Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Jan / 202116Saturday

ആശങ്ക വിതച്ച് നിവാർ ചുഴലിക്കാറ്റ് തമിഴ്‌നാട് തീരത്തേക്ക്; തമിഴ്‌നാട്ടിലും പുതുച്ചേരിയിലും നാളെ പൊതു അവധി; ജനങ്ങൾ പുറത്തിറങ്ങരുതെന്ന് നിർദ്ദേശം; ഒട്ടേറെ ട്രെയിനുകളും വിമാന സർവീസുകളും റദ്ദാക്കി; തുറമുഖം അടച്ചു, കപ്പലുകൾ സുരക്ഷിത സ്ഥാനങ്ങളിലേക്ക് മാറ്റി; കേരളത്തെ നേരിട്ട് ബാധിക്കില്ലെന്ന് വിലയിരുത്തൽ; കോവിഡ് മഹാമാരിക്കാലത്ത് തമിഴ്‌നാട്ടിലും പുതുച്ചേരിയിലും വീണ്ടും ദുരന്തഭീതി

ആശങ്ക വിതച്ച് നിവാർ ചുഴലിക്കാറ്റ് തമിഴ്‌നാട് തീരത്തേക്ക്; തമിഴ്‌നാട്ടിലും പുതുച്ചേരിയിലും നാളെ പൊതു അവധി; ജനങ്ങൾ പുറത്തിറങ്ങരുതെന്ന് നിർദ്ദേശം; ഒട്ടേറെ  ട്രെയിനുകളും വിമാന സർവീസുകളും റദ്ദാക്കി; തുറമുഖം അടച്ചു, കപ്പലുകൾ സുരക്ഷിത സ്ഥാനങ്ങളിലേക്ക് മാറ്റി; കേരളത്തെ നേരിട്ട് ബാധിക്കില്ലെന്ന് വിലയിരുത്തൽ; കോവിഡ് മഹാമാരിക്കാലത്ത് തമിഴ്‌നാട്ടിലും പുതുച്ചേരിയിലും വീണ്ടും ദുരന്തഭീതി

മറുനാടൻ ഡെസ്‌ക്‌

ചെന്നൈ: കോവിഡ് മഹാമാരി ദുരിതം വിതച്ചുനിൽക്കുന്ന തമിഴ്‌നാട്ടിലേക്ക് ചുഴലിക്കാറ്റിന്റെ ഭീതിയും. ബംഗാൾ ഉൾക്കടലിൽ രൂപം കൊണ്ട നിവാർ ചുഴലിക്കാറ്റ് തീരം തൊടാൻ മണിക്കൂറുകൾ മാത്രം ബാക്കി നിൽക്കെ തമിഴ്‌നാട്ടിലും പുതുച്ചേരിയിലും അതീവ ജാഗ്രത. ഇരു സംസ്ഥാനങ്ങളിലും നാളെ പൊതു അവധി പ്രഖ്യാപിച്ചു. സുരക്ഷിതത്വം പരിഗണിച്ച് ജനങ്ങൾ വീടിന് പുറത്തിറങ്ങരുതെന്ന് നിർദ്ദേശം നൽകി.

നാളെ വൈകിട്ടോടെ നിവാർ ചുഴലിക്കാറ്റ് തീരം തൊടുമെന്നാണ് കേന്ദ്രകാലാവസ്ഥ നിരീക്ഷണകേന്ദ്രത്തിന്റെ മുന്നറിയിപ്പ്. കാരയ്ക്കലിനും മാമ്മല്ലപുരത്തിനും ഇടയിലായി വൈകിട്ട് അഞ്ച് മണിയോടെയാകും ചുഴലിക്കാറ്റ് തീരം തൊടുക. ഇതിനിടെ തമിഴ്‌നാട്ടിലെ തീരപ്രദേശങ്ങളിൽ കഴിഞ്ഞ ദിവസം തുടങ്ങിയ മഴ ശക്തിപ്രാപിച്ചു. ചെന്നൈയിൽ നാളെയും ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. ദേശീയ ദുരന്ത നിവാരണ സേനയുടെ 1200 അംഗങ്ങളെ തമിഴ്‌നാട്, പുതുച്ചേരി, ആന്ധ്രാപ്രദേശ് സംസ്ഥാനങ്ങളിലെ തീരദേശങ്ങളിലായി വിന്യസിച്ചു. സേനയുടെ 800 അംഗങ്ങളെ സജജരാക്കി നിർത്തിയിട്ടുണ്ട്.

ഇരു സംസ്ഥാനങ്ങളിലും ദുരന്ത ലഘൂകരണ പ്രവർത്തനങ്ങൾ യുദ്ധകാല അടിസ്ഥാനത്തിൽ പുരോഗമിക്കുകയാണ്. ഏഴു ജില്ലകളിൽ പൊതുഗതാഗത സംവിധാനങ്ങൾ നിർത്തിവച്ചു. ട്രെയിനുകൾ റദ്ദാക്കി. ചെന്നൈയിലേക്കുള്ള വിമാന സർവീസുകളും റദ്ദാക്കിയിട്ടുണ്ട്. തുറമുഖം വൈകിട്ടോടെ അടച്ചു. കപ്പലുകൾ സുരക്ഷിത സ്ഥാനങ്ങളിലേക്ക് മാറ്റുകയാണ്. ആന്ധ്രാപ്രദേശിലും ജാഗ്രതാ നിർദ്ദേശം പുറപ്പെടുവിച്ചിട്ടുണ്ട്.

സ്ഥിതിഗതികൾ വിലയിരുത്തി പ്രധാനമന്ത്രി

തമിഴ്‌നാട്, പുതുച്ചേരി സംസ്ഥാനങ്ങൾക്ക് എല്ലാവിധ സഹായവും പ്രധാനമന്ത്രി ഉറപ്പുനൽകി. തമിഴ്‌നാട് മുഖ്യമന്ത്രി എടപ്പാടി പളനിസ്വാമിയുമായും പുതുച്ചേരി മുഖ്യമന്ത്രി വി നാരായണ സ്വാമിയുമായും ഫോണിൽ സംസാരിച്ച പ്രധാനമന്ത്രി നരേന്ദ്ര മോദി സ്ഥിതിഗതികൾ വിലയിരുത്തി. ഇരു സംസ്ഥാനങ്ങൾക്കും കേന്ദ്രത്തിൽ നിന്നും എല്ലാ സഹായവും വാഗ്ദാനം ചെയ്തതായും ജനങ്ങളുടെ സുരക്ഷയ്ക്കും ക്ഷേമത്തിനുമായി പ്രാർത്ഥിക്കുന്നതായും പ്രധാനമന്ത്രി ട്വീറ്റ് ചെയ്തു.

ദുരന്തമുണ്ടായാൽ നേരിടാൻ സർക്കാർ സംവിധാനങ്ങൾ പൂർണ്ണസജ്ജമെന്ന് തമിഴ്‌നാട് മുഖ്യമന്ത്രി അറിയിച്ചു. മൂന്ന് ദിവസത്തേക്ക് ആവശ്യമായ ഭക്ഷ്യ വസ്തുക്കൾ ശേഖരിച്ചു വയ്ക്കാൻ ജില്ലാ ഭരണകൂടങ്ങൾ ജനങ്ങൾക്ക് നിർദ്ദേശം നൽകി. കൽപ്പാക്കം ന്യൂക്ലിയർ റിയാക്ടർ ടൗൺഷിപ്പിലും മുന്നറിയിപ്പ് നൽകിയിട്ടുണ്ട്. ആളുകൾ പുറത്തിറങ്ങുന്നതിന് വിലക്കേർപ്പെടുത്തി. പുതുച്ചേരിയിൽ ജനങ്ങൾ കൂട്ടംകൂടുന്നത് നിരോധിച്ചു. വ്യാഴാഴ്ച രാവിലെ ആറ് മണിവരെ പൊതുഗതാഗതം നിരോധിച്ചു. ആശുപത്രിയടക്കമുള്ള അവശ്യ സർവീസുകൾ ഒഴികെ സ്ഥാപനങ്ങൾ അടച്ചിടും.

കടലിൽ പോയ മുഴുവൻ മത്സ്യത്തൊഴിലാളികളോടും കരയിലേക്ക് ഉടൻ മടങ്ങിയെത്താൻ നിർദ്ദേശം നൽകി. വടക്കൻ തമിഴ്‌നാട്ടിലെ കടലോര ജില്ലകളിൽ താൽക്കാലിക ദുരിതാശ്വാസ ക്യമ്പുകൾ തുറന്നു. അതേ സമയം നിവാർ ചുഴലക്കാറ്റ് കേരളത്തെ നേരിട്ട് ബാധിക്കില്ലെന്നാണ് വിലയിരുത്തൽ ഒറ്റപ്പെട്ട സ്ഥലങ്ങളിൽ ഇടിയോട് കൂടിയ മഴയുണ്ടായേക്കും.

അന്ന് ഗജ, ഇന്ന് നിവാർ

രണ്ട് വർഷം മുമ്പ് ഗജ ചുഴലിക്കാറ്റ് വൻ നാശം വിതച്ച് കടന്നുപോയ തമിഴ്‌നാടിന്റെ തീരദേശ - ഡെൽറ്റ ജില്ലകളിലൂടെയാണ് നിവാറും വരുന്നത്. അന്ന് 45 ജീവനുകളെടുത്ത, 55000 ലേറെ ഹെക്ടറിലെ കൃഷിനശിപ്പിച്ച, ആയിരത്തിലേറെ കന്നുകാലികളെ കൊന്നൊടുക്കിയ ഗജയുടെ തീഷ്ണത അനുഭവിച്ചറിഞ്ഞവർ ഭീതിയോടെയാണ് നിവാറിന്റെ വരവിനെ കാണുന്നത. നിവാറും സമാനമായ ദുരന്തം വിതയ്ക്കുമെന്നാണ വിലയിരുത്തൽ. പുതുക്കോട്ട, നാഗപട്ടണം, തഞ്ചാവൂർ, തിരുവാരൂർ, ചെങ്കൽപേട്ട്, കടലൂർ, വില്ലുപുരം ജില്ലകളിലെ ജനങ്ങളിലെ ജനങ്ങൾ അതീവ ജഗ്രതയിലാണ്.

ബംഗാൾ ഉൾക്കടലിൽ വടക്കുകിഴക്കായി ചെന്നൈയിൽ നിന്നും ഏഴ് കിലോമീറ്റർ അകലെ നാല് ദിവസം മുമ്പാണ് ന്യൂനമർദ്ദം രൂപപ്പെട്ടത്. നിലവിൽ 25 കിലോമീറ്ററോളം വേഗത്തിലാണ് ചുഴലിക്കാറ്റ് കരയോട് അടുക്കുന്നത്. കര തൊടുമ്പോൾ 100 മുതൽ 110 കിലോമീറ്റർ വരെ വേഗം കൈവരിക്കുമെന്നാണ് വിലയിരുത്തൽ.

ചുഴലിക്കാറ്റ് നേരിട്ട് ബാധിക്കുമെന്ന് പ്രതീക്ഷിക്കുന്ന പ്രദേശങ്ങളിലൂടെയുള്ള ട്രെയിൻ ഗതാഗതം പൂർണ്ണമായും റദ്ദാക്കിയിട്ടുണ്ട്. കടലൂർ, തഞ്ചാവൂർ, നാഗപട്ടണം എന്നിവയടക്കം എഴ് ജില്ലകളിൽ ബസ് ഗതാഗതം നിർത്തിവച്ചു. താഴ്ന്ന പ്രദേശങ്ങളിലെ ആളുകളെ പൂർണ്ണമായും ഒഴിപ്പിച്ചു. നിവാർ നേരിട്ട് ബാധിക്കാൻ സാധ്യതയുള്ള ജില്ലകളിൽ ഭക്ഷ്യവസ്തുക്കൾ ശേഖരിച്ചു. ചുഴലിക്കാറ്റ് കരതൊടുന്നതിന് മുമ്പ് വൈദ്യുതി വിച്ഛേദിക്കും. 26 വരെ കടലിൽ പോകുന്നതിന് വിലക്ക് ഏർപെടുത്തിയിട്ടുണ്ട്. തീരത്തോട് അടുത്ത് കടലിൽ 18 അടി വരെ ഉയരത്തിൽ തിരയടിക്കുമെന്നാണ് വിലയിരുത്തൽ

മഴക്കുറവ് നികത്തുമെന്ന് പ്രവചനം

നാശനഷ്ടങ്ങളെക്കുറിച്ച് ആശങ്കയുണ്ടെങ്കിലും സംസ്ഥാനത്തെ മഴക്കുറവ് നിവാർ നികത്തുമെന്നാണു പ്രതീക്ഷ. വടക്കു കിഴക്കൻ മൺസൂണിന്റെ ഭാഗമായി ചെന്നൈയിൽ ഇതുവരെ 477.4 മില്ലി മീറ്റർ മഴയാണു ലഭിച്ചത്. 539മി.മീ.ലഭിക്കേണ്ട സ്ഥാനത്താണിത്. സമീപ കാലത്ത് ചെന്നൈയ്ക്കു തൊട്ടടുത്തു ചുഴലിക്കാറ്റ് കരയിൽ കടന്നതു 2016-ലാണ്. അന്നു വർധ ചുഴലി നഗരത്തിൽ വ്യാപക നാശം വിതച്ചു. 18 പേർ മരിച്ചു. ആയിരക്കണക്കിനു മരങ്ങൾ കടപുഴകി. ബംഗാൾ ഉൾക്കടലിൽ വടക്കു കിഴക്കായി ചെന്നൈയിൽ നിന്നു 7 കിലോ മീറ്റർ അകലെ 21നാണു ന്യൂനമർദം രൂപപ്പെട്ടത്. ഇറാനാണു നിവാർ എന്ന പേരു നൽകിയത്.7 ജില്ലകളിലെ കടലിനോടു ചേർന്നു കിടക്കുന്ന പ്രദേശങ്ങളിൽ നിവാർ നാശം വിതയ്ക്കുമെന്നാണു ആശങ്ക. കടലൂർ, തഞ്ചാവൂർ, ചെങ്കൽപേട്ട്, നാഗപട്ടണം, പുതുക്കോട്ട, തിരുവാരൂർ, വിഴുപുറം ജില്ലകളെയാണു ഏറ്റവും കൂടുതൽ ബാധിക്കുകയെന്നാണു നിലവിലെ പ്രവചനം. അരിയാലൂർ, പെരമ്പലൂർ, കള്ളക്കുറിച്ചി, പുതുച്ചേരി, തിരുവണ്ണാമല പ്രദേശങ്ങളെയും ബാധിക്കും.

ചെന്നൈയിൽ ഇന്നലെ മുതൽ നിവാറിന്റെ സ്വാധീനം കണ്ടു തുടങ്ങി. വൈകിട്ടോടെ ആകാശം മൂടിക്കെട്ടി. മറീനയിലുൾപ്പെടെ കടൽ പ്രക്ഷുബ്ധമായി. എഗ്മൂർ, വെപ്പേരി, കോടമ്പാക്കം, അശോക് നഗർ, കെകെ നഗർ, സെയ്ദാപേട്ട് എന്നിവിടങ്ങളിൽ നേരിയ മഴ ലഭിച്ചു. നഗരത്തിൽ ഇന്നും നാളെയും കനത്ത മഴയുണ്ടാകുമെന്നാണു കാലാവസ്ഥാ പ്രവചനം. 2 ദിവസവും നഗരത്തിൽ ഓറഞ്ച് അലർട്ടാണ്. 6 മുതൽ 20 മില്ലി മീറ്റർ മഴ പെയ്യാം. നഗരത്തിൽ കടലിനോടു ചേർന്നു കിടക്കുന്ന പ്രദേശങ്ങളിൽ അതി തീവ്ര മഴ പെയ്തേക്കാമെന്നും മുന്നറിയിപ്പുണ്ട്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP