Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

ഇരട്ടചങ്കുള്ള മുഖ്യമന്ത്രിയുണ്ടായിട്ടും മുത്തൂറ്റ് മുതലാളിയെ തൊടാൻ ധൈര്യം പോരാ..! സുപ്രീംകോടതി പൊളിക്കാൻ പറഞ്ഞിട്ടും മുത്തൂറ്റിന്റെ റിസോർട്ടിനെതിരെ ചെറുവിരൽ അനങ്ങുന്നില്ല; വേമ്പനാട് കായൽ കൈയേറി നിർമ്മിച്ച കാപ്പിക്കോ റിസോർട്ടിന് പിഴ ചുമത്തി നിയമവിധേയമാക്കാൻ ഉന്നതനീക്കം

ഇരട്ടചങ്കുള്ള മുഖ്യമന്ത്രിയുണ്ടായിട്ടും മുത്തൂറ്റ് മുതലാളിയെ തൊടാൻ ധൈര്യം പോരാ..! സുപ്രീംകോടതി പൊളിക്കാൻ പറഞ്ഞിട്ടും മുത്തൂറ്റിന്റെ റിസോർട്ടിനെതിരെ ചെറുവിരൽ അനങ്ങുന്നില്ല; വേമ്പനാട് കായൽ കൈയേറി നിർമ്മിച്ച കാപ്പിക്കോ റിസോർട്ടിന് പിഴ ചുമത്തി നിയമവിധേയമാക്കാൻ ഉന്നതനീക്കം

മറുനാടൻ മലയാളി ബ്യൂറോ

ആലപ്പുഴ: കേരളത്തിൽ ഇരട്ടച്ചങ്കുള്ള മുഖ്യമന്ത്രി എല്ലാം ശരിയാക്കുമെന്നാണ് വെയ്‌പ്പ്. എന്നാൽ, തെരഞ്ഞെടുപ്പ് വേളയിൽ അദ്ദേഹത്തിന് പിന്തുണ നൽകിയവർ പോലും ഇപ്പോൾ മറിച്ചു പറയുന്ന അവസ്ഥയാണ് കേരളത്തിൽ. സർക്കാർ ഭൂമി കൈയേറി അനധികൃതമായി നിർമ്മാണം നടത്തിയ റിസോർട്ടുകാരെയും വൻകിട ഫ്‌ലാറ്റ് ഉടമകളെയും സഹായിക്കാനുള്ള നീക്കങ്ങൾ തകൃതിയായി നടക്കുകയാണ്. ഡിഎൽഎഫ് ഫ്‌ലാറ്റുകാർ കോടതി വിധിയോ അനധികൃത നിർമ്മാണത്തിലെ പിഴവ് നികത്തി ക്കഴിഞ്ഞു. ഇതിന് പിന്നാലെ റിസോർട്ട് മാഫിയക്കാരും ഭൂമി കൈയേറ്റങ്ങളെ സാധൂകരിക്കാനുള്ള തയ്യാറെടുപ്പുകൾ തകൃതിയായി നടത്തുകയാണ്. ഏറ്റവും ഒടുവിൽ സുപ്രീംകോടതി പൊളിച്ചു നീക്കാൻ ഉത്തരവിട്ട റിസോർട്ടുകാരെ സംരക്ഷിക്കാനുള്ള മാർഗ്ഗമാണ് സർക്കാർ ആലോചിക്കുന്നത്.

തീരപരിപാലനനിയമം ലംഘിച്ചെന്നു കണ്ടെത്തി പൊളിച്ചുനീക്കണമെന്നു സുപ്രീം കോടതി മുമ്പു നിർദേശിച്ച നെടിയതുരുത്തിലെ സ്വകാര്യ റിസോർട്ടിന് പിഴ ചുമത്തി നിർമ്മാണ അനുമതി നൽകാൻ ഉന്നതതല നീക്കം നടക്കുന്നത്. ഇതിനായി കേന്ദ്ര വനംപരിസ്ഥിതി മന്ത്രാലയ ഉദ്യോഗസ്ഥരേയും കേന്ദ്ര മന്ത്രിസഭയിലെ പ്രമുഖരേയും സ്വാധീനിക്കാനും ശ്രമമുണ്ട്. സംസ്ഥാന സർക്കാറിനെ ഉന്നതരും ഈ നീക്കത്തിന് ഒത്താശ ചെയ്യുന്നുണ്ട്. അതേസമയം വേമ്പനാട്ട് കായലിൽ കൈയേറ്റം വ്യാപകമാണെന്നു ഹൈക്കോടതിയിൽ റിപ്പോർട്ട് നൽകിയ സർക്കാർ, പാണാവള്ളി പഞ്ചായത്തിലെ നെടിയതുരുത്ത് ദ്വീപിൽ സർക്കാർ ഭൂമി കൈയേറി കാപ്പിക്കോ കേരള റിസോർട്ട് വില്ലകൾ നിർമ്മിച്ച സംഭവത്തിൽ നടപടിയെടുക്കാൻ മടിക്കുന്നു.

2.093 ഹെക്ടർ സർക്കാർ ഭൂമി കൈയേറി 36 വില്ലകളാണ് കാപ്പിക്കോ നിർമ്മിച്ചത്. നിലവിലെ നിർമ്മാണ പ്രവർത്തനങ്ങൾ സംബന്ധിച്ച് തൽസ്ഥിതി തുടരാൻ സുപ്രീം കോടതി ഉത്തരവുണ്ട്. എന്നാൽ പുറമ്പോക്കു ഭൂമി കൈയേറിയതുൾപ്പടെയുള്ള പരാതികളിലും നടപടിക്ക് സർക്കാർ തയാറല്ല.
പല ഘട്ടങ്ങളായി നിർമ്മിച്ച റിസോർട്ടുകൾക്ക് കെട്ടിടനമ്പർ പഞ്ചായത്ത് നൽകിയിട്ടുണ്ട്. 7.0212 ഹെക്ടർ റിസോർട്ട് ഉടമകൾ കൈവശം വച്ചിട്ടുണ്ടെങ്കിലും 4.927 ഹെക്ടർ ഭൂമിയുടെ ഉടമസ്ഥതയേ അവർ തെളിയിച്ചിട്ടുള്ളൂ.

ശേഷിച്ച കൈയേറ്റങ്ങളിൽ നടപടി സാധ്യമാണെന്ന് നിയമവിദഗ്ധരും വിലയിരുത്തുന്നു. ഇക്കാര്യങ്ങൾ വ്യക്തമാക്കി 2013 ഫെബ്രുവരിയിൽ ആലപ്പുഴ സർവേ ഡെപ്യൂട്ടി ഡയറക്ടർ ആലപ്പുഴ ജില്ലാ കലക്ടർക്ക് റിപ്പോർട്ട് നൽകിയെങ്കിലും തുടർനടപടി ഉണ്ടായില്ല. കേരള ഭൂസംരക്ഷണ നിയമപ്രകാരം റിസോർട്ട് ഉടമകളുടെ കൈയേറ്റം ഒഴിപ്പിക്കാൻ ചേർത്തല അഡീഷണൽ തഹസിൽദാർക്ക് ആലപ്പുഴ ആർ.ഡി.ഒ. 2013 സെപ്റ്റംബർ ആറിന് വീണ്ടും ഉത്തരവ് നൽകിയെങ്കിലും നടപ്പായില്ല.

അതിനിടെ കോടതി ഉത്തരവുപ്രകാരം റിസോർട്ടു പൊളിക്കുമെന്ന് പ്രഖ്യാപനം ഉണ്ടായെങ്കിലും പരിസ്ഥിതിക്കു കോട്ടം ഉണ്ടാകുമെന്ന് പറഞ്ഞു നടപ്പാക്കിയില്ല. പിന്നീട് റിസോർട്ട് പൊളിക്കുന്നതിനെതിരേ സുപ്രീംകോടതിയിൽനിന്ന് സ്‌റ്റേ ഉത്തരവ് ലഭിക്കാൻ ഈ കാലതാമസം റിസോർട്ടുടമകൾക്ക് സഹായകരമായി. സുപ്രീം കോടതിയിൽ ഇതിനെതിരേ നീങ്ങാൻ പോലും സർക്കാർ തയാറായിട്ടില്ല.
തണ്ണീർത്തടസംരക്ഷണ നിയമം ലംഘിച്ചും സർക്കാർ ഭൂമി കൈയേറിയും നിർമ്മിച്ച റിസോർട്ടിനെതിരേ നടപടിയെടുക്കരുതെന്ന് അഭ്യർത്ഥിച്ച് യു.ഡി.എഫ്. സർക്കാരിന്റെ കാലത്ത് കക്ഷിരാഷ്ട്രീയ ഭേദമെന്യെ ചില എംഎ‍ൽഎമാരും മത മേലധ്യക്ഷന്മാരും കത്തുനൽകിയത് വിവാദമായിരുന്നു. ഇത് പ്രതിഷേധങ്ങൾക്കിടയാക്കിയതോടെ പല എംഎ‍ൽഎമാരും നിലപാട് മാറ്റിയിരുന്നു

അനധികൃത നിർമ്മാണങ്ങൾ പലപ്പോഴും കാറ്റിൽപ്പറത്തിയത് തീരദേശങ്ങളിലെ അനധികൃത നിർമ്മാണങ്ങളെയാണ്. ആലപ്പുഴയിലും കോട്ടയത്തും അടക്കം മിക്ക കായൽ തീരങ്ങളിലും അനധികൃത നിർമ്മാണമാണുള്ളത്. വേമ്പനാട് കായൽ തീരത്തുള്ള കാപ്പികോ റിസോർട്ടിനെ അനധികൃത നിർമ്മാണത്തിന് ഒത്താശ ചെയ്യാൻ അടക്കമാണ് ഇപ്പോഴത്തെ നീക്കമെന്ന ആരോപണം ശക്തമാണ്. തലസ്ഥാനത്തെ വൻകിടക്കാരായ നിർമ്മാതാക്കൾക്കും സർക്കാറിന്റെ ഇപ്പോഴത്തെ നീക്കം ഗുണകരമാകും.

മത്സ്യത്തൊഴിലാളിക്കു കുടിൽ കെട്ടാൻ പോലും അനുവാദം കിട്ടാത്ത ചെറായി കടൽത്തീരം മുഴുവൻ കൈയടക്കി റിസോർട്ടു നിർമ്മാണം തകൃതിയായി നടക്കുന്നത് അടക്കമുള്ള വിവരം നേരത്തെ മറുനാടൻ മലയാളി റിപ്പോർട്ട് ചെയ്യുകയുണ്ടായി. വൻകിട റിസോർട്ട് മുതലാളിമാരായ ക്ലബ് മഹേന്ദ്ര ഉൾപ്പെടെയുള്ളവർ ചെറായിയിൽ പുഴ നികത്തി ഇവിടെ വമ്പൻ റിസോർട്ടുകളുയർത്തിയിരുന്നു. പ്രതിപക്ഷത്തായിരുന്നപ്പോൾ ഇത്തരം അനധികൃത നിർമ്മാണങ്ങൾക്കെതിരെ സമരം ചെയ്തതും എൽഡിഎഫ് പ്രവർത്തകരായിരുന്നു. അതേകൂട്ടൽ തന്നെയാണ് ഇപ്പോൾ ഇത്തരം നിർമ്മാണങ്ങൾക്ക് കുടപിടിക്കുന്നതും.

ആലപ്പുഴ ജില്ലയിലെ പാണാവള്ളിയിൽ തീരദേശ നിയമങ്ങളെല്ലാം കാറ്റിൽപ്പറത്തിയും കായൽ കയ്യേറിയും നിർമ്മിച്ച മിനി മുത്തൂറ്റിന്റെയും കുവൈത്ത് ആസ്ഥാനമായ കാപ്പികോ കമ്പനിയുടെ റിസോർട്ടായ ബന്യൻ ട്രീ പൊളിച്ചുമാറ്റാൻ സഹായിക്കണമെന്ന് ആവശ്യപ്പെട്ട് നേരത്തെ വി എസ് പ്രത്യക്ഷത്തിൽ രംഗത്തെത്തിയിരുന്നു. സിനിമാനടി രാധയുടെ ഭർത്താവിന്റെ ഉടമസ്ഥതയിൽ നിർമ്മിക്കുന്ന ഉദയസമുദ്രാ റിസോർട്ടും ചട്ടം ലംഘിക്കുന്ന വിവരം നേരത്തെ മറുനാടൻ മലയാളി ചൂണ്ടിക്കാട്ടിയിരുന്നു.

തീരസംരക്ഷണനിയമം ലംഘിച്ചതു ചൂണ്ടിക്കാട്ടിക്കൊണ്ടുള്ള സ്വകാര്യ അന്യായത്തെത്തുടർന്ന് കേരള ഹൈക്കോടതി മൂന്നു മാസത്തിനകം ഈ റിസോർട്ടുകൾ പൊളിച്ചുമാറ്റാൻ ജൂലൈ 25ന് ഉത്തരവായതായിരുന്നു. ഇതിനെതിരെ റിസോർട്ടുടമകൾ സുപ്രീംകോടതിയെ സമീപിച്ചപ്പോഴാണ് ഹൈക്കോടതി ഉത്തരവ് ശരിവച്ചുകൊണ്ടുള്ള പരമോന്നത കോടതിയുത്തരവുണ്ടായത്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP