Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202428Thursday

കേരളത്തിന് ഇന്ന് ആശ്വാസിക്കാം; സംസ്ഥാനത്ത് ഇന്ന് പുതിയ കോവിഡ്-19 കേസുകളില്ല; കണ്ണൂരിൽ ചികിത്സയിലായിരുന്ന കാസർകോട് സ്വദേശിയുടെ പരിശോധനാഫലം നെഗറ്റീവായതോടെ ഇനി ചികിത്സയിൽ കഴിയുന്നത് 95 പേർ മാത്രം; ഇതുവരെ രോഗമുക്തി നേടിയവർ 401; നാല് പുതിയ ഹോട്ട് സ്‌പോട്ടുകൾ കൂടി ഉൾപ്പെടുത്തി; മാനന്തവാടി, എടക്കാട്ടുവയൽ പഞ്ചായത്ത്, മഞ്ഞള്ളൂർ പഞ്ചായത്ത്, ശാന്തൻപാറ പഞ്ചായത്ത് എന്നിവ പുതിയ ഹോട്ട് സ്‌പോട്ടുകൾ; ആകെ ഹോട്ടു സ്‌പോട്ടുകളുടെ എണ്ണം 84ആയി ഉയർന്നു

കേരളത്തിന് ഇന്ന് ആശ്വാസിക്കാം; സംസ്ഥാനത്ത് ഇന്ന് പുതിയ കോവിഡ്-19 കേസുകളില്ല; കണ്ണൂരിൽ ചികിത്സയിലായിരുന്ന കാസർകോട് സ്വദേശിയുടെ പരിശോധനാഫലം നെഗറ്റീവായതോടെ ഇനി ചികിത്സയിൽ കഴിയുന്നത് 95 പേർ മാത്രം; ഇതുവരെ രോഗമുക്തി നേടിയവർ 401; നാല് പുതിയ ഹോട്ട് സ്‌പോട്ടുകൾ കൂടി ഉൾപ്പെടുത്തി; മാനന്തവാടി, എടക്കാട്ടുവയൽ പഞ്ചായത്ത്, മഞ്ഞള്ളൂർ പഞ്ചായത്ത്, ശാന്തൻപാറ പഞ്ചായത്ത് എന്നിവ പുതിയ ഹോട്ട് സ്‌പോട്ടുകൾ; ആകെ ഹോട്ടു സ്‌പോട്ടുകളുടെ എണ്ണം 84ആയി ഉയർന്നു

മറുനാടൻ മലയാളി ബ്യൂറോ

തിരുവനന്തപുരം: കോവിഡ് പ്രതിരോധത്തിൽ മുൻപന്തിയിൽ നിൽക്കുന്ന കേരളത്തിന് ഇന്ന് ആശ്വാസത്തിന്റെ വാർത്ത. സംസ്ഥാനത്ത് ഇന്ന് ആർക്കും കോവിഡ്-19 സ്ഥിരീകരിച്ചിട്ടില്ലെന്ന് ആരോഗ്യ വകുപ്പ് മന്ത്രി കെ.കെ. ശൈലജ അറിയിച്ചു. അതേസമയം കണ്ണൂർ ജില്ലയിൽ ചികിത്സയിലായിരുന്ന കാസർകോട് സ്വദേശിയുടെ പരിശോധനാഫലം നെഗറ്റീവായി രോഗമുക്തി നേടി. ഇതോടെ 401 പേരാണ് ഇതുവരെ കോവിഡിൽനിന്ന് മുക്തി നേടിയത്. 95 പേരാണ് നിലവിൽ സംസ്ഥാനത്തെ വിവിധ ആശുപത്രികളിൽ ചികിത്സയിലുള്ളത്.

സംസ്ഥാനത്തെ വിവിധ ജില്ലകളിലായി 21,720 പേർ നിരീക്ഷണത്തിലാണ്. ഇവരിൽ 21,332 പേർ വീടുകളിലും 388 പേർ ആശുപത്രികളിലും നിരീക്ഷണത്തിലാണ്. 63 പേരെയാണ് ഇന്ന് ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. ഇതുവരെ 32,217 വ്യക്തികളുടെ (ഓഗ്മെന്റഡ് സാമ്പിൾ ഉൾപ്പെടെ) സാമ്പിൾ പരിശോധനയ്ക്ക് അയച്ചിട്ടുണ്ട്. ഇതിൽ ലഭ്യമായ 31,611 സാമ്പിളുകളുടെ പരിശോധനാഫലം നെഗറ്റിവ് ആണ്. ഇതുകൂടാതെ സെന്റിനൽ സർവൈലൻസിന്റെ ഭാഗമായി ആരോഗ്യപ്രവർത്തകർ, അതിഥി തൊഴിലാളികൾ, സാമൂഹിക സമ്പർക്കം കൂടുതലുള്ള വ്യക്തികൾ മുതലായ മുൻഗണനാ ഗ്രൂപ്പുകളിൽ നിന്ന് 2,391 സാമ്പിളുകൾ ശേഖരിച്ചതിൽ ലഭ്യമായ 1,683 സാമ്പിളുകൾ നെഗറ്റീവ് ആയി.

സംസ്ഥാനത്ത് ഇന്ന് നാല് പുതിയ ഹോട്ട് സ്‌പോട്ടുകൾ കൂടി ഉൾപ്പെടുത്തി. വയനാട് ജില്ലയിലെ മാനന്തവാടി, എറണാകുളം ജില്ലയിലെ എടക്കാട്ടുവയൽ പഞ്ചായത്ത്, മഞ്ഞള്ളൂർ പഞ്ചായത്ത്, ഇടുക്കി ജില്ലയിലെ ശാന്തൻപാറ പഞ്ചായത്ത് എന്നിവയാണ് പുതിയ ഹോട്ട് സ്‌പോട്ടുകൾ. ഇതോടെ ഹോട്ട് സ്‌പോട്ടുകളുടെ എണ്ണം 84 ആയി. ഇന്നലെ രണ്ട് പേർക്കായിരുന്നു കോവിഡ് സ്ഥിരീകരിച്ചത.

കാസർകോട് ടാക്സി സർവീസ് നടത്താം; നാളെ മുതൽ സർക്കാർ സ്ഥാപനങ്ങൾ തുറക്കും

ലോക്ക്ഡൗണിൽ ഇളവുകൾ പ്രഖ്യാപിച്ച സാഹചര്യത്തിൽ ജില്ലയിൽ നാളെ മുതൽ ടാക്സി സർവ്വീസ് ആരംഭിക്കും. ഒരു യാത്രക്കാരനെ മാത്രം കയറ്റി സർവീസ് നടത്താം. ടാക്സി കാറിൽ എ സി ഉപയോഗിക്കരുതെന്നും, ടാക്സിയിൽ കയറുന്നതിനു മുമ്പ് സാനിട്ടൈസർ ഉപയോഗിച്ച് കൈകൾ വൃത്തിയാക്കണമെന്നും മാസ്‌ക് നിർബന്ധമായും ധരിക്കണമെന്നും ജില്ലാ കലക്ടർ അറിയിച്ചു. എന്നാൽ ഓട്ടോ റിക്ഷകൾ സർവ്വീസുകൾ നടത്തുന്നതിന് അനുവദിക്കില്ല.

അലുമിനിയം ഫാബ്രിക്കേഷൻ, തടിമില്ല്, പ്ലൈവുഡ് ഫാക്ടറി എന്നിവ തുറന്ന് പ്രവർത്തിക്കും. ഇവിടങ്ങളിൽ അണുനശീകരണം നടത്തുന്നതിനും സാനിട്ടൈസർ, മാസ്‌ക്, ഗ്ലൗസ് തുടങ്ങിയ സുരക്ഷാ മാർഗ്ഗങ്ങൾ കർശനമായും ഉപയോഗിക്കണം. ഫോട്ടോ സ്റ്റുഡിയോകൾ, പ്രീന്റിങ് പ്രസ്സുകളും എല്ലാ ചൊവ്വാഴ്ചയും തുറന്ന് വൃത്തിയാക്കാം. എന്നാൽ പ്രവർത്തനം നടത്തുന്നതിന് അനുമതിയുണ്ടായിരിക്കില്ല.

അവശ്യ സർവ്വീസുകളിൽ ഉൾപ്പെട്ട സർക്കാർ ഓഫീസുകൾ (റവന്യൂ, പൊലീസ്, കൃഷി, മൃഗ സംരക്ഷണം, ജില്ലാ പഞ്ചായത്ത്, ഫയർ ആൻഡ് റെസ്‌ക്യൂ, തദ്ദേശ സ്ഥാപനങ്ങൾ, ലേബർ, ആർ ടി ഒ, ഭക്ഷ്യ സുരക്ഷാ ലകുപ്പ്, പി ഡബ്ല്യു ഡി, ഇറിഗേഷൻ, എൽ എസ് ജി ഡി എൻജിനീയറിങ്, കെ എസ് ഇ ബി, വാട്ടർ അഥോറിറ്റി, കുടുംബശ്രി, സിവിൽ സപ്ലൈസ് )നാളെമുതൽ തുറന്നു പ്രവർത്തിക്കും. സർക്കാർ ഓഫീസുകൾ തുറന്നു പ്രവർത്തിക്കുന്ന സാഹചര്യത്തിൽ ഉദ്യോഗസ്ഥരുടെ ആവശ്യത്തിനുള്ള ആവശ്യമായ സർവ്വീസുകൾ നിയന്ത്രണങ്ങൾ പാലിച്ചുകൊണ്ട് കെ എസ് ആർ ടി സി നടത്തും.

അദ്ധ്യാപകരും ഹെൽപ്പ് ഡെസ്‌ക് ഡ്യൂട്ടിക്ക് ഇറങ്ങണം

അതിനിടെ നാളെ മുതൽ അദ്ധ്യാപകരെയും ജോലിക്കിറക്കും. ഇതര സംസ്ഥാനങ്ങളിൽ നിന്ന് മലയാളികൾ തിരിച്ചെത്തുന്ന സാഹചര്യത്തിൽ കാസർകോട് സ്ഥാപിച്ച ഹെൽപ്പ് ഡെസ്‌കുകളിലാണ് അദ്ധ്യാപകർ ഡ്യൂട്ടിക്ക് എത്താൻ നിർദ്ദേശിച്ചിരിക്കുന്നത്. മൂന്നു ഷിഫ്റ്റുകളായി എട്ടു മണിക്കൂർ വീതമാണ് ജോലി ചെയ്യേണ്ടത്. തലപ്പാടി ചെക്ക്പോസ്റ്റിൽ നൂറ് ഹെൽപ്പ് ഡെസ്‌കുകളാണ് സ്ഥാപിച്ചിരിക്കുന്നത്. കർണ്ണാടക അതിർത്തിയിൽനിന്നും ജില്ലാ അതിർത്തിയിലെത്തുന്ന ഓരോ വാഹനത്തിനും ആർ ടി ഒ, പൊലീസ് ഉദ്യോഗസ്ഥർ ടോക്കൺ നൽകും. ഒന്നു മുതൽ 100 വരെയുള്ള ടോക്കണാണ് നൽകുക. ടോക്കണിന്റെ അടിസ്ഥാനത്തിൽ മാത്രമേ ഹെൽപ് ഡെസ്‌ക്കുകളിലേക്ക് ക്യാപ്റ്റൻ/ഡ്രൈവർ എന്നിവരെ രേഖകൾ പരിശോധിക്കുന്നതിന് കടത്തി വിടൂ. വാഹനത്തിൽ നിന്ന് ക്യാപ്റ്റൻ/ഡ്രൈവർക്ക് മാത്രമേ പുറത്തിറങ്ങാൻ അനുമതി ഉണ്ടാകു.

നാല് സീറ്റ് വാഹനത്തിൽ മൂന്ന് പേരും ഏഴ് സീറ്റ് വാഹനത്തിൽ അഞ്ചു പേർ മാത്രമേ യാത്ര ചെയ്യാൻ പാടുള്ളു. ക്യാപ്റ്റൻ/ഡ്രൈവർ എന്നിവർ സമർപ്പിച്ച രേഖകളുടെ അടിസ്ഥാനത്തിൽ ഒരു ജെഎച്ച്ഐ, ആർ ടി ഒ റവന്യൂ ഉദ്യോഗസ്ഥർ എന്നിവരടങ്ങുന്ന സംഘം വാഹനം പരിശോധിച്ച് യാത്രക്കാരുടെ എണ്ണം, രോഗവിവരങ്ങൾ, കോവിഡ് പ്രോട്ടോകോൾ പാലനം, നിലവിലെ സ്ഥിതി എന്നിവ പരിശോധിച്ച് ഉറപ്പ് വരുത്തും.ഏതെങ്കിലും തരത്തിലുള്ള രോഗ ലക്ഷണങ്ങളുള്ളവരെ മെഡിക്കൽ ഓഫീസർ പരിശോധിക്കുന്നതിന് പരിശോധനാ കേന്ദ്രത്തിലേക്ക് മാറ്റും.

പരിശോധനയ്ക്കു് ശേഷം ജില്ലയിലുള്ളവരാണെങ്കിൽ അവരെ ആംബുലൻസിൽ നിരീക്ഷണ കേന്ദ്രത്തിൽ എത്തിക്കും. മറ്റ് ജില്ലയിലുള്ളവരാണെങ്കിൽ സ്വദേശത്ത് എത്തിക്കുന്നതിന് അവരുടെ ചെലവിൽ ആംബുലൻസ് ഏർപ്പെടുത്തി കൊടുക്കണമെന്നും ജില്ലാ കലക്ടർ നിർദ്ദേശിച്ചു .തയ്യാറാക്കിയിട്ടുള്ള ഹെൽപ് ഡെസ്‌ക്കുകളിൽ ഓരോ അര മണിക്കൂർ ഇടവിട്ട് അണുവിമുക്തമാക്കുന്നതിന് ഫയർ ആൻഡ് റെസ്‌ക്യൂ ഓഫീസറെ ചുമതലപ്പെടുത്തി.

രോഗലക്ഷണങ്ങളുള്ളവരെ ആശുപത്രികളിൽ എത്തിക്കുന്നതിനായി ജില്ലയിൽ ലഭ്യമായ സർക്കാർ, സ്വകാര്യ മേഖലയിലുള്ള ആംബുലൻസുകളുടെ വിവരങ്ങളടങ്ങിയ ലിസ്റ്റ് തയ്യാറാക്കി അടിയന്തിര സേവനത്തിന് ഉപയോഗിക്കേണ്ട ആംബുലൻസുകൾ ഒഴിച്ച് ഹെൽപ് ഡെസ്‌ക്കുകളിൽ സജ്ജമാക്കി നിർത്തും. തലപ്പാടിയിൽ സജ്ജീകരിച്ചിട്ടുള്ള ഹെൽപ് ഡെസ്‌ക്കുകളിൽ നിയോഗിക്കപ്പെട്ട ഉദ്യോഗസ്ഥർക്ക് എത്തിച്ചേരുന്നതിന് കാഞ്ഞങ്ങാട്, കാസർകോട് എന്നിവിടങ്ങളിൽ നിന്നും തലപ്പാടിയിലേക്കും തിരിച്ചും സഞ്ചരിക്കുന്നതിന് കെ എസ് ആർ ടി സി ബസ്സ് ഏർപ്പെടുത്തും.

20 ഹെൽപ് ഡെസ്‌ക്കുകൾക്ക് ഒരാളെന്ന തോതിൽ 100 ഹെൽപ് ഡെസ്‌ക്കുകളിൽ അക്ഷയ കേന്ദ്രങ്ങളിൽ നിന്നും മൂന്നു ഷിഫ്റ്റുകളായി 15 സംരംഭകരെ നിയോഗിക്കും. കാസർകോട് ആർഡിഒയുടെ അസാന്നിധ്യത്തിൽ പ്രവർത്തനങ്ങൾ ഏകോപ്പിക്കുന്നതിനുള്ള താല്കാലിക ചുമതല ഇലക്ഷൻ ഡെപ്യൂട്ടി കളക്ടർക്കാണ്. ജില്ലാ അതിർത്തി കടന്ന് ഓൺലൈൻ സംവിധാനത്തിൽ രജിസ്റ്റർ ചെയ്തിട്ടില്ലാത്ത കൂടുതൽ ആളുകൾ വാഹനത്തിൽ എത്തിച്ചേരാൻ സാധ്യത കാണുന്നതിനാൽ മെയ് നാല് മുതൽ ആദ്യത്തെ നാലു ദിവസങ്ങളിൽ അതിർത്തിയിൽ ഒരുക്കിയിട്ടുള്ള സംവിധാനങ്ങൾ 24 മണിക്കൂറും പ്രവർത്തിക്കും.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP