Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

കൊറോണയുടെ പേരിൽ വിചാരണ തടവുകാർക്ക് പരോൾ ലഭിച്ചിട്ടും മോഹനൻ വൈദ്യർക്ക് മാത്രം ജാമ്യമില്ല; ഹൈക്കോടതി ഉത്തരവ് ബാധകമാകുക നിലവിൽ ഒരു കുറ്റം മാത്രം ചെയ്തവർക്കെന്ന് ജയിൽ അധികൃതർ; വൈദ്യരുടെ പേരിൽ ഒന്നിലേറെ കേസുകൾ ഉള്ളതിനാൽ അഴിക്കുള്ളിൽ തന്നെ തുടരണമെന്ന് അധികൃതർ; സർക്കാറിന്റെ ഒത്താശ കൂടി ആയതോടെ വൈദ്യർ ആലുവ സബ് ജയിലിൽ തന്നെ തുടരും; അറസ്റ്റു ചെയ്തതുകൊറോണയ്ക്ക് ചികിൽസിച്ചെന്ന കുറ്റം ചുമത്തി

കൊറോണയുടെ പേരിൽ വിചാരണ തടവുകാർക്ക് പരോൾ ലഭിച്ചിട്ടും മോഹനൻ വൈദ്യർക്ക് മാത്രം ജാമ്യമില്ല; ഹൈക്കോടതി ഉത്തരവ് ബാധകമാകുക നിലവിൽ ഒരു കുറ്റം മാത്രം ചെയ്തവർക്കെന്ന് ജയിൽ അധികൃതർ; വൈദ്യരുടെ പേരിൽ ഒന്നിലേറെ കേസുകൾ ഉള്ളതിനാൽ അഴിക്കുള്ളിൽ തന്നെ തുടരണമെന്ന് അധികൃതർ; സർക്കാറിന്റെ ഒത്താശ കൂടി ആയതോടെ വൈദ്യർ ആലുവ സബ് ജയിലിൽ തന്നെ തുടരും; അറസ്റ്റു ചെയ്തതുകൊറോണയ്ക്ക് ചികിൽസിച്ചെന്ന കുറ്റം ചുമത്തി

എം മനോജ് കുമാർ

ആലുവ: ഹൈക്കോടതി ഉത്തരവ് പ്രകാരം വിചാരണ തടവുകാർക്ക് പരോൾ ലഭിച്ചിട്ടും മോഹനൻ വൈദ്യർക്ക് മാത്രം ജാമ്യമില്ല. കൊറോണയുടെ പശ്ചാത്തലത്തിൽ ഏഴ് വർഷം വരെ തടവു ലഭിക്കുന്ന കേസുകളിലെ കസ്റ്റഡി-വിചാരണ തടവുകാർക്ക് ഏപ്രിൽ 15 വരെ ഹൈക്കോടതി ഇടക്കാല ജാമ്യം അനുവദിച്ചിട്ടുണ്ട്. ലോക്ക് ഡൗൺ കാലാവധി കഴിയുന്നത് വരെയാണ് ജാമ്യമുള്ളത്. എന്നിട്ടും മോഹനൻ വൈദ്യർക്ക് മാത്രം ജാമ്യമില്ല. വൈദ്യർക്ക് പരോൾ ലഭിക്കില്ലെന്ന് ആലുവ സബ് ജെയിൽ അധികൃതർ മറുനാടൻ മലയാളിയോട് പറഞ്ഞു. മറ്റൊരു ക്രൈം വൈദ്യരുടെ പേരിലുണ്ട്. വേറെ ഒരു കേസ് നിലവിലുണ്ട്. നിലവിൽ ഒരു കുറ്റം മാത്രമുള്ള പ്രതികൾക്കാണ് ഹൈക്കോടതി ഇളവ് ലഭിക്കുക. ഇത് വൈദ്യർക്ക് ബാധകമല്ല. അതുകൊണ്ട് ആലുവ സബ് ജയിലിൽ തന്നെ വൈദ്യർ തുടരും.

വൈദ്യരെ മാറ്റിയതുകൊറോണയുണ്ട് എന്ന് സംശയം ഉന്നയിച്ചാണ് ആരോഗ്യവകുപ്പ് വൈദ്യരെ തൃശൂർ ജില്ലാ ജയിലിൽ നിന്ന് ആലുവ സബ് ജയിലിലേക്ക് മാറ്റുന്നത്. വൈദ്യർക്ക് കൊറോണയുണ്ടോ എന്ന് ചോദിച്ചപ്പോൾ ചികിത്സിക്കുന്ന ഡോക്ടർ വൈദ്യർക്ക് കൊറോണയുണ്ടെന്നു പറഞ്ഞിട്ടില്ലെന്നാണ് ജയിൽ അധികൃതർ വ്യക്തമാക്കിയത്. അപ്പോൾ ജാമ്യം ലഭിക്കും വരെ വൈദ്യർ ജയിലിൽ തന്നെ എന്ന് ചോദിച്ചപ്പോൾ ഹൈക്കോടതിയുടെ നിലവിലെ ഉത്തരവ് പ്രകാരം ലഭിക്കില്ല. പക്ഷെ ജാമ്യം ലഭിച്ചാൽ പുറത്തിറങ്ങാം എന്നാണ് ജയിലിൽ നിന്നും ലഭിച്ച മറുപടി. മോഹനൻ വൈദ്യർക്ക് നേരെ നടക്കുന്നത് ആസൂത്രിത ഗൂഢാലോചനയാണെന്ന് വ്യക്തമാകുന്നതാണ് നിലവിലെ വൈദ്യരുടെ അവസ്ഥ.

ശബരിമല സമരകാലത്ത് അന്ന് ബിജെപി സംസ്ഥാന ജനറൽ സെക്രട്ടറിയായിരുന്ന കെ.സുരേന്ദ്രനെ പൂട്ടാൻ നിരന്തരം പ്രൊഡക്ഷൻ വാറണ്ട് ഹാജരാക്കി ഇടത് സർക്കാർ ഒരു കളികളിച്ചിരുന്നു. സുരേന്ദ്രനെ അഴിക്കുള്ളിലാക്കി കേരളം മുഴുവൻ ജയിൽ വണ്ടിയിൽ ഇട്ട് ഓടിക്കാനുള്ള ഒരു ശ്രമമായിരുന്നു. സുരേന്ദ്രന് പഴം പൊരി വാങ്ങിക്കൊടുത്ത പൊലീസുകാരന് വരെ ഈ കളിയിൽ പണി കിട്ടുകയും ചെയ്തിരുന്നു. ഇത് മനസിലാക്കി കോടതി ഉണർന്നു പ്രവർത്തിച്ചപ്പോഴാണ് സുരേന്ദ്രൻ ജാമ്യം ലഭിച്ച് പുറത്തിറങ്ങിയത്. ഈ രീതിയിലുള്ള ഒരു കളിയാണ് ആരോഗ്യവകുപ്പ് മോഹനൻ വൈദ്യരോടും പുറത്തെടുക്കുന്നത്. കെ.സുരേന്ദ്രനെ പോലെ ചോദിക്കാനും പറയാനും അധികം ആരുമില്ലാത്തതിനാൽ ഈ കളി നടക്കും എന്നാണ് ആരോഗ്യവകുപ്പ് ഉന്നതരുടെ മനസിലിരിപ്പ്. ഈ മനസിലിരുപ്പിന്റെ ഇര തന്നെയാണ് മോഹനൻ വൈദ്യർ. ഒരു കേസിൽ പരോൾ ലഭിക്കുന്ന അവസ്ഥയിൽ വേറൊരു കേസ് മറയാക്കി വൈദ്യരെ പൂട്ടുന്നു. മണിചിത്രത്താഴിട്ട് തന്നെയാണ് പൂട്ട് എന്നതിനാൽ വൈദ്യർ ഇറങ്ങാൻ സമയം പിടിക്കും എന്ന് തന്നെയാണ് ആലുവ ജയിൽ അധികൃതരുടെ മറുപടിയിൽ നിന്നും ലഭിക്കുന്നത്.

മോഹനൻ വൈദ്യരെ എങ്ങിനെയും പൂട്ടുക എന്ന ആരോഗ്യവകുപ്പിന്റെ തീരുമാനം പ്രകാരമാണ് വൈദ്യർക്ക് മാത്രം ജാമ്യം ലഭിക്കാത്തത്. കൊറോണ രോഗിയെ വൈദ്യർ ചികിത്സിച്ചിട്ടില്ല. കൊറോണ രോഗത്തിനും മരുന്നുണ്ടെന്ന് വൈദ്യർ പറഞ്ഞതാണ് കുറ്റമായത്. കുപിതരായ ആരോഗ്യവകുപ്പ് ഉന്നതർ പൊലീസിന് നേരിട്ട് നിർദ്ദേശം നൽകി വൈദ്യരെ പൂട്ടുകയായിരുന്നു. കൊറോണയുടെ മറവിൽ ആസൂത്രിതമായ ശ്രമമാണ് വൈദ്യരെ പൂട്ടാൻ നടന്നത് എന്ന് പറഞ്ഞാൽ ഇത് നിഷേധിക്കാൻ കഴിയില്ല. അലോപ്പതി-ആയുർവേദ ഡിഎംഒമാർ വൈദ്യർ ചികിത്സിക്കുന്ന പീച്ചിയിലെ പരബ്രഹ്മം ആശുപത്രിയിൽ ചെന്നാണ് വൈദ്യരെ പൂട്ടിയത്. രണ്ടു ഡിഎംഒമാർ ഒരുമിച്ചിറങ്ങിയത് ഒരു പാവം വൈദ്യരെ പൂട്ടാനാണ്. റെയ്ഡ് എന്ന പ്രഹസനവുമായി പരബ്രഹമത്തിലേക്ക് പോകുമ്പോൾ ഒപ്പം പീച്ചി പൊലീസിനെയും കൂട്ടി. റെയ്ഡ് നടത്തിയിട്ട് എന്ത് കിട്ടിഎന്ന് ചോദിച്ചാൽ അത് ഒരു ഔദ്യോഗിക രഹസ്യമായി തന്നെ നിൽക്കും. പുറത്ത് വിടണമെങ്കിൽ വിവരാവകാശം തന്നെ നൽകേണ്ടി വരും. എന്ത് കുറ്റം ചെയ്തിട്ടാണ് ആലുവ സബ് ജെയിലിൽ വൈദ്യർ കഴിയുന്നതെന്ന് ചോദിച്ചാൽ പൊലീസും ജയിൽ അധികൃതരുമൊക്കെ കൈ മലർത്തും. ആരുടെയോ അജണ്ട നടപ്പിലാക്കാൻ വേണ്ടിയാണ് വൈദ്യരെ എടുത്ത് അകത്തിട്ടിരിക്കുന്നത് എന്ന ആരോപണം പുറത്ത് ശക്തമാണ്. തൃശൂർ ജയിലിലായ വൈദ്യർക്ക് പണി കൊടുക്കാനാണ് ആലുവ ജയിലിലേക്ക് മാറ്റിയത്. കൊറോണ രോഗികളുമായി വൈദ്യർ ഇടപഴകി. അതിനാൽ വൈദ്യരെ ഐസൊലേഷൻ സെല്ലിലേക്ക് മാറ്റണം. അതിനുള്ള സൗകര്യം ആലുവയിലാണ്. അങ്ങിനെ പറഞ്ഞാണ് ആലുവ സബ്ജയിലിലേക്ക് വൈദ്യരെ മാറ്റിയത്. വൈദ്യർക്ക് കൊറോണയുണ്ടോ എന്ന് ചോദിച്ചാൽ അധികൃതർ നിശബ്ദരാവുകയും ചെയ്യും.

കൊറോണയുടെ പേരിൽ ചികിത്സ നടത്തി എന്നാരോപിച്ച് വന്ന കേസിന്റെ പേരിൽ തൃശൂർ ജില്ലാ ജയിലിൽ റിമാൻഡിൽ തുടരുന്ന മോഹനൻ വൈദ്യർ ഭരണകൂട ഭീകരതയുടെ ഇരയെന്ന ആരോപണമാണ് ഉയരുന്നു നിൽക്കുന്നത്. കൊറോണയ്ക്ക് ചികിത്സ നടത്തി എന്ന ആരോപണത്തിന്റെ പേരിലാണ് മോഹനൻ വൈദ്യർ ജയിലിലാകുന്നത്. ആർക്കാണ് ചികിൽസ നടത്തിയതെന്ന് ഔദ്യോഗിക സംവിധാനങ്ങളൊന്നും വിശദീകരിക്കുന്നില്ല. മോഹനൻ വൈദ്യരുടെ ചികിൽസ തേടിയ ആരും സർക്കാരിന്റെ കൊറോണ നിരീക്ഷണത്തിലുള്ളവരുടെ പട്ടികയിലോ ആശുപത്രിയിലോ ഇല്ലെന്നതും മറുനാടന്റെ അന്വേഷണത്തിൽ വ്യക്തമായി. ഈ സാഹചര്യത്തിലാണ് കൊറോണ ചികിൽസയുടെ പേരിലാണോ മോഹനൻ വൈദ്യർ അകത്തായതെന്ന സംശയം ഉയരുന്നത്.

കൊറോണയ്ക്ക് ഉൾപ്പെടെ തന്റെ കൈയിൽ ചികിൽസയുണ്ടെന്ന് മോഹനൻ വൈദ്യർ പറഞ്ഞിട്ടുണ്ട്. നിലവിലെ സാഹചര്യത്തിൽ ഇതിനെ കുറ്റമായി വ്യാഖ്യാനിക്കാം. അതിൽ അപ്പുറം ഒരു കുറ്റവും മോഹനൻ വൈദ്യർ ചെയ്തിട്ടില്ല. ഇത്തരത്തിലൊരു വ്യക്തിയെ കൊറോണ ക്വാറന്റൈനിലേക്ക് മാറ്റാൻ നീക്കം നടത്തുന്നതും സംശയങ്ങൾക്ക് ഇട നൽകുന്നുവെന്ന് പാരമ്പര്യ വൈദ്യരിൽ ഒരു വിഭാഗം സംശയിക്കുന്നുണ്ട്. ജാമ്യം നൽകേണ്ട കുറ്റം മാത്രം ചെയ്ത മോഹനൻ വൈദ്യരെ എന്തിനാണ് ജയിലിൽ തളയ്ക്കുന്നതെന്ന ചോദ്യവും ഇതോടെ ഉയരുകയാണ്. കോടതികൾ ഇല്ലാത്തതിനാൽ വൈദ്യർക്ക് ജാമ്യം ലഭിക്കുന്നില്ല. വൈദ്യർക്ക് ജാമ്യം നൽകുന്നതിനെതിരെ വളരെ ശക്തമായ നിലപാടാണ് സർക്കാർ അഭിഭാഷർ കൈക്കൊണ്ടത്. അതുകൊണ്ട് തന്നെ നേരെ ജയിലിൽ പോകേണ്ടിയും വന്നു.

സെല്ലിൽ ഉള്ളവർക്ക് പനി വന്നു എന്ന പേരിൽ വൈദ്യരെ ക്വാറന്റൈൻ ചെയ്യാനായി ആലുവ സബ് ജയിലിലേക്ക് പിന്നീട് മാറ്റി. കൊറോണയ്ക്ക് ചികിത്സ നടത്തുന്നു എന്നാരോപിച്ച് ആരോഗ്യ വകുപ്പിന്റെ കൺട്രോൾ റൂമിൽ ലഭിച്ച വിവരത്തിന്റെ അടിസ്ഥാനത്തിലാണ് അറസ്റ്റ് ചെയ്യുന്നത്. ജാമ്യമില്ലാക്കുറ്റം ചുമത്തിയായിരുന്നു അറസ്റ്റ്. ആൾമാറാട്ടം, വഞ്ചിക്കൽ, ഇന്ത്യൻ മെഡിക്കൽ കൗൺസിൽ നിയമം തുടങ്ങിയ വകുപ്പുകൾ പ്രകാരമാണ് കേസ് വന്നത്. ഇതാണ് ഭരണകൂടഭീകരതയ്ക്ക് മോഹനൻ വൈദ്യർ ഇരയാകുന്നോ എന്ന സംശയം ഉയർത്തുന്നത്. വൈദ്യർ ചികിൽസിച്ച കൊറോണ രോഗി ഇല്ലാത്തതാണ് ഇതിന് കാരണം. കൊറോണയ്ക്ക് വൈദ്യർ ചികിത്സ നടത്തിയെങ്കിൽ ആ കൊറോണ രോഗി ആരാണ്? കൊറോണയുടെ പേരിൽ ചികിത്സ നടത്തി എന്ന് വന്നാൽ ആ രോഗിയെ ആദ്യം ആരോഗ്യവകുപ്പ് ഐസലേഷനിൽ ആക്കണമായിരുന്നു. വൈദ്യർ ചികിത്സ നടത്തിയതിന്റെ പേരിൽ ഒരു കൊറോണ രോഗിയെയും ഐസലേഷനിൽ പ്രവേശിപ്പിച്ചിട്ടില്ല.

അങ്ങനെയെങ്കിൽ വൈദ്യരെ ആദ്യം ഐസലേഷനിൽ ആക്കുമായിരുന്നു. കൊറോണ രോഗമുള്ളവരുടെ റൂട്ട് മാപ്പ് സർക്കാർ പുറത്തു വിട്ടിട്ടുണ്ട്. ഇങ്ങനെ പുറത്തു വന്ന റൂട്ട് മാപ്പിൽ ഒന്നും മോഹനൻ വൈദ്യരുടെ അടുത്ത് ഒരു രോഗിയും എത്തിയതായി പറയുന്നില്ല. അതിൽ നിന്നു തന്നെ മോഹനൻ വൈദ്യറുടെ അടുത്തുകൊറോണ രോഗികൾ എത്തിയിട്ടില്ലെന്നും വ്യക്തമാണ്. വൈദ്യരെ അറസ്റ്റ് ചെയ്ത പീച്ചി പൊലീസ് തന്നെ പറയുന്നത് രണ്ടു ഡിഎംഒമാർ നൽകിയ റിപ്പോർട്ടിനെ തുടർന്നാണ് വൈദ്യരെ അറസ്റ്റ് ചെയ്തതെന്നാണ്. കൊറോണ രോഗിയെ ചികിത്സിക്കാത്ത വൈദ്യർ ഈ രീതിയിൽ വന്ന ആരോപണത്തിന്റെ പേരിലാണ് ജയിലിൽ തുടരുന്നത്. മോഹനൻ വൈദ്യർ അറസ്റ്റിലാകുന്ന ദിവസം തൃശൂർ ആരോഗ്യവകുപ്പ് അധികൃതർ പരബ്രഹ്മം ആശുപത്രിയിൽ റെയിഡ് നടത്തിയിരുന്നു. ഒന്നും പിടിച്ചെടുത്തില്ലെങ്കിലും പരിശോധന രാത്രി വരെ തുടർന്നു. വൈദ്യരെ കാണാൻ അന്ന് രോഗികൾ ഒരുപാട് പേർ എത്തിയിരുന്നു. ഈ രോഗികളുടെ മൊഴിയും ആരോഗ്യവകുപ്പ് അധികൃതർ രേഖപ്പെടുത്തിയിട്ടുണ്ട്. വൈദ്യർ വ്യാജ ചികിത്സ നടത്തുന്നു എന്ന ആരോപണം സ്ഥിരീകരിക്കാൻ വേണ്ടിയുള്ള തെളിവുകളാണ് പൊലീസ് തേടിയത്. രോഗികളെ ആശുപത്രിയിൽ നിന്ന് പരിശോധിക്കുക മാത്രമാണ് വൈദ്യർ ചെയ്തത്.

നിലവിൽ കേരളത്തിലെ വിവാദചികിത്സകനാണ് മോഹനൻ വൈദ്യർ. അശാസ്ത്രീയ ചികിത്സയാണ് വൈദ്യർ നടത്തുന്നത് എന്നാണ് ആരോഗ്യരംഗത്തെ വൈദ്യരുടെ എതിരാളികൾ ഉയർത്തുന്ന ആക്ഷേപം. നിപ്പാ കാലത്തും ആരോഗ്യവകുപ്പിനെ വിമർശിച്ചതിന്റെ പേരിൽ വൈദ്യർ വിവാദ കഥാപാത്രമായിരുന്നു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP