ടി, മേട്ടുപ്പാളയം-ഊട്ടി തുടങ്ങിയ വനാതിർത്തി പങ്കിടുന്ന ചുരം പാതയിൽ പ്ലാസ്റ്റിക് മിനിറൽ വാട്ടർ ബോട്ടിലുകൾക്ക് വിലക്കേർപ്പെടുത്തിയിരിക്കുകയാണ്. കുപ്പിവെള്ളവുമായി പോയാൽ അതിർത്തിയിൽ വെച്ച് തന്നെ പിടിവീഴും. അപ്പോൾ വെള്ളം കുടിക്കാൻ എന്തു ചെയ്യും എന്ന ചോദ്യത്തിനും തമിഴ്‌നാടിന് ഉത്തരമുണ്ട്. ചുരം പാതയിൽ ഓരോ അഞ്ച് കിലോമീറ്റർ ദൂരത്തിലും വാട്ടർ എ ടി എം സംവിധാനം സ്ഥാപിച്ചാണ് തമിഴ്‌നാട് ഈ പ്രതിസന്ധി മറികടക്കുന്നത്.

Stories you may Like

ആഗഗസ്റ്റ് പതിനഞ്ച് മുതലാണ് ഇവിടെ നിയമം പ്രാബല്യത്തിൽ വന്നത്. വാട്ടർ എ ടി എം വഴി ഒരു ലിറ്റർ വെള്ളം അഞ്ചുരൂപ നിരക്കിലാണ് നൽകുന്നത്. ഇതോടെ സഞ്ചാരികളും ഹാപ്പിയായി. നിയമങ്ങൾ മാത്രമല്ല അത് കർശനമായി പാലിക്കുന്ന ഒരു ജനതയാണ് ഉത്തരവുകളെ വിജയിപ്പിക്കുന്നത്. അധികൃതരുടെ തീരുമാനത്തിന് പിന്തുണയേകി പരിസ്ഥിതിക്ക് ദോഷമുണ്ടാക്കുന്ന ഒന്നിനെയും തങ്ങളും പ്രോത്സാഹിപ്പിക്കില്ലെന്ന് നീലഗിരിക്കാരും തീരുമാനിച്ചു. അതോടെ പ്ലാസ്റ്റിക് ബോട്ടിലുകൾ പടിക്ക് പുറത്തായി. അപൂർവ്വയിനം ജീവജാലങ്ങളുടെയും സസ്യങ്ങളുടെയും സങ്കേതമാണ് നീലഗിരി വനം. ഇവിടുത്തെ ജൈവസമ്പത്തിന് കോട്ടം തട്ടാതിരിക്കാൻ പ്ലാസ്റ്റിക്കിനെ ഒഴിവാക്കണമെന്ന് വനം വകുപ്പ് തീരുമാനിച്ചു.

സഞ്ചാരികൾ വെള്ളം കുടിച്ച് ഉപേക്ഷിക്കുന്ന പ്ലാസ്റ്റിക് കുപ്പികൾ മൃഗങ്ങളുടെ ജീവന് വലിയ ഭീഷണിയാകുന്നുണ്ടെന്ന തിരിച്ചറിവിലായിരുന്നു ഈ തീരുമാനം. വകുപ്പിന്റെ അഭ്യർത്ഥന മാനിച്ച് തമിഴ്‌നാട് ഹൈക്കോടതിയുടെ നിർദ്ദേശപ്രകാരം ജില്ലാ ഭരണകൂടം പ്ലാസ്റ്റിക് ബോട്ടിലുകൾക്ക് വിലക്കുമേർപ്പെടുത്തി. വിലക്ക് എത്രത്തോളം വിജയിക്കുമെന്ന് അധികൃതർക്ക് ആശങ്കയുണ്ടായിരുന്നെങ്കിലും നാട്ടുകാർ ഒറ്റക്കെട്ടായി നിന്നതോടെ പദ്ധതി വൻവിജയമായി. നീലഗിരിയിലും സമീപപ്രദേശങ്ങളിലും കടകളിൽ കുപ്പിവെള്ളം കിട്ടാനേയില്ലാത്ത അവസ്ഥയാണ്. കുപ്പിയിലുള്ള പെപ്സ്, കെക്കോ കോള തുടങ്ങിയ ശീതളപാനീയങ്ങളും ഇവിടെ ലഭിക്കാനില്ല. ഉത്തരവിൽ തങ്ങൾ സന്തുഷ്ടരാണെന്ന മറുപടിയാണ് കച്ചവടക്കാർക്കുമുള്ളത്.

നാടിന് വേണ്ടിയുള്ള ഒരു നല്ല കാര്യത്തിൽ പങ്കാളിയാകുന്നതിൽ വലിയ സന്തോഷമാണുള്ളതെന്നും കച്ചവടക്കാർ പറയുന്നു.നീലഗിരിയിലേകകുള്ള ദേശീയപാതയോരത്തും മറ്റ് പ്രധാന കേന്ദ്രങ്ങളിലുമായി നൂറിലധികം ജല എ ടി എമ്മുകളാണ് ഇപ്പോൾ സ്ഥാപിച്ചിട്ടുള്ളത്. കൂടുതൽ ജല എ ടി എമ്മുകൾ സ്ഥാപിച്ച് കൂടുതൽ സൗകര്യമൊരുക്കാനുള്ള നീക്കത്തിലുമാണ് അധികൃതരിപ്പോൾ. 20 രൂപ വരെ നൽകിയാണ് ഒരു ലിറ്റർ കുപ്പിവെള്ളം ആളുകൾ വാങ്ങുന്നത്. ഇതാണ് അഞ്ചു രൂപയ്ക്ക് ഇവിടെ ലഭിക്കുന്നത്. കുപ്പിവെള്ളം ഉപയോഗിച്ചാൽ വലിയ പിഴയും ഇവിടെ നൽകേണ്ടിവരും. 17 തരം പ്ലാസ്റ്റിക്കുകളാണ് നീലഗിരിയിൽ നിരോധിച്ചിട്ടുള്ളത്.നീലഗിരി മാത്രമല്ല തമിഴ്‌നാട് മൊത്തത്തിൽ പ്ലാസ്റ്റിക്കിനോടുള്ള പോരാട്ടത്തിലാണ്.

ജനുവരി മുതൽ ഇക്കാര്യത്തിൽ കർശനമായ നിയന്ത്രണമാണ് തമിഴ്‌നാട്ടിൽ ഏർപ്പെടത്തിയിട്ടുള്ളത്. തമിഴ്‌നാട്ടിലെത്തി പ്ലാസ്റ്റിക് കുപ്പിയോ കവറോ വലിച്ചെറിഞ്ഞാൽ വലിയ പിഴ തന്നെ നൽകേണ്ടിവരും. ഉപയോഗിച്ച ശേഷം വലിച്ചെറിയുന്ന പ്ലാസ്റ്റിക് ഉത്പന്നങ്ങളാണ് ഇവിടെ നിരോധിച്ചിട്ടുള്ളത്. കുപ്പിവെള്ളം കൊണ്ടുപോയാലും അത് പ്രത്യേകമായി സ്ഥാപിച്ച ചവറ്റുകുട്ടികളിൽ നിക്ഷേപിക്കണം. അല്ലെങ്കിൽ കൊണ്ടുപോയ പോലെ തിരിച്ചുകൊണ്ടുവരണം. വെറുതെ നിരോധിച്ച് ആളുകളെ പ്രയാസപ്പെടുത്തുന്നതല്ല തമിഴ്‌നാട് സർക്കാറിന്റെ ഉത്തരവ്. പ്ലാസ്റ്റിക് ഉത്പന്നങ്ങൾക്ക് പകരം മുളയിലും മറ്റുമുള്ള ഉത്പന്നങ്ങൾ നിർമ്മിച്ചുകൊണ്ടാണ് സർക്കാർ മുന്നോട്ട് പോകുന്നത്. തുണി സഞ്ചി നിർമ്മാണ യൂണിറ്റുകൾ വ്യാപകമാക്കാനും നടപടി തുടങ്ങിയിട്ടുണ്ട്.

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Loading...
Go to TOP