Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202423Tuesday

ഇന്നും ആശ്വാസ ദിനം; ഇന്ന് പുതുതായി ആർക്കും കോവിഡ്-19 സ്ഥിരീകരിച്ചില്ല; അഞ്ച് പേർ രോഗമുക്തി നേടിയതോടെ ഇനി ചികിത്സയിൽ ഉള്ളത് 25 പേർ മാത്രം; പരിശോധനാ ഫലം നെഗറ്റീവായത് കണ്ണൂർ ജില്ലയിൽ നിന്നുള്ള മൂന്നും കാസർകോട് ജില്ലയിലെ രണ്ടും പേരുടെയും; ഇതുവരെ 474 പേർ രോഗമുക്തി നേടിയതായി ആരോഗ്യമന്ത്രി കെ കെ ശൈലജ; 56 പ്രദേശങ്ങളെ ഹോട്ട് സ്പോട്ടിൽ നിന്നും ഒഴിവാക്കി; ഇനി സംസ്ഥാനത്ത് നിലവിൽ ആകെ 33 ഹോട്ട് സ്പോട്ടുകൾ മാത്രം

ഇന്നും ആശ്വാസ ദിനം; ഇന്ന് പുതുതായി ആർക്കും കോവിഡ്-19 സ്ഥിരീകരിച്ചില്ല; അഞ്ച് പേർ രോഗമുക്തി നേടിയതോടെ ഇനി ചികിത്സയിൽ ഉള്ളത് 25 പേർ മാത്രം; പരിശോധനാ ഫലം നെഗറ്റീവായത് കണ്ണൂർ ജില്ലയിൽ നിന്നുള്ള മൂന്നും കാസർകോട് ജില്ലയിലെ രണ്ടും പേരുടെയും; ഇതുവരെ 474 പേർ രോഗമുക്തി നേടിയതായി ആരോഗ്യമന്ത്രി കെ കെ ശൈലജ; 56 പ്രദേശങ്ങളെ ഹോട്ട് സ്പോട്ടിൽ നിന്നും ഒഴിവാക്കി; ഇനി സംസ്ഥാനത്ത് നിലവിൽ ആകെ 33 ഹോട്ട് സ്പോട്ടുകൾ മാത്രം

മറുനാടൻ മലയാളി ബ്യൂറോ

തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്നും ആശ്വാസം. ഇന്ന് കേരളത്തിൽ ആർക്കും കോവിഡ് 19 സ്ഥിരീകരിച്ചിട്ടില്ല. ആരോഗ്യമന്ത്രി കെ കെ ശൈലജ ടീച്ചറാണ് ഇക്കാര്യം അറിയിച്ചത്. സംസ്ഥാനത്തിന് തുടർച്ചയായ ആശ്വാസ ദിനങ്ങളാണ് ഉണ്ടായിരിക്കുന്നത്. തുടർച്ചയായി രണ്ട് ദിവസമാണ് കേരളത്തിൽ കോവിഡ് ബാധിതർ ഇല്ലാത്ത അവസ്ഥ ഉണ്ടെയത്. ഇത് കേരളത്തെ സംബന്ധിച്ചിടത്തോളം വലിയ ആശ്വാസം പകരുന്ന കാര്യമാണ്. മാർച്ച് 1, 3, 4, 6, 7 തീയതികളിലാണ് അടുത്തിടെ ആർക്കും തന്നെ കോവിഡ് സ്ഥിരീകരിക്കാത്തത്.

അതേസമയം 5 പേരുടെ പരിശോധനാ ഫലം നെഗറ്റീവായി. കണ്ണൂർ ജില്ലയിൽ നിന്നുള്ള 3 പേരുടേയും കാസർഗോഡ് ജില്ലയിലെ 2 പേരുടേയും പരിശോധനാ ഫലമാണ് നെഗറ്റീവായത്. 474 പേരാണ് ഇതുവരെ കോവിഡിൽ നിന്നും മുക്തി നേടിയത്. 25 പേരാണ് നിലവിൽ സംസ്ഥാനത്തെ വിവിധ ആശുപത്രികളിൽ ചികിത്സയിലുള്ളത്. സംസ്ഥാനത്തെ വിവിധ ജില്ലകളിലായി 16,693 പേർ നിരീക്ഷണത്തിലാണ്. ഇവരിൽ 16,383 പേർ വീടുകളിലും 310 പേർ ആശുപത്രികളിലും നിരീക്ഷണത്തിലാണ്. 131 പേരെയാണ് ഇന്ന് ആശുപത്രിയിൽ പ്രവേശിപ്പിച്ചത്.

ഇതുവരെ 35,171 വ്യക്തികളുടെ (ഓഗ്മെന്റഡ് സാമ്പിൾ ഉൾപ്പെടെ) സാമ്പിൾ പരിശോധനയ്ക്ക് അയച്ചിട്ടുണ്ട്. ഇതിൽ ലഭ്യമായ 34,519 സാമ്പിളുകളുടെ പരിശോധനാഫലം നെഗറ്റിവ് ആണ്. ഇതുകൂടാതെ സെന്റിനൽ സർവൈലൻസിന്റെ ഭാഗമായി ആരോഗ്യ പ്രവർത്തകർ, അതിഥി തൊഴിലാളികൾ, സാമൂഹിക സമ്പർക്കം കൂടുതലുള്ള വ്യക്തികൾ മുതലായ മുൻഗണനാ ഗ്രൂപ്പുകളിൽ നിന്ന് 3035 സാമ്പിളുകൾ ശേഖരിച്ചതിൽ 2337 സാമ്പിളുകൾ നെഗറ്റീവ് ആയി.

സംസ്ഥാനത്ത് ഇന്ന് പുതിയ ഹോട്ട് സ്പോട്ടുകൾ ഇല്ല. അതേസമയം 56 പ്രദേശങ്ങളെ ഹോട്ട് സ്പോട്ടിൽ നിന്നും ഒഴിവാക്കി. സംസ്ഥാനത്ത് നിലവിൽ ആകെ 33 ഹോട്ട് സ്പോട്ടുകളാണ് ഉള്ളത്. അതേസമയം പ്രവാസികൾ നാട്ടിലേക്ക് എത്തുന്നതോടെ കേരളത്തിൽ കോവിഡ് കേസുകളുടെ എണ്ണം കൂടുമോ എന്ന ആശങ്കയും ശക്തമാണ്. എന്നാൽ, കോവിഡ് പരിശോധന നടത്തിയ ശേഷമാണ് ഇവർ കേരളത്തിലേക്ക് എത്തുക.

പ്രവാസികൾ വരുമ്പോൾ വിമാനത്താവളത്തിൽ പ്രവേശനം ഡ്യൂട്ടിയിലുള്ള ഉദ്യോഗസ്ഥർക്ക് മാത്രം

ലോക്ക്ഡൗൺ മൂലം വിദേശങ്ങളിൽ കുടുങ്ങിപ്പോയവർ എത്തുമ്പോൾ പൊതുജനങ്ങൾ ഉൾപ്പെടെ മറ്റാർക്കും വിമാനത്താവളങ്ങളിലോ പരിസരത്തോ പ്രവേശനം അനുവദിക്കുന്നതല്ലെന്ന് സംസ്ഥാന പൊലീസ് മേധാവി ലോക്‌നാഥ് ബെഹ്‌റ അറിയിച്ചു. ഡ്യൂട്ടിക്ക് നിയോഗിച്ചിട്ടുള്ള ഉദ്യോഗസ്ഥർക്ക് മാത്രമേ വിമാനത്താവളങ്ങളിലും പരിസരത്തും പ്രവേശനം അനുവദിക്കൂ എന്നും അദ്ദേഹം അറിയിച്ചിട്ടുണ്ട്.

പ്രവാസികളുടെ മടങ്ങിവരവുമായി ബന്ധപ്പെട്ട് ആവശ്യമായ എല്ലാ സുരക്ഷാനടപടികളും കൊവിഡ് പ്രോട്ടോകോൾ പാലിച്ച് പൊലീസ് ഏർപ്പെടുത്തിയിട്ടുണ്ട്. എല്ലാത്തരം സുരക്ഷാ പ്രോട്ടോക്കോളും പാലിച്ചുതന്നെയാണ് ഉദ്യോഗസ്ഥരെ വിമാനത്താവളങ്ങളിൽ നിയോഗിച്ചിരിക്കുന്നത്.വീടുകളിൽ നിരീക്ഷണത്തിനായി അയയ്ക്കുന്ന ഗർഭിണികളെയും കുട്ടികളെയും കൂട്ടിക്കൊണ്ടുപോകാൻ ഒരു ബന്ധുവിന് മാത്രമേ വിമാനത്താവളത്തിൽ പ്രവേശനാനുമതി ഉണ്ടാകൂ. അവർ എല്ലാവിധ സുരക്ഷാ പ്രോട്ടോക്കോളും സാമൂഹിക അകലവും പാലിക്കേണ്ടതാണ്.

അബുദാബി, ദുബായ് എന്നിവിടങ്ങളിൽ നിന്നുള്ള പ്രവാസികളാണ് ഇന്ന് രാത്രി നെടുമ്പാശ്ശേരി, കരിപ്പൂർ വിമാനത്താവളങ്ങളിൽ എത്തുന്നത്. ഡി.ഐ.ജി കാളിരാജ് മഹേഷ്‌കുമാറും രണ്ട് എസ്‌പിമാരുമാണ് നെടുമ്പാശ്ശേരി വിമാനത്താവളത്തിൽ സുരക്ഷയ്ക്ക് നേതൃത്വം നൽകുന്നത്. കരിപ്പൂർ വിമാനത്താവളത്തിൽ ഡി.ഐ.ജി എസ്.സുരേന്ദ്രനും രണ്ട് എസ്‌പിമാരും നേതൃത്വം നൽകുന്ന പൊലീസ് സംഘം ഉണ്ടാകും.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP