Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Jun / 202112Saturday

നിർമ്മലാ സീതാരാമൻ പണി തുടങ്ങി; ആദായ നികുതി വകുപ്പിനെ കുട്ടിച്ചോറാക്കിയ അഴിമതിക്കാരേയും പീഡകരേയും പിരിച്ചു വിട്ട് തുടങ്ങി; മുതിർന്ന ഐആർഎസ് ഉദ്യോഗസ്ഥരടക്കമുള്ളവർക്ക് നേരെ വിട്ടു വീഴ്ചയില്ലാത്ത നടപടി; ഇൻകം ടാക്‌സ് റെയ്ഡിന്റെ പേരിൽ കൈക്കൂലിക്കാരായി തഴച്ച അനേകരുടെ തല ഉരുളുന്നു; വെറും ഒരു കാഴ്ചക്കാരിയാവില്ലെന്ന് തീർത്ത് പറഞ്ഞ് ഇന്ത്യയുടെ പുതിയ ധനമന്ത്രി വകുപ്പ് ഭരണം ആരംഭിക്കുമ്പോൾ

നിർമ്മലാ സീതാരാമൻ പണി തുടങ്ങി; ആദായ നികുതി വകുപ്പിനെ കുട്ടിച്ചോറാക്കിയ അഴിമതിക്കാരേയും പീഡകരേയും പിരിച്ചു വിട്ട് തുടങ്ങി; മുതിർന്ന ഐആർഎസ് ഉദ്യോഗസ്ഥരടക്കമുള്ളവർക്ക് നേരെ വിട്ടു വീഴ്ചയില്ലാത്ത നടപടി; ഇൻകം ടാക്‌സ് റെയ്ഡിന്റെ പേരിൽ കൈക്കൂലിക്കാരായി തഴച്ച അനേകരുടെ തല ഉരുളുന്നു; വെറും ഒരു കാഴ്ചക്കാരിയാവില്ലെന്ന് തീർത്ത് പറഞ്ഞ് ഇന്ത്യയുടെ പുതിയ ധനമന്ത്രി വകുപ്പ് ഭരണം ആരംഭിക്കുമ്പോൾ

മറുനാടൻ മലയാളി ബ്യൂറോ

ന്യൂഡൽഹി: ഇന്ദിരാ ഗാന്ധിക്ക് ശേഷം ധന വകുപ്പിലെത്തുന്ന വനിതയാണ് നിർമ്മലാ സീതാരാമൻ. പ്രതിരോധ വകുപ്പിനെ ഭരിച്ച പിരചയവും ആത്മവിശ്വാസവുമാണ് കൈമുതൽ. ധനമന്ത്രിയായിരുന്ന അരുൺ ജെയ്റ്റ്‌ലിയിൽ നിന്ന് നിർമ്മലയിലേക്ക് ധന വകുപ്പ് എത്തുമ്പോൾ കാണുന്നത് അതിവേഗ മാറ്റങ്ങളാണ്. ധനവകുപ്പിനെ അഴിമതി മുക്തമാക്കുകയാണ് ലക്ഷ്യം. ഇതാണ് ധനമന്ത്രാലയത്തിലുള്ളവർക്ക് നിർമ്മല നൽകുന്ന സന്ദേശവും. അങ്ങനെ പുതിയ ധനമന്ത്രി ഭരണം തുടങ്ങുമ്പോൾ കൈക്കൂലിക്കാർക്കെല്ലാം ജോലി നഷ്ടമാകുകയാണ്.

ആദായനികുതി വകുപ്പിലെ പന്ത്രണ്ട് മുതിർന്ന ഉദ്യോഗസ്ഥർക്ക് നിർബന്ധിത വിരമിക്കലിനു നിർദ്ദേശം നൽകി കേന്ദ്ര ധനമന്ത്രാലയം രംഗത്ത് വരുന്നത് നിർമ്മലയുടെ ഇടപെടലിന്റെ ഭാഗമാണ്. അഴിമതി, അനധികൃത സ്വത്ത് സമ്പാദനം, ലൈംഗിക അതിക്രമം തുടങ്ങിയ കുറ്റകൃത്യങ്ങളിൽ ആരോപണ വിധേയരായവർക്കും അന്വേഷണം നേരിടുന്നവർക്കുമാണ് വിരമിക്കാൻ നിർദ്ദേശം. ജനറൽ ഫിനാൻഷ്യൽ റൂൾസിലെ 56ാം വകുപ്പ് പ്രകാരമാണ് ഉത്തരവ്. ഇനി സംഭവിക്കാൻ പോകുന്നത് എന്താണെന്ന സന്ദേശമാണ് ഇതിലൂള്ളത്. റെയ്ഡുകളുടെ പേരിലെ അഴിമതികൾ തുടച്ച് നീക്കുകയാണ് നിർമ്മലയുടെ ലക്ഷ്യം. അതിലേക്കുള്ള ആദ്യ ചുവടയാണ് ഈ ഇടപെടൽ.

ആദായനികുതി വകുപ്പ് ജോയിന്റ് കമ്മിഷണർ അശോക് അഗർവാൾ (ഐആർഎസ്, 1985), എസ്.കെ.ശ്രീവാസ്തവ (ഐആർഎസ്, 1989), ഹോമി രാജ്വാഷ് (ഐആർഎസ്, 1985), ബി.ബി.രാജേന്ദ്ര പ്രസാദ്, അജോയ് കുമർ സിങ്, അലോക് കുമാർ മിത്ര, ചന്ദർ സൈനി ഭാരതി, അന്ദാസു രവീന്ദ്രർ, വിവേക് ബത്ര, ശ്വേതബ് സുമൻ, റാം കുമാർ ഭാർഗവ എന്നിവർക്കാണ് വിരമിക്കൽ നോട്ടിസ് നൽകിയത്. തീർത്തും അപ്രതീക്ഷിത നീക്കമായിരുന്നു ഇത്. പ്രമുഖ വ്യവസായിയിൽ നിന്നു കോഴ വാങ്ങിയെന്നാണ് ജോയിന്റ് കമ്മിഷണർ അശോക് അഗർവാളിനെതിരായ ആരോപണം.

രണ്ടു വനിതാ ഐആർഎസ് ഉദ്യോഗസ്ഥരെ ലൈംഗികമായി അതിക്രമിച്ചുവെന്നാണ് എസ്.കെ.ശ്രീവാസ്തവക്കെതിരെയുള്ള പരാതി. അനധികൃത സ്വത്ത് സമ്പാദന കേസിൽ 2009 മുതൽ സസ്‌പെൻഷനിലുള്ള ഉദ്യോഗസ്ഥനാണ് ഹോമി രാജ്വാഷ്. മൂന്നു കോടിയോളം രൂപയുടെ അനധികൃത സ്വത്ത് സമ്പാദിച്ചെന്ന കേസിൽ സിബിഐയുടെ അഴിമതി വിരുദ്ധ വിഭാഗമാണ് ഹോമിക്കെതിരെ അന്വേഷണം നടത്തുന്നത്. വിരമിക്കൽ നിർദ്ദേശം ലഭിച്ച മറ്റ് ഉദ്യോഗസ്ഥർക്കെതിരെയും ഗുരുതര ആരോപണങ്ങളാണ് ഉള്ളത്. അങ്ങനെ പീഡകരേയും അഴിമതിക്കാരേയും പടിക്ക് പുറത്ത് നിർത്തുകയാണ് ധനമന്ത്രി.

വിവിധ വകുപ്പുകളിൽ നിർബന്ധിത വിരമിക്കൽ ആവശ്യമായ ഉദ്യോഗസ്ഥരുടെ പേരുകൾ നൽകാൻ കാബിനറ്റ് സെക്രട്ടറിയേറ്റും കേന്ദ്ര വിജലൻസ് കമ്മിഷനും വകുപ്പ് തലവന്മാർക്ക് നിർദ്ദേശം നൽകിയിരുന്നു. ധനമന്ത്രിയുടെ കൂടെ മനസ്സറിഞ്ഞായിരുന്നു ഈ നീക്കം. ഇതിന്റെ തുടർച്ചയായാണ് ഇപ്പോഴത്തെ നടപടിയെന്നാണ് സൂചന. അഴിമതി മുക്തമായ ഭരണ സംവിധാനം ധനമന്ത്രാലയത്തിൽ ഒരുക്കാനാണ് ധനമന്ത്രിയുടെ തീരുമാനം. ബജറ്റ് അവതരിപ്പിക്കാനുള്ള തിരക്കിലാണ് നിർമ്മലാ സീതാരാമൻ ഇപ്പോൾ. അതുകൊണ്ട് തന്നെ സോഷ്യൽ മീഡിയയിൽ കൂടുതൽ ശ്രദ്ധ കൊടുക്കുകയാണ് ധനമന്ത്രി.

' നിങ്ങളുടെ ഓരോ വാക്കിനും വലിയ വിലയുണ്ട് ' നിർമ്മല സീതാരാമന്റെ വാക്കുകളാണിത് . രണ്ടാം എൻ ഡി എ സർക്കാരിന്റെ പൊതുബജറ്റിന് ഒരു മാസം ശേഷിക്കെയാണ് സോഷ്യൽ മീഡിയ വഴി പലരും പങ്ക് വച്ച ആശയങ്ങളും,നിർദ്ദേശങ്ങളും ധനമന്ത്രി നിർമ്മല സീതാരാമൻ ശ്രദ്ധയോടെ കേൾക്കുന്നത് ,വായിക്കുന്നത് . തന്റെ ടീം ഈ ആശയങ്ങൾ ക്രോഡീകരിക്കുകയാണെന്നും നിർമ്മല പറഞ്ഞിരുന്നു. ട്വിറ്ററിലൂടെയാണ് മന്ത്രി ഇക്കാര്യം അറിയിച്ചത് . ' പണ്ഡിതരും , സാമ്പത്തിക വിദഗ്ധരും ഇലക്ട്രോണിക്ക് മാധ്യമങ്ങളിലൂടെയും , സോഷ്യൽ മീഡിയ വഴിയും പങ്ക് വച്ച ആശയങ്ങൾക്കും ,ചിന്തകൾക്കും നന്ദി . പലതും ഞാൻ വായിച്ചു . എന്റെ ടീം ഇവ ക്രോഡീകരിക്കുന്നുണ്ട് . ഓരോ ചെറിയ വാക്കിനും വലിയ വിലയുണ്ട് .ഇനിയും തുടരുക ' നിർമ്മല സീതാരാമൻ കുറിച്ചു .#Budget2019 എന്ന ഹാഷ്ടാഗും ഒപ്പമുണ്ട് . ഈ ഹാഷ്ടാഗിലാണ് ആശയങ്ങളും , നിർദ്ദേശങ്ങളും പങ്ക് വയ്‌ക്കേണ്ടത്. ഇങ്ങനെ ധനവകുപ്പിനെ ജനങ്ങളുമായി അടുപ്പിക്കാൻ ശ്രമിക്കുന്നതിനിടെയാണ് അഴിമതിക്കാരെ പുകച്ച് പുറത്ത് ചാടിക്കുന്നതും.

ജൂലൈ 5 നാണ് പൊതു ബജറ്റ് അവതരിപ്പിക്കുക. പാർലമെന്റ് തിരഞ്ഞെടുപ്പിനു മുന്നോടിയായി മോദി സർക്കാർ ഇടക്കാല ബജറ്റ് അവതരിപ്പിച്ചിരുന്നു. ഇതിലെ പ്രഖ്യാപനങ്ങൾ പൊതു ബജറ്റിലും ഉണ്ടാകുമെന്ന് ധനകാര്യ മന്ത്രാലയം അറിയിച്ചിട്ടുണ്ട്. 2019-20 ലെ ഇടക്കാല ബജറ്റിലെ പ്രഖ്യാപനങ്ങൾ പൊതു ബജറ്റിലും ആവർത്തിക്കും. ഇതിനൊപ്പം ചില ജനകീയ പ്രഖ്യാപനങ്ങളും ഉണ്ടാകും. തന്റെ ബജറ്റ് അവതരണത്തിൽ മന്ദഗതിയിലുള്ള സമ്പദ്വ്യവസ്ഥ, ധനകാര്യ രംഗത്തെ വെല്ലുവിളികൾ, തൊഴിലില്ലായ്മ നിരക്ക് കുറയ്ക്കുക, പൊതുനിക്ഷേപം ഉയർത്തൽ എന്നിവയെക്കുറിച്ച് നിർമ്മല സീതാരാമൻ സംസാരിച്ചേക്കും. ജൂലൈ നാലിന് 2019-20 ലെ സാമ്പത്തിക സർവ്വേ മേശപ്പുറത്ത് വയ്ക്കും.

മോദി മന്ത്രിസഭയിലെ ശക്തമായ സ്ത്രീ സാന്നിധ്യം, ഇന്ദിരാഗാന്ധിക്ക് ശേഷം പാർലമെന്റിൽ ബജറ്റ് അവതരിപ്പിക്കാനൊരുങ്ങുന്ന മറ്റൊരു വനിത, ഇന്ത്യയുടെ ധനകാര്യ മന്ത്രിയായി ചുമതലയേറ്റ നിർമ്മല സീതാരാമന് വിശേഷണങ്ങൾ നിരവധിയാണ്. കഴിഞ്ഞ മോദി മന്ത്രിസഭയിൽ അരുൺ ജയ്റ്റ്‌ലിയുടെ കൈയിൽ ഭദ്രമായിരുന്ന ധനകാര്യ വകുപ്പാണ് ഇത്തവണ നിർമ്മല സീതാരാമന് വിട്ടു നൽകിയിരിക്കുന്നത്. മുൻ പ്രധാനമന്ത്രി ഇന്ദിരാ ഗാന്ധി 1970-71 കാലഘട്ടത്തിൽ ധനകാര്യ വകുപ്പ് കൂടി കൈകാര്യം ചെയ്തിരുന്നു. എന്നാൽ ആദ്യമായാണ് ധനകാര്യ വകുപ്പിന് മാത്രമായി ഒരു വനിതാ മന്ത്രിയെ ചുമതലപ്പെടുത്തുന്നത്. മോദിയുടെ കഴിഞ്ഞ മന്ത്രിസഭയിലും പ്രധാനപ്പെട്ട വകുപ്പ് കൈകാര്യം ചെയ്തിരുന്ന മന്ത്രിയാണ് 60കാരിയായ നിർമ്മല സീതാരാമൻ. 2017 സെപ്റ്റംബറിലണ് ഇന്ത്യയുടെ മുഴുസമയ പ്രതിരോധമന്ത്രിയായി ഇവർ ചുമതലയേറ്റത്. ഇന്ദിരാ?ഗാന്ധിക്ക് ശേഷം പ്രതിരോധ വകുപ്പ് കൈകാര്യം ചെയ്ത വനിത കൂടിയാണ് നിർമ്മല സീതാരാമൻ.

2014 മെയ്‌ 26ന് മോദി മന്ത്രിസഭയിൽ അംഗമായ നിർമ്മല സീതാരാമൻ വാണിജ്യ വ്യവസായ വകുപ്പിന്റെ സ്വതന്ത്ര ചുമതലയുള്ള സഹമന്ത്രിയായും പ്രവർത്തിച്ചിട്ടുണ്ട്. ഇതിനൊപ്പം ധനകാര്യം, കോർപ്പറേറ്റ് കാര്യം എന്നീ വകുപ്പുകളുടെ ചുമതലയും സീതാരാമന് ഉണ്ടായിരുന്നു. ജനനം തമിഴ്‌നാട്ടിൽ 1959 ഓഗസ്റ്റ് 18 ന് തമിഴ്‌നാട്ടിലെ മധുരയിലാണ് നിർമ്മല സീതാരാമൻ ജനിച്ചത്. തിരുച്ചിറപ്പള്ളിയിലെ സീതാലക്ഷ്മി രാമസ്വാമി കോളേജിൽ നിന്നാണ് ബിരുദം നേടിയത്. പിന്നീടുള്ള പഠനം ഡൽഹിയിലെ ജവഹർലാൽ നെഹ്രു യൂണിവേഴ്‌സിറ്റിയിൽ (ജെഎൻയു) ആയിരുന്നു. ഇവിടെ നിന്ന് എം.ഫില്ലും നേടി. വിവാഹം ബിരുദാനന്തര ബിരുദ പഠനകാലത്താണ് ജീവിത പങ്കാളിയായ ഡോ. പറക്കല പ്രഭാകറെ കണ്ടെത്തിയത്. രാഷ്ട്രീയ വിമർശകനാണ് ഇദ്ദേഹം. 1986ൽ ഇവർ വിവാഹിതരായി. പിന്നീട് ലണ്ടനിലേയ്ക്ക് വിവാഹ ശേഷം ഇരുവരും ലണ്ടനിലേയ്ക്ക് പറന്നു.

അവിടെ കുറച്ചു കാലം ഒരു കമ്പനിയിൽ സീനിയർ മാനേജറായും പിന്നീട് 1991ൽ ഇന്ത്യയിലേയ്ക്ക് മടങ്ങുന്നത് വരെ ബി.ബി.സി വേൾഡിലും പ്രവർത്തിച്ചിട്ടുണ്ട്. വാജ്‌പേയി പ്രധാനമന്ത്രിയായിരുന്ന കാലത്ത് 2003 മുതൽ 2005 വരെ ദേശീയ വനിതാ കമ്മീഷൻ അംഗമായും നിർമ്മല സീതാരാമൻ പ്രവർത്തിച്ചിട്ടുണ്ട്. പിന്നീട് 2006ൽ ആണ് ഇവർ ബിജെപിയിൽ ചേരുന്നതും പാർട്ടിയുടെ ദേശീയ വക്താവായി മാറിയതും. രാജ്യസഭാംഗം 2016 മുതൽ പാർലമെന്റിന്റെ ഉപരിസഭയായ രാജ്യസഭയിൽ നിർമ്മല സീതാരാമൻ അംഗമായിരുന്നു. ഹൈദരാബാദിലെ പ്രണവ സ്‌ക്കൂളിലെ ഡയറക്ടറായും ഇവർ പ്രവർത്തിച്ചിട്ടുണ്ട്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP