Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202425Thursday

നിഷയ്ക്ക് ജോലി നിഷേധിച്ചതിൽ അർധരാത്രി ഫയൽ ഒപ്പിട്ട ഡയറക്ടർക്ക് വരെ ഉത്തരവാദിത്തം; സംഭവത്തിൽ കൂടുതൽ ജീവനക്കാർക്ക് പങ്കെന്ന് വിവരം; ഉദ്യോഗസ്ഥർക്കെതിരെ നടപടി ആവശ്യപ്പെട്ട് വനിതാ കമ്മീഷനിൽ പരാതി; ഫേസ്‌ബുക്കിൽ ന്യായീകരണം നിരത്തിയ മന്ത്രിക്ക് നിയമസഭയിൽ മൗനം; വിഷയത്തിൽ പ്രതികരിക്കാതെ പി.എസ്.സി

നിഷയ്ക്ക് ജോലി നിഷേധിച്ചതിൽ അർധരാത്രി ഫയൽ ഒപ്പിട്ട ഡയറക്ടർക്ക് വരെ ഉത്തരവാദിത്തം; സംഭവത്തിൽ കൂടുതൽ ജീവനക്കാർക്ക് പങ്കെന്ന് വിവരം; ഉദ്യോഗസ്ഥർക്കെതിരെ നടപടി ആവശ്യപ്പെട്ട് വനിതാ കമ്മീഷനിൽ പരാതി; ഫേസ്‌ബുക്കിൽ ന്യായീകരണം നിരത്തിയ മന്ത്രിക്ക് നിയമസഭയിൽ മൗനം; വിഷയത്തിൽ പ്രതികരിക്കാതെ പി.എസ്.സി

മറുനാടൻ മലയാളി ബ്യൂറോ

കൊല്ലം: അർധരാത്രി ഒഴിവ് റിപ്പോർട്ട് ചെയ്തു കൊല്ലം സ്വദേശിനി നിഷ ബാലകൃഷ്ണൻ എന്ന യുവതിയുടെ ജോലി നഷ്ടപ്പെടുത്തിയ സംഭവത്തിൽ കൂടുതൽ ക്രമക്കേടുകൾ നടന്നെന്ന് വിവരം. ഇത് സംബന്ധിച്ച കൂടുതൽ വിശദാംശങ്ങൾ പുറത്തുവരുമ്പോൾ മന്ത്രിയുടെ വാദങ്ങളും അപ്രസക്തമാകുന്ന അവസ്ഥയിലേക്കാണ് കാര്യങ്ങളുടെ പോക്ക്. സംഭവത്തിൽ തലസ്ഥാനത്തെ നഗരകാര്യ ഡയറക്ടറുടെ ഓഫിസിലെ കൂടുതൽ ജീവനക്കാർക്കു പങ്കുണ്ടെന്ന വിവരങ്ങളാണ് പുറത്തുവരുന്നത്.

ഒഴിവ് പിഎസ്‌സിയെ ഇമെയിൽ വഴി അറിയിച്ച അന്നത്തെ എസ്റ്റാബ്ലിഷ്‌മെന്റ് വിഭാഗം ക്ലാർക്ക് മാത്രമല്ല, അർധരാത്രി ഫയൽ ഒപ്പിട്ട ഡയറക്ടർ വരെയുള്ളവർക്ക് ഇതിൽ ഉത്തരവാദിത്തമുണ്ടെന്നാണ് മനോരമ റിപ്പോർട്ടു ചെയ്യുന്നത്. ക്ലാർക്ക് ഉൾപ്പെടെ എസ്റ്റാബ്ലിഷ്‌മെന്റ് വിഭാഗത്തിലെ ഉദ്യോഗസ്ഥർ ഇടതു സംഘടനയായ എൻജിഒ യൂണിയന്റെ സജീവ പ്രവർത്തകരായതിനാലാണു സർക്കാർ സംരക്ഷിക്കുന്നതെന്ന വിവരം നേരത്തേ പുറത്തായിരുന്നു.

ഉണ്ടാകുന്ന ഒഴിവുകൾ ഒട്ടും താമസിയാതെ പിഎസ്‌സിക്കു റിപ്പോർട്ട് ചെയ്യണമെന്ന 1971 മുതലുള്ള വിവിധ ഉത്തരവുകളും ഒന്നാം പിണറായി സർക്കാർ അധികാരമേറ്റതിനു പിന്നാലെ മുഖ്യമന്ത്രി പലപ്പോഴായി നടത്തിയ പ്രഖ്യാപനങ്ങളും വരെ മുന്നിലുള്ളപ്പോഴാണു പട്ടികയുടെ കാലാവധി തീരുന്ന നിമിഷം വരെ കാത്തിരുന്ന് ഉദ്യോഗസ്ഥർ നിഷയുടെ കാര്യത്തിൽ വഞ്ചന കാട്ടിയത്.

അതേസമയം നിഷയ്ക്ക് അർഹതപ്പെട്ട തൊഴിൽ നൽകാത്ത ഉദ്യോഗസ്ഥർക്കെതിരെ നടപടി സ്വീകരിക്കണമെന്നാവശ്യപ്പെട്ടു ജെബി മേത്തർ എംപി വനിതാ കമ്മിഷൻ അധ്യക്ഷ പി.സതീദേവിക്കു കത്തു നൽകി. നിഷ ബാലകൃഷ്ണൻ എന്ന യുവതിയുടെ ജോലി നഷ്ടപ്പെടുത്തിയ സംഭവത്തിൽ മന്ത്രി എം.ബി.രാജേഷ് നൽകിയ വിശദീകരണത്തിൽ അപ്പാടെ പൊരുത്തക്കേടുകളാണെന്നും വിലയിരുത്തൽ.

എറണാകുളം, കണ്ണൂർ പിഎസ്‌സി ഓഫിസുകളിലേക്ക് ഒഴിവു റിപ്പോർട്ട് ചെയ്തു മെയിൽ അയയ്ക്കുന്നത് അർധരാത്രി കൃത്യം 12നാണെന്നു മന്ത്രി കഴിഞ്ഞ ദിവസം സമ്മതിച്ചിരുന്നു. അതുവരെ കാത്തിരിക്കേണ്ട എന്തു കാര്യമായിരുന്നു ഉദ്യോഗസ്ഥർക്കെന്ന ചോദ്യമുയരുന്നു. ഉദ്യോഗസ്ഥർ അവധി ദിനങ്ങളിൽ ഓഫിസിലെത്തിയും അർധരാത്രി വരെ ജോലി ചെയ്തും ഒഴിവുകൾ റിപ്പോർട്ട് ചെയ്തുവെന്നാണു മന്ത്രി പറഞ്ഞത്. കൊച്ചി കോർപറേഷനിലെ ഒഴിവ് നഗരകാര്യ ഡയറക്ടറുടെ ഓഫിസിൽ അറിയിക്കുന്നത് 2018 മാർച്ച് 28ന്. വേണമെങ്കിൽ അന്നു തന്നെ ഉദ്യോഗസ്ഥർക്ക് ഈ ഒഴിവ് പിഎസ്‌സിയെ അറിയിക്കാമായിരുന്നു. 29നും 30നും പൊതുഅവധി നേരത്തേ പ്രഖ്യാപിച്ചതാണ്. എന്നിട്ടും 31ന് അർധരാത്രി വരെ താമസിപ്പിച്ചു.

കണ്ണൂരിലേക്കും എറണാകുളത്തേക്കുമുള്ള 2 മെയിലുകളും വ്യത്യസ്ത അറ്റാച്ച്‌മെന്റുകളും (ഒഴിവ് റിപ്പോർട്ട് ചെയ്തു കൊണ്ടുള്ള കത്തുകൾ) വ്യത്യസ്ത സബ്ജക്ട് ലൈനുകളും (മെയിലിന്റെ വിഷയം സൂചിപ്പിക്കുന്നത്) ഉള്ളവയാണ്. രണ്ടിടത്തേക്കും വ്യത്യസ്ത അറ്റാച്ച്‌മെന്റുകളും സബ്ജക്ട് ലൈനുകളും ചേർത്തു കൃത്യം 12നു തന്നെ അയച്ചുവെന്നതു വിശ്വസനീയമല്ലെന്നു സാങ്കേതിക വിദഗ്ദ്ധർ ചൂണ്ടിക്കാട്ടുന്നു. ഒന്നുകിൽ 2 മെയിലുകളും നേരത്തേ തയാറാക്കി ഡ്രാഫ്റ്റിൽ സേവ് ചെയ്ത ശേഷം 12ന് അയയ്ക്കണം. അല്ലെങ്കിൽ 12ന് ഓട്ടമാറ്റിക് ആയി മെയിൽ പോകാൻ കഴിയുന്ന രീതിയിൽ ഷെഡ്യൂൾഡ് മെയിൽ നേരത്തേ തയാറാക്കി വയ്ക്കണം. രണ്ടാണെങ്കിലും 12 വരെ വച്ചു താമസിപ്പിച്ചത് കൃത്യവിലോപമാണ്.

വിഷയത്തൽ ഇന്നലെ സഭയിൽ ചർച്ച ആയപ്പോൾ വിഷ്ണുനാഥിന്റെ മറ്റെല്ലാ ആരോപണങ്ങൾക്കും മറുപടി നൽകിയ മന്ത്രി നിഷയുടെ നിയമനത്തിലേക്കു കടക്കാൻ തയാറായില്ല. പിഎസ്‌സി റാങ്ക് പട്ടികയുടെ കാലാവധി അവസാനിക്കുന്ന ദിവസം അർധരാത്രി ഒഴിവു റിപ്പോർട്ട് ചെയ്ത് ഉദ്യോഗാർഥി നിഷയുടെ അവസരം നഷ്ടപ്പെടുത്തിയതിൽ പ്രതിഷേധിച്ച് ആർവൈഎഫ് പ്രവർത്തകർ തദ്ദേശ വകുപ്പ് (അർബൻ) ഡയറക്ടർ അരുൺ കെ.വിജയനെ ഉപരോധിച്ചു. ഉദ്യോഗസ്ഥന്റെ സസ്‌പെൻഷൻ ആവശ്യപ്പെട്ടായിരുന്നു ഉപരോധം. അതേസമയം വിഷയത്തിൽ പ്രതികരണം നടത്താൻ പിഎസ് സി തയ്യാറായിട്ടില്ല.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP