Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
May / 202115Saturday

താന്ത്രിക് സെക്‌സും നഗ്‌നപൂജയും ഹരമായ നിത്യാനന്ദയുടെ 'കൈലാസ'ത്തിലേക്ക് ഇനി ഒരറിയിപ്പുണ്ടാകുന്നത് വരെ ഇന്ത്യാക്കാർക്ക് പ്രവേശനമില്ല; ഇന്ത്യയിൽ നിന്നുള്ള യാത്രക്കാരെ വിലക്കി വിവാദ ആൾദൈവം; രാജ്യം വിട്ട നിത്യാനന്ദയെ ട്രോളി സോഷ്യൽ മീഡിയ

താന്ത്രിക് സെക്‌സും നഗ്‌നപൂജയും ഹരമായ നിത്യാനന്ദയുടെ 'കൈലാസ'ത്തിലേക്ക് ഇനി ഒരറിയിപ്പുണ്ടാകുന്നത് വരെ ഇന്ത്യാക്കാർക്ക് പ്രവേശനമില്ല; ഇന്ത്യയിൽ നിന്നുള്ള യാത്രക്കാരെ വിലക്കി വിവാദ ആൾദൈവം; രാജ്യം വിട്ട നിത്യാനന്ദയെ ട്രോളി സോഷ്യൽ മീഡിയ

മറുനാടൻ മലയാളി ബ്യൂറോ

ന്യൂഡൽഹി: 'കൈലാസ'ത്തിലേക്ക് കോവിഡിന് പ്രവേശനമില്ല. കോവിഡുമായി ആരും ഇങ്ങോട്ടുപോരേണ്ട്. ഇക്വഡോറിന് സമീപത്തുള്ള സ്വകാര്യ ദ്വീപ് വാങ്ങി അവിടെ സ്വന്തം രാജ്യം സ്ഥാപിച്ച വിവാദ ആൾ ദൈവം സ്വാമി നിത്യാനന്ദ ഇന്ത്യയിൽ നിന്നുള്ള സഞ്ചാരികളെ വിലക്കി്. ഇന്ത്യക്ക് പുറമേ ബ്രസീൽ, യുറോപ്യൻ യൂണിയൻ, മലേഷ്യ എന്നിവിടങ്ങളിൽ നിന്നുള്ള സഞ്ചാരികളെയും വിലക്കിയിട്ടുണ്ട്. ഇനിയൊരു അറിയിപ്പ് ഉണ്ടാകുന്നത് വരെ ഈ രാജ്യങ്ങളിൽ നിന്നുള്ള സഞ്ചാരികൾക്ക് പ്രവേശനമുണ്ടാകില്ലെന്നാണ് നിത്യാനന്ദ പുറത്തിറക്കിയ ഉത്തരവിൽ പറയുന്നത്.

നിത്യാനന്ദയുടെ ഉത്തരവിനെതിരെ വ്യാപക പരിഹാസമാണ് സമൂഹമാധ്യമങ്ങളിൽ ഉയരുന്നത്. നിത്യാനന്ദയുടെ വീഡിയോകൾ പതിവായി നെറ്റിസൺസിന് നേരമ്പോക്കാണ്. തന്റെ കൈലാസം പ്രത്യേക രാഷ്ട്രമായി പ്രഖ്യാപിക്കണമെന്ന് സ്വാമി ഐക്യരാഷ്ട്രസഭയോട് ആവശ്യപ്പെട്ടിരുന്നു. സ്വന്തമായി വെബ്‌സൈറ്റ് ഉണ്ടാക്കിയതിന് ശേഷം താൻ കൈലാസത്തിൽ റിസർവ് ബാങ്കും പുതിയ കറൻസികളും തുടങ്ങിയതായി അദ്ദേഹം പ്രഖ്യാപിച്ചിരുന്നു. 300 പേജുള്ള സാമ്പത്തിക നയവും പുറത്തിറക്കിയിരുന്നു.

തന്റെ രാജ്യമായ കൈലാസത്തിലേക്ക് വിസ അനുവദിക്കുന്നു എന്നും രാജ്യത്തേക്ക് വിമാന സർവീസ് ആരംഭിക്കുന്നു എന്നും ഡിസംബറിൽ നിത്യാനന്ദ പ്രഖ്യാപിച്ചിരുന്നു. സന്ദർശകരെ രാജ്യത്തിലേക്ക് പ്രവേശിപ്പിക്കില്ലെന്ന മുൻനിലപാട് മാറ്റിയ നിത്യാനന്ദ, പുറത്തു നിന്നും വരുന്നവർക്ക് നിലവിൽ മൂന്ന് ദിവസം തന്റെ രാജ്യത്ത് തങ്ങുവാനുള്ള വിസയാണ് നൽകിയത്. ഓസ്ട്രേലിയയിൽ നിന്നുമാണ് വിമാന സർവീസുള്ളതെന്നും നിത്യാനന്ദ പറഞ്ഞിരുന്നു. കൈലാസം മെയിൽ ഐ ഡിയും പുറത്ത് വിട്ടിട്ടുണ്ട്. ഏതായാലും ഇന്ത്യയിൽ നിന്നുള്ളവർക്ക് തത്കാലം പ്രവേശനമില്ല.

ഇന്റർപോൾ ബ്ലൂകോർണർ നോട്ടീസ് പുറപ്പെടുവിച്ചതൊന്നും സ്വാമിക്ക് പ്രശ്നമില്ല. തന്റെ ഭാവി പരിപാടികളുമായി കൂസലില്ലാതെ മുന്നേറുകയാണ്. കോവിഡ് വ്യാപനത്തോടെ നിത്യാനന്ദക്കെതിരെ അഹമ്മദാബാദിലുള്ള കേസ് നിർത്തി വച്ചിരിക്കുകയാണ്.

പാസ്‌പോർട്ട് റദ്ദാക്കിയിട്ടും ഇന്ത്യ വിട്ട നിത്യാനന്ദ 2019 അവസാനത്തോടെ കൈലാസം എന്ന പേരിൽ സ്വന്തം രാജ്യം സ്ഥാപിച്ചതായി അവകാശപ്പെട്ടു. ഇക്വഡോറിലെ ഒരു ദ്വീപിലാണ് നിത്യാനന്ദയുടെ രാജ്യമെന്നായിരുന്നു ആദ്യത്തെ റിപ്പോർട്ടുകൾ. എന്നാൽ ഇക്വഡോർ ഇത് നിഷേധിച്ചതോടെ ട്രിനിഡാഡ് ആൻഡ് ടൊബാഗോയിലെ ഒരു ദ്വീപിലാണ് നിത്യാനന്ദ രാജ്യം സ്ഥാപിച്ചതെന്ന റിപ്പോർട്ടുകളും പുറത്തുവന്നു. ഇന്റർപോളടക്കം തിരയുന്ന പ്രതിയായിട്ടും നിത്യാനന്ദ എവിടെയാണെന്ന് പോലും ഇതുവരെ സ്ഥിരീകരിക്കാനായിട്ടില്ല. ഇതിനിടെ മിക്കദിവസങ്ങളിലും തന്റെ അനുയായികൾക്കായി നിത്യാനന്ദ സാമൂഹികമാധ്യമങ്ങളിൽ പ്രത്യക്ഷപ്പെടാറുണ്ട്. ഫേസ്‌ബുക്ക് പേജുകളിലും ട്വിറ്ററിലും യൂട്യൂബിലും നിത്യാനന്ദയുടെ പ്രഭാഷണങ്ങൾക്ക് ധാരാളം കാഴ്ചക്കാരുമുണ്ട്.

50 വട്ടം കോടതികളിൽ കേസ് വിളിച്ചെങ്കിലും ഒരുതവണ പോലും ഹാജരാകാത്ത നിത്യാനന്ദ വീഡിയോയിൽ തനിക്ക് നേരേ ആരോപണങ്ങൾ ഉന്നയിച്ചവരെ ഒരർഥത്തിൽ കളിയാക്കുകയാണ്. റിസർവ് ബാങ്ക് ഓഫ് കൈലാസ തികച്ചും നിയമപരമായാണ് രജിസ്റ്റർ ചെയ്തിരിക്കുന്നതെന്ന് നിത്യാനന്ദ പറഞ്ഞു. സാമ്പത്തിക നയം, കറൻസി കൈമാറ്റം, ഉപയോഗം ഇതെല്ലാം വ്യക്തമാക്കുന്ന 300 പേജുള്ള രേഖ തയ്യാറായി കഴിഞ്ഞു. റിസർവ് ബാങ്ക് ഓഫ് കൈലാസയുടെ നിയമസാധുതയ്ക്ക് വേണ്ടി ഒരുരാജ്യവുമായി ധാരണാപത്രം ഒപ്പുവച്ചുവെന്നും ഇയാൾ പറയുന്നു നിത്യാനന്ദയുടെ കൈലാസ രാജ്യം അതിരുകൾ ഇല്ലാത്തതാണ്. തങ്ങളുടെ രാജ്യങ്ങളിൽ ആധികാരികമായി ഹിന്ദുമതം പിന്തുടരാനാവാതെ പുറത്താക്കപ്പെട്ടവരുടെ രാജ്യമാണ് കൈലാസം എന്നും വെബ്സൈറ്റിൽ പറയുന്നു.

കൈലാസ വിശേഷങ്ങൾ

സ്വന്തമായി റിസർവ് ബാങ്കും, മന്ത്രിസഭയും നാണയവും, പതാകയുമെല്ലാമുള്ള, സൈന്യംമാത്രം ഇല്ലാത്ത ഒരു രാഷ്ട്രം തന്നെയാണ് നിത്യാനന്ദ ലക്ഷ്യമിടുന്നത്. സനാതന ധർമ്മം ശരിയായി പഠിപ്പിക്കാൻ സ്വന്തമായി സർവകലാശാലയും സ്ഥാപിക്കും. ഹിന്ദുയിസം ശരിയായ രീതികളിൽ പിന്തുടരാൻ ബുദ്ധിമുട്ട് നേരിടുന്ന ലോകത്തിന്റെ എല്ലാ ഭാഗത്തുമുള്ള ഹിന്ദുക്കൾക്കും പുതിയ രാജ്യത്തെത്താം എന്നാണ് സ്വാമി നിത്യാനന്ദ പറയുന്നത്. രണ്ട് വിഭാഗങ്ങളിലുള്ള പാസ്പോർട്ടാണ് കൈലാസ നൽകുന്നത്. പരമശിവന്റെ അനുഗ്രഹത്താൽ ഈ പാസ്പോർട്ട് ഉപയോഗിച്ച് പതിനൊന്ന് ദിശകളിലേക്കും പതിനാല് ലോകത്തേക്കും പ്രവേശിക്കാൻ സാധിക്കുമെന്നും നിത്യാനന്ദ വാഗ്ദാനം ചെയ്യുന്നു.

കൈലാസ എന്നാണ് നിത്യാനന്ദയുടെ രാജ്യത്തിൻെ പേര്. വിക്കിപീഡിയയ്ക്ക് സമാനമായി നിത്യാനന്ദപീഡിയയും റിസർവ്വ് ബാങ്കിന് സമാനമായി ഹിന്ദു ഇൻവെസ്റ്റ്മെന്റ് ആൻഡ് റിസർവ്വ് ബാങ്കും ഹിന്ദു സർവ്വകലാശാല, ഗുരുകുലം, സേക്രട് ആർട്സ് സർവ്വകലാശാല, നിത്യാനന്ദ ടിവി, ഹിന്ദുവിസം നൗ എന്നീ ചാനലുകളുമടക്കം വൻ സംവിധാനങ്ങളാണ് കൈലാസത്തിലൊരുക്കിയിരിക്കുന്നതെന്നാണ് നിത്യാനന്ദ അവകാശപ്പെടുന്നു. ക്രിപ്റ്റോ കറൻസി വഴിയാകും ഹിന്ദു ഇൻവെസ്റ്റ്മെന്റ് ആൻഡ് റിസർവ്വ് ബാങ്കിലേക്ക് സംഭാവനകൾ സ്വീകരിക്കുക. ധർമ സംരക്ഷണമാണ് ക്രിപ്റ്റോ കറൻസിയിലൂടെ ലക്ഷ്യമിടുന്നതെന്നും കൈലാസ വിശദമാക്കുന്നു. നിത്യാനന്ദയുടെ പഠനങ്ങളും ആശയങ്ങളും പ്രബോധനങ്ങളുടേയും ഒരുകുടക്കീഴിൽ എത്തിക്കുകയാവും നിത്യാനന്ദപീഡിയ ചെയ്യുന്നതെന്നാണ് അവകാശവാദം. നിത്യാനന്ദയുടെ അനുനായികൾക്ക് ഇതുവരെ നൽകിയിട്ടുള്ളതും ഇനി നൽകാൻ പോവുന്ന സേവനങ്ങളും നിത്യാനന്ദ പീഡിയ പുറത്തെത്തിക്കും.

കൈലാസത്തിലെ ഔദ്യോഗിക ഭാഷ ഇംഗ്ലീഷ് ആയിരിക്കും. രണ്ടാം ഭാഷ സംസ്‌കൃതവും മൂന്നാം ഭാഷ തമിഴുമാണ്. 100 മില്യൺ ആദി ശൈവ വിശ്വാസികൾ കൈലാസത്തിലുണ്ടെന്നാണ് നിത്യാനന്ദ അവകാശപ്പെടുന്നത്. ദക്ഷിണ ഏഷ്യയിലെ യഥാർത്ഥ ഹിന്ദുവിസം പിൻതുടരുന്നവർ തനിക്കൊപ്പമെത്തുമെന്നും നിത്യാനന്ദ പറയുന്നു. ആരോഗ്യം, സംസ്ഥാനം, സാങ്കേതികത, പ്രബുദ്ധമായ സംസ്‌കാരം, വിദ്യാഭ്യാസം, സാമൂഹിക സേവനം, ഭവന നിർമ്മാണം, വാണിജ്യം, ട്രെഷറി തുടങ്ങിയ വകുപ്പുകൾ ഉൾപ്പെട്ട മന്ത്രിസഭയും നിത്യാനന്ദ ഉറപ്പ് നൽകുന്നു. പ്രബുദ്ധമായ സംസ്‌കാരമെന്നതുകൊണ്ട് സനാതനധർമ്മത്തിന്റെ വീണ്ടെടുപ്പാണെന്ന് നിത്യാനന്ദ വിശദീകരിക്കുന്നു. ഹിന്ദു ലൈബ്രറി,യോഗാ ശാസ്ത്രത്തിലെ ഗവേഷണങ്ങളിലൂടെയാണ് സനാതന ധർമ്മം വീണ്ടെടുക്കാൻ സാധിക്കുകയെന്നും നിത്യാനന്ദ പറയുന്നു.

താമരയാണ് കൈലാസത്തിന്റെ ദേശീയ പുഷ്പം.എല്ലാവർക്കും സൗജന്യമായ ചികിത്സയും വിദ്യാഭ്യാസത്തിനും, ഭക്ഷണത്തിനും അവസരമാണ് കൈലാസയുടെ പ്രധാന വാഗ്ദാനം. ഇവ ക്ഷേത്ര ആചാരങ്ങളുടെ അടിസ്ഥാനത്തിലാവുമെന്ന് നിത്യാനന്ദ കൂട്ടിച്ചേർക്കുന്നു. നിത്യാനന്ദയും നന്ദിയുമാണ് കൈലാസത്തിന്റെ പതാകയിലുള്ളത്.അനുയായികളോട് കൈലാസത്തിന്റെ പതാക ഡൗൺലോഡ് ചെയ്ത് ഉപയോഗിക്കാനും നിത്യാനന്ദ നിർദ്ദേശിക്കുന്നു. സനാതന ധർമ്മത്തിന്റെ സംരക്ഷണം മാത്രമല്ല പ്രചാരണവും നിത്യാനന്ദ കൈലാസത്തിലൂടെ ലക്ഷ്യമിടുന്നു. വിശുദ്ധ മൃഗമായി കണക്കാക്കുന്ന നന്ദിയാണ് കൈലാസത്തിന്റെ ദേശീയ മൃഗം.സിഹംത്തിന്റെയും പക്ഷിയുടേയും സംയോജന രൂപമായ ഷരഭമാണ് കൈലാസത്തിന്റെ ദേശീയ പക്ഷി. ശിവൻ, പരാശക്തി, നിത്യാനന്ദ, നന്ദി എന്നിവരാണ് രാജ്യത്തിന്റെ ചിഹ്നം.ആൽമരമാണ് ദേശീയ വൃക്ഷം.വർണം, ദേശീയത, മതം, ജാതി, വർഗ ചിന്തകളിൽ നിന്നൊഴിഞ്ഞുള്ള സമാധാനവും സാഹോദര്യവുമാണ് കൈലാസയുടെ ലക്ഷ്യം.

പക്ഷേ എന്തൊക്കെ ചെയ്താലും ഒരരു രാഷ്ട്രം എന്ന രീതിയിൽ അംഗീകാരം കൊടുക്കാൻ യുഎൻ പോലുള്ള ഏജൻസികൾക്കൊന്നും കഴിയില്ല. ലോകത്തിലെ പല കോടീശ്വരന്മാരുടെയും ഉടമസഥതിയിലുള്ളതുപോലുള്ള സ്വകാര്യ ദ്വീപായി മാത്രമേ ഇത് അറിയപ്പെടൂ. ഇവിടെ നിയമങ്ങൾക്ക് ഇളവുണ്ടെങ്കിലും, ഏത് രാജ്യത്തിന്റെ ഭാഗമാണോ അവിടുത്തെ നിയമങ്ങൾ ഈ ദ്വീപിനും ബാധകമാണ്. ടിനിഡാഡിലെ നിയമങ്ങൾ ആണ് നിത്യാനന്ദക്കും ബാധകമാവുക.

താന്ത്രിക സെക്സിന്റെ മറവിൽ ലൈംഗിക ചൂഷണം

പെൺകുട്ടികളെ തട്ടിക്കൊണ്ടുപോയി അന്യായമായി തടങ്കലിൽ വച്ച കേസിൽ പ്രതിയായ നിത്യാനന്ദ, കഴിഞ്ഞ മാസം 21നാണ് ഇന്ത്യ വിട്ടത്. നേപ്പാൾ വഴിയാണ് ഇക്വഡോറിലേക്ക് കടന്ന നിത്യാനന്ദ ഇക്വഡോറിൽ നിന്നുമാണ് കൈലാസ എന്ന് പേരിട്ടിരിക്കുന്ന ദ്വീപ് വാങ്ങിയത്. . അഹമ്മദാബാദ് പൊലീസ് സൂപ്രണ്ട് ആർ വി അസാരിയാണ് നിത്യാനന്ദ വിദേശത്തേക്ക് കടന്നതായി അറിയിച്ചത്. എന്നാൽ ഇത് സംബന്ധിച്ച വ്യക്തതയില്ലെന്നാണ് കേന്ദ്രം പറഞ്ഞിരുന്നത്. അതിനിടെയാണ് താൻ പരമാധികാര സനാതന ഹിന്ദുധർമ്മം പിന്തുടരുന്ന രാജ്യം സ്ഥാപിച്ചതായി നിത്യാനന്ദ പ്രഖ്യാപിച്ചത്.

താന്ത്രിക്ക് സെക്സ് അടക്കമുള്ള വിനോദങ്ങളും നഗ്‌നപൂജയ്ക്ക് ആശ്രമത്തിൽ കന്യകമാരുമായി സസുഖം വാണിരുന്ന സ്വാമി നിത്യാനന്ദ എന്ന ആൾദൈവം വാർത്തകളിൽ നിറഞ്ഞത് തമിഴ്‌നാട് സ്വദേശി സമർപ്പിച്ച ഹേബിയസ് കോർപ്പസ് റിട്ടിലൂടെയാണ്. തന്റെ രണ്ട് പെൺമക്കളെയും നിത്യാനന്ദ തടങ്കലിലാക്കി പീഡിപ്പിക്കുകയാണെന്ന് പരാതിയുമായി എത്തിയതോടെയാണ് നിത്യാനന്ദയ്ക്ക് ആശ്രമം വിട്ട് ഓടേണ്ടി വന്നത്. ഗുജറാത്ത് ഹൈക്കോടതി നിത്യാനന്ദയ്ക്കും സംസ്ഥാന സർക്കാരിനും നോട്ടീസ് നൽകിയിതിന് പിന്നാലെയാണ് നിത്യാനന്ദയുടെ കൂടുതൽ തട്ടിപ്പ് പുറത്തുവന്നത്.ബാംഗ്ലൂരിലെ ബിദാദിക്കടുത്ത് ധ്യാനപീഠം എന്ന പേരിൽ ഒരു ആശ്രമം നടത്തിപ്പോന്നിരുന്ന എ രാജശേഖരൻ എന്ന സ്വാമി നിത്യാനന്ദ പരമഹംസ ആത്മീയത വിറ്റ് തന്റ സാമ്രാജ്യം കെട്ടിപ്പൊക്കുകയായിരുന്നു. മീഡിയ സപ്പോർട്ട് കൂടി ലഭിച്ചതോടെ ആശ്രമം വളർന്നു. നിത്യാനന്ദയുടെ പ്രസംഗം കേൾക്കാൻ ഭക്തരുടെ ഒഴുക്കായി ആത്മീയതയെ കച്ചവട ഉൽപന്നമാക്കി മാറ്റാൻ നിത്യാനന്ദ എന്ന വ്യാജനെ സഹായിച്ചത് തെന്നിന്ത്യയിലെ മുൻ നിര നായികയാിരുന്ന രഞ്ജിതയുടെ കടന്ന് വരവായിരുന്നു. ആശ്രമത്തിന്റെ ഭാഗമായി രഞ്ജിത മാറിയതോടെ നിത്യാനന്ദയുടെ പേരും പ്രശസ്തിയും വർധിച്ചു. കന്യകമാരായ ശിഷ്യ ഗണങ്ങളായിരുന്നു നിത്യാനന്ദയ്ക്ക് കൂടുതൽ സന്തോഷം നൽകിയിരുന്നത്.

2010 കാലഘട്ടത്തിൽ രഞ്ജിതയുമായിട്ടുള്ള ആശ്രമത്തിലെ സ്വാകാര്യ വീഡിയോ പുറത്തു വന്നതോടെ നിത്യാനന്ദയ്ക്ക് ആദ്യ ചുവട് പിഴച്ചു. വിവാദമായ വീഡിയോ പകർത്തിയത് ആശ്രമത്തിലെ മുൻ ഡ്രൈവർ കൂടിയായിരുന്ന ലെനിൻ കറുപ്പൻ ആയിരുന്നു,ഒളി ക്യാമറയിലൂടെ ആ ദൃശ്യങ്ങൾ പകർത്തിയത് വിവാദമായെങ്കിലും വിഷയം കോടതിയും കേസും വരെയെത്തിയിരുന്നു. എങ്കിലും രഞ്ജിത ആശ്രമം വിട്ട് പോകാൻ തയ്യാറായിരുന്നില്ല.രഞ്ജിതയടക്കമുള്ള നിത്യാനന്ദ സ്വാമികളുടെ ഭക്തർ വീണ്ടും ആശ്രമത്തിൽ സജീവമാകുകയായിരുന്നു.2012ലും നിത്യാനന്ദയ്ക്കെതിരെ ബലാത്സംഗം, തട്ടിക്കൊണ്ടുപോകൽ, തടഞ്ഞുവെക്കൽ തുടങ്ങിയ ആരോപണങ്ങൾ ഉയർന്നിരുന്നു. ഇപ്പോൾ സംഭവിച്ചത് പോലെ തന്നെ അന്നും നിത്യാനന്ദ മുങ്ങി. പിന്നീട് അഞ്ച് ദിവസം കഴിഞ്ഞ് കോടതിയിലായിരുന്നു സ്വാമി പൊങ്ങിയത്. തുടർന്ന് അറസ്റ്റ് ചെയ്യപ്പെടുകയും റിമാൻഡിലാകുകയും ചെയ്യുകയായിരുന്നു.

അറസ്റ്റിലായതോടെ അടുത്ത ശിഷ്യ ആരതി റാവു രംഗത്ത് വരികയും, അഞ്ചുവർഷം നിത്യാനന്ദയോടൊപ്പം ചെലവിട്ടകാലത്ത് താൻ അനുഭവിച്ച പീഡനങ്ങളെപ്പറ്റി അവർ തുറന്നുപറച്ചിൽ നടത്തുകയും ചെയ്തു. 2010 ലെ രഞ്ജിതയുടെ വീഡിയോ എടുത്തത് താനാണെന്നായിരുന്നു ആരതി റാവുവിന്റെ വാദം. നിത്യാനന്ദ തന്നെ പലവട്ടം ബലാത്സംഗം ചെയ്തു എന്ന് ആരതി തുറന്നുപറഞ്ഞു. ആരോടെങ്കിലും അതേപ്പറ്റി പറഞ്ഞാൽ കൊന്നുകളയും എന്നായിരുന്നു ഭീഷണിയെന്നും ആരതി വെളിപ്പെടുത്തുകയുണ്ടായി.താന്ത്രിക് സെക്സിനുള്ള സമ്മതപത്രം ഒപ്പിട്ടുവാങ്ങിയ ശേഷം മാത്രമാണ് ഭക്തർക്ക് ആശ്രമത്തിൽ പ്രവേശിക്കാൻ പാടുള്ളൂ എന്ന പ്രത്യകതയും നിത്യാനന്ദയുടെ ആശ്രമത്തിലുണ്ട്.

ഭാരതത്തിന്റെ പ്രാചീന സംസ്‌കൃതിയുടെ ഭാഗമായ, സ്ത്രീപുരുഷ ആനന്ദാന്വേഷണങ്ങളുടെ പരമകാഷ്ഠയായ താന്ത്രിക് സെക്സ് അടക്കമുള്ള സങ്കേതങ്ങളിലൂടെ ഭക്തർക്ക് ആത്മീയവും മാനസികവും ശാരീരികവുമായ നിർവാണലബ്ധിക്കുള്ള പരിശ്രമങ്ങൾ ഇവിടെ പരിശീലന പരിപാടികളുടെ ഭാഗമാണ്. ഇതിന് വേണ്ട സമ്മത പത്രമാണ് ഭക്തരിൽ നിന്ന് വാങ്ങുന്നത്.ഈ പ്രവർത്തനങ്ങൾ വളരെ സങ്കീർണ്ണമാണെന്നും, പരിപൂർണമായ നഗ്നത, നഗ്നചിത്രങ്ങളുമായുള്ള പരിചയം, നഗ്നതയുടെ വീഡിയോ ഡെമോൺസ്‌ട്രേഷനുകൾ, ലൈംഗിക ബന്ധങ്ങളുടെ വീഡിയോ വിശദീകരണങ്ങൾ, ശാരീരികമായ അടുത്തിടപഴകലുകൾ എന്നിവയും പരിശീലത്തിൽ ഉൾപ്പെടുത്തുമെന്നും മുൻ കൂട്ടി ബോധിപ്പിക്കുന്നുവെന്നും
സമ്മത പത്രത്തിൽ കുറിക്കുന്നുണ്ടെന്നാണ് വെളിപ്പെടുത്തൽ ഉൾപ്പെട്ടിരുന്നത്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP