Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Jun / 202302Friday

'ആ കുഞ്ഞ് എങ്ങനെയെങ്കിലും രക്ഷപ്പെട്ടാൽ മതിയായിരുന്നു, എനിക്ക് തരിമ്പും പ്രശസ്തി വേണ്ട; പേരോ വിലാസമോ മാതാപിതാക്കളെ പോലും അറിയിക്കരുത്': എസ്.എം.എ ബാധിതനായ കുഞ്ഞുനിർവാനെ രക്ഷപ്പെടുത്താൻ ഇനി 8 മാസം മാത്രം; യുഎസിൽ നിന്ന് 11 കോടി നൽകിയ ആ അജ്ഞാതനാര്?

'ആ കുഞ്ഞ് എങ്ങനെയെങ്കിലും രക്ഷപ്പെട്ടാൽ മതിയായിരുന്നു, എനിക്ക് തരിമ്പും പ്രശസ്തി വേണ്ട;  പേരോ വിലാസമോ മാതാപിതാക്കളെ പോലും അറിയിക്കരുത്': എസ്.എം.എ ബാധിതനായ കുഞ്ഞുനിർവാനെ രക്ഷപ്പെടുത്താൻ ഇനി 8 മാസം മാത്രം; യുഎസിൽ നിന്ന് 11 കോടി നൽകിയ ആ അജ്ഞാതനാര്?

മറുനാടൻ മലയാളി ബ്യൂറോ

അങ്കമാലി: എത്രയും വേഗം കുഞ്ഞിനുള്ള മരുന്ന് മേടിക്കണം, അതാണ് സാരംഗ് മേനോന്റെയും, ഭാര്യ അദിതി നായരുടെയും ആഗ്രഹം.സ്‌പൈനൽ മസ്‌കുലർ അട്രോഫി (എസ്.എം.എ.) ബാധിതനായ കുഞ്ഞ് നിർവാന് എങ്ങനെ ഇത്രയും വില കൂടിയ മരുന്ന് നൽകുമെന്ന ആശങ്കയിലായിരുന്നു ഇരുവരും ഇന്നലെ വരെ. അമേരിക്കയിൽ നിന്ന് എത്തിക്കേണ്ട മരുന്നിന്റെ വില 17.5 കോടിയിലേറെ.

മർച്ചന്റ് നേവിയിൽ ജോലി ചെയ്യുന്ന സാംരഗിനും, മുംബൈ കമ്പനിയിൽ എഞ്ചിനീയറായി ജോലി ചെയ്യുന്ന അദിതിക്കും ഇത് തങ്ങൾ കൂട്ടിയാൽ കൂടുന്ന തുകയല്ലെന്ന് ആദ്യമേ അറിയാമായിരുന്നു. എന്നാൽ, സോഷ്യൽ മീഡിയയിൽ കുഞ്ഞിന്റെ വാർത്ത പരന്നതോടെ ലോകത്തിന്റെ നാനാഭാഗത്തും നിന്നും സഹായം എത്താൻ തുടങ്ങി. എന്നിരുന്നാലും, 17.5 കോടി എന്നത് എത്തിപ്പിടിക്കാനാവാത്ത വലിയ സംഖ്യയായി തുടർന്നു.അങ്ങനെയിരിക്കെയാണ് തികച്ചും അപ്രതീക്ഷിതമായി നിർവാന്റെ ചികിത്സാ ചെലവിലേക്ക് അജ്ഞാതനായ ഒരാൾ 11 കോടി സംഭാവന ചെയ്തത്.

തന്നെക്കുറിച്ചുള്ള വിവരമൊന്നും പുറത്ത് വിടരുതെന്ന് പറഞ്ഞാണ് വിദേശത്ത് നിന്നുള്ള വ്യക്തി ചികിത്സാ സഹായ ഫണ്ടിലേക്ക് 1.4 മില്യൺ ഡോളർ (11.6 കോടി ഇന്ത്യൻ രൂപ)യാണ് സംഭാവന ചെയ്തത്. ഇതോടെ നിർവാൻ എന്ന ഒന്നരവയസ്സുകാരന്റെ ചികിത്സാ സഹായ നിധിയിലേക്ക് 16 കോടിയിലധികം രൂപയായി. ആകെ 17.5 കോടിയിലധികം രൂപയാണ് ചികിത്സക്ക് വേണ്ടത്.

മിലാപ് എന്ന ക്രൗഡ്ഫണ്ടിങ് പ്ലാറ്റ്ഫോം വഴിയാണ് നിർവാന്റെ ചികിത്സക്കായി തുക ശേഖരിച്ചത്. തുക നൽകിയ വ്യക്തി ഇവരെയാണ് ബന്ധപ്പെട്ടത്. അതിനാൽ മിലാന്റെ രക്ഷിതാക്കൾക്ക് പോലും ഇത്രയും വലിയ തുക നൽകിയ വ്യക്തി ആരാണെന്ന് അറിയില്ല. തന്റെ പേരോ വിലാസമോ കുട്ടിയുടെ മാതാപിതാക്കൾ പോലും അറിയരുതെന്നാണ് തുക കൈമാറിയയാൾ അറിയിച്ചത്. യുഎസിൽനിന്നാണ് പണം ക്രഡിറ്റ് ആയതെന്നു സാരംഗ് മേനോൻ പറഞ്ഞു. പണമയച്ച ആൾ മലയാളിയാണോ എന്നും അറിയില്ല. പ്രശസ്തിയുടെ ആവശ്യമില്ലെന്നും വാർത്ത കണ്ടപ്പോൾ കുഞ്ഞ് നിർവാൻ എങ്ങനെയെങ്കിലും രക്ഷപ്പെടണം എന്നുമാത്രമാണ് മനസ്സിലുള്ളതെന്നും തുക നൽകിയയാൾ പറഞ്ഞിരുന്നുവെന്നാണ് ക്രൗഡ്ഫണ്ടിങ് പ്ലാറ്റ്‌ഫോമിൽ നിന്നറിയിച്ചത്. 'കുട്ടിയുടെ ജീവനാണ് മുഖ്യം, തന്റെ പേരല്ല' എന്ന് അറിയിക്കാനാണ് പറഞ്ഞതെന്നും സാരംഗ് പറഞ്ഞു. ആറു മാസത്തിലേറെ സമയമെടുക്കുമെന്നു കരുതിയ പ്രയത്‌നമാണ് ഒരാളുടെ കാരുണ്യം കൊണ്ട് ഒന്നര മാസത്തിനുള്ളിൽ നേടിയെടുക്കാനായത്.

നോവാട്ടീസ് എന്ന മരുന്ന് നിർമ്മാണ കമ്പനിയുടേതാണ് വിലകൂടിയ മരുന്ന്. ഒരു വയസ്സായിട്ടും കുട്ടിക്ക് ഇരിക്കാനും എഴുന്നേൽക്കാനും കഴിഞ്ഞിരുന്നില്ല. തുടക്കത്തിൽ ഞരമ്പിനു പ്രശ്‌നമുണ്ടെന്നു മാത്രമാണു കണ്ടെത്തിയത്. നട്ടെല്ലിന് 19 ഡിഗ്രി വളവും കണ്ടെത്തിയിരുന്നു. കുഞ്ഞിന്റെ വളർച്ചയിൽ പ്രശ്‌നങ്ങൾ തോന്നിയതോടെ കഴിഞ്ഞ ഡിസംബർ 19നു വീണ്ടും പരിശോധന നടത്തിയത്. ജനുവരി 5 നു കുഞ്ഞിന് എസ്എംഎ ടൈപ്പ് 2 ആണെന്നു സ്ഥിരീകരിച്ചു. അമേരിക്കയിൽനിന്നുള്ള മരുന്ന് രണ്ടു വയസ്സിനു മുൻപു മരുന്നു നൽകിയാലേ പ്രയോജനമുള്ളൂ. നിർവാന് ഇപ്പോൾ 16 മാസം പ്രായമായി.

മുംബൈയിലാണ് ദമ്പതികൾ താമസിക്കുന്നത്. ഇപ്പോൾ മകനൊപ്പം അങ്കമാലിയിലുണ്ട്. പാലക്കാട് കുറ്റനാട് സ്വദേശിയാണ് സാരംഗ്. അദിതി അങ്കമാലി സ്വദേശിനിയും. രോഗം കണ്ടു പിടിച്ചതും മരുന്നിനായി രജിസ്റ്റർ ചെയ്തതും മുംബൈയിലാതിനാൽ ചികിത്സ അവിടെത്തന്നെയാണ് തുടരുക. അടുത്ത മാസമാദ്യം വീണ്ടും മുംബൈയിലേക്കു പോകും. നിർവാന്റെ ചികിത്സയ്ക്ക് സോൾജൻസ്മ എന്ന, ഒറ്റത്തവണ ജീൻ മാറ്റിവയ്ക്കലിന് ഉപയോഗിക്കുന്ന മരുന്നാണ് വേണ്ടത്. മുംൈബ ഹിന്ദുജ ആശുപത്രിയിലെ ഡോ.നീലു ദേശായിയുടെ ചികിത്സയിലാണ് നിർവാൻ. ഓർഡർ ചെയ്താൽ, മരുന്ന് കിട്ടാൻ ഇരുപത് ദിവസമെടുക്കും. നിർവാന് രണ്ടുവയസ്സാകാൻ എട്ടുമാസമാണുള്ളത്. അതിനുള്ളിൽ മരുന്ന് കിട്ടിയിട്ടേ പ്രയോജനമുള്ളു. 20 ദിവസത്തിനകം, നടപടിക്രമങ്ങൾ പൂർത്തിയാകുമ്പോഴേക്കും, ഒരു കോടിയോളം രൂപ കൂടി സ്വന്തമായി സ്വരൂപിക്കാൻ സാധിക്കുമെന്നാണ് ദമ്പതികളുടെ വിശ്വാസം.

തങ്ങളുടെ കുഞ്ഞിന് വേണ്ടി സഹായം എത്തിച്ച എല്ലാവരെയും ഹൃദയത്തോട് ചേർക്കുകയാണ് ഈ മാതാപിതാക്കൾ. സോഷ്യൽ മീഡിയയിലെ ഈ വാർത്ത ഷെയർ ചെയ്ത് പല കൈമറിഞ്ഞ് എത്താൻ സഹായിച്ച എത്രയോ പേർ. ഇതിനകം 70,000 ത്തോളം പേർ വലുതും ചെറുതുമായ തുക നൽകി സഹായിച്ചിട്ടുണ്ട്. പലരും അപരിചിതരാണ്. അവരോടുള്ള നന്ദി പറഞ്ഞാൽ തീരുന്നതല്ലെന്ന് പറയുന്നു സാരംഗും അദിതിയും.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP