Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

നിയമസഭാ തിരഞ്ഞെടുപ്പിൽ ഉറപ്പായും ജയിക്കേണ്ടവർ ആരൊക്കെ?; തോൽക്കണമെന്ന് ജനം ആഗ്രഹിക്കുന്ന സ്ഥാനാർത്ഥികൾ ആരൊക്കെ?; ഇരുപട്ടികയിലും ഉൾപ്പെട്ട ആദ്യ പതിനൊന്ന് പേരെ അറിയാം; പ്രേക്ഷക നിർദ്ദേശങ്ങളും എഡിറ്റോറിയൽ വിലയിരുത്തലും മറുനാടൻ പങ്കുവയ്ക്കുന്നു

നിയമസഭാ തിരഞ്ഞെടുപ്പിൽ ഉറപ്പായും ജയിക്കേണ്ടവർ ആരൊക്കെ?; തോൽക്കണമെന്ന് ജനം ആഗ്രഹിക്കുന്ന സ്ഥാനാർത്ഥികൾ ആരൊക്കെ?; ഇരുപട്ടികയിലും ഉൾപ്പെട്ട ആദ്യ പതിനൊന്ന് പേരെ അറിയാം; പ്രേക്ഷക നിർദ്ദേശങ്ങളും എഡിറ്റോറിയൽ വിലയിരുത്തലും മറുനാടൻ പങ്കുവയ്ക്കുന്നു

ന്യൂസ് ഡെസ്‌ക്‌

 നിയമസഭാ തിരഞ്ഞെടുപ്പിൽ ഉറപ്പായും ജയിക്കേണ്ടവർ ആരൊക്കെയാണ്? ജനവിധി തേടുന്നതിൽ തോൽക്കണമെന്ന് ജനം ആഗ്രഹിക്കുന്ന സ്ഥാനാർത്ഥികൾ ആരൊക്കെയായായിരിക്കും? ഇതുവരെ കേരളത്തിലെ മാധ്യമങ്ങൾ പരീക്ഷിക്കാത്ത ഒരു അവലോകനത്തിന് തയ്യാറെടുക്കുകയാണ് മറുനാടൻ മലയാളി. അഭിപ്രായ സർവേയിൽ പൊതുജനങ്ങളിൽ നിന്നും സ്വരൂപിച്ച നിർദ്ദേശങ്ങൾ വിലയിരുത്തിയ എഡിറ്റോറിയൽ ബോർഡ് ഈ പട്ടിക പുറത്തുവിടുകയാണ്. ഇതിൽ പ്രേക്ഷകർ നിർദ്ദേശിച്ച ചില പേരുകൾ ഒഴിവാക്കപ്പെട്ടിട്ടുണ്ട് എന്നതും എടുത്തുപറയുന്നു. ആദ്യം തയ്യാറാക്കിയത് ഉറപ്പായും ജയിക്കേണ്ട സ്ഥാനാർത്ഥികളുടെ പട്ടികയാണ്.

ഏറ്റവും കൂടുതൽ പ്രേക്ഷകർ നിർദ്ദേശിച്ചതും എഡിറ്റോറിയൽ ബോർഡ് വിലയിരുത്തിയതുമായ പേരുകളിൽ ആദ്യത്തേത് കഴക്കൂട്ടം മണ്ഡലത്തിൽ മത്സരിക്കുന്ന യുഡിഎഫ് സ്ഥാനാർത്ഥി എസ് എസ് ലാൽ ആണ്. ജയിക്കണമെന്ന് ആളുകൾ കണ്ടെത്തിയ മാനദണ്ഡങ്ങളിൽ പ്രഥമ പരിഗണന ലഭിച്ചതും ഡോ. എസ് എസ് ലാലിനാണ്.

ഒട്ടേറെ രാജ്യങ്ങളിൽ ലോകാരോഗ്യ സംഘടനയുടെ പ്രതിനിധിയായി പൊതുജനാരോഗ്യ മേഖലയിൽ പ്രവർത്തിച്ചിട്ടുള്ള ആരോഗ്യ വിദഗ്ദ്ധൻ എന്നതാണ് ഡോ. എസ് എസ് ലാലിന്റെ സ്ഥാനാർത്ഥിത്വം ശ്രദ്ധേയമാക്കുന്നത്. വിവിധ രാജ്യങ്ങളിലെ സാധാരണക്കാർക്ക് വേണ്ടി യുഎൻ പ്രതിനിധിയായി പ്രവർത്തിച്ചതിന്റെ അനുഭവ സമ്പത്ത കേരളത്തിന് പ്രയോജനപ്പെടണം എന്നതാണ് അദ്ദേഹം നിയമസഭയിലേക്ക് തിരഞ്ഞെടുക്കപ്പെടണം എന്ന നിർദ്ദേശത്തിന് പിന്നിൽ. സംസ്ഥാനത്തിന്റെ ആരോഗ്യമേഖലയ്ക്ക് വലിയ സംഭാവനകൾ ചെയ്യാൻ ഡോ. എസ് എസ് ലാലിന് സാധിക്കുമെന്ന് നിർദ്ദേശങ്ങൾ ഉന്നയിച്ച പ്രേക്ഷകർ കരുതുന്നു. മണ്ഡലത്തിലെ എൽഡിഎഫ് സ്ഥാനാർത്ഥി കടകംപള്ളി സുരേന്ദ്രനോ, എൻഡിഎ സ്ഥാനാർത്ഥി ശോഭാ സുരേന്ദ്രനോ തോൽക്കണം എന്ന് ഈ വിലയിരുത്തലിൽ അർത്ഥമാക്കുന്നില്ല.

ജയിക്കേണ്ടവരുടെ ലിസ്റ്റിൽ രണ്ടാമതായി നിർദ്ദേശിക്കപ്പെടുന്നത് ഒറ്റപ്പാലം മണ്ഡലത്തിലെ യുഡിഎഫ് സ്ഥാനാർത്ഥി ഡോ. പി സരിൻ ആണ്. എംബിബിഎസ് റാങ്കോടെ പാസാകുകയും സിവിൽ സർവീസ് പരീക്ഷ ജയിച്ച് എട്ട് വർഷത്തോളം നീണ്ട സിവിൽ സർവീസ് കരിയർ അവസാനിപ്പിച്ച് പൊതുപ്രവർത്തനത്തിനായി ജീവിതം മാറ്റിവച്ച യുവനേതാവാണ് പി സരിൻ. ഇന്ത്യൻ ഓഡിറ്റ് ആൻഡ് അക്കൗണ്ട്‌സ് സർവീസിൽ ഡപ്യൂട്ടി അക്കൗണ്ടന്റ് ജനറൽ പദവിയിൽ ഇരിക്കെയാണ് ജോലി ഉപേക്ഷിച്ച് പൊതുപ്രവർത്തന രംഗത്ത് എത്തിയത്. മണ്ഡലത്തിന്റെ പ്രതിനിധിയായി നിയമസഭയിൽ സരിന്റെ സേവനം ലഭിക്കണമെന്ന് നിരവധി പ്രേക്ഷകർ അഭിപ്രായപ്പെടുന്നു

വർക്കല മണ്ഡലത്തിൽ നിന്നും ജനവിധി തേടുന്ന യുഡിഎഫ് സ്ഥാനാർത്ഥി ബിആർഎം ഷഫീർ ആണ് ഈ പട്ടികയിൽ മൂന്നാമതുള്ളത്. നിർധന കുടുംബത്തിൽ നിന്നും ജീവിത സാഹചര്യങ്ങളോട് പൊരുതി അഭിഭാഷകനായും പൊതുപ്രവർത്തനായും മാറിയ വ്യക്തിയാണ് ഷഫീർ. മണ്ഡലത്തിന്റെ പ്രതിനിധിയായി നിയമസഭയിൽ എത്തണമെന്ന് പ്രേക്ഷകർ താൽപര്യപ്പെടുന്നു.

പട്ടികയിൽ നാലാമതുള്ളത് കൈപ്പമംഗലത്ത് നിന്നും ജനവിധി തേടുന്ന യുഡിഎഫ് സ്ഥാനാർത്ഥി ശോഭാ സുബിൻ ആണ്. അമ്മയെ കൊലപ്പെടുത്തിയ അച്ഛന്റെ ക്രൂരതയാൽ അനാഥമാക്കപ്പെട്ട ബാല്യമാണ് ശോഭാ സുബിന്റേത്. ജീവിതത്തിലെ ഏറ്റവും ചെറിയ പ്രായത്തിൽ തന്നെ വളരെ വലിയ പ്രഹരങ്ങൾ നേരിട്ടിട്ടും അവ അതിജീവിച്ചാണ് സുബിൻ വളർന്നത്. യുഎഇയിൽ മികച്ച ഉദ്യോഗം വേണ്ടന്നുവച്ചാണ് പൊതുപ്രവർത്തന രംഗത്തേക്ക് സുബിൻ മടങ്ങിയെത്തിയത്. മത്സ്യത്തൊഴിലാളി മേഖലിൽ നിന്നും കഷ്ടപ്പാടിലൂടെ വളർന്നു വന്ന വ്യക്തിയെന്ന നിലയിൽ മണ്ഡലത്തിന്റെ പുരോഗതിക്കായി നിലകൊള്ളുവാൻ സുബിന് കഴിയും എന്നതാണ് പ്രേക്ഷകർ മുന്നോട്ടുവയ്ക്കുന്ന പ്രതീക്ഷ.

മികച്ച പാർലമെന്റേറിയൻ എന്ന പേര് സമ്പാദിച്ച കളമശ്ശേരി മണ്ഡലത്തിൽ മത്സരിക്കുന്ന ഇടതുമുന്നണി സ്ഥാനാർത്ഥി പി രാജീവ്, കൊട്ടാരക്കര മണ്ഡലത്തിൽ നിന്നും ജനവിധി തേടുന്ന കെ എൻ ബാലഗോപാൽ എന്നിവരാണ് പട്ടികയിൽ അഞ്ചും ആറും സ്ഥാനങ്ങളിൽ ഉള്ളത്. ഇരുവരും മികച്ച സാമാജികരാണ് എന്ന കാരണത്താൽ അതത് മണ്ഡലങ്ങളിൽ നിന്നും ജനപ്രതിനിധികളായി നിയമസഭയിൽ എത്താൻ തികച്ചും യോഗ്യരാണെന്ന് പ്രേക്ഷകർ വിലയിരുത്തുന്നു.

അമ്പലപ്പുഴ മണ്ഡലത്തെ പ്രതിനിധീകരിച്ച മത്സരിക്കുന്ന യുഡിഎഫ് സ്ഥാനാർത്ഥി എം ലിജുവാണ് പട്ടികയിൽ ഏഴാമത് ഉള്ളത്. പൊതുപ്രവർത്തന രംഗത്ത് തികഞ്ഞ അച്ചടക്കവും ലാളിത്വവും കാത്തുസൂക്ഷിക്കുന്ന കോൺഗ്രസ് നേതാവാണ് എം ലിജു. പ്രതിയോഗികളോട് പോലും തികഞ്ഞ പക്വതയോടെ പെരുമാറുന്ന പൊതുപ്രവർത്തകൻ എന്ന നിലയിൽ ലിജുവിന്റെ സാന്നിദ്ധ്യം നിയമസഭയിൽ ഉണ്ടാകുവാൻ പ്രേക്ഷകർ താൽപര്യപ്പെടുന്നു.

മാവേലിക്കര മണ്ഡലത്തിൽ നിന്നും ജനവിധി തേടുന്ന ഇടതുമുന്നണി സ്ഥാനാർത്ഥി എം എസ് അരുൺകുമാർ ആണ് പട്ടികയിൽ എട്ടാമതായുള്ളത്. കഷ്ടപ്പാടും ദുരിതവും നിറഞ്ഞജീവിതം. അയൽവീടുകളിൽ വീട്ടുജോലിക്കുപോയി കുടുംബം പുലർത്തിയിരുന്ന അമ്മയുടെ വരുമാനം ഏകസഹോദരിയുടെ പഠനത്തിനുകൂടി തികയാതെവന്നപ്പോൾ അരുണിനും പണിക്കിറങ്ങേണ്ടിവന്നു. തൊട്ടടുത്ത ശ്മശാനത്തിൽ ശവക്കുഴിവെട്ടാനും ചാണകം ചുമക്കാനും മൈക്കാട്പണിക്കും ഇലക്ട്രിക്ക് പ്ലംബിങ് ജോലികൾക്കും പോയി. ഇതിനിടെ ഇംഗ്ലീഷ് സാഹിത്യത്തിൽ ബിരുദവും നേടി. പ്രതിസന്ധികളിൽ തളരാതെ സ്വപ്രയത്‌നത്താൽ ജീവിത്തിൽ മുന്നേറിയ അരുൺ പൊതുപ്രവർത്തന രംഗത്തിന് ഒന്നാകെ മാതൃകയാണ്. അരുൺ കുമാർ ജനപ്രതിനിധിയായി നിയമസഭയിൽ എത്തണമെന്ന് പ്രേക്ഷകർ പറയുന്നു.

പാലക്കാട് മണ്ഡലത്തിൽ നിന്നും എൻഡിഎ സ്ഥാനാർത്ഥിയായി ജനവിധി തേടുന്ന ഇ ശ്രീധരൻ ആണ് പട്ടികയിൽ ഒമ്പതാമത് ഉള്ളത്. ഓരോ ഭാരതീയനും അഭിമാനിക്കുന്ന വ്യക്തിത്വമാണ് ഇ ശ്രീധരന്റേത്. അസാധ്യമെന്ന് കരുതിയ കൊങ്കൺ റെയിൽവേ യാഥാർത്ഥ്യമാക്കിയ, ഡൽഹി കൊച്ചി മെട്രോ റെയിൽ നിർമ്മാണങ്ങൾക്ക് ചുക്കാൻ പിടിച്ച വ്യക്തിയാണ് അദ്ദേഹം. ഔദ്യോഗിക ജീവിതം പൂർത്തിയാക്കി രാഷ്ട്രീയത്തിലേക്ക് അദ്ദേഹം വരുന്നത് എന്തെങ്കിലും നേടുന്നതിനല്ല, മറിച്ച് തന്റെ കഴിവും അറിവും പൊതുപ്രവർത്തന രംഗത്തിനായി സമർപ്പിക്കുന്നതിനാണ്. ഈ ശ്രീധരൻ ജനപ്രതിനിധിയായി നിയമസഭയിൽ എത്തണമെന്ന് പ്രേക്ഷകർ താൽപര്യപ്പെടുന്നു. അതേ ഗണത്തിൽ വരുന്നയാളാണ് ഇരിഞ്ഞാലക്കുടയിൽ നിന്നും ജനവിധി തേടുന്ന ജേക്കബ് തോമസ്. അദ്ദേഹത്തിന്റെ പേര് ഈ ലിസ്റ്റിൽ ഉൾപ്പെടുത്തിയിട്ടില്ല. ഇത് പതിനൊന്ന് പേരുടെ മാത്രം ലിസ്റ്റാണ് എന്നതിനാലാണ് സാധിക്കാതെ പോകുന്നത്.

കോഴിക്കോട് സൗത്തിൽ നിന്നും യുഡിഎഫ് സ്ഥാനാർത്ഥിയായി ജനവിധി തേടുന്ന നുർബിന റഷീദ് ആണ് പട്ടികയിൽ പത്താമത് ഉള്ളത്. മതമൗലികവാദികളുടെ എതിർപ്പിനെ നേരിട്ടുകൊണ്ട് ഒരു സ്ത്രീക്ക് മുസ്ലിം ലീഗിൽ നിന്നും സ്ഥാനാർത്ഥിയായി നിയമസഭയിൽ എത്താൻ അവസരം ഒരുങ്ങുന്നു എന്നതാണ് നൂർബിന ശ്രദ്ധേയ ആകുന്നത്. എതിർപ്പുകളെ നേരിട്ടുകൊണ്ട് ഒരു സ്ത്രീക്ക് സ്ഥാനാർത്ഥിത്വം കൊടുക്കാൻ ലീഗ് നേതൃത്വം കാണിച്ച തന്റേടം. അത് തുടരാൻ നുർബിന റഷീദ് ജയിക്കേണ്ടതുണ്ടെന്ന് പ്രേക്ഷകർ വിലയിരുത്തുന്നു.

വടകരയിൽ നിന്നും ജനവിധി തേടുന്ന കെ കെ രമയാണ് പട്ടികയിൽ പതിനൊന്നാമത് ഉള്ളത്. സിപിഎമ്മിന്റെ അക്രമരാഷ്ട്രീയത്തിന് എതിരെയുള്ള നീണ്ട നാളായി തുടരുന്ന സമരത്തിന്റെ ഭാഗമാണ് കെ കെ രമയുടെ സ്ഥാനാർത്ഥിത്വം. ടിപി ചന്ദ്രശേഖരൻ എന്ന പൊതുപ്രവർത്തകനെ കൊലക്കത്തിക്ക് ഇരയാക്കിയ മണ്ണിൽ നിന്നും ജനവിധി തേടുകയാണ് കെ കെ രമ. അക്രമ രാഷ്ട്രീയത്തിന് എതിരെയുള്ള ജനവിധി കൂടിയാകണം ഇത്തവണത്തേത് എന്ന് പ്രേക്ഷകർ പറയുന്നു.

പ്രേക്ഷകരുടെ അഭിപ്രായം കൂടി പരിഗണിച്ച് തയ്യാറാക്കിയ ലിസ്റ്റിൽ ഉറപ്പായും തോൽപ്പിക്കേണ്ട പതിനൊന്ന് പേരെയാണ് ലിസ്റ്റിൽ ഉൾപ്പെടുത്തിയിരിക്കുന്നത്. ജനങ്ങൾ ഏറെ കൗതുകത്തോടെയാണ് ഈ കാര്യത്തിൽ പ്രതികരിച്ചത്. തോൽക്കാൻ അർഹതയുള്ളവരുടെ പേരുകളാണ് പ്രേക്ഷകരുടെ അഭിപ്രായം മാനിച്ച് തയ്യാറാക്കിയത്. പ്രേക്ഷകർ ചൂണ്ടിക്കാണിച്ചിട്ടും ചില പേരുകൾ ഇതിൽ ഉൾപ്പെടുത്തിയിട്ടില്ല.
രാഷ്ട്രീയമായിട്ടല്ല മറിച്ച് നിഷ്പക്ഷമായ സമൂഹത്തിനുള്ള മാതൃകയായിട്ടാണ് കാണുന്നത്. ഇവർ തോൽപ്പിക്കപ്പടണം എന്നതുകൊണ്ട് ഉദ്ദേശിക്കുന്നത് അവരുടെ എതിരാളി ജയിക്കണം എന്നല്ല, അവരുടെ എതിരാളികൾക്ക് ജയിക്കാൻ വേണ്ടത്ര അർഹതയും ഉണ്ടാവില്ല. പക്ഷേ തോൽക്കാൻ ഇവർക്ക് അർഹതയുണ്ട് എന്ന് ജനങ്ങളുടെ അഭിപ്രായം സ്വരൂപിക്കുന്നു എന്നമാത്രം.

ഏറ്റവും കൂടുതൽ പ്രേക്ഷകർ ആവശ്യപ്പെട്ടതും ഞങ്ങളുടെ എഡിറ്റോറിയൽ ടീം വിലയിരുത്തിയതുമായ പട്ടികയിൽ ഏറ്റവും മുന്നിലുള്ളത് കുണ്ടറയിൽ നിന്നും ജനവിധി തേടുന്ന ഇടതുമുന്നണി സ്ഥാനാർത്ഥി മേഴ്‌സിക്കുട്ടിയമ്മയാണ്. ആഴക്കടൽ കരാറുമായി ബന്ധപ്പെട്ടാകാം മഹാഭൂരിപക്ഷം പ്രേക്ഷകരും ഈ അഭിപ്രായം രേഖപ്പെടുത്തിയത്.

പട്ടികയിൽ രണ്ടാമതുള്ളത് നിലമ്പൂരിലെ ഇടതുമുന്നണി സ്ഥാനാർത്ഥി പി വി അൻവർ ആണ്. ജനാധിപത്യത്തെ പരിഹസിക്കുന്ന നിലപാടുകളാണ് കഴിഞ്ഞ കാലയളവിൽ അൻവർ സ്വീകരിച്ചത് എന്നതാണ് വിലയിരുത്തലിന് ആധാരം. ജനപ്രതിനിധി എന്ന വലിയ ചുമതല നിർവഹിക്കേണ്ട വ്യക്തി തന്റെ വ്യക്തിഗത ലാഭത്തിന് വേണ്ടി ഉപയോഗിക്കപ്പെടുന്നു എന്നതാണ് ഈ വിലയിരുത്തലിന് കാരണം. അനധികൃത സ്വത്തു സമ്പാദനം, അനധികൃത ഭൂമി ഇടപാട് എന്നീ കാര്യങ്ങൾ ഇതിൽ ഉൾപ്പെടുന്നു. ഇത്തരം മുതലാളിമാരല്ല, സാക്ഷര കേരളത്തിലെ ജനപ്രതിനിധികൾ ആകേണ്ടത് എന്ന് പ്രേക്ഷകർ വിലയിരുത്തുന്നു.

കൊണ്ടോട്ടിയിലെ എൽഡിഎഫ് സ്ഥാനാർത്ഥി കെ പി സുലൈമാൻ ഹാജിയാണ് പട്ടികയിൽ മൂന്നാമത് ഉള്ളത്. ഹാജിയുടെ രാഷ്ട്രീയ പാരമ്പര്യം എന്ത് എന്ന് ആർക്കും അറിയില്ല. ഭാര്യമാരെക്കുറിച്ചുള്ള വിവരങ്ങളും സ്വത്തുവിവരങ്ങളും വരെ വ്യക്തമായി സൂചിപ്പിക്കാതെയാണ് നാമനിർദ്ദേശപത്രിക സമർപ്പിച്ചത് എന്ന ആക്ഷേപം ഉയർന്നിരുന്നു.

പട്ടികയിൽ നാലാമതായി ഉൾപ്പെട്ടതുകൊല്ലത്ത് നിന്നും ജനവിധി തേടുന്ന ഇടതുമുന്നണി സ്ഥാനാർത്ഥി മുകേഷ് ആണ്. സിനിമ തൊഴിലായി സ്വീകരിക്കുമ്പോഴും ജനകീയ പ്രശ്‌നങ്ങളിൽ ഇടപെടുന്ന മികച്ച പൊതുപ്രവർത്തരെ നമ്മൾ കണ്ടിട്ടുണ്ട്. എന്നാൽ മുകേഷ് സിനിമയ്ക്ക് മുൻഗണന നൽകുമ്പോഴും ജനപ്രതിനിധി എന്ന നിലയിൽ എന്തു ചെയ്തു എന്ന ചോദ്യം അവശേഷിക്കുന്നു. പ്രകൃതി ദുരന്തങ്ങൾ ഉണ്ടായ കാലയളവിൽ പോലും ജനപ്രതിനിധി എന്ന നിലയിൽ മുകേഷ് അവശ്യമായ സേവനം നാടിന് നൽകിയില്ല എന്ന ആക്ഷേപം നിലനിൽക്കുന്നു.

കുന്നത്തുനാടിൽ മത്സരിക്കുന്ന പി വി ശ്രീനിജൻ ആണ് പട്ടികയിൽ അഞ്ചാമതായി ഉൾപ്പെട്ടത്. ശ്രീനിജൻ യൂത്ത് കോൺഗ്രസ് നേതാവായിരുന്നു. ശ്രീനിജന്റെ കള്ളപ്പണത്തിനെതിരെ സമരം ചെയ്തവരാണ് ഡിവൈഎഫ് നേതൃത്വം. എന്നാൽ ശ്രീനിജന്റെ അഴിമതിയൊക്കെ ഇടത് പക്ഷത്ത് എത്തിയതോടെ നേതാക്കൾ മനഃപൂർവം മറന്നു. കോടികളുടെ അനധികൃത സ്വത്ത് സമ്പാദനമാണ് ശ്രീനിജന്റെ പേരിൽ ഉയർന്നത്. വിപി സജീന്ദ്രൻ എന്ന തന്റെ എതിരാളിയെ തോൽപ്പിക്കാൻ കൃത്രിമമായി ഓഡിയോ ക്ലിപ്പുകൾ പുറത്തുവിട്ട് ചതിക്ക് ശ്രമിച്ച ആളാണ്. ശ്രീനിജൻ തോൽക്കേണ്ടത് ജനാധിപത്യത്തിന്റെ നിലനിൽപ്പിന് അത്യാവശ്യമെന്ന് പ്രേക്ഷകർ കരുതുന്നു.

ചാത്തന്നൂരിൽ മത്സരിക്കുന്ന പീതാംബരക്കുറുപ്പാണ് പട്ടികയിൽ ആറാമതുള്ളത്. ജനങ്ങൾ തിരക്‌സകരിച്ചിട്ടും യുവനേതൃത്വത്തിനായി വഴിമാറാതെ വീണ്ടും തിരഞ്ഞെടുപ്പ് രാഷ്ട്രീയത്തിൽ ചുവടുറപ്പിക്കാൻ നടത്തുന്ന നീക്കങ്ങളാണ് പീതാംബരക്കുറുപ്പിനെ അനഭിമതനാക്കുന്നത്.

ഉടുമ്പുചോലയിൽ യുഡിഎഫ് സ്ഥാനാർത്ഥിയായി മത്സരിക്കുന്ന ഇ എം അഗസ്റ്റിയാണ് പട്ടികയിൽ ഏഴാമത്. രണ്ട് തവണ എംഎൽഎയായി. മൂന്നാം തവണ മത്സരിച്ചാൽ തോൽക്കുമെന്ന് ഉറപ്പായപ്പോൾ ഉന്നത സ്വാധീനം ഉപയോഗിച്ച് മൂന്നാം തവണ പീരുമേട്ടിൽ മത്സരിച്ചു. വീണ്ടും പരാജയം നേരിട്ടതോടെ മരുമകനെ ഇടതു സ്ഥാനാർത്ഥിയാക്കി ജയിപ്പിക്കാൻ നീക്കം നടത്തി. വീണ്ടും വിലപേശൽ രാഷ്ട്രീയത്തിലൂടെ സ്ഥാനാർത്ഥിത്വം നേടിയെടുത്തയാൾ എന്ന നിലയിൽ ഇ എം അഗസ്റ്റി ഇത്തവണ പരാജയപ്പെടണമെന്ന് പ്രേക്ഷകർ വിലയിരുത്തുന്നു.

കൊച്ചിയിൽ യുഡിഎഫ് സ്ഥാനാർത്ഥിയായി മത്സരിക്കുന്ന ടോണ ചമ്മിണിയാണ് പട്ടികയിൽ എട്ടാമതുള്ളത്. കൊച്ചി മേയറായിരുന്നു. 23 തവണയാണ് ഈ കാലയളവിൽ വിദേശയാത്ര നടത്തിയത്. കൊച്ചിയുടെ പരിസരത്തെ കായൽ കയേറുന്നതിന് ഒത്താശ ചെയ്തതടക്കം ഒട്ടേറെ ആരോപണങ്ങൾ ഉയർന്നിരുന്നു. ഉന്നത സ്വാധീനം ഉപയോഗിച്ച് സ്ഥാനാർത്ഥിത്വം നേടിയെടുത്തു എന്ന ആക്ഷപമാണ് നിലനിൽക്കുന്നത്.

എറണാകുളത്തെ എൽഡിഎഫ് സ്ഥാനാർത്ഥി ഷാജി ജോർജാണ് പട്ടികയിൽ ഒമ്പതാമൻ. ഷാജി ജോർജിന്റെ രാഷ്ട്രീയം എന്തെന്ന് ആർക്കും അറിയില്ല. തിരുവനന്തപുരത്ത് പിണറായി വിജയന് ഒരു മെത്രാൻ നൽകിയ കത്താണ് ഷാജി ജോർജിന്റെ സ്ഥാനാർത്ഥിത്വത്തിന് വഴിയൊരുങ്ങിയത്. പൊതുപ്രവർത്തന രംഗത്ത് പരിചിതനല്ലാത്ത, നിരവധി തട്ടിപ്പുകൾ സംബന്ധിച്ച് ആരോപണങ്ങൾ നിലനിൽക്കുന്ന ഒരു വ്യക്തി എറണാകുളം മണ്ഡലത്തെ പ്രതിനിധീകരിക്കേണ്ടതില്ല എന്നതാണ് പ്രേക്ഷകർ വിലയിരുത്തുന്നത്.

കേരളത്തിൽ യുഡിഎഫിന്റെ ഉറച്ച സീറ്റെന്ന് പറയാവുന്ന കണ്ണൂരിലെ ഇരിക്കൂറിൽ കെ സി ജോസഫിന് പകരം മത്സരിക്കാനെത്തിയ സജീവ് ജോസഫ് എന്നയാളാണ്. സാധാരണ കോൺഗ്രസ് പ്രവർത്തകരുടെ വികാരം കണക്കിലെടുക്കാതെ കെ സി വേണുഗോപാൽ പിൻബലത്തിൽ കെട്ടിയിറക്കപ്പെട്ട സ്ഥാനാർത്ഥിയാണ് സജീവ് ജോസഫ്. ഇദ്ദേഹത്തിന്റെ സഹോദരൻ രാജീവ് ജോസഫ് ഒരു തട്ടിപ്പുകാരനാണ്. കോൺഗ്രസ് നേതൃത്വത്തിന് ഇനിയെങ്കിലും ഇത്തരം തെറ്റുകൾ പറ്റാതിരിക്കാൻ സജീവ് ജോസഫ് മണ്ഡലത്തിൽ പരാജയപ്പെടണം എന്ന് പ്രേക്ഷകർ വിലയിരുത്തുന്നു.

തവനൂരിൽ നിന്നും ജനവിധി തേടുന്ന ഇടതുമുന്നണി സ്വതന്ത്ര സ്ഥാനാർത്ഥി കെ ടി ജലീലാണ് പട്ടികയിൽ പതിനൊന്നാം സ്ഥാനത്തുള്ളത്. ജലീലിന്റെ രാഷ്ട്രീയ വ്യക്തിത്വം എന്തെന്ന് ഇപ്പോഴും വ്യക്തമല്ല. അദ്ദേഹം കമ്മ്യൂണിസ്റ്റുകാരനല്ല. ഇത്രയേറെ ആരോപണങ്ങൾ നേരിട്ട ഒരു മന്ത്രി വീണ്ടും മത്സരിക്കുന്നത് ജനാധിപത്യ ബോധത്തോടുള്ള വെല്ലുവിലിയായാണ് പ്രേക്ഷകർ വിലയിരുത്തുന്നത്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP