Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

'എന്നെ ആരെങ്കിലും ഒന്നു പിച്ചാമോ' എന്ന ഈ മലയാളി സുന്ദരിയുടെ ചോദ്യത്തിൽ കാര്യമുണ്ട്; 'മകനെ നിനക്ക് വേണ്ടി' എന്ന മന്ത്രത്തോടെ മിഴികൾ നിറഞ്ഞപ്പോൾ നിഷാ ജോർജ്ജിന്റെ ശിരസ്സിലെത്തിയത് ലണ്ടനിലെ സൗന്ദര്യ കിരീടം; ഇന്ത്യാക്കാർക്കിടയിലെ സുന്ദരിയെ തേടിയപ്പോൾ കിരീടം ചൂടിയ നിഷ ജൂലായിൽ ലോക സുന്ദരിയാകാൻ അമേരിക്കയിലേക്ക്

'എന്നെ ആരെങ്കിലും ഒന്നു പിച്ചാമോ' എന്ന ഈ മലയാളി സുന്ദരിയുടെ ചോദ്യത്തിൽ കാര്യമുണ്ട്; 'മകനെ നിനക്ക് വേണ്ടി' എന്ന മന്ത്രത്തോടെ മിഴികൾ നിറഞ്ഞപ്പോൾ നിഷാ ജോർജ്ജിന്റെ ശിരസ്സിലെത്തിയത് ലണ്ടനിലെ സൗന്ദര്യ കിരീടം; ഇന്ത്യാക്കാർക്കിടയിലെ സുന്ദരിയെ തേടിയപ്പോൾ കിരീടം ചൂടിയ നിഷ ജൂലായിൽ ലോക സുന്ദരിയാകാൻ അമേരിക്കയിലേക്ക്

കെ ആർ ഷൈജുമോൻ, ലണ്ടൻ

ലണ്ടൻ: ഏഴു വയസുകാരൻ മകന് വേണ്ടിയാണു നിഷയുടെ ജീവിതം. മുംബൈയിൽ നിന്നും നിറമുള്ള സ്വപ്നങ്ങളുമായി ലണ്ടനിൽ എത്തിയ മലയാളി പെണ്ണിന് സ്വപ്നം കണ്ടത് പോലെ ഒന്നും ലണ്ടനിൽ കണ്ടെത്താനായില്ലെങ്കിലും സ്വപ്ന തുല്യമായൊരു നേട്ടം സാക്ഷാൽക്കരിക്കപ്പെട്ട നിമിഷങ്ങളുടെ അപൂർവത പങ്കിടുകയാണ് ഈ യുവതി. ലണ്ടനിൽ ഇന്ത്യാക്കാർക്കിടയിലെ മിസ് ആൻഡ് മിസിസ് ആരെന്നു കണ്ടെത്തുവാനുള്ള മത്സരത്തിൽ ഫൈനലിൽ എത്തിയ ഏക മലയാളിയായ നിഷ ജോർജ്ജ് സൗന്ദര്യവേദിയിൽ മലയാളി പെണ്ണിനോളം മാറ്റുള്ളവർ വേറെയില്ലെന്നു തെളിയിച്ചാണ് കിരീടം സ്വന്തമാക്കിയത്. കിരീട പ്രഖ്യാപന വേളയിൽ വേദിക്ക് സമീപം നിന്ന മകനിലേക്കു അമ്മക്കണ്ണുകൾ പതിയെ നീണ്ടപ്പോൾ സംഘാടകർ തന്നെയാണ് ഏഴു വയസുകാരനെ വേദിയിലേക്ക് ക്ഷണിച്ചതും കിരീട ധാരണ ചടങ്ങിൽ പ്രധാന റോളിൽ അവസരം നൽകിയതും.

ഒട്ടും പ്രതീക്ഷകൾ ഇല്ലാതെയാണ് മിസിസ് യൂണിവേഴ്‌സ് ക്ലാസിക് ജേതാവ് പ്രിയങ്ക കാവിൻടെ സംവിധാനം ചെയ്ത ഈ സൗന്ദര്യ മത്സരത്തിലേക്ക് നിഷ ജോർജ് ചുവടു വച്ചത്. ലണ്ടനിലെ ബോളി വുഡ് വേദികളിൽ തീരെ അപരിചിതയല്ലാത്ത നിഷ വലിയ ഒരുക്കങ്ങളോടെ നടത്തപ്പെടുന്ന ഈ മത്സരത്തിൽ വിജയിക്കുക എന്നതിനപ്പുറം തനിക്കു ലഭിച്ച ഒരവസരം പ്രയോജനപ്പെടുത്തുക എന്ന ലക്ഷ്യത്തോടെ തീരെ ലാഘവത്തോടെയാണ് റാമ്പിലേക്കു ചുവടു വച്ചത്. എന്നാൽ മത്സരം അടുത്തു വന്നപ്പോൾ നന്നായി ടെൻഷൻ കൂടെകൂടിയെന്നും നിഷ സൂചിപ്പിക്കുന്നു. താൻ കരുതിയതിലും ഏറെ ഗൗരവത്തോടെയുള്ള ഒരുക്കങ്ങൾ അടുത്തറിഞ്ഞപ്പോൾ ഈ നേട്ടം സ്വപ്നത്തിൽ പോലും ഉണ്ടായിരുന്നില്ല. ഏതായാലും തുനിഞ്ഞിറങ്ങി എന്നാൽ അവസാനം വരെ മനക്കരുത്തു വിടാതെ പൊരുതുക എന്ന ലക്ഷ്യത്തോടെയാണ് ഗ്രാൻഡ് ഫിനാലെ വേദിയിൽ നിഷ എത്തിയത്.

ഈ വിജയത്തിന് വേണ്ടി മൂന്നു മാസത്തെ കടുത്ത പരിശീലനമാണ് നടന്നത്. മേക് അപ്, ക്യാറ്റ്‌വാക്, പുഞ്ചിരി തുടങ്ങി സകല കാര്യങ്ങളിലും ശ്രദ്ധ നൽകി ഈ രംഗത്തെ വിദഗ്ധരായ സായിഷ് ഷെട്ട, തൃപ്തി ലിബഷ്‌ക, ഗ്രേസ് ലേവി, വിനീത് ജോഹ്രി എന്നിവരടങ്ങിയ നിരയാണ് സുന്ദരിമാരെ റാംപിൽ ഒരുക്കിയെടുത്തത്. അൽപ വണ്ണക്കൂടുതൽ ഉള്ളവർക്കായി സ്പെഷ്യൽ ഭക്ഷണ ക്രമവും ഇതിനിടയിൽ പരിശീലിപ്പിച്ചെടുത്തു. എല്ലാ ആഴ്ചയും ഒരുക്കങ്ങളുടെ റിവ്യൂ നടത്തിയാണ് ഫൈനൽ സ്റ്റേജിലേക്ക് പതിനഞ്ചു പേരെ എത്തിച്ചത് തന്റെ മകന്റെ പുഞ്ചിരി കാണുവാൻ വേണ്ടിയാണു ഈ മത്സര വേദിയിൽ താൻ അതിയായി ആഗ്രഹിച്ചതെന്നു നിഷ വ്യക്തമാക്കി.

ഐശ്വര്യ റായിയേയും സുസ്മിത സെന്നിനെയും കണ്ടു വളർന്ന തലമുറയുടെ പ്രതിനിധി എന്ന നിലയിൽ അവരുടെ വിജയ വഴികൾ പിന്തുടരാൻ മോഹം തോന്നുക സാധാരണ പെൺകുട്ടികൾക്കും സ്വാഭാവികമാണ്. അത്തരം ഒരു മോഹം തന്റെ ഉള്ളിലും താൻ അറിയാതെ വളർന്നിരുന്നു എന്നാണ് ഈ കിരീടത്തിനൊപ്പം നിൽക്കുമ്പോൾ തോന്നുന്നത്. ഒരുപാട് പേരെ പ്രോത്സാഹിപ്പിക്കാൻ കൂടിയുള്ള ഓരോ അവസരമായി താൻ ഈ മത്സരത്തെ കാണുകയാണ്. അതിനാൽ ഈ കിരീടം വെറുമൊരു ആഭരണം പോലെ കാണുവാൻ താൻ ഒരുക്കമല്ലന്നു തന്റെ ചിന്തകൾ പങ്കുവയ്ക്കവേ കൂട്ടിച്ചേർത്തു. മെന്റൽ ഹെൽത്ത് ചാരിറ്റിക്ക് വേണ്ടിയും പ്രവർത്തിക്കുന്ന നിഷ പുതിയ നേട്ടം കൊണ്ട് സാധ്യമായ ഇടങ്ങളിലെല്ലാം സ്ത്രീയുടെ മനോബലവും കഴിവും എന്തിനും മേലെയാണെന്നു തെളിയിക്കാൻ ഉള്ള ഒരുക്കത്തിലുമാണ്.

കൂടെ മത്സരിച്ച 14 പേരെയും പിന്തള്ളി കിരീടം സ്വന്തമാക്കുമ്പോൾ താൻ തന്നെയാണോ വിജയി ആയതെന്ന് നിഷ ചുറ്റിനും നോക്കുക ആയിരുന്നു. മത്സര ശേഷം സോഷ്യൽ മീഡിയയിൽ സന്തോഷം പങ്കിടാൻ എത്തിയ സുന്ദരി തന്നെ ആരെങ്കിലും ഒന്ന് പിച്ചാമോ എന്നാണ് ടാഗ് ലൈൻ കുറിച്ചത്. കാരണം അത്രയ്ക്കും അവിശ്വസനീയമാണ് ഈ വിജയം എന്ന് നിഷ കുറിക്കുന്നു. തന്നോടൊപ്പം, അല്ലെങ്കിൽ തന്നെക്കാൾ ഈ വിജയം സന്തോഷം നൽകുന്നത് തന്റെ ഏഴുവയസുകാരൻ മകനാണെന്നും നിഷ കൂട്ടിച്ചേർക്കുന്നു.

അമ്മയോടൊപ്പം മിക്ക ദിവസങ്ങളിലും പരിശീലന പരിപാടികളിൽ കാഴ്‌ച്ചക്കാരൻ ആയി എത്തിയിരുന്ന ആ മിടുക്കൻ കൂടെക്കൂടെ 'അമ്മ ജയിക്കുമോ എന്ന് ചോദിച്ചിരുന്ന കാര്യവും നിഷ പങ്കുവയ്ക്കുന്നു. അതിനാൽ തന്നെ ഈ നേട്ടം അവനു വേണ്ടി സമർപ്പിക്കുക ആണെന്നും നിഷ ജോർജ് വ്യക്തമാക്കുന്നു. ഇനി അമേരിക്കയാണ് ലക്ഷ്യം. വിവിധ രാജ്യങ്ങളിൽ കിരീടം നേടിയവർ ഒത്തു ചേരുമ്പോൾ വിജയം കൂടുതൽ കടുപ്പം നിറഞ്ഞതാണെന്ന് നിഷക്കറിയാം. എങ്കിലും യുകെയിലെ വിജയി എന്ന ലേബലുമായി എത്തുന്നതിന്റെ സന്തോഷത്തോടെയങ്കും താൻ അമേരിക്കയിലേക്ക് പറക്കുക എന്നും നിഷ പറയുന്നു.

വിവാഹ ശേഷം മുംബൈയിൽ നിന്നും ലണ്ടനിൽ എത്തിയ നിഷ ബോളിവുഡ് റീമെയ്ക് രംഗത്താണ് തന്റെ പ്രാഗൽഭ്യം തെളിയിച്ചത്. മെഹബൂബ് എന്ന റീമെയ്‌ക്ക് വിഡിയോ ആൽബവും സ്വന്തം വരികൾക്ക് ഈണം നൽകിയ ചോരി എന്ന ആൽബവും നിഷ സംഗീത പ്രേമികൾക്ക് സമ്മാനിച്ചിരുന്നു. രണ്ടും സോഷ്യൽ മീഡിയ പ്രൊമോഷൻ വഴി ആയിരക്കണക്കിന് ആരാധകരെ സ്വന്തമാക്കുകയും ചെയ്തു. ഇതുകൂടാതെ അഭിനയ സാധ്യതയുള്ള ഏതാനും പ്രോജക്ടുകളും ഇപ്പോൾ നിഷയുടെ മുന്നിലുണ്ട്.

ലണ്ടൻ താവളമാക്കിയിട്ടു പത്തു വർഷത്തോളമായെങ്കിലും ഹീത്രൂ എയർപോർട്ട് ജീവനക്കാരി ആയിരുന്ന ഈ മലയാളി വനിതയ്ക്കു മലയാളികളെ കാര്യമായി പരിചയം ഇല്ലെന്നതും കൗതുകമാണ്. നിഷ സൗന്ദര്യ മത്സരത്തിൽ പങ്കെടുക്കുന്ന വിവരം ബ്രിട്ടീഷ് മലയാളി റിപ്പോർട്ട് ചെയ്തതിനെ തുടർന്ന് ഫോട്ടോ ലൈക്ക് മത്സരത്തിൽ ഇടയ്ക്കു മുന്നിൽ എത്തിയെങ്കിലും പിന്നെ താഴോട്ടിറങ്ങിയിരുന്നു. എന്നാൽ ഒടുവിൽ വിജയ കിരീടം അണിയാൻ ശിരസു കുനിക്കുമ്പോൾ തന്നിലൂടെ മറ്റൊരു മലയാളി വീരഗാഥ കൂടി ലണ്ടനിൽ രചിക്കപ്പെട്ടിരിക്കുന്നു എന്ന സന്തോഷമാണ് നിഷയിപ്പോൾ പങ്കിടുന്നത്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP