Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202429Friday

ഏഴ് തവണ സുപ്രീംകോടതിയിലും 15തവണ ഹൈക്കോടതിയിലും പോയിട്ടും കേസ് പരിഗണിച്ചേയില്ല; അപ്പീൽ അപേക്ഷ കേൾക്കാൻ ജഡ്ജിമാർക്കും മടി; പണം കൊടുത്ത് നാട്ടുകാരെ കൊണ്ട് നിവേദനം നൽകാനുള്ള ശ്രമവും മാനസിക രോഗി ആവാനുള്ള ശ്രമവും പൊളിഞ്ഞു; കോടികളുടെ വാഹനങ്ങളിൽ മേക്കപ്പ് മാനുമായി കറങ്ങി നടന്നിരുന്ന അമൽ വെറും സാധാരണക്കാരിയായി; നിയമത്തിന് മുമ്പിൽ പണക്കൊഴുപ്പ് വീണപ്പോൾ പരിവേദനവുമായി ഭാര്യ രംഗത്ത്

ഏഴ് തവണ സുപ്രീംകോടതിയിലും 15തവണ ഹൈക്കോടതിയിലും പോയിട്ടും കേസ് പരിഗണിച്ചേയില്ല; അപ്പീൽ അപേക്ഷ കേൾക്കാൻ ജഡ്ജിമാർക്കും മടി; പണം കൊടുത്ത് നാട്ടുകാരെ കൊണ്ട് നിവേദനം നൽകാനുള്ള ശ്രമവും മാനസിക രോഗി ആവാനുള്ള ശ്രമവും പൊളിഞ്ഞു; കോടികളുടെ വാഹനങ്ങളിൽ മേക്കപ്പ് മാനുമായി കറങ്ങി നടന്നിരുന്ന അമൽ വെറും സാധാരണക്കാരിയായി; നിയമത്തിന് മുമ്പിൽ പണക്കൊഴുപ്പ് വീണപ്പോൾ പരിവേദനവുമായി ഭാര്യ രംഗത്ത്

മറുനാടൻ മലയാളി ബ്യൂറോ

കൊച്ചി: ഞങ്ങൾ നേരിടുന്നത് കടുത്ത മനുഷ്യാവകാശ ലംഘനമാണ്, നീതിയും നിഷേധിക്കപ്പെടുന്നു, ഇനിയെങ്കിലും മാധ്യമ വിചാരണ അവസാനിപ്പിക്കണം-ഇങ്ങനെ പറയുന്നത് ശതകോടീശ്വരനായ നിസാമിന്റെ ഭാര്യ അമൽ നിസാമാണ്. തൃശൂരിലെ ശോഭാ സിറ്റിയിൽ ചന്ദ്രബോസ് എന്ന സെക്യൂരിറ്റിക്കാരനെ ക്രൂരമായി ആക്രമിക്കുമ്പോൾ എല്ലാം കണ്ടു നിന്ന സാക്ഷി. കോടതി കടുത്ത ശിക്ഷ തന്നെ നിസാമിന് നൽകി. ആഡംബരക്കാറുകളിൽ കറങ്ങി നടന്ന നിസാം ഇപ്പോൾ കണ്ണൂരിലെ ജയിലിലാണ്. ഇവിടേയും നിസാമിന് സുഖവാസമാണെന്ന് റിപ്പോർട്ട് വന്നു. പണത്തിന്റെ കരുത്തിൽ എല്ലാം ഒഴിവാക്കാമെന്ന നിസാമിന്റെ മോഹം പൊളിച്ചത് മാധ്യമങ്ങളായിരുന്നു. ആദ്യം നാട്ടുകാരുടെ പ്രിയ നായകനായി അതവരിച്ച് ശിക്ഷയിൽ നിന്ന് ഇളവ് നേടാനായി ശ്രമം. അത് തകർന്നപ്പോൾ മാനസിക രോഗിയായി അഭിനയിച്ചു. അതും മാധ്യമ ഇടപെടലിനൊടുവിൽ കോടതി പൊളിച്ചു. പരമാവധി 14 കൊല്ലം വരേയേ നിസാം ശിക്ഷ പ്രതീക്ഷിച്ചുള്ളൂ. എന്നാൽ കോടതി നൽകിയത് 35 കൊല്ലത്തിലധികം തടവ്.

ആകസ്മികമായുണ്ടായ ഒരു സംഭവത്തിൽ കുറ്റപത്രം റദ്ധാക്കി നിഷ്പക്ഷമായ അന്വേഷണം നടത്തണമെന്ന് ആവശ്യപ്പെട്ടും, വിചാരണ നടപടികൾ സ്റ്റേ ചെയ്യണമെന്നാവശ്യപ്പെട്ടും നിസാം നൽകിയ ഹരജി ആദ്യമേ കോടതി തള്ളിയിരുന്നു. തുടർന്ന് ഏഴുതവണ സുപ്രീം കോടതിയിലും 15 തവണ ഹൈക്കോടതിയിലും ഉൾപ്പടെ ഇരുപതിലധികം തവണ നിസാം ഉന്നത നീതിപീഠങ്ങളെ സമീപിച്ചെങ്കിലും നിസാമിന് മുന്നിൽ ഒരു വാതിലും തുറക്കപ്പെട്ടില്ല. തമിഴ്‌നാട്ടിൽ നീതി ലഭിക്കില്ലെന്ന കാരണം ചൂണ്ടിക്കാട്ടി തമിഴ്‌നാട് മുഖ്യമന്ത്രിയായിരുന്ന ജയലളിതയുടെ കേസ്സിന്റെ വിചാരണ കർണ്ണാടകയിലേക്ക് മാറ്റിയത് അവലംബമാക്കി തൃശൂർ കോടതിയിൽ തനിക്ക് നീതി ലഭിക്കില്ലെന്ന് പറഞ്ഞ് ചന്ദ്രബോസ് കൊലക്കേസ്സിന്റെ വിചാരണ മറ്റേതെങ്കിലും കോടതിയിലേക്ക് മാറ്റണമെന്ന് ആവശ്യപ്പെട്ട് സമർപ്പിച്ച ഹരജിയും കോടതി തള്ളി. ചന്ദ്രബോസ് വധവുമായി ബന്ധപ്പെട്ട് വിചാരണ കോടതിയിൽ ഹാജരാക്കിയ സിഡി പരിശോധിക്കണമെന്ന നിസാമിന്റെ ആവശ്യവും കോടതി പരിഗണിച്ചില്ല.

മറിച്ച് 2016 ജനുവരി 31-ന് മുമ്പ് കേസ്സ് തീർപ്പാക്കാനാണ് സുപ്രീം കോടതി നിർദ്ദേശിച്ചത്. ഇത് മാറ്റാനായി വീണ്ടും ഹരജി നൽകി. അതും നടന്നില്ല. മാധ്യമ പ്രവർത്തകരെ വിചാരണ ചെയ്യണമെന്നും, വിധി പ്രസ്താവിക്കുന്നത് തടയണമെന്നും ഹൈക്കോടതിയിൽ നിസാം ആവശ്യപ്പെട്ടെങ്കിലും അതും കോടതി നിരാകരിച്ചു. ഹരജികളും അപേക്ഷകളുമായി നീതി പീഠങ്ങളെ നിരന്തരം സമീപിച്ചെങ്കിലും ഒരു നീതി പീഠവും നിസാമിനോട് കനിവ് കാണിച്ചില്ല. പിഴ ഒടുക്കാനും, ജീവപര്യന്തത്തിന് പുറമെ 24 വർഷം അധികം തടവ് ശിക്ഷ കൂടി വിധിച്ചതോടെ നിസാം ചുരുങ്ങിയത് 38 വർഷം ജയിലിൽ കഴിയേണ്ടി വരും. ശിക്ഷകൾ പ്രത്യേകം അനുഭവിക്കണം. ഇതാണ്് ചന്ദ്രബോസ് കൊലക്കേസ്സ് വിധിയെ വേറിട്ട് നിർത്തുന്ന വസ്തുതയും.

ഇതോടെ ബിഡി കമ്പനി മുതലാളി പെട്ടു. പല വഴിക്ക് പുറത്തുവരാൻ നോക്കി. ശിക്ഷാ ഇളവിനുള്ള പട്ടികയിലും കയറി. ടിപി വധക്കേസ് പ്രതികൾക്കൊപ്പം നിസാമിന്റെ പേരും ഉണ്ടെന്ന് ആദ്യം റിപ്പോർട്ട് ചെയ്തത് മറുനാടനായിരുന്നു. അതിന് പിന്നാലെ മറ്റ് മാധ്യമങ്ങൾ സംഭവം ഏറ്റെടുത്തു. ജയിലിലെ ഫോൺ വിളിയും മാധ്യമങ്ങളിലെത്തി. ഇങ്ങനെ നിസാമിന്റെ കള്ളക്കളികൾ ഓരോന്നായി പൊളിച്ചു. സഹോദരങ്ങളുമായുള്ള ഉടക്കും വാർത്തയായി. ഇങ്ങനെ എല്ലാ നീക്കവും അടഞ്ഞപ്പോൾ പുതിയൊരു അടവ്. ഇനി പരിവേദനവും കരച്ചിലും. ചന്ദ്രബോസ് കൊല്ലപ്പെട്ട നാളുകളിൽ പോലും പ്രതികരണത്തിന് തയ്യാറാകാതിരുന്ന അമൽ ഒടുവിൽ പലതും പറയുന്നു. തന്റെ ഭർത്താവിന്റെ മോചനമാണ് ലക്ഷ്യമിടുന്നത്. നിസാമിനെ കുടുക്കിയെന്നാണ് ഭാര്യയുടെ വാദം.

അഡംബരക്കാറുകളിലായിരുന്നു ഈ കുടുംബത്തിന്റെ യാത്ര. എപ്പോഴും അടിപൊളി ലുക്കിൽ യാത്ര ചെയ്തിരുന്ന അമൽ. എന്നാൽ ഭർത്താവിന്റെ ജയിൽ വാസം ഈ യുവതിയെ തീർത്തും സാധാരണക്കാരിയാക്കി മാറ്റിയിരിക്കുന്നു. പഴയ മെയ്‌ക് അപ്പ് ഒന്നും ഇപ്പോഴുള്ള ഫോട്ടോയിൽ ഇല്ല. തീർത്തും പുതിയ മുഖം. 'താങ്ങാവുന്നതിനപ്പുറത്തേക്ക് ഇതിനകം ഞങ്ങൾ അനുഭവിച്ച് കഴിഞ്ഞു. ഇനിയും ഞങ്ങളെ ക്രൂശിക്കരുത്. അർഹമായ നീതി ഞങ്ങൾക്ക് നിഷേധിക്കപ്പെടുകയാണ്. എന്തിനാണ് ഇനിയും ഞങ്ങളെ വേട്ടയാടുന്നത്.?' ഏറെ കോളിളക്കമുണ്ടായ ചന്ദ്രബോസ് വധക്കേസ്സിലെ പ്രതി നിസാമിന്റെ ഭാര്യ അമൽ നിസാം പരിഭവപ്പെടുന്നത് ഇങ്ങനെയാണ്.

രണ്ട് വർഷം മുമ്പ് തികച്ചും ആകസ്മികമായി ശോഭാസിറ്റിയിലുണ്ടായ അനിഷ്ട സംഭവങ്ങളെ തുടർന്ന് ചന്ദ്രബോസ് ആശുപത്രിയിലാവുകയും ഭർത്താവ് നിസാം അറസ്റ്റിലാവുകയും ചെയ്തത് മുതൽ തങ്ങളുടെ കുടുംബം ഇതിന്റെ പേരിൽ കടുത്ത യാതന അനുഭവിക്കുകയാണെന്നും അവർ പറയുന്നു. ശോഭാസിറ്റിയുടെ ഗേറ്റ് തുറന്ന് കൊടുക്കാൻ അൽപ്പം വൈകി എന്ന കാരണത്താൽ സെക്യൂരിറ്റി ജീവനക്കാരനായ ചന്ദ്രബോസിനെ ധനാഠ്യനായ നിസാം കോടികൾ വിലയുള്ള ആടംബര വാഹനം ഇടിപ്പിച്ച് കൊലപ്പെടുത്തി എന്നാണ് മാധ്യമങ്ങൾ പ്രചരിപ്പിച്ചത്. ഇവിടം നിന്ന് തുടക്കമിട്ട മാധ്യമ വിചാരണ ഇപ്പോഴും തുടരുകയാണ്. കടുത്ത നിയമ ലംഘനവും നീതി നിഷേധവും മൂലം ഞങ്ങൾക്കും കുടുംബത്തിനുമുണ്ടായ മാനഹാനിയും മറ്റ് നഷ്ടങ്ങളും വിവരിക്കാനാകില്ല.

നിസാമിന്റെ അപ്പീൽ ജാമ്യ ഹരജി കേൾക്കാൻ പോലും നീതിപീഠം തയ്യാറാകുന്നില്ല. ജസ്റ്റിസ് അബ്ദുറഹീമിന്റെ ഡിവിഷൻ ബഞ്ച് ഈ കേസ്സ് കേൾക്കുന്നതിൽ നിന്ന് ഒഴിഞ്ഞ് മാറി. പിന്നീട് ജസ്റ്റിസ് സി.ടി രവികുമാറിന്റെ ബഞ്ചും ഒഴിവായി. ശേഷം ജസ്റ്റിസ് ആന്റണി ഡൊമനിക്കിന്റെ ബഞ്ചിലെത്തിയെങ്കിലും, മറ്റു രണ്ടു ബഞ്ചുകളും കയ്യൊഴിഞ്ഞ കേസ്സ് കേൾക്കാൻ അവരും തയ്യാറായില്ല. ഇതിനെല്ലാം ഒന്ന് മാത്രമാണ് കാരണം. നീതി ലഭിക്കുമെന്ന് ഞങ്ങൾക്കുറപ്പുണ്ട്. അതുകൊണ്ട് തന്നെ വിവാദങ്ങളെ ഭയക്കുകയാണ് എല്ലാവരും. സ്വാഭാവികമായും ഞങ്ങൾക്ക് ലഭിക്കേണ്ട നീതിയും പരിഗണനയും നൽകാൻ ഉദ്യോഗസ്ഥർ ഭയപ്പെടുകയാണ്. ഞങ്ങൾക്ക് അർഹമായ നീതി നൽകിയാൽ മാധ്യമങ്ങൾ വിവാദങ്ങളുണ്ടാകുമെന്ന് ഭയന്ന് എല്ലാവരും ഒഴിഞ്ഞു മാറുന്നു. നിസാം ധനാഠ്യനായതുകൊണ്ട് അയാളുടെ കാര്യത്തിൽ ഏത് നിലയിൽ ആരിടപെട്ടാലും അതെല്ലാം വിവാദങ്ങളിലാണ് പര്യവസാനിക്കുന്നത്. ഞങ്ങളിപ്പോൾ നേരിടുന്ന ഏറ്റവും വലിയ പ്രതിസന്ധിയാണിത്.-അമൽ പറയുന്നു.

ഒരു ഭീകര കുറ്റവാളിയായി ചിത്രീകരിച്ച് കൊണ്ട് നിറംപിടിപ്പിച്ച വാർത്തകൾ തുടർച്ചയായി വന്നതോടെ ഒരു തടവുപുള്ളിക്ക് ലഭിക്കേണ്ട നിയമപരമായ ആനുകൂല്യങ്ങൾ പോലും നിസാമിന് നിഷേധിക്കപ്പെടുകയാണ്. നിലവിലുള്ള കേരളാ പ്രിസൺസ് റൂൾസ് പ്രകാരം പരോളിനും, റെമിഷനുമുള്ള അർഹത നിസാമിനുണ്ട്. 1850-ഓളം തടവുകാർക്ക് റെമിഷൻ നൽകാൻ സർക്കാർ തീരുമാനിച്ചുവെങ്കിലും ആ പട്ടികയിലുണ്ടായിരുന്ന നിസാമിനെ ഇത് സംബന്ധമായി വന്ന ചാനൽ വാർത്ത, അതൊന്ന് കൊണ്ട് മാത്രം പട്ടികയിൽ നിന്ന് ഒഴിവാക്കി. പരോളിന്റെ കാര്യത്തിലും സംഭവിച്ചതും ഇത് തന്നെയാണ്. മനുഷ്യാവകാശ ലംഘനമാണ് ഞങ്ങളുടെ കാര്യത്തിൽ ആവർത്തിച്ച് കൊണ്ടിരിക്കുന്നത്. ഹൃദ്രോഗിയായ ഉമ്മ സുബൈദാ അബ്ദുൽഖാദറിന് യാത്ര ചെയ്യാനാകില്ല. അടിയന്തിരമായി ബൈപ്പാസ് സർജറി നടത്തുന്നതിന് തിരുവനന്തപുരത്ത് നിന്ന് ഡോക്ടർ ഡേറ്റ് തന്നതാണ്. ഞാൻ വന്നിട്ട് മതി സർജറിയെന്ന് മകനും, മകനില്ലാതെ തനിക്ക് സർജറി നടത്തേണ്ടെന്ന് ഉമ്മയും പറയുന്നു. നിസാമിന് പരോളിന് അർഹതയുണ്ട്. ചാനലുകാരെ ഭയന്ന് ജയിലധികൃതർ പരോൾ നൽകാൻ മടിക്കുന്നു. ചാനലുകാരണല്ലോ ഇപ്പോൾ ഇതെല്ലാം തീരുമാനിക്കുന്നതും.-അവർ പറയുന്നു.

ചന്ദ്രബോസ് കേസ്സ് സംബന്ധിച്ച് പുറത്തറിഞ്ഞ വാർത്തകൾക്കപ്പുറത്ത് ഒരു പാട് സത്യങ്ങൾ മൂടപ്പെട്ടിരിക്കുകയാണ്. അതെല്ലാം പുറത്ത് വരണം. ഭർത്താവ് നിസാം കുറ്റക്കാരനോ അല്ലയോ എന്ന് കണ്ടെത്തേണ്ടത് കോടതികളാണ്. തെറ്റും ശരിയും കണ്ടെത്തേണ്ടത് നീതി പീഠമാണ്. നീതിപീഠത്തെ ഞങ്ങൾ ബഹുമാനിക്കുന്നു-അംഗീകരിക്കുന്നു. പക്ഷേ വളരെ ആസൂത്രിതമായി നീതി പീഠത്തേയും ജനങ്ങളേയും കബളിപ്പിക്കുന്നതിൽ ചിലർ വിജയിക്കുകയാണുണ്ടായത്. ശോഭാസിറ്റിയിൽ അനിഷ്ട സംഭവങ്ങളുണ്ടായതിനെ തുടർന്ന് ചന്ദ്രബോസ് ആശുപത്രിയിലാവുകയും, നിസാം അറസ്റ്റിലാവുകയും ചെയ്തതോടെ മധ്യസ്ഥ ശ്രമങ്ങളുമായി പലരും രംഗത്ത് വന്നു. ഞങ്ങൾ അവരോട് സഹകരിക്കാൻ തയ്യാറായതായിരുന്നു. എന്നാൽ മധ്യസ്ഥ ശ്രമങ്ങളുമായെത്തിയ പല ഗ്രൂപ്പുകളും ഭീമമായ തുക ആവശ്യപ്പെട്ടതോടെ അവരുടെ ഉദ്ദേശ്യശുദ്ധി സംശയിക്കേണ്ടതായി വന്നു. മധ്യസ്ഥ ഗ്രൂപ്പുകളുടെ എണ്ണം വർദ്ധിച്ചപ്പോൾ എന്ത് ചെയ്യണമെന്നറിയാത്ത ഗതികേടിലായി ഞങ്ങൾ. ചന്ദ്രബോസിന്റെ കുടുംബത്തിനുണ്ടായ നഷ്ടം വലുത് തന്നെയാണ്. അയാളുടെ കുടുംബത്തിന് സാമ്പത്തിക സഹായം നൽകാൻ തീരുമാനിച്ചെങ്കിലും മധ്യസ്ഥരായി രംഗത്ത് വന്ന ആളുകളുടെ ബാഹുല്യം ഞങ്ങളെ ആശയ കുഴപ്പത്തിലാക്കി. ഇതോടെ മധ്യസ്ഥർ പലരും ഞങ്ങൾക്കെതിരെ തിരിഞ്ഞു.

ബിസ്സിനസ്സ് സംബന്ധമായി ആ രംഗത്ത് ശത്രുക്കളുണ്ടാവുക സ്വാഭാവികമാണ്. ഭർത്താവ് നിസാമിനും ഈ നിലയിൽ ശത്രുക്കളുണ്ടായിരുന്നു. തീർത്തും അപ്രതീക്ഷിതമായി ചന്ദ്രബോസ് സംഭവം ഉണ്ടായതോടെ കിട്ടിയ അവസരം വേറെ ചിലരും ഫലപ്രദമായി പ്രയോജനപ്പെടുത്തുകയായിരുന്നു. അതിന് മാധ്യമങ്ങളെ അവർ വലയിലാക്കുകയും ചെയ്തുവെന്നാണ് നിസാമിന്റെ ഭാര്യ അമൽനിസാം പറയുന്നത്. നിറം പിടിപ്പിച്ച കഥകൾ മാധ്യമങ്ങളിൽ തുടരെ വന്ന് തുടങ്ങിയതിന് പിന്നിൽ ഇങ്ങനെയുള്ള ഗ്രൂപ്പുകളായിരുന്നു. പത്രക്കാരും ചാനലുകാരുമെല്ലാം നേരിട്ടും അല്ലാതെയും ഇവരുടെ നിയന്ത്രണത്തിലാണെന്ന അവസ്ഥ കൈവരികയാണുണ്ടായത്. ഞങ്ങൾക്ക് വീടിനുള്ളിൽ നിന്ന് പുറത്തിറങ്ങാൻ പോലും കഴിയാതായി. മരണപ്പെട്ട ചന്ദ്രബോസ് ശോഭാസിറ്റിയിലെ സെക്യൂരിറ്റി ജീവനക്കാരനല്ല. അയാൾ സെക്യൂരിറ്റി ജീവനക്കാരനാണെന്ന് ആരും തന്നെ പൊലീസിന് മൊഴി നൽകിയിട്ടുമില്ല. ഇതിന് മറ്റ് രേഖകളുമില്ല. മാധ്യമങ്ങളാണ് ചന്ദ്രബോസിനെ വിമുക്ത ഭടനായും, സെക്യൂരിറ്റി ജീവനക്കാരനുമൊക്കെയായി ചിത്രീകരിച്ചത്. ചന്ദ്രബോസ് യൂണിഫോം ധാരിയുമായിരുന്നില്ല. സംഭ്രാജനകമായ പല കഥകളുമാണ് ചില മാധ്യമങ്ങൾ മെനഞ്ഞുണ്ടാക്കിയത്. ഭർത്താവ് നിസാമിന് 2000 ഏക്കർതോട്ടവും, 10,000 കോടിയുടെ മറ്റ് ആസ്തികളുണ്ടെന്നും, 5 ലക്ഷം രൂപയുടെ ഷൂ ആണ് നിസാം ധരിക്കുന്നതെന്നും, ആളുകളെ കൊല്ലാനായി അസ്ഥികൂടം ഘടിപ്പിച്ച പ്രത്യേക തരം ബൈക്കുണ്ടെന്നും, മൂന്ന് ഭാര്യമാരുണ്ടെന്നുമൊക്കെയാണ് പ്രചരിപ്പിച്ചത്. വസ്തുതകൾ തിരക്കാതെ മാധ്യമങ്ങൾ ഇപ്രകാരം വളഞ്ഞിട്ട് ആക്രമിച്ചാൽ എന്താണ് ഞങ്ങൾക്ക് ചെയ്യാനാവുക.

സംഭവ ദിവസം പുലർച്ചെ മൂന്ന് മണിയോടെയാണ് ശോഭാസിറ്റിയിലുള്ള ഞങ്ങളുടെ താമസ സ്ഥലത്തേക്ക് ഹമ്മർ കാറുമായാണ് ഭർത്താവെത്തുന്നത്. ഏറെ നേരം ഹോൺ മുഴക്കിയിട്ടും ഗേറ്റ് തുറക്കാതായപ്പോൾ ഭർത്താവ് ഗേറ്റ് ചാടിക്കടന്ന് അകത്ത് പ്രവേശിച്ചതാണ് എല്ലാ പ്രശ്നങ്ങൾക്കും തുടക്കം കുറിക്കുന്നത്. തുടർന്ന് സുരക്ഷാ ജീവനക്കാരുമായി നിസാം വാക്കേറ്റമുണ്ടാവുകയും അത് കയ്യാങ്കളിയിലേക്ക് നീങ്ങുകയുമായിരുന്നു. ഭർത്താവ് പരിഭ്രമിച്ച് കൊണ്ട് എന്നെ ഫോണിൽ വിളിച്ചതോടെ ഞാൻ അവിടേയ്ക്ക് ഓടിച്ചെന്നു. ശോഭാസിറ്റിയിലെ യൂണിഫോം ധരിച്ച നാല് സെക്യൂരിറ്റി ജീവനക്കാർ ഭർത്താവ് നിസാമിനെ വളഞ്ഞിട്ടാണ് ആക്രമിച്ചത്. ഇതിനിടയിൽ ഗേറ്റ് തുറന്ന് നിസാം വണ്ടിയിൽ ചാടിക്കേറി അതിശക്തമായി വണ്ടി മുന്നോട്ടെടുക്കവെയാണ് വലിയ ചില്ലു കഷ്ണവുമായി സെക്യൂരിറ്റി ക്യാബിനിൽ നിന്നും ഏതാണ്ട് 100 അടി പിന്നിലായി നില കൊണ്ടിരുന്ന ചന്ദ്രബോസിന്റെ മേൽ കാറിടിക്കുന്നത്. കൺട്രോൾ പോയ വാഹനം അവിടെയുള്ള ഭിത്തിയിലിടിച്ചാണ് നിന്നത്. ഇത് മനപ്പൂർവ്വമായിരുന്നില്ല. സുരക്ഷാ ജീവനക്കാരിൽ നിന്നും രക്ഷപ്പെടാനുള്ള വ്യഗ്രതയിൽ സംഭവിച്ചതാണ്. ഈ ചില്ല് കഷ്ണം പിന്നീട് പൊലീസ് കണ്ടെടുക്കുകയും, വിദഗ്ധ പരിശോധനയിൽ അതിൽ ചന്ദ്രബോസ്സിന്റെ ഫിംഗർ പ്രിന്റ് പതിഞ്ഞതായും കണ്ടെത്തിയതാണ്. ഗുരുവായൂർ എ.സി.പി ഇക്കാര്യം വ്യക്തമാക്കുന്ന വീഡിയോയും പൊലീസ് ചിത്രീകരിച്ചിരുന്നു. വൻകിട ബിസ്സിനസ്സുകാരും ധനാഠ്യരും താമസിക്കുന്ന 55 ഏക്കറിൽ അത്യാധുനിക സൗകര്യത്തോടെ വ്യാപിച്ച് കിടക്കുന്ന കേരളത്തിലെ ഏറ്റവും വലിയ ടൗൺഷിപ്പായ ശോഭാസിറ്റിയിലെ പ്രവേശ കവാടത്തിൽ സ്ഥാപിച്ചിരുന്ന ക്യാമറയിൽ ഈ സംഭവങ്ങളെല്ലാം വ്യക്തമായി പതിഞ്ഞതാണ്. പക്ഷേ പ്രവേശന ഗേറ്റിലുണ്ടായിരുന്ന ക്യാമറ പാന്നീട് ദുരൂഹമായി കാണാതായി. ഇതിനെപ്പറ്റി പൊലീസിന് ഒരു മിണ്ടാട്ടവുമുണ്ടായില്ല.

അപകട സമയത്ത് ചന്ദ്രബോസ് ധരിച്ചിരുന്ന വസ്ത്രങ്ങൾ പൊലീസ് കണ്ടെടുക്കുകയോ കോടതിയിൽ ഹാജരാക്കുകയോ ചെയ്തില്ല. ബോധപൂർവ്വമാണ് ഇത്തരം നീക്കങ്ങൾ നടത്തിയത്. നിയമ വശങ്ങളെക്കുറിച്ച് ധാരണയില്ലാത്ത ആശുപത്രി ജീവനക്കാർ അത് നശിപ്പിച്ചു എന്നാണ് പൊലീസ് കോടതിയിൽ വ്യക്തമാക്കിയത്. അപകടങ്ങളിലും, ആക്രമണങ്ങളിലുമൊക്കെ പരുക്കേറ്റ് ആശുപത്രിയിൽ പ്രവേശിപ്പിക്കുന്ന രോഗികളുടെ വസ്ത്രങ്ങൾ കേരളത്തിലെ ഒരാശുപത്രി ജീവനക്കാരും തിടുക്കപ്പെട്ട് നശിപ്പിച്ച സംഭവങ്ങൾ നേരത്തെഎവിടേയും പറഞ്ഞു കേട്ടിട്ടുമില്ല. ഇപ്രകാരം പൊലീസ് പറയുന്ന കാര്യങ്ങൾ ഒരു തത്വദീക്ഷയുമില്ലാതെ മാധ്യമങ്ങൾ വാർത്ത നൽകുകയായിരുന്നു. പൊതുജനം അത് വിശ്വസിക്കാനും നിർബന്ധിതരായി. 19 ദിവസം ആശുപത്രിയിൽ ചികിത്സയിലായിരുന്ന ചന്ദ്രബോസിന്റെ മൊഴി എടുത്തില്ല എന്ന് പൊലീസ് പറഞ്ഞത് ശുദ്ധ കളവാണ്. ഇതിൽ ദുരൂഹതയുണ്ട്. ചന്ദ്രബോസിന്റെ മൊഴി പൊലീസ് രേഖപ്പെടുത്തിയതാണ്. പിന്നീട് മജിസ്ട്രേറ്റ് മൊഴി രേഖപ്പെടുത്താൻ ആശുപത്രിയിൽ എത്തിയെങ്കിലും അതിനുള്ള സാഹചര്യല്ല എന്നാണ് മജിസ്ട്രേറ്റിനെ ധരിപ്പിച്ചത്.

സെക്യൂരിറ്റി ജീവനക്കാർ നിസാമിനെ അതിക്രൂരമായാണ് ആക്രമിച്ചത്. നിസാമിന്റെ മൂന്ന് വാരിയെല്ലുകൾ പൊട്ടി. അടിയേറ്റ് ചെവിയുടെ പാട തകർന്നു. പിറകിൽ നിന്ന് കാൽ കൊണ്ടുള്ള ശക്തമായ തൊഴിയിൽ ഡിസ്‌ക് ബൾജുണ്ടായി. മുഖമടച്ചുള്ള അടിയിൽ കണ്ണിന് പരുക്കേറ്റ് കാഴ്ചയും മങ്ങി. ശരീരം മുഴുക്കെ മുറിവുകളുമുണ്ടായിരുന്നു. ശരീരത്തിലെ പരുക്കുകൾ നേരിൽ കണ്ട് ബോധ്യമായതിനാൽ മജിസ്ട്രേറ്റ് സ്വന്തം കൈപ്പടയിൽ തന്നെ ഇതെല്ലാം രേഖപ്പെടുത്തിയതാണ്. പിന്നീട് കോടതിയുടെ ഉത്തരവ് പ്രകാരം നിസാമിനെ മെഡിക്കൽ കോളേജ് ആശുപത്രിയിൽ കൊണ്ട് പോയതോടെ പരുക്കുകൾ ബോധ്യപ്പെട്ട ഡോക്ടർമാർ നിസാമിനെ അഡ്‌മിറ്റ് ചെയ്യാനാണ് നിർദ്ദേശിച്ചത്. അയീഹൗലേ യലറ ൃെേല എന്നാണ് ഡോക്ടർമാർ അവരുടെ കുറിപ്പിൽ രേഖപ്പെടുത്തിയിട്ടുള്ളത്. ഇത് വകവെക്കാതെ നിസാമിനെ ബലമായി പൊലീസ് ഡിസ്ചാർജ് ചെയ്യിപ്പിച്ച് ചികിത്സ നിഷേധിക്കുകയായിരുന്നു. ഇതിനെല്ലാം ഹോസ്പിറ്റൽ റെക്കോർഡ്സ് തെളിവുകളായുണ്ട്. അന്നത്തെ മർദ്ധനത്തിന്റെ ശാരീരിക അവശതകൾ ഇന്നും നിസാമിനെ അലട്ടുന്നുണ്ട്. ചന്ദ്രബോസ് സംഭവത്തെ തുടർന്ന് തിരശ്ശീലക്ക് പിന്നിൽ ക്രൂരമായ പല ഗെയിമുകളും അരങ്ങേറിയിട്ടുണ്ട്. സമഗ്രമായ അന്വേഷണം ഇക്കാര്യത്തിലുണ്ടാകണം. സത്യം പുറത്ത് വരണം.

2015 ഏപ്രിൽ 4-നാണ് കുന്ദംകുളം കോടതിയിൽ അന്വേഷണ ഉദ്യോഗസ്ഥനായ പേരാമംഗലം സി.ഐ ബിജുകുമാർ നിസാമിനെതിരെയുള്ള കുറ്റപത്രം സമർപ്പിക്കുന്നത്. പിന്നീട് തൃശൂർ ജില്ലാ കോടതിയിലേക്ക് മാറ്റുകയായിരുന്നു. ഭർത്താവ് നിസാമിനെതിരെ മജിസ്ട്രേറ്റ് മുമ്പാകെ ഞാൻ രഹസ്യമൊഴി നൽകിയില്ലെങ്കിൽ കേസ്സിൽ രണ്ടാം പ്രതിയാക്കി റിമാന്റ് ചെയ്യിക്കുമെന്ന് കേസന്വേഷണം നടത്തിയ പേരാമംഗലം സി.ഐ ബിജുകുമാർ പറഞ്ഞപ്പോൾ സ്ത്രീകളുടെ മനോചാപല്യം ഏറെയുണ്ടായിരുന്ന ഞാൻ ശരിക്കും ഭയന്നു. സി.ഐ യുടെ ഭീഷണി തുടർന്നപ്പോൾ പിന്നീടൊന്നും ആലോചിച്ചില്ല. ഞാൻ കൂടി ജയിലിൽ പോയാൽ കുട്ടികളുടെ അവസ്ഥയോർത്താണ് 164 വകുപ്പ് പ്രകാരം ഞാൻ മജിസ്ട്രേറ്റിന് രഹസ്യ മൊഴി നൽകി. വിചാരണ കോടതിയിൽ മൊഴി തിരുത്തിയതായി പറഞ്ഞ് എന്റെ പേരിലും കോടതി കേസ്സെടുത്തു. ഞാനും കോടതി കേറിയിറങ്ങുകയാണ്. രാഷ്ട്രീയ-ജാതി-മത ഭേദമന്യേ 'മുഹമ്മദ് നിസാം നിയമ സഹായ വേദി' എന്ന കൂട്ടായ്മക്ക് നാട്ടുകാർ രൂപം നൽകിയപ്പോൾ നിസാം കോടികൾ വാരിയെറിഞ്ഞ് നാട്ടുകാരെ സ്വാധീനിക്കുകയാണെന്നാണ് ഒരു ചാനൽ കണ്ടെത്തിയത്. ഏറെ സമയം ചെലവിട്ടാണ് ഇക്കാര്യത്തിൽ അവർ ചർച്ചയും നടത്തിയത്. ഇത്തരത്തിലുള്ള മാധ്യമ വിചാരണ കൊണ്ട് ആർക്ക് എന്ത് നേട്ടമാണുള്ളതെന്നും ചോദിക്കുന്നു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP