Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202429Friday

ആരോഗ്യവും വിദ്യാഭ്യാസവും ഉൾപ്പെടെ ഏഴ് മേഖലകൾക്ക് കൂടി പാക്കേജ്; ദേശീയ തൊഴിലുറപ്പ് പദ്ധതിക്ക് 40,000 കോടി രൂപ; നിർമ്മല സീതാരാമൻ അഞ്ചാം ഘട്ട പ്രഖ്യാപനം ആരംഭിച്ചത് ഇന്ത്യ ഒരു നിർണായക ഘട്ടത്തിലൂടെ കടന്നു പോകുന്നു എന്ന പ്രധാനമന്ത്രിയുടെ വാക്കുകൾ ഉദ്ധരിച്ച്; ജനങ്ങളിലേക്ക് നേരിട്ട് പണമെത്തുന്നില്ലെന്ന പ്രതിപക്ഷ വിമർശനത്തിനും എണ്ണിപ്പറഞ്ഞ് മറുപടി; ജീവനുണ്ടെങ്കിലേ ജീവിതമുള്ളൂ എന്ന് ഓർമ്മപ്പെടുത്തി 'ആത്മനിർഭർ ഭാരത് അഭിയാൻ' അഞ്ചാം ഘട്ട പ്രഖ്യാപനം

ആരോഗ്യവും വിദ്യാഭ്യാസവും ഉൾപ്പെടെ ഏഴ് മേഖലകൾക്ക് കൂടി പാക്കേജ്; ദേശീയ തൊഴിലുറപ്പ് പദ്ധതിക്ക് 40,000 കോടി രൂപ; നിർമ്മല സീതാരാമൻ അഞ്ചാം ഘട്ട പ്രഖ്യാപനം ആരംഭിച്ചത് ഇന്ത്യ ഒരു നിർണായക ഘട്ടത്തിലൂടെ കടന്നു പോകുന്നു എന്ന പ്രധാനമന്ത്രിയുടെ വാക്കുകൾ ഉദ്ധരിച്ച്; ജനങ്ങളിലേക്ക് നേരിട്ട് പണമെത്തുന്നില്ലെന്ന പ്രതിപക്ഷ വിമർശനത്തിനും എണ്ണിപ്പറഞ്ഞ് മറുപടി; ജീവനുണ്ടെങ്കിലേ ജീവിതമുള്ളൂ എന്ന് ഓർമ്മപ്പെടുത്തി 'ആത്മനിർഭർ ഭാരത് അഭിയാൻ' അഞ്ചാം ഘട്ട പ്രഖ്യാപനം

മറുനാടൻ മലയാളി ബ്യൂറോ

ന്യൂഡൽഹി: കേന്ദ്ര സർക്കാരിന്റെ 20 ലക്ഷം കോടിരൂപയുടെ സാമ്പത്തിക പാക്കേജിന്റെ അഞ്ചാം ഘട്ടം ധനമന്ത്രി നിർമ്മല സീതാരാമൻ പ്രഖ്യാപിക്കുന്നു. ജനങ്ങളുടെ കൈകളിലേക്ക് നേരിട്ട് പണം എത്തുന്നില്ലെന്ന പ്രതിപക്ഷ വിമർശനങ്ങൾക്ക് മറുപടിയുമായാണ് ഇന്ന് നിർമ്മലാ സീതാരാമന്റെ പ്രഖ്യാപനം. ദേശീയ തൊഴിലുറപ്പ് പദ്ധതിക്ക് 40,000 കോടി രൂപ കൂടി കേന്ദ്രസർക്കാ‍ർ പാക്കേജിൽ വകയിരുത്തിയിട്ടുണ്ട്. നേരത്തേ ബജറ്റിൽ 69,000 കോടി രൂപയാണ് തൊഴിലുറപ്പ് പദ്ധതിക്ക് വകയിരുത്തിയിരുന്നത്. അതിനൊപ്പം 40,000 കോടി രൂപ കൂടി വകയിരുത്തുന്നു. 300 കോടി തൊഴിൽ ദിനങ്ങൾ ഇത് വഴി അധികമായി സൃഷ്ടിക്കപ്പെടുമെന്നും തൊഴിലവസരം കൂട്ടുമെന്നും ധനമന്ത്രി വ്യക്തമാക്കുന്നു.

ഇന്ത്യ ഒരു നിർണായക ഘട്ടത്തിലൂടെ കടന്നു പോകുന്നു എന്ന പ്രധാനമന്ത്രിയുടെ വാക്കുകൾ കടമെടുത്താണ് നിർമ്മല സീതാരാമൻ അഞ്ചാം ഘട്ട പ്രഖ്യാപനം ആരംഭിച്ചത്. മഹാത്മ ​ഗാന്ധി ദേശീയ ​ഗ്രാമീണ തൊഴിലുറപ്പ് പദ്ധതി, ആരോ​ഗ്യം, വിദ്യാഭ്യാസം, വാണിജ്യം, പൊതുമേഖല സ്ഥാപനങ്ങൾ, സംസ്ഥാന സർക്കാരുകൾ തുടങ്ങിയവയ്ക്കായുള്ള പ്രഖ്യാപനങ്ങളാണ് ധനമന്ത്രി നടത്തുന്നത്. വരുന്ന മഴക്കാലത്തും ഗ്രാമങ്ങളിലേക്കും സ്വദേശങ്ങളിലേക്കും തിരികെ വന്ന കുടിയേറ്റത്തൊഴിലാളികൾക്കായി തൊഴിൽ ഉറപ്പാക്കുമെന്നും കേന്ദ്രസർക്കാർ അറിയിക്കുന്നു.

പൊതുമേഖലയിൽ സമ്പൂർണ അഴിച്ചുപണി

പൊതുമേഖലയിൽ സമ്പൂർണ അഴിച്ചുപണിയാണ് കേന്ദ്രം ലക്ഷ്യം വെക്കുന്നത്. പൊതു മേഖലയിൽ ഇനി നാല് പൊതുമേഖല സ്ഥാപനങ്ങൾ മാത്രമാകും. തന്ത്രപ്രധാന മേഖലകളിൽ സ്വകാര്യ പങ്കാളിത്തം അനുവദിക്കും. പൊതുമേഖല പൂർണമായും സ്വകാര്യമേഖലയ്ക്കായി തുറന്നുകൊടുക്കും. തന്ത്രപ്രധാന മേഖലകളിൽ ഒഴിച്ച് പൊതുമേഖലാ സ്ഥാപനങ്ങൾ സ്വകാര്യവത്കരിക്കും.

ഏതൊക്കെ മേഖലകളിൽ പൊതുമേഖലാസ്ഥാപനങ്ങൾ വേണമെന്നതിൽ പ്രത്യേക പ്രഖ്യാപനം വരുമെന്നാണ് അവർ വ്യക്തമാക്കിയത്. തന്ത്രപ്രധാനമേഖലകളിൽ ഒരു പൊതുമേഖലാ സ്ഥാപനം വേണമെന്നതാണ് സർക്കാരിന്റെ പുതിയ നയം. അതിൽ പൊതുമേഖലാ സ്ഥാപനത്തിനൊപ്പം സ്വകാര്യമേഖലയും ഉണ്ടാകും.

തന്ത്രപ്രധാനമേഖലയിൽ പരമാവധി നാല് പൊതുമേഖലാ സ്ഥാപനം മാത്രമേ ഉണ്ടാവുകയുള്ളൂ. അതിൽക്കൂടുതൽ പൊതുമേഖലാ സ്ഥാപനങ്ങൾ ഉണ്ടെങ്കിൽ അവ തമ്മിൽ ലയിപ്പിക്കുകയോ അല്ലെങ്കിൽ സ്വകാര്യമേഖലയ്ക്ക് കൈമാറുകയോ ചെയ്യും. ഉദാഹരണത്തിന് പെട്രോളിയം മേഖലയിൽ നാലിലധികം പൊതുമേഖലാ സ്ഥാപനങ്ങളുണ്ടെങ്കിൽ അവയുടെ എണ്ണം കുറയ്ക്കും. ഇതിനായി ഏതെല്ലാമാണ് തന്ത്രപ്രധാനമേഖലകൾ, ഏതെല്ലാമാണ് അവ അല്ലാത്തത് എന്ന് വിഭജിക്കും. 

ഓൺലൈൻ വിദ്യാഭ്യാസം

ഓൺലൈൻ വിദ്യാഭ്യാസത്തിന് 12 ചാനലുകൾ തുടങ്ങും. നാല് മണിക്കൂർ സ്വയംപ്രഭാ ഡിടിഎച്ച് സംവിധാനം തുടങ്ങും. ഒന്നുമുതൽ 12 വരെ ക്ലാസുകളിലെ വിദ്യാർത്ഥികൾക്കായി ഓരോ ടിവി ചാനൽ തുടങ്ങും. ഓരോ ക്ലാസിനും ഓരോ ചാനലാകും ഉണ്ടാകുക. 100 സർവകലാശാലകളിൽ മെയ് 30 മുതൽ ഓൺലൈൻ കോഴ്‌സുകൾ തുടങ്ങും. ഇന്റർനെറ്റ് ഇല്ലാത്തവർക്കും ഇ ലേണിങ് ലഭ്യമാകും. ഇ പാഠശാലയിൽ 200 പുസ്തകങ്ങൾ കൂടി ചേർത്തു.

സംസ്ഥാനങ്ങൾക്ക് വായ്പാ പരിധി കൂട്ടി

സംസ്ഥാനങ്ങൾക്ക് വായ്പാ പരിധി കൂട്ടി. വായ്പാ പരിധി ജിഎസ്‍ഡിപിയുടെ മൂന്ന് ശതമാനത്തിൽ നിന്ന് അഞ്ച് ശതമാനമാക്കിയാണ് വർധിപ്പിച്ചത്. ഇതിനൊപ്പം തന്നെ സംസ്ഥാനങ്ങളെ കുറ്റപ്പെടുത്തുകയും ചെയ്തു ധനമന്ത്രി. മിക്ക സംസ്ഥാനങ്ങളും കടമെടുക്കാനുള്ള പരിധിയിൽ പകുതി പോലും എടുത്തിട്ടില്ല. സംസ്ഥാനങ്ങൾ ഇതുവരെ അവർക്ക് അനുവദിച്ചതിൽ 16 ശതമാനം മാത്രമാണ് വായ്പ എടുത്തിട്ടുള്ളത്. സാമ്പത്തിക വർഷത്തിന്റെ ആദ്യപാദത്തിൽ 50 ശതമാനം വരെ അവ‍ർക്ക് വായ്പ എടുക്കാവുന്നതാണ്. എന്നിട്ടും, പല സംസ്ഥാനങ്ങളും ആ വായ്പ എടുത്തിട്ടില്ല. എങ്കിലും ഇത് അസാധാരണമായ പ്രതിസന്ധിയാണെന്നും, ഗുരുതര സ്ഥിതിവിശേഷമാണെന്നും കണക്കിലെടുത്ത് വായ്പാ പരിധി ജിഎസ്‍ഡിപിയുടെ മൂന്ന് ശതമാനത്തിൽ നിന്ന് അഞ്ച് ശതമാനമാക്കി വ‍ർദ്ധിപ്പിക്കുന്നു എന്നും ധനമന്ത്രി അറിയിച്ചു. കേരളമുൾപ്പടെയുള്ള സംസ്ഥാനങ്ങൾ കഴിഞ്ഞ പ്രളയകാലം മുതൽ ആവശ്യപ്പെടുന്നതാണിത്.

അതേസമയം, കടമെടുക്കുന്നതിന് കേന്ദ്രസർക്കാർ ഒരു ഉപാധി കൂടി മുന്നോട്ട് വയ്ക്കുന്നുണ്ട്. എന്തിന് കടമെടുക്കുന്നു എന്നതിനൊരു ഉപാധിയാണ് മുന്നോട്ടുവയ്ക്കുന്നത്. ചില പ്രത്യേകമേഖലകൾക്കായി മാത്രമേ ഇത് ഉപയോഗിക്കാവൂ. കുടിയേറ്റത്തൊഴിലാളികളുടെ ക്ഷേമം, തൊഴിൽ കൂട്ടൽ, ഭക്ഷ്യധാന്യം വിതരണം ചെയ്യൽ, ഊർജമേഖല, ആരോഗ്യ, ശുചിത്വ മേഖലകളിലേക്കായി മാത്രമേ ഇത് ഉപയോഗിക്കാവൂ. പക്ഷേ, മൂന്നര ശതമാനം വരെ കടമെടുപ്പ് നടത്തിയാൽ അതിന് ഈ ഉപാധികൾ ബാധകമല്ല. അതിന് മുകളിൽ കടമെടുത്താൽ അത് എന്തൊക്കെ മേഖലകളിലാണ് ഉപയോഗിച്ചതെന്ന് കൃത്യമായി വ്യക്തമാക്കിയേ തീരൂ. അത് അനുവദിക്കപ്പെട്ട മേഖലകളിലേ നടത്താവൂ.

പാപ്പർ പരിധി ഒരുകോടി രൂപയായി ഉയർത്തി. വായ്പ തിരിച്ചടവിലെ വീഴ്ചയ്ക്ക് ഒരു വർഷത്തേയ്ക്ക് നടപടിയുണ്ടാകില്ല. കമ്പനികളുടെ സാങ്കേതിക പിഴവുകൾ ഇനി കുറ്റകരമാകില്ല. ഓവർഡ്രാഫ്റ്റ് പരിധി 14 ദിവസത്തിൽ നിന്ന് 21 ദിവസമാക്കി ഉയർത്തി.

 ആരോ​ഗ്യ മേഖലയിൽ പ്രവർത്തിക്കുന്നവർക്ക് ഇൻഷുറൻസും ധനമന്ത്രി പ്രഖ്യാപിച്ചു. കേന്ദ്ര സർക്കാർ ഇതുവരെ കൊവിഡ് പ്രതിരോധ പ്രവർത്തനത്തിന്റെ ഭാ​ഗമായി ചെയ്ത കാര്യങ്ങളും ധനമന്ത്രി ആവർത്തിച്ചു. അതിഥി തൊഴിലാളികൾക്ക് ട്രെയിൻ ഏർപ്പെടുത്തിയെന്നും, ഭക്ഷ്യ ധാനങ്ങൾ എത്തിച്ചുവെന്നും മന്ത്രി കൂട്ടിച്ചേർത്തു.മഹാത്മ​ഗാന്ധി ​ഗ്രാമീണ തൊഴിലുറപ്പ് പദ്ധതിക്ക് കൂടുതൽ ഫണ്ട് അനുവദിക്കുമെന്നും ധനമന്ത്രി പറഞ്ഞു.

'ആത്മനിർഭർ ഭാരത് അഭിയാൻ' എന്ന പ്രധാനമന്ത്രിയുടെ പ്രത്യേക കൊവിഡ് സാമ്പത്തിക പാക്കേജിന്റെ ഭാഗമായി നിർണായകമായ ഏഴ് മേഖലകളുമായി ബന്ധപ്പെട്ട പ്രഖ്യാപനമാണ് ഉണ്ടാകുക എന്ന് കേന്ദ്രധനമന്ത്രി നിർമലാ സീതാരാമൻ വ്യക്തമാക്കുന്നു. തൊഴിലുറപ്പ്, ആരോഗ്യം (ഗ്രാമീണ, നഗരമേഖലകളിൽ), ബിസിനസ്, കമ്പനനിയമത്തിലെ ഡീക്രിമിനലൈസേഷൻ, ബിസിനസ് തുടങ്ങുന്നതിന് വേണ്ട ചട്ടങ്ങൾ ലളിതമാക്കൽ (ease of doing business), പൊതുമേഖലാ സ്ഥാപനങ്ങളുമായി ബന്ധപ്പെട്ട പ്രഖ്യാപനങ്ങൾ, സംസ്ഥാനസർക്കാരുകൾക്ക് വേണ്ട സഹായം എന്നീ മേഖലകളിലാകും ഇന്നത്തെ പ്രഖ്യാപനം. ഏറ്റവുമൊടുവിൽ 20 ലക്ഷം കോടിയുടെ വിശദമായ വിഭജനം എങ്ങനെ എന്നും അവർ ഇന്ന് വിശദീകരിക്കും.

പ്രധാനമന്ത്രിയുടെ പ്രസംഗത്തിലെ ചില ഭാഗങ്ങൾ ഉദ്ധരിച്ചാണ് ധനമന്ത്രി നിർമലാ സീതാരാമൻ വാർത്താസമ്മേളനം തുടങ്ങിയത്. സാധാരണക്കാരന് അന്ത്യോദയ അന്ന യോജന വഴി ഭക്ഷ്യധാന്യങ്ങൾ എത്തിച്ചത് ധനമന്ത്രി ചൂണ്ടിക്കാട്ടി. സ്വയം പര്യാപ്ത ഇന്ത്യയാണ് ലക്ഷ്യമിടുന്നതെന്നും, ഇതിനായി പ്രധാനമന്ത്രിയുടെ ഭൂമി, തൊഴിൽ, പണലഭ്യത, നിയമം (Land, Labour, Liquidity And Law) എന്നീ മേഖലകളിൽ മാറ്റങ്ങൾ വരേണ്ടതുണ്ടെന്ന പരാമർശവും ധനമന്ത്രി ഊന്നിപ്പറഞ്ഞു.

കുടിയേറ്റത്തൊഴിലാളികൾക്ക് രാജ്യത്ത് ബുദ്ധിമുട്ട് നേരിടേണ്ടി വന്നെന്നും ധനമന്ത്രി ചൂണ്ടിക്കാട്ടി. അവർക്കായി പദ്ധതികൾ ആവശ്യമുണ്ട്. ഇതുവരെ അന്ത്യോദയ അന്ന യോജന, കിസാൻ കല്യാൺ യോജന, ജൻധൻ യോജന, ഉജ്വല യോജന എന്നീ പദ്ധതികൾ വഴി എത്തിച്ച പണത്തിന്റെ കണക്കുകളും ധനമന്ത്രി എടുത്തുപറഞ്ഞു. 8.19 കോടി കർഷകർക്ക് 2000 രൂപ വീതം 16900 കോടി വിതരണം ചെയ്തു. ജൻധൻ അക്കൗണ്ടുള്ള 20 കോടി സ്ത്രീകൾക്ക് 25000 കോടി നൽകി. ഉജ്വല പദ്ധതി വഴി 6.81 കോടി സൗജന്യ ഗ്യാസ് സിലിണ്ടർ നൽകി. കുടിയേറ്റത്തൊഴിലാളികളുടെ മടക്കത്തിൽ 85% തുകയും കേന്ദ്രസർക്കാരാണ് വഹിച്ചത്. ജീവനുണ്ടെങ്കിലേ ജീവിതമുള്ളൂ എന്നത് ഓർക്കണം. അതിനാലാണ് ഈ പദ്ധതി പ്രഖ്യാപിച്ചതെന്നും നിർമലാ സീതാരാമൻ.

16,000 കോടിയാണ് കർഷകരുടെ അക്കൗണ്ടുകളിലേക്ക് നേരിട്ട് കൈമാറിയത്. നിർമ്മാണ തൊഴിലാളി ക്ഷേമനിധിയിൽ നിന്നുള്ള പണം നേരിട്ട് തൊഴിലാളികൾക്ക് നൽകി. ഏകദേശം 3,955 കോടി രൂപ തൊഴിലാളികൾക്ക് നൽകി. 2.05 കോടി തൊഴിലാളികൾക്ക് ഇതിന്റെ നേട്ടമുണ്ടായി. ഇ.പി.എഫിൽ നിന്ന് 12 ലക്ഷം ആളുകൾക്ക് പണം പിൻവലിക്കാൻ അനുവാദം നൽകി. 3,660 കോടി രൂപ ഇത്തരത്തിൽ ആളുകളിലേക്കെത്തി. ഇങ്ങനെ ലോക്ക് ഡൗൺ കാലയളവിൽ ജനങ്ങൾക്ക് ഭക്ഷണവും പണവും സർക്കാർ ഉറപ്പാക്കിയെന്നും ധനമന്ത്രി വ്യക്തമാക്കുന്നു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP