Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202430Saturday

എൻഎംസി ഹെൽത്തിലെ കോടികളുടെ ക്രമക്കേടിൽ ബി.ആർ.ഷെട്ടിക്ക് കുട പിടിച്ചത് പാലക്കാട്ട്കാരൻ തന്നെ; 335 മില്യൻ ഡോളറിന്റെ ക്രമക്കേടുകൾ പൂഴ്‌ത്തിവച്ചത് മലയാളിയായ പ്രശാന്ത് മങ്ങാട്; കമ്പനി അറിയാതെ 2.7 ബില്യന്റെ വായ്പ വാങ്ങി കടം പെരുപ്പിച്ചു; അവധിയിലായിരുന്ന സിഎഫ്ഒ പ്രശാന്ത് ഷേണായി രാജി വച്ചതോടെ മുൻ മാനേജ്‌മെന്റ് അംഗങ്ങളെ പൂട്ടാൻ തന്നെ ഉറച്ച് എൻഎംസി ഗ്രൂപ്പ്; കടം പെരുപ്പിച്ച ഷെട്ടിയും കൂട്ടാളികളും നിയമനടപടി നേരിടേണ്ടി വരും

എൻഎംസി ഹെൽത്തിലെ കോടികളുടെ ക്രമക്കേടിൽ ബി.ആർ.ഷെട്ടിക്ക് കുട പിടിച്ചത് പാലക്കാട്ട്കാരൻ തന്നെ; 335 മില്യൻ ഡോളറിന്റെ ക്രമക്കേടുകൾ പൂഴ്‌ത്തിവച്ചത് മലയാളിയായ പ്രശാന്ത് മങ്ങാട്; കമ്പനി അറിയാതെ 2.7 ബില്യന്റെ വായ്പ വാങ്ങി കടം പെരുപ്പിച്ചു; അവധിയിലായിരുന്ന സിഎഫ്ഒ പ്രശാന്ത് ഷേണായി രാജി വച്ചതോടെ മുൻ മാനേജ്‌മെന്റ് അംഗങ്ങളെ പൂട്ടാൻ തന്നെ ഉറച്ച് എൻഎംസി ഗ്രൂപ്പ്; കടം പെരുപ്പിച്ച ഷെട്ടിയും കൂട്ടാളികളും നിയമനടപടി നേരിടേണ്ടി വരും

മറുനാടൻ ഡെസ്‌ക്‌

ദുബായ്: യുഎഇയിലെ ഏറ്റവും വലിയ ആശുപത്രി ശൃംഖലയായ എൻഎംസി ഹെൽത്തിന്റെ വെള്ളത്തിലാക്കിയ മലയാളികൾ അടങ്ങുന്ന മുൻ മാനേജ്‌മെന്റിനെതിരെ നിയമനടപടി വരുന്നു. കമ്പനിയെ ഇപ്പോഴത്തെ പ്രതിസന്ധിയിലേക്ക് നയിച്ച തട്ടിപ്പുപുറത്തുകൊണ്ടുവരാനാണ് ഗ്രൂപ്പിന്റെ തീരുമാനം. കമ്പനിയെ ഉയരങ്ങളിലേക്ക് നയിച്ചുവെന്ന് അവകാശപ്പെടുന്ന മുൻ സിഇഒ പ്രശാന്ത് മങ്ങാട്ട് അടക്കം തട്ടിപ്പിനെ കുറിച്ച് അറിവുള്ള എല്ലാവരെയും പൂട്ടും. യുഎഇ അധികൃതരുമായി സഹകരിച്ചാണ് എൻഎംസി ഗ്രൂപ്പ് നീതി തേടുന്നത്. മലയാളിയായ പ്രശാന്ത് മങ്ങാട് ഇപ്പോൾ നാട്ടിലേക്ക് മടങ്ങിയെന്നാണ് കരുതുന്നത്. അദ്ദേഹത്തിന്റെ പ്രതികരണം ലഭ്യമായിട്ടില്ല. ചെയർമാൻ സ്ഥാനം ഒഴിഞ്ഞ ബി.ആർ.ഷെട്ടിയും ഇപ്പോൾ ഇന്ത്യയിലാണ്.

ബോർഡ് ഓഫ് ഡയറക്ടർമാരുടെ അംഗീകാരത്തോടെ നടന്ന ആഭ്യന്തര അന്വേഷണത്തിന് ശേഷമാണ് പുതിയ തീരുമാനം. ഇതാദ്യമായാണ് ഇക്കാര്യം കമ്പനി അധികൃതർ ഔദ്യോഗികമായി തുറന്നുസമ്മതിക്കുന്നത്. പ്രശാന്ത് മങ്ങാട്ട് സിഎഫ്ഒയും സിഇഒയും ആയിരുന്ന കാലത്തെ മാനേജ്‌മെന്റ് തീരുമാനങ്ങളാണ് പരിശോധിക്കുന്നത്. ക്രമക്കേടുകൾ പുറത്തുവന്നതിനെ തുടർന്ന് കഴിഞ്ഞ മാസമാണ് പ്രശാന്തിനെ സിഇഒ സ്ഥാനത്ത് നിന്ന് പുറത്താക്കിയത്. 335 ദശലക്ഷം മില്യൻ ഡോളറിന്റെ ക്രമക്കേടുകൾ പ്രശാന്ത് പൂഴ്‌ത്തി വച്ചുവെന്നാണ് ആരോപണം. എൻഎംസിയുടെ 2.7 ബില്യന്റെ ബാങ്ക് വായ്പകളും ഒളിപ്പിച്ചുവച്ചു. നിലവിലെ ബോർഡ് ഓഫ് ഡയറക്ടർമാർക്ക് ഈ വായ്പകളെ കുറിച്ച് അറിവുണ്ടായിരുന്നില്ല.

എൻഎംസി ബോർഡിൽ, ബി.ആർ.ഷെട്ടിയുടെ രാജിക്ക് ശേഷം ആറ് അംഗങ്ങളാണുള്ളത്. ആദ്യം സംസ്‌പെൻഡ് ചെയ്ത ശേഷമാണ് പ്രശാന്ത് മങ്ങാട്ടിനെ പുറത്താക്കിയത്.എൻഎംസി ഹെൽത്തിന്റെ സിഎഫ്ഒ പ്രശാന്ത് ഷെണോയ് ദീർഘകാല അവധിയിലായിരുന്നു. അദ്ദേഹം രാജി വച്ചുവെന്നതാണ് പുതിയ വിവരം. പുതിയ സിഎഫ്ഒയെ ഉടൻ നിയമിക്കുമെന്നാണ് അറിവ്. എൻഎംസി ലണ്ടൻ സ്റ്റോക്് എക്‌സ്‌ചേഞ്ചിൽ ലിസ്റ്റ് ചെയ്ത കമ്പനിയാണ്. അവിടുത്തെ നിയമങ്ങൾ ലംഘിക്കപ്പെട്ടിരിക്കുവെന്ന കാര്യത്തിൽ സംശയമില്ല. യുകെ അധികൃതരുമായി ചേർന്നായിരിക്കും തുടർനടപടികൾ വരിക.

അന്വേഷണം നടത്തുന്നത് യുഎസ് കേന്ദ്രമായുള്ള കൺസൾട്ടൻസി

മുൻ എഫ്ബിഐ ഡയറക്ടർ ലൂയി ഫ്രീഹ് നയിക്കുന്ന യുഎസ് കേന്ദ്രമാക്കിയ കൺസൾട്ടൻസിയാണ് ക്രമക്കേടുകളെ കുറിച്ച് അന്വേഷിക്കുന്നത്. ഫ്രീഹ് ജഡ്ജിയായും സേവനം അനുഷ്ഠിച്ചിട്ടുണ്ട്. കമ്പനിയുടെ മുതിർന്ന എക്‌സിക്യൂട്ടീവുകൾ എല്ലാം തന്നെ രാജ്യം വിട്ടുകഴിഞ്ഞു. അവധിയിൽ ആണെന്ന് പറയുന്ന പ്രശാന്ത് ഷേണായിയും രാജ്യം വിട്ടുവെന്ന് കരുതുന്നു.

സംശയാസ്പദമായ രണ്ട് ഏറ്റെടുക്കലുകൾ

പ്രശാന്ത് മങ്ങാട് സിഇഒ ആയിരുന്ന കാലത്ത് യുഎഇയിലെ പ്രൈമറി ഹെൽത്ത് കെയർ ക്ലിനിക്കുകളുടെ ഒരു നിര തന്നെ ഏറ്റടുത്തിരുന്നു. അമേരികെയർ, ഷാർജയിലെ ഡോ.സണ്ണി ഹെൽത്ത് കെയർ ഗ്രൂപ്പ് (2015) പ്രീമിയർ ഹെൽത്ത് കെയർ എന്നിവ ഉൾപ്പെടുന്നു, അമേരികെയറിന് ഒരു ക്ലിനിക്കും, ഡോ.സണ്ണി ഹെൽത്ത് കെയർ ഗ്രൂപ്പിന് ആറും ക്ലിനിക്കുകൾ ഉണ്ടായിരുന്നു, ഡോ.സണ്ണി ക്ലിനിക്കുകളെ 64 ദശലക്ഷം ഡോളറിനും അമേരിക്കെയറിനെ 33 ദശലക്ഷം ഡോളറിനുമാണ് ഏറ്റെടുത്തത്. എന്നാൽ ഡോ.സണ്ണി ഗ്രൂപ്പിന് പരമാവധി 30 ദശലക്ഷം ദിർഹം മൂല്യം മാത്രമേയുണ്ടായിരുന്നുള്ളുവെന്നാണ് സംശയം. അതുപോലെ തന്നെ പ്രീമിയർ കെയർ ഹോം മെഡിക്കലിൽ 2018 ൽ 70 ശതമാനം ഓഹരികൾ വാങ്ങിയത് 36.4 ദശലക്ഷം ഡോളറിനാണ്. 10 ജീവനക്കാർ മാത്രമുള്ള കമ്പനിയായിരുന്നു പ്രീമിയർ കെയർ ഹോം മെഡിക്കൽ എന്നോർക്കണം.അബുദാബിയിലെ റോയൽ വിമൻസ് ഹോസ്പിറ്റൽ സംരംഭത്തെ കുറിച്ചും ആക്ഷേപങ്ങൾ ഉയർന്നിട്ടുണ്ട്. ഈ ഇടപാടുകൾ എല്ലാം തന്നെ പെരുപ്പിച്ച് കാട്ടിയവയായിരുന്നുവെന്ന സംശയം ഉയർന്നിരിക്കുന്നത്. ആർക്കൊക്കെ എൻഎംസിയിൽ ഇതറിയാമായിരുന്നുവെന്നും അറിയേണ്ടതുണ്ട്.

ചാർട്ടേഡ് അക്കൗണ്ടന്റായ പ്രശാന്ത് മങ്ങാടിന്റെ എൻഎംസി ഹെൽത്തിലെ കുതിപ്പ് സമാനതകളിലാത്തതായിരുന്നു. കമ്പനിയുടെ ദൈനം ദിന പ്രവർത്തനത്തിന്റെ കടിഞ്ഞാൺ ഡോ.ഷെട്ടിയുടെ കൈയിൽ നിന്ന് കുടുംബത്തിന് പുറത്തുള്ള ഒരാളിലേക്ക് കൈമാറുന്ന ആ പ്രയാസമേറിയ കാലഘട്ടത്തിലാണ് പ്രശാന്ത് സിഇഒ ആയി വരുന്നത്. അഞ്ച് വർഷക്കാലം കൊണ്ട് 2 ബില്യൻ ദിർഹത്തിന് അൽ സഹറ ആശുപത്രി ഏറ്റെടുക്കൽ അടക്കം എൻഎംസിയെ യുഎഇ വിപണിയിൽ കരുത്തുറ്റതാക്കാൻ പ്രശാന്തിന് കഴിഞ്ഞു. 2018 ൽ റവന്യു 2 ബില്യൻ കടക്കുകയും, അറ്റലാഭം 251.9 ദശലക്ഷം കവിയുകയും ചെയ്തു. ഇതുരണ്ടും കമ്പനിയുടെ റെക്കോഡ് നേട്ടങ്ങളുമായിരുന്നു. ഇത്രയും നേട്ടങ്ങൾ കൊണ്ടുവന്ന സിഇഒയെ പൊടുന്നനെ മാറ്റിയത് സീനിയർ എക്സിക്യൂട്ടീവ് ടീമിനെയും സംശയത്തിന്റെ നിഴലിലാക്കി. ഇത്രയും നാൾ നടന്നതിൽ പലതും സുതാര്യമല്ല എന്ന സംശയം നിക്ഷേപകർക്ക് ഉണ്ടായാൽ കുറ്റം പറയാനുമാവില്ല. ഇതെല്ലാം വിശദീകരിക്കാതെ മാനേജ്മെന്റ് മൗനം തുടരുകയുമാണ്.

എൻഎംസിയിൽ ഡപ്യൂട്ടി സിഇഒ, സിഎഫ്ഒ പദവികളും പ്രശാന്ത മങ്ങാട് വഹിച്ചിട്ടുണ്ട്. ഡോ.ഷെട്ടിയുടെ തന്നെ നിയോഫാർമയുടെയും സിഎഫ്ഒ ആയിരുന്നു. തന്റെ സഹോദരൻ പ്രമോദ് മങ്ങാടിനും മറ്റുകുടുംബാംഗങ്ങൾക്കുമൊപ്പം കേരളത്തിൽ നെന്മാറയിൽ പ്രശാന്ത് മങ്ങാട, അവൈറ്റിസ് എന്ന ആശുപത്രി തുറന്നിട്ടുണ്ട്. ആശുപത്രി ഉദ്ഘാടനത്തിന് ഡോ.ഷെട്ടിയായിരുന്നു പ്രധാന അതിഥി.

ഡോ.ഷെട്ടിയുടെ രാജിയും അന്വേഷണവും

ഡിസംബർ മധ്യത്തിന് ശേഷം ഷെട്ടിയുടെ എൻഎംസി ഹെൽത്തിന്റെ ഓഹരി മൂല്യം 70 ശതമാനത്തിലേറെ ഇടിഞ്ഞിരിക്കുകയാണ്. അമേരിക്കൻ നിക്ഷേപക സ്ഥാപനമായ മഡി വാട്ടേഴ്‌സ് ഓഹരി പെരുപ്പിക്കൽ ആരോപണം ഉന്നയിച്ചതോടെയാണ് എൻഎംസിയുടെ ഓഹരി മൂല്യം ഇടിഞ്ഞത്. കമ്പനിയുടെ കോ ചെയർമാൻ പദവിയിൽ നിന്ന് ഫെബ്രുവരി 17 നാണ് ഷെട്ടി രാജി വച്ചത്. എൻഎംസി ബോർഡിന്റെ ആവശ്യപ്രകാരമായിരുന്നു രാജി. വൈസ് ചെയർമാൻ ഖലീഫ ബുട്ടി അടക്കം നാല് ബോർഡ് അംഗങ്ങളാണ് കഴിഞ്ഞ വെള്ളിയാഴ്ചയ്ക്ക് ശേഷം എൻഎംസിയിൽ നിന്ന് പുറത്തുപോയത്. കമ്പനിയുടെ ബാലൻസ് ഷീറ്റും ഏറ്റെടുത്ത സ്ഥാപനങ്ങളുടെ മൂല്യവും പെരുപ്പിച്ചു കാട്ടിയെന്ന ആരോപണം എൻഎംസിയിലെ അഴിമതിയുടെ ലക്ഷണമെന്നാണ് മഡി വാട്ടേഴ്‌സിന്റെ സ്ഥാപകനായ കാൾസൺ ബ്ലോക്ക് പ്രതികരിച്ചത്.

പ്രശാന്ത് മങ്ങാട്

വിവാദത്തെ കുറിച്ച് അന്വേഷിക്കാൻ ഷെട്ടി തന്നെ മുൻ എഫ്ബിഐ ഡയറക്ടറെ നിയോഗിച്ചിരുന്നു. എൻഎംസിയിലെ സാമ്പത്തിക ക്രമക്കേടുകളെ കുറിച്ചുള്ള ആരോപണങ്ങളാണ് അന്വേഷിക്കുക. ടെസ്ല അടക്കം മറ്റുകമ്പനികൾക്കെതിരെയും ഇതുപോലെ അടിസ്ഥാനരഹിതമായ ആരോപണങ്ങൾ മഡി വാട്ടേഴ്‌സ് ഉന്നയിച്ചുവെന്നാണ് ഷെട്ടിയോട് അടുത്ത കേന്ദ്രങ്ങൾ ആരോപിക്കുന്നത്. സുതാര്യവും സ്വതന്ത്രവുമായ അന്വേഷണം ഉറപ്പാക്കാനാണ് ഷെട്ടി ഡയറക്ടർ സ്ഥാനത്ത് നിന്ന് രാജി വച്ചതെന്നാണ് ന്യായം. മാനേജ്‌മെന്റ് തലത്തിൽ കഴിഞ്ഞ നാലുവർഷമായി ഷെട്ടി സജീവമായിരുന്നില്ല. തന്റെ ഇന്ത്യൻ സംരംഭങ്ങളിലായിരുന്നു അദ്ദേഹം ശ്രദ്ധയൂന്നിയിരുന്നത്. നിലവിലുള്ള സിഇഒ പ്രശാന്ത് മംഗട്ടാണ് കാര്യങ്ങൾ നോക്കിയിരുന്നത്. ആശുപത്രി ശൃംഖല ലാഭത്തിലാണെന്നും ഷെട്ടിയുടെ വിശ്വസ്തർ പറയുന്നു. ആരോപണത്തെ കുറിച്ച് ഷെട്ടി ഇതുവരെ പരസ്യമായി പ്രതികരിച്ചിട്ടില്ല.

എൻഎംസി ഹെൽത്തും, ധനകാര്യസേവന സ്ഥാപനമായ ഫിനബ്ലറും അടക്കമുള്ള കമ്പനികളിലെ ഷെട്ടിയുടെ ഓഹരി ഡിസംബർ 10 ലെ കണക്ക് പ്രകാരം 2.4 ബില്യനാണ്. അതിനിടെയാണ് മഡി വാട്ടേഴ്‌സിന്റെ ആരോപണം ഇരുട്ടടിയായത്.

യു.എ.ഇയിലും യൂറോപ്പിലുമായി 200 ലേറെ ആശുപത്രികളുള്ള ആശുപത്രി ശൃംഖലയാണ് എൻഎംസി. സ്ഥാനത്തിന്റെ ഡയറക്ടർ, ജോയിന്റ് നോൺ എക്സിക്യൂട്ടിവ് ചെയർമാൻ സ്ഥാനങ്ങളാണ് ബി ആർ ഷെട്ടി രാജിവെച്ചത്. മഡ്ഡി വാട്ടേഴ്സ് ഓഹരി പെരുപ്പിക്കൽ ആരോപണം ഉയർത്തിയതാടെ എൻഎംസിയെ വളർത്തിയ പ്രമുഖ ഇന്ത്യൻ സംരംഭകൻ കടുത്ത സമ്മർദ്ദത്തിലായിരുന്നു.

ഹാനി ബുത്തിക്കി, അബ്ദുറഹ്മാൻ ബസ്സാദിക്ക് എന്നിവരും ഡയറക്ടർ സ്ഥാനമൊഴിഞ്ഞിരുന്നു. വൈസ് ചെയർമാനായ ഖലീഫ അൽ മുഹെയ്‌രി രാജി വെച്ചിരുന്നു. ഷെട്ടിയെയും മുഹെയ്‌രിയെയും ബോർഡ് യോഗങ്ങളിൽ പങ്കെടുക്കുന്നതിൽ നിന്ന് കമ്പനി നേരത്തെ വിലക്കിയിരുന്നു. നിലവിൽ ബോർഡ് അധ്യക്ഷനായ യുകെ വ്യവസായി എച്ച്‌ജെ മാർക്ക് ടോംപ്കിൻസ് കമ്പനിയുടെ ഒരേയൊരു നോൺ എക്സിക്യൂട്ടിവ് ചെയർമാനായി തുടരും.

കടം പെരുകി: ഷെട്ടിക്കും കൂട്ടർക്കും ഒഴിയാനാവില്ല

എൻഎംസി ഹെൽത്തിന്റെ ചീഫ് റീസ്‌ട്രെക്ചറിങ് ഓഫീസറായി പിഡബ്ല്യൂസിയിലെ മുൻ റീസ്‌ട്രെക്ചറിങ് പാർടണറായ മാത്യു ജെ വിൽഡിനെ നിയമിച്ചുവെന്നാണ് റിപ്പോർട്ട്. അതേസമയം കമ്പനി ഇപ്പോൾ നേരിടുന്ന സാമ്പത്തിക പ്രതിസന്ധിയടക്കം പരിഹരിക്കുകയെന്നതാണ് മാത്യു ജെ വിൾഡന് മുൻപിലുള്ള വെല്ലുവിളികൾ. എന്നാൽ എൻഎംസിയുടെ ആകെ വരുന്ന കടബാധ്യത 6.6 ബില്യൺ ഡോളറാണെന്നാണ് വിവരം. നേരത്തെ അഞ്ച് ബില്യൺ ഡോളറിന്റെ കടബാധ്യതയായിരുന്നു എൻഎംസിയുടെ ബോർഡ് കണ്ടെത്തിയത്. ഇപ്പോൾ 1.6 ബില്യൺ ഡോളറിന്റെ പുതിയ കടം കൂടി കണ്ടെത്തിയെന്നാണ് വിവരം. 360 മില്യൺ ഡോളറിന്റെ ഓഹരികളാക്കി മാറ്റാവുന്ന കടപത്രങ്ങളും, 460 മില്യൺ ഡോളറിന്റെ കേസുകളും പുതുതായി കണ്ടെത്തിയെന്ന് കമ്പനി ലണ്ടൻ സ്റ്റോക്ക് മാർക്കറ്റിൽ സമർപ്പിച്ച ഫയലിംഗിലൂടെ വ്യക്തമാക്കി. ഈ മാസം തുടക്കത്തിൽ അഞ്ച് ബില്യൺ ഡോളറിന്റെ കടബാധ്യതയാണ് കമ്പനി കണ്ടെത്തിയിരുന്നത്. കമ്പനിയുടെ സ്ഥാപകനായ ബിആർ ഷെട്ടിയും, സംഘവും നടത്തിയ സാമ്പത്തിക തിരിമറിയാണ് കടബാധ്യത പെരുകാൻ കാരണമെന്നാണ് റിപ്പോർട്ട്.

ആകെ വരുന്ന കടം 2.5 ബില്യൺ ഡോളറായിരുന്നു ഉണ്ടായിരുന്നതെന്നാണ് 2019 ൽ വിവിധ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തിരുന്നത്. കടബാധ്യതയുടെ പൂർണമായ വിവരങ്ങൾ പുറത്തുവരുന്നത് കമ്പനിയുമായി ബന്ധപ്പെട്ടുള്ള സാമ്പത്തിക തിരിമറികളുടെയും, ആരോപണങ്ങളുടെയും അന്വേഷണത്തിലാണ്. കമ്പനിയുടെ ഓഹരികൾ ലിസ്റ്റ് ചെയ്തിട്ടുള്ള ലണ്ടൻ ഓഹരി വിപണിയിൽ സമർപ്പിച്ച ഫയലിംഗിലാണ് എൻഎംസി കടബാധ്യതയുമായി ബന്ധപ്പെട്ട പൂർണ വിവരം പുറത്തുവിട്ടത്.

അതേസമയം കഴിഞ്ഞ ജൂണിൽ എൻഎംസി സമർപ്പിച്ച ഫയലിംഗിൽ 2.1 ബില്യൺ ഡോളർ കടബാധ്യത മാത്രമാണ് ചൂണ്ടിക്കാട്ടിയത്. അതേമയം ഡയറക്ടർ ബോർഡിനോട് വെളിപ്പെടുത്താത്തും ബോർഡിന്റെ അനുമതി ലഭിക്കാത്തതുമായ 2.7 ബില്യൺ ഡോളറിന്റെ ബാധ്യതകൾ കൂടി പുതുതായി കണ്ടെത്തിയതായി കമ്പനി കഴിഞ്ഞമാസം വ്യക്തമാക്കി. കമ്പനിക്കകത്ത് നടന്ന സാമ്പത്തിക തിരിമറിയുടെ പശ്ചാത്തലത്തിൽ എൻഎംസിയുടെ വിവിധ ഹോസ്പിറ്റലുകളിലെ ജീവനക്കാരുടെ ശമ്പളമടക്കം മുടങ്ങിക്കിടക്കുകയാണ്. ജീവനക്കാരുടെ ശമ്പളം കൊടുക്കാനുള്ള അടിയന്തര നടപടികൾ കമ്പനി സ്വീകരിച്ചുവെന്നാണ് വിവരം.

എൻഎംസിയിലെ സാമ്പത്തിക ക്രമക്കേട് ബിആർ ഷെട്ടിയുടെ മറ്റ് സ്ഥാപനങ്ങളെയും ബാധിച്ചു

ലണ്ടൻ സ്റ്റോക്ക് എക്സ്ചേഞ്ചിൽ ഓഹരി വ്യാപാരം നിർത്തിവെച്ചതും, യുഎഇ എക്സ്ചേഞ്ചിന്റെ പ്രവർത്തനം കമ്പനി നിർത്തിവെക്കുന്നതുമായി ബന്ധപ്പെട്ട കടുത്ത തീരുമാനങ്ങളിലേക്ക് പ്രേരിപ്പിച്ച പ്രധാന ഘടകം എന്താണെന്നാണ് ഇപ്പോൾ യുഎഇയിലെ ബിസിനസ് മേഖലയിലെ ചർച്ച. ഇന്ത്യൻ സമ്പന്നനും, വ്യവസായ പ്രമുഖനുമായ ബിആർ ഷെട്ടിയുടെ പതനം ഇപ്പോൾ ചർച്ചയാവുകയാണ്. എന്നാൽ ഷെട്ടിയുടെ ബിസിനസ് സാമ്രാജ്യത്തെ തകർക്കാനാകില്ലെന്നാണ് പലരും അഭിപ്രായപ്പെടുന്നത്. എന്തൊക്കെയാലും ഷെട്ടി താൻ സ്ഥാപിച്ച കമ്പനിമൂലം ഏറ്റവും വലിയ പ്രതിസന്ധി അഭിമുഖീകരിക്കുകയാണ്.

ഫിനാബ്ലെറിന് പ്രവർത്തനം തുടരാനുള്ള എല്ലാ ശേഷിയും നഷ്ടപ്പെട്ടുവെന്നാണ് പറയുന്നത്. കമ്പനിയുടെ പ്രവർത്തനത്തിൽ അനിശ്ചിതത്വം നിലനിൽക്കുന്നതിനാൽ ഫിനാബ്ലെറിന്റെയും, അനുബന്ധ സ്ഥാപനമായ യുഎഇ എക്സ്ചേഞ്ചിന്റെയും പ്രവർത്തനം തുടരാൻ സാധ്യമല്ലെന്ന് ഓഹരി വിപണിയിൽ സമർപ്പിച്ച പ്രസ്താവനയിൽ ഫിനാബ്ലെർ വ്യക്തമാക്കിയിട്ടുണ്ട്. കമ്പനിയുടെ ചീഫ് എക്സിക്യുട്ടീവ് ഓഫീസറായ പ്രശാന്ത് മങ്ങാട്ട് രാജിവെച്ചെങ്കിലും, പുതിയ സിഇഒയെ കണ്ടെത്തും വരെ സിഇഒയുടെ ചുമതല പ്രമോദ് മങ്ങാട്ട് വഹിക്കണമെന്ന് ആവശ്യപ്പെട്ടിട്ടുണ്ട്. കമ്പനിക്ക് പ്രമോദ് മങ്ങാട്ടിന് പകരം പുതിയ സിഇഒയെ കണ്ടെത്താനും കഴിഞ്ഞിട്ടില്ലെന്ന റിപ്പോർട്ടുകളുണ്ട്.

കമ്പനിക്ക് പ്രവർത്തിക്കാനാവശ്യമായ മൂലധന പര്യാപ്തി ഇല്ലെന്നാണ് വിവരം, അതേസമയം മുബാദല ഇൻവെസ്റ്റ്മെന്റ് ഗ്രൂപ്പ് ഫിനാബ്ലെറിന്റെ ഓഹരികൾ ഏറ്റെടുത്തുവെന്ന റിപ്പോർട്ടുകളുണ്ട്. ഇതിൽ ഫിനാബ്ലറിന്റെ 240 ബില്യൺ വരുന്ന ആസ്തികളാണ് മുബാദല കൈകാര്യം ചെയ്യുക. എന്നാൽ ഫിനാബ്ലറിന്റെ 3.4 ശതമാനം വരുന്ന ഓഹരികൾ മുബാദല ഏറ്റെടുത്തത് ലണ്ടൻ സ്റ്റോക്ക് എക്‌സ്‌ചെയഞ്ചിൽ ഫിനാബ്ലർ  വെളുപ്പെടുത്തിയിരുന്നില്ലെന്ന് മാത്രമല്ല, ഫണ്ടുമായി ബന്ധപ്പെട്ട കാര്യങ്ങൾ ഫിനാബ്ലർ മറച്ചുവെക്കുകയും ചെയ്തു. ഇതിനെതിരെയാണ് കമ്പനിക്ക് നേരെ ലണ്ടൻ സ്റ്റോക്ക് എക്‌സ്‌ചെയ്ഞ്ചിൽ വ്യാപാരം നടത്തുന്നത് വിലക്കിയതെന്ന റിപ്പോർട്ടുകളുണ്ട്.

കമ്പനിയുടെ ഉപസ്ഥാപനമായ യുഎഇ എക്സ്ചേഞ്ച് എല്ലാ ഇടപാടുകളും ഇപ്പോൾ റദ്ദ് ചെയ്തത് പ്രവാസി മലയാളികൾക്ക് തിരിച്ചടിയാണ്. കമ്പനിയുടെ അടച്ചുപൂട്ടൽ നിരവധി സ്വദേശികളും വിദേശികളുമായ ജീവനക്കാർക്ക് തൊഴിൽ നഷ്ടപ്പെടുന്നതിന് കാരണമായേക്കും. എന്നാൽ 100 മില്യണിന്റെ ചെക്കുകൾ കണ്ടെത്തിയതായി റിപ്പോർട്ടുകളുണ്ട്. എന്നാൽ ചെക്കുകളുമായി ബന്ധപ്പട്ട വിവരങ്ങളുടെ അടിസ്ഥാനത്തിൽ കര്യങ്ങളിൽ ഇങ്ങനെയൊക്കെയാണ് വിലയിരുത്തപ്പെടുന്നത്. അതേസമയം പ്രാഥമിക ഓഹരി വിൽപ്പനയ്ക്ക മുൻപാണ് ഈ ചെക്കുകൾ ഫിനാബ്ലറിന് നൽകിയതെന്ന അഭ്യൂഹങ്ങളും നിലനിൽക്കുന്നുണ്ട്. സമീപകാലത്താണ് ഈ ചെക്കുകളുടെ വിവരം പൂർണമായും ബോർഡിന്റെ ശ്രദ്ധയിൽപ്പെട്ടതെന്നാണ് കമ്പനി നൽകുന്ന വിശദീകരണം. ഒഹരിയുടമകളെ വിശ്വാസത്തിലെടുക്കുന്നതടക്കമുള്ള ഭാരിച്ച ചുമതലകൂടിയാണ് ഫിൻബ്ലെറിന് മുൻപിലുള്ളത്.

യുഎഇ എക്സേഞ്ചിന്റെ പ്രവർത്തനങ്ങളെ യുഎഇ കേന്ദ്ര ബാങ്ക് ഏറ്റെടുത്തേക്കും

യുഎഇ എക്സ്ചേഞ്ചിന്റെ പ്രവർത്തനങ്ങൾ ഇനി മേൽനോട്ടം വഹിക്കുക യുഎഇ കേന്ദ്ര ബാങ്കായിരിക്കും. ഫിനാബ്ലറിന്റെ അകത്ത് നടന്ന സാമ്പത്തിക ക്രമക്കേടുമായി ബന്ധപ്പെട്ട് യുഎഇ കേന്ദ്രബാങ്ക് ഊർജിത അന്വേഷണവും നടത്തിയേക്കും. ഇടപാടുകളിൽ ഉപഭോക്താക്കൾക്ക് സാങ്കേതിക തടസ്സമോ, പൂർത്തീകരിക്കാനുള്ള ഇടപാടുകളോ ഉണ്ടെങ്കിൽ കേന്ദ്ര ബാങ്ക് പരിശോധിച്ച് നടപടികൾ സ്വീകരിക്കും. എന്നാൽ പാപ്പരത്ത നടപടികളിലൂടെ നീങ്ങുന്ന ഫിനാബ്ലെറിനെ യുഎഇ കേന്ദ്ര ബാങ്ക് നിരീക്ഷണ വിധേയമാക്കുകയും ചെയ്തിട്ടുണ്ട്.

ലണ്ടൻ സറ്റോക്ക് എക്‌സ്‌ചെയ്ഞ്ചിൽ ഫിനാബ്ലർ (finablr)വ്യാപാരം നടത്തുന്നതിൽ നിന്ന് താത്കാലികമായി നിർത്തിവെച്ചതായി വിവരം. കമ്പനിയുടെ പ്രവർത്തനങ്ങളിൽ സാമ്പത്തിക ക്രമക്കേട് കണ്ടെത്തിയതിനെ തുടർന്നാണ് ലണ്ടൻ സ്റ്റോക്ക് എക്‌സ്‌ചെയ്ഞ്ചും വ്യാപാരം നടത്തുന്നതിൽ താത്കാലികമായി നിർത്തിവെക്കേണ്ടി വന്നത്. എന്നാൽ ആഭ്യന്തര അന്വേഷണത്തിൽ കമ്പനിയിൽ ഗുരുതരമായ സാമ്പത്തിക ക്രമക്കേട് നടന്നതായി നിലവിൽ വെളിപ്പെട്ടിട്ടുമുണ്ട്. എൻഎംസിയിൽ ബിആർ ഷെട്ടി അടക്കമുള്ളവർ നടത്തിയ സാമ്പത്തിക ക്രമക്കേടുമായി ബന്ധപ്പെട്ടുള്ള ആരോപണങ്ങൾ ഇപ്പോഴും നിലനിൽക്കുകയാണ്. അതേസമയം ഫിനാബളറിന്റെ അനുബന്ധ സ്ഥാപനമായ യുഎഇ എക്‌സ്‌ചെയ്ഞ്ച് ഇന്നലെ മുതൽ താത്കാലികമായി പ്രവർത്തനം നിർത്തിവെക്കുകയും ചെയ്തു.

യുഎഇ എക്സ്ചേഞ്ച് തങ്ങളുടെ എല്ലാ ശാഖകളിലുമുള്ള പണമിടപാടുകൾ താത്കാലികമായി നിർത്തിവെക്കുന്നതായി റിപ്പോർട്ട്. ഓൺലൈൻ പ്ലാറ്റ്ഫോം വഴിയുള്ള പണമിടപാടും നിർത്തിവെച്ചേക്കും. അതേസമയം യുഎഇ എക്സ്ചെയ്ഞ്ചിന്റെ പ്രവർത്തനം നിർത്തിവെക്കുന്നതുമായി ബന്ധപ്പെട്ട് കമ്പനി വ്യക്തമായ തീരുമാനം ഇതുവരെ അറിയിച്ചിട്ടില്ല. ഇതോടെ യുഎഇ എക്സ്ചെയ്ഞ്ചിനെ ആശ്രയിക്കുന്ന പ്രവാസി നിക്ഷേപകർ കൂടുതൽ പ്രതിസന്ധിയിലേക്ക് അകപ്പെട്ടു. 2018 ലാണ് ഷെട്ടി ട്രാവെലേക്‌സും യുഎഇ നേയും സംയോജിപ്പിക്കുന്ന ഹോൾഡിങ് കമ്പനിയായ ഫിൻബ്ലർ രൂപീകരിക്കുന്നത്. 1.3 ബില്യൺ ഡോളർ വിപണി മൂലധനം നേടിയ കമ്പനി ആഗോളതലത്തിൽ ഉണ്ടായ സാമ്പത്തിക പ്രതിസന്ധി കാരണം തകർച്ചയുടെ പടിവാതിൽക്കൽ എത്തിയെന്നും വിലയിരുത്തലകളുണ്ട്. അതേസമയം ഫിനാബ്ലെറിന്റെയും, ഉപസ്ഥാപനമായ യുഎഇ എക്സ്ചേഞ്ചിന്റെയും പ്രവർത്തനം സാമ്പത്തിക പ്രതിസന്ധിക്ക് വഴിവെച്ചത് എൻഎംസിയിൽ നടന്ന സാമ്പത്തിക തിരിമറി മൂലമാണെന്നാണ് റിപ്പോർട്ട്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP