Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202121Wednesday

ദയാ ഹർജി രാഷ്ട്രപതിയും തള്ളിയതോടെ അന്താരാഷാട്ര നീതിന്യായ കോടതിയെ സമീപിക്കാനൊരുങ്ങി നിർഭയക്കേസിലെ പ്രതികൾ; വധശിക്ഷ സ്റ്റേ ചെയ്യണം എന്നാവശ്യപ്പെട്ട് ര്രാജ്യാന്തര നീതി ന്യായ കോടതിയിൽ സമീപിച്ചത് പ്രതികളുടെ ബന്ധുക്കൾ; തിരുത്തൽ ഹർജിക്കുള്ള അനുമതിയും സുപ്രീംകോടതി തള്ളിയതോടെ പ്രതികൾക്ക് മുന്നിൽ പഴുതടച്ച വാതിലുകൾ; ക്രിമിനലുകളുടെ മരണസമയം മാറ്റി എഴുതിയത് നാല് തവണ; പ്രതികളെ തൂക്കാൻ നടപടികളിൽ ഉറച്ച് തീഹാർ ജയിൽ  

മറുനാടൻ ഡെസ്‌ക്‌

ന്യുഡൽഹി: വധശിക്ഷയ്‌ക്കെതിരെ അപ്രതീക്ഷിത നീക്കവുമായി നിർഭയ കേസ് പ്രതികൾ. രാഷ്ട്രപതി ദയാഹർജി തള്ളിയതുൾപ്പെടെ രാജ്യത്തെ എല്ലാ നിയമവഴികളും അടഞ്ഞതോടെ രാജ്യാന്തര നീതിന്യായ കോടതിയെ (ഐസിജെ) സമീപിച്ചിരിക്കുകയാണു പ്രതികളെന്നു വാർത്താഏജൻസി എഎൻഐ റിപ്പോർട്ട് ചെയ്തു. വധശിക്ഷ സ്റ്റേ ചെയ്യണം എന്നാവശ്യപ്പെട്ടാണു പ്രതികളായ അക്ഷയ്, പവൻ, വിനയ് എന്നിവർ ഐസിജെയെ സമീപിച്ചത്.മുകേഷ് കുമാർ സിങ് (32), പവൻ ഗുപ്ത (25), വിനയ് ശർമ (26), അക്ഷയ് കുമാർ സിങ് (31) എന്നിവർക്ക് ഇനി നിയമവഴികളൊന്നുമില്ലെന്നു സംസ്ഥാന സർക്കാരും പ്രതിഭാഗവും കോടതിയിൽ അറിയിച്ചിരുന്നു. 4 പ്രതികളുടെയും ദയാഹർജി രാഷ്ട്രപതി തള്ളിയതാണ്.

നിർഭയ കേസ് പ്രതികളിലൊരാളായ മുകേഷ് സിങ് വീണ്ടും തിരുത്തൽ ഹർജിക്ക് അനുമതി തേടി നൽകിയ ഹർജി സുപ്രീംകോടതി തിങ്കളാഴ്ച തള്ളിയതിനു പിന്നാലെയാണ് ഈ നീക്കമുണ്ടായതെന്നാണു നിഗമനം. ഇനി യാതൊരു രക്ഷാമാർഗവും മുകേഷിനു ബാക്കിയില്ലെന്നു ചൂണ്ടിക്കാട്ടിയായിരുന്നു കോടതി ഹർജി തള്ളിയത്. നിർഭയ കേസിലെ 4 കുറ്റവാളികളെയും 20നു രാവിലെ 5.30നു തൂക്കിലേറ്റാൻ പട്യാല ഹൗസ് കോടതി മരണ വാറന്റ് പുറപ്പെടുവിച്ചിട്ടുണ്ട്.നിർഭയ കേസിലെ പ്രതികളായ മുകേഷ് കുമാർ സിങ് (32), പവൻ ഗുപ്ത (25), വിനയ് ശർമ (26), അക്ഷയ്കുമാർ സിങ് (31) എന്നിവരെയാണ് ഒരുമിച്ചു തൂക്കിലേറ്റുന്നത്. മീററ്റിൽനിന്നുള്ള ആരാച്ചാർ പവൻ ജല്ലാദിനു നാളെ ഹാജരാകണമെന്നു തിഹാർ ജയിൽ അധികൃതർ നിർദ്ദേശം നൽകി. 4 പ്രതികളെയും വെള്ളിയാഴ്ച പുലർച്ചെ 5.30നു തൂക്കിലേറ്റാനാണു കോടതി നിർദ്ദേശം.

ആരാച്ചാർ എത്തിയശേഷം ഡമ്മി പരീക്ഷണം വീണ്ടും നടത്തും. പ്രതികളുടെ ആരോഗ്യസ്ഥിതി ദിവസവും പരിശോധിക്കുന്നുണ്ട്. മുകേഷ്, പവൻ, വിനയ് എന്നിവർ ബന്ധുക്കളുമായി അവസാന കൂടിക്കാഴ്ച നടത്തി. അക്ഷയ്കുമാറിന്റെ ബന്ധുക്കൾക്കും കത്തയച്ചു. വധശിക്ഷയിൽ നിന്നും ഒഴിവാക്കണമെന്ന് ആവശ്യപ്പെട്ട് നാല് പ്രതികളും നൽകിയ ദയാഹർജി രാഷ്ട്രപതി തള്ളിയിരുന്നു. ഈ സാഹചര്യത്തിലാണ് മാർച്ച് 20 വധശിക്ഷ നടത്തണമെന്നുള്ള മരണ വാറന്റ് ഡൽഹി പട്യാല ഹൗസ് കോടതി പുറപ്പെടുവിച്ചത്. പ്രതിയുടെ ദയാഹർജിയിന്മേൽ തീരുമാനമെടുത്ത് 14 ദിവസം കഴിഞ്ഞുമാത്രമേ വധശിക്ഷ നടപ്പിലാക്കാവൂ എന്ന വിധിയുടെ അടിസ്ഥാനത്തിലാണ് പുതിയ തീയതി കുറിക്കപ്പെട്ടത്.

2012 ഡിസംബർ 16നു രാത്രിയാണ് പാരാമെഡിക്കൽ വിദ്യാർത്ഥിനി ഓടിക്കൊണ്ടിരുന്ന ബസിൽ കൂട്ടമാനഭംഗത്തിനും ക്രൂര മർദനത്തിനും ഇരയായത്. സിംഗപ്പൂരിൽ ചികിത്സയിലായിരിക്കെ രണ്ടാഴ്ചയ്ക്കു ശേഷം മരണത്തിനു കീഴടങ്ങി. പ്രായപൂർത്തിയാകാത്ത ഒരാൾ ഉൾപ്പെടെ ആറു പേരായിരുന്നു പ്രതികൾ.മുകേഷ് കുമാർ, അക്ഷയ് കുമാർ സിങ്, വിനയ് ശർമ, പവൻ ഗുപ്ത എന്നിവർക്കാണ് സുപ്രീം കോടതി വധശിക്ഷ വിധിച്ചത്. കേസിലെ ഒന്നാം പ്രതി റാം സിങ് 2013 മാർച്ചിൽ തിഹാർ ജയിലിൽ വച്ച് ജീവനൊടുക്കി. ജുവനൈൽ ജസ്റ്റിസ് ബോർഡ് മൂന്നുവർഷം തടവുശിക്ഷ വിധിച്ച പ്രായപൂർത്തിയാകാത്ത പ്രതി, ശിക്ഷാ കാലാവധി പൂർത്തിയാക്കി പുറത്തിറങ്ങി.

ജനുവരി 22, ഫെബ്രുവരി 1, മാർച്ച് മൂന്ന് എന്നീ തീയതികളിൽ വധശിക്ഷ നടപ്പാക്കുന്നതിന് മരണവാറന്റ് പുറപ്പെടുവിച്ചിരുന്നെങ്കിലും പ്രതികൾ തുടരെ ഹർജി സമർപ്പിച്ചതിനെ തുടർന്നു റദ്ദാക്കുകയായിരുന്നു.മാർച്ച് മൂന്നിന് രാവിലെ ആറിന് വധശിക്ഷ നടപ്പാക്കാനാണ് കോടതി നേരത്തെ ഉത്തരവിട്ടിരുന്നത്. ഇതിന്റെ അടിസ്ഥാനത്തിൽ വധശിക്ഷ നടപ്പാക്കുന്നതിനുള്ള തയ്യാറെടുപ്പുകൾ തിഹാർ ജയിലിൽ ആരംഭിച്ചിരുന്നു. പ്രതികളുടെ തൂക്കമുള്ള ഡമ്മി തൂക്കിലേറ്റിയുള്ള പരീക്ഷണവും നടത്തിയിരുന്നു. തയ്യാറെടുപ്പുകൾ പുരോഗമിക്കുന്നതിനിടെയാണ് മരണവാറന്റ് സ്റ്റേ ചെയ്ത് ഡൽഹി വിചാരണ കോടതി ഉത്തരവിട്ടത്.വധശിക്ഷ നടപ്പാക്കുന്നത് തുടർച്ചയായി മാറ്റിവയ്ക്കുന്നത് സംവിധാനത്തിന്റെ പരാജയമാണ് കാണിക്കുന്നതെന്ന് നിർഭയയുടെ അമ്മ ആശാദേവി പ്രതികരിച്ചിരുന്നു. കുറ്റവാളികൾക്കു വധശിക്ഷ വിധിച്ച സ്വന്തം ഉത്തരവ് നടപ്പാക്കാൻ കോടതി എന്തിനാണ് എത്രയധികം സമയമെടുക്കുന്നത്? നമ്മുടെ എല്ലാ സംവിധാനങ്ങളും ക്രിമിനലുകളെയാണ് പിന്തുണയ്ക്കുന്നത്' ആശാദേവി പറഞ്ഞു.

ചോര മരവിക്കുന്ന ക്രൂരത കാട്ടിയവർ ജീവൻ നിലനിർത്താൻ നടത്തിയ കളികൾ ഇങ്ങനെ

ജനുവരി മുതൽ മാർച്ചുവരെയുള്ള കാലയളവിൽ ഇത് നാലാമത്തെ തവണയാണ് കോടതി കുറ്റവാളികളെ കഴുവേറ്റാൻ വേണ്ടി തീയതി കുറിക്കുന്നത്. ഓരോ തവണയും തൂക്കിലേറ്റേണ്ട തീയതിയോടടുപ്പിച്ച് കുറ്റവാളികളിൽ ഓരോരുത്തരായി മാറിമാറി അവരുടെ നിയമം അനുശാസിക്കുന്ന ഏതെങ്കിലുമൊരു രക്ഷാമാർഗത്തെ അവലംബിച്ച് ഒരു ഹർജി കോടതിയിൽ സമർപ്പിക്കും. അതോടെ നിശ്ചയിച്ച തീയതിയിൽ തൂക്കിലേറ്റാൻ കഴിയില്ല എന്നാവും. അതിനു പിന്നാലെ പ്രസ്തുത ഹർജി കോടതി തള്ളും.

അതിനുശേഷം വീണ്ടും ഡൽഹി ഗവൺമെന്റ് മരണവാറണ്ടിനായി കോടതിയെ സമീപിക്കും. കോടതി വീണ്ടും പുതിയ തീയതി നിശ്ചയിച്ച് മരണ വാറന്റ് പുറപ്പെടുവിക്കും. തൂക്കിലേറ്റപ്പെടാൻ ദിവസങ്ങൾ മാത്രം അവശേഷിക്കവേ കുറ്റവാളികളിൽ മറ്റൊരാൾ വീണ്ടും തന്റെ ഏതെങ്കിലും നിയമാനുസൃതമായ ഹർജി അവകാശം വിനിയോഗിക്കും. ശിക്ഷ നടപ്പിലാക്കൽ വീണ്ടും തഥൈവ. ഇങ്ങനെ ശിക്ഷ നടപ്പിലാക്കൽ നീണ്ടു പോയത് മൂന്നുവട്ടമാണ്. അഡ്വ. എ പി സിങ്, എം എൽ ശർമ്മ എന്നിവരാണ് പ്രതികൾക്കുവേണ്ടി ഈ മാർഗ്ഗങ്ങൾ ഉപദേശിച്ചുകൊടുത്തതും കോടതിയിൽ അവർക്കുവേണ്ടി ഹാജരായിക്കൊണ്ടിരുന്നതും.

മരണ സമയം കുറിച്ചിട്ടും ക്രിമിനലുകൾ ജീവിച്ചിരുന്നത് ഇങ്ങനെ

ജനുവരി ഏഴിനാണ് ആദ്യത്തെ മരണവാറണ്ട് പുറപ്പെടുവിക്കപ്പെടുന്നത്. തൂക്കാൻ നിശ്ചയിച്ച തീയതി ജനുവരി 22 . ജനുവരി 8 -ന് വിനയിന്റെ അഭിഭാഷകൻ ഒരു തടസ്സ ഹർജിയുമായി കോടതിയെ സമീപിക്കുന്നു. ജനുവരി 9 -ന് മുകേഷിന്റെ തടസ്സ ഹർജി. ഇതുരണ്ടും ജനുവരി 14 -ന് കോടതി തള്ളുന്നു. അതിനു പിന്നാലെ അന്നുതന്നെ, മുകേഷിന്റെ വക ഒരു ദയാ ഹർജി കൂടി കോടതിയിലെത്തുന്നു. അത് തള്ളുന്നത് ജനുവരി 17 -ന്. 'ദയാ ഹർജി തള്ളിയതിന് 14 ദിവസം കഴിഞ്ഞു മാത്രമേ വധശിക്ഷ നടപ്പിലാക്കാവൂ' എന്ന ഒരു വിധി നിലവിലുള്ളതു കൊണ്ട് , നേരത്തെ പുറപ്പെടുവിച്ച മരണവാറണ്ടു പ്രകാരമുള്ള ദിവസം വധശിക്ഷ നടപ്പിലാക്കാൻ നിയമപ്രകാരം കഴിയില്ല എന്ന് ഡൽഹി സർക്കാർ കോടതിയെ അറിയിച്ചു.

ജനുവരി 17ന് കോടതി വീണ്ടും അടുത്ത മരണവാറണ്ട് പുറപ്പെടുവിക്കുന്നു. ഇത്തവണ തീയതി ഫെബ്രുവരി 1 എന്നുറപ്പിക്കുന്നു. ജനുവരി 27 -ന് ദയാ ഹർജിയോട് ബന്ധപ്പെടുത്തി ഒരു റിട്ട് പെറ്റിഷൻ, മുകേഷിന്റെ അഭിഭാഷകൻ വഴി. ജനുവരി 29 -ന് അക്ഷയിന്റെ വക ഒരു ക്യൂറേറ്റിവ് പെറ്റിഷൻ. അന്നുതന്നെ വിനയിന്റെ പേരിൽ ഒരു ദയാ ഹർജിയും കൂടി ചെന്നപ്പോൾ കാര്യങ്ങൾ വീണ്ടും കുഴയുന്നു. ജനുവരി 31 -ന്, വധശിക്ഷ നടപ്പിലാക്കേണ്ടതിന്റെ തലേന്ന്, മരണവാറണ്ട് സ്റ്റേ ചെയ്യണം എന്നാവശ്യപ്പെട്ടുകൊണ്ട് ഒരു ഹർജിയും കോടതിക്ക് മുന്നിൽ എത്തുന്നു. കുറ്റവാളികൾക്ക് അനുകൂലമായ വിധി, ശിക്ഷ നടപ്പിലാക്കുന്നതിന് സ്റ്റേ. അന്നുതന്നെ അക്ഷയിന്റെ വക അടുത്ത ദയാ ഹർജിയും പുതുതായി കോടതിയിൽ ഫയൽ ചെയ്യപ്പെടുന്നു. അത് ഫെബ്രുവരി 1 -ന് കോടതി തള്ളുന്നു. അത് കോടതി ഫെബ്രുവരി 5 -ന് തള്ളുന്നു. ഫെബ്രുവരി 11 -ന് അടുത്ത ഹർജി, വിനയ് വക ദയാ ഹർജിയുമായി ബന്ധപ്പെട്ട ഒരു റിട്ട്. അത് ഫെബ്രുവരി 14 -ന് തള്ളപ്പെടുന്നു.

ഫെബ്രുവരി 17 -ന് കുറ്റവാളികൾക്കുള്ള മരണ സമയം വീണ്ടും മാറ്റിക്കുറിച്ചു. ഇത്തവണ തീയതി മാർച്ച് 3 ആയി നിശ്ചയിക്കപ്പെടുന്നു. ശിക്ഷ നടപ്പിലാക്കാൻ നാലു ദിവസം മാത്രം ശേഷിക്കെ, പവന്റെ വക അടുത്ത തടസ്സ ഹർജി ഫെബ്രുവരി 28 -ന് കോടതിയിലെത്തുന്നു. അത് മാർച്ച് 2 -ന് കോടതി തള്ളുന്നു. മാർച്ച് 2 -ന് പവന്റെ വക ദയ ഹർജി നിയമപരമായി അവശേഷിക്കുന്ന അവസാനത്തെ മാർഗ്ഗം, സമർപ്പിക്കപ്പെടുന്നു. മാർച്ച് നാലിന് അതും കോടതി തള്ളുന്നു.

അതോടെ നിയമത്തിന്റെ എല്ലാ പഴുതുകളും അടഞ്ഞു എന്നും, ഇത് അവസാനത്തെ മരണ വാറണ്ടാണ് എന്നും പറഞ്ഞുകൊണ്ട്, നാലാമത്തെ മരണവാറണ്ടും വരുന്നു, ഇത്തവണ ഏറ്റവും പുതിയ തീയതി, മാർച്ച് 20, വധശിക്ഷ നടപ്പിലാക്കാൻ വേണ്ടി തീരുമാനിക്കപ്പെടുന്നു. ഏറ്റവും ഒടുവിലായി മാർച്ച് 6 -ന് മുകേഷ് സിങ് എന്ന പ്രതി, തന്റെ നിയമപരിരക്ഷാമാർഗ്ഗങ്ങൾ ഒക്കെയും പുനഃസ്ഥാപിക്കണം എന്നാവശ്യപ്പെട്ടുകൊണ്ടുള്ള ഒരു ഹർജി പുതുതായി സമർപ്പിച്ചിട്ടുണ്ട്.

കേന്ദ്രവും, ഡൽഹി സർക്കാരും, കേസിലെ അമിക്കസ് ക്യൂറിയായി വൃന്ദാ ഗ്രോവറും ചേർന്ന് തന്നെ വഞ്ചിച്ചു എന്നാണ് കാരണമായി പ്രതി പറയുന്നത്. തന്റെ അറിവോ സമ്മതമോ കൂടാതെ, തന്നെ തെറ്റിദ്ധരിപ്പിച്ചുകൊണ്ട് ഏതൊക്കെയോ വക്കാലത്തുകളിൽ ഒപ്പിടീച്ച തന്റെ വക്കീലും അമിക്കസ് ക്യൂറിയും ചേർന്ന് തന്നെ വഞ്ചിച്ചു എന്നാണ് ഇപ്പോൾ മുകേഷ് തന്റെ അഭിഭാഷകൻ എം എൽ ശർമ്മ വഴി സമർപ്പിച്ച ഏറ്റവും പുതിയ ഹർജിയിൽ അവകാശപ്പെടുന്നത്. ഈ ഹർജിയിന്മേൽ കോടതി വിധി പറയാനിരിക്കുന്നതേയുള്ളൂ. 2012 ഡിസംബർ 16നാണു 23കാരിയായ മെഡിക്കൽ വിദ്യാർത്ഥിനിയെ ഓടുന്ന ബസ്സിൽ ആറുപേർ ചേർന്നു ക്രൂരമായി പീഡിപ്പിച്ചു റോഡിലേക്ക് എറിയുകയായിരുന്നു. ഗുരുതരമായി പരുക്കേറ്റ യുവതി ചികിൽസയ്ക്കിടെ സിംഗപ്പുരിലെ ആശുപത്രിയിൽ മരിച്ചു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP