Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Jan / 202124Sunday

അക്ഷയ് കുമാറും പവൻ ഗുപ്തയും അൽപം ബലം പ്രയോഗിച്ചു; ഇത് വകവയ്ക്കാതെ ജയിൽ അധികൃതർ ഇവരെ നിയന്ത്രിച്ചു; തന്നെ കൊല്ലരുതെന്നു വീണ്ടും അഭ്യർത്ഥിച്ച വിനയ്; കറുത്ത തുണി കൊണ്ട് മുഖം മറയ്ക്കുന്നതിന് തൊട്ടു മുൻപു ജയിൽ അധികൃതരോടു മാപ്പു പറഞ്ഞ മുകേഷ്; ആരാച്ചാർ ലിവർ വലിച്ച് പ്രതികളുടെ കാൽച്ചുവട്ടിലെ തട്ട് മാറ്റുമ്പോൾ സാക്ഷിയായി ഉണ്ടായിരുന്നത് അഞ്ചു പേരും; നിർഭയയ്ക്ക് നീതിയൊരുക്കിയ ലിവർ ആരാച്ചാർ പവൻ ജല്ലാദ് തട്ടിമാറ്റിയത് നാടകീയതകളിലൂടെ

അക്ഷയ് കുമാറും പവൻ ഗുപ്തയും അൽപം ബലം പ്രയോഗിച്ചു; ഇത് വകവയ്ക്കാതെ ജയിൽ അധികൃതർ ഇവരെ നിയന്ത്രിച്ചു; തന്നെ കൊല്ലരുതെന്നു വീണ്ടും അഭ്യർത്ഥിച്ച വിനയ്; കറുത്ത തുണി കൊണ്ട് മുഖം മറയ്ക്കുന്നതിന് തൊട്ടു മുൻപു ജയിൽ അധികൃതരോടു മാപ്പു പറഞ്ഞ മുകേഷ്; ആരാച്ചാർ ലിവർ വലിച്ച് പ്രതികളുടെ കാൽച്ചുവട്ടിലെ തട്ട് മാറ്റുമ്പോൾ സാക്ഷിയായി ഉണ്ടായിരുന്നത് അഞ്ചു പേരും; നിർഭയയ്ക്ക് നീതിയൊരുക്കിയ ലിവർ ആരാച്ചാർ പവൻ ജല്ലാദ് തട്ടിമാറ്റിയത് നാടകീയതകളിലൂടെ

മറുനാടൻ മലയാളി ബ്യൂറോ

ന്യൂഡൽഹി: നിർഭയ കേസിൽ നാല് പ്രതികളെ തൂക്കിലേറ്റിയതുമായി ബന്ധപ്പെട്ട് കൂടുതൽ വിവരങ്ങൾ പുറത്ത്. പുലർച്ചെ 4 മണിക്കാണ് ഹർജികൾ തള്ളിയെന്നും വധശിക്ഷ നടപ്പാക്കുകയാണെന്നും പ്രതികളെ അറിയിച്ചത്. പിന്നീട് പ്രതികളുടെ ആരോഗ്യനില തൃപ്തികരമാണെന്ന് ഡോക്ടർമാർ സാക്ഷ്യപ്പെടുത്തി. പ്രാർത്ഥനയ്ക്കുശേഷം പ്രതികളെ സെല്ലിൽ നിന്ന് പുറത്തിറക്കി കഴുമരത്തിലേക്ക് കൊണ്ടുപോയി. കഴുമരത്തിന് അടുത്ത് എത്തും മുമ്പ് കറുത്ത തുണി കൊണ്ട് പ്രതികളുടെ മുഖം മറച്ചു. കയറു കൊണ്ട് കൈകൾ പിന്നിലേക്ക് കെട്ടി. നാല് പ്രതികളുടെയും മരണവാറണ്ട് എക്സിക്യൂട്ടീവ് മജിസ്ട്രേട്ട് വായിച്ചു കേൾപ്പിച്ചു. പ്രതികളെ തൂക്കുകയറിന് താഴെ നിറുത്തി കാലുകൾ ബന്ധിച്ചു. പ്രതികളുടെ കഴുത്തിൽ തൂക്കുകയറിന്റെ കുരുക്കിട്ടു. മജിസ്ട്രേട്ടിന്റെ നിർദ്ദേശ പ്രകാരം ആരാച്ചാർ ലിവർ വലിച്ച് പ്രതികളുടെ കാൽച്ചുവട്ടിലെ തട്ട് മാറ്റി. പ്രതികൾ തൂക്കുകയറിൽ തൂങ്ങി. വധശിക്ഷ നടപ്പായി. നിർഭയയ്ക്ക നീതിയും കിട്ടി.

ജയിൽ സൂപ്രണ്ട്, ഡെപ്യൂട്ടി സൂപ്രണ്ട്, റെസിഡന്റ് മെഡിക്കൽ ഓഫീസർ, ജില്ലാ മജിസ്ട്രേറ്റ് എന്നിവരടക്കം അഞ്ചുപേർ മാത്രമാണ് തൂക്കിലേറ്റുന്നതിന് സാക്ഷികളായി ഉണ്ടായിരുന്നത്. തൂക്കിലേറ്റുന്നതിനു മുമ്പുള്ള രാത്രിയിൽ ഉറങ്ങാതെ മണിക്കൂറുകൾ തള്ളിനീക്കുകയായിരുന്നു നാലുപ്രതികളും. രാവിലെ 5.30-ന് ആരാച്ചാർ പവൻ ജല്ലാദ് ലിവർ വലിച്ചു. അരമണിക്കൂർ കയറിൽ തൂങ്ങിക്കിടന്ന മൃതദേഹങ്ങൾ താഴെയിറക്കിയശേഷം റെസിഡന്റ് ഡോക്ടർ പരിശോധിച്ച് മരണം ഉറപ്പാക്കി. തുടർന്ന് പോസ്റ്റ്മോർട്ടത്തിനായി ദീൻ ദയാൽ ഉപാധ്യായ ആശുപത്രിയിലേക്ക് മാറ്റി. പിന്നെ സംസ്‌കാരവും.

നിർഭയയ്ക്ക് നീതിയൊരുക്കാൻ പഴുതടച്ചാണ് ജയിൽ അധികൃതർ എല്ലാം ചെയ്തത്. അതുകൊണ്ട് തന്നെ സമയ ക്രമം പൂർണ്ണമായും പാലിക്കാനുമായി. കഴുമരത്തിലേക്കു നടത്തുമ്പോൾ അക്ഷയ് കുമാറും പവൻ ഗുപ്തയും അൽപം ബലം പ്രയോഗിച്ചു. ഇത് വകവയ്ക്കാതെ ജയിൽ അധികൃതർ ഇവരെ നിയന്ത്രിച്ചു. തന്നെ കൊല്ലരുതെന്നു വിനയ് വീണ്ടും അഭ്യർത്ഥിച്ചു. നേരത്തേ ശിക്ഷ റദ്ദാക്കിയില്ലെന്ന് അറിഞ്ഞ സമയത്തു ഇയാൾ തളർന്നു വീണിരുന്നു. മുകേഷ് നിശ്ശബ്ദനായിരുന്നു. ശിക്ഷ നടപ്പാക്കുന്നതിനു തൊട്ടു മുൻപു മുകേഷ് ജയിൽ അധികൃതരോടു മാപ്പു പറഞ്ഞു. ഇങ്ങനെ നാടകീയമായിരുന്നു വധ ശിക്ഷയ്ക്ക് മുമ്പുള്ള നിമിഷങ്ങൾ.

തിഹാറിലെ മൂന്നാംനമ്പർ ജയിലിൽ പ്രത്യേകം സെല്ലുകളിലായിരുന്നു അവരെ പാർപ്പിച്ചിരുന്നത്. വിധി നീട്ടിയെടുക്കാൻ ഹൈക്കോടതിയിലും സുപ്രീംകോടതിയിലും രാത്രി നടന്ന നിയമനടപടികളെക്കുറിച്ച് പ്രതികളെ യഥാസമയം ജയിൽ അധികൃതർ അറിയിച്ചിരുന്നു. അവസാനത്തെ ഹർജി അർധരാത്രി സുപ്രീംകോടതി തള്ളിയതോടെ 3.30-ന് ഇവരെ എഴുന്നേൽപ്പിച്ച് ശിക്ഷ നടപ്പാക്കാനുള്ള നടപടികളാരംഭിച്ചു. പിന്നെ എല്ലാം അതിവേഗം. കുളിച്ച്, വസ്ത്രം മാറാൻ അവസരം നൽകി. എന്നാൽ, നാലുപേരും ഇതിനു തയ്യാറായില്ല. പ്രഭാതഭക്ഷണവും കഴിച്ചില്ല. ഇതോടെ അധികൃതർ തുടർനടപടികളിലേക്ക് കടന്നു.

ജയിൽ ഡോക്ടർമാരെത്തി നാലുപേരുടെയും ആരോഗ്യപരിശോധന നടത്തി. തുടർന്ന് തൂക്കുമരത്തിലേക്ക്. തൂക്കുമരത്തിലേക്ക് പോവുന്നതിനു നിമിഷങ്ങൾക്കുമുമ്പ് 26-കാരനായ വിനയ് ശർമ കരയുകയും മാപ്പുചോദിക്കുകയും ചെയ്തതായി ജയിൽ അധികൃതർ പറഞ്ഞു. താൻ വരച്ച ചിത്രങ്ങൾ ജയിൽ സൂപ്രണ്ടിന് നൽകണമെന്നും തന്റെ പക്കലുള്ള ഹനുമാൻ മന്ത്രങ്ങൾ അടങ്ങിയ പുസ്തകം കുടുംബത്തിനു നൽകണമെന്നും ആഗ്രഹം പ്രകടിപ്പിക്കുകയും ചെയ്തു. തന്റെ അവയവങ്ങൾ ദാനം ചെയ്യണമെന്നായിരുന്നു 32-കാരനായ മുകേഷിന്റെ അവസാന ആഗ്രഹം. മറ്റു രണ്ടുപേരും ഒരു കാര്യവും ആവശ്യപ്പെട്ടില്ല.

വധശിക്ഷ നടപ്പാക്കുന്നതിന്റെ തലേന്നും ഒരു പകലും രാത്രി പുലരുവോളവും സുപ്രീംകോടതി വരെ നീണ്ട നിയമപോരാട്ടവും വിഫലമായതോടെ നിർഭയ കേസിലെ നാല് പ്രതികളെ തീഹാർ ജയിലിൽ തൂക്കിലേറ്റിയത്. ആരാച്ചാർ പവൻ ജല്ലാദാണ് വെള്ളിയാഴ്ച പുലർച്ചെ 5.30ന് പ്രതികളായ അക്ഷയ് ഠാക്കൂർ (31), പവൻ ഗുപ്ത (25), വിനയ് ശർമ്മ (26), മുകേഷ് സിങ് (32) എന്നിവരുടെ വധശിക്ഷ നടപ്പാക്കിയത്. 5.31ന് ജയിൽ അധികൃതർ ഇത് സ്ഥിരീകരിച്ചു. പിന്നാലെ, ജയിലിന് മുന്നിലെത്തിയവർ ആഹ്ലാദാരവങ്ങൾ മുഴക്കി. മരണം ഉറപ്പാക്കാൻ നാലു പേരുടേയും മൃതദേഹങ്ങൾ അര മണിക്കൂർ തൂക്കുകയറിൽ കിടന്നു. ആറു മണിയോടെ തൂക്കുകയർ അഴിച്ച് മൃതദേഹങ്ങൾ നിലത്ത് കിടത്തി. രാവിലെ 8.20ന് പോസ്റ്റ് മോർട്ടത്തിനായി ദീൻ ദയാൽ ഉപാദ്ധ്യായ ആശുപത്രിയിലേക്ക് മാറ്റി.പോസ്റ്റ്‌മോർട്ടത്തിന് ശേഷം മൃതദേഹങ്ങൾ ബന്ധുക്കൾക്ക് വിട്ടുകൊടുത്തു.

മുകേഷ് സിംഗിന്റെ മൃതദേഹം രാജസ്ഥാനിലേക്കും അക്ഷയ് ഠാക്കൂറിന്റെ മൃതദേഹം ബീഹാറിലെ ഔറംഗാബാദിലേക്കും പവൻ ഗുപ്ത, വിനയ് ശർമ്മ എന്നിവരുടെ മൃതദേഹങ്ങൾ ഡൽഹിയിലെ മുനീർക്കയ്ക്ക് സമീപമുള്ള രവിദാസ് കോളനിയിലേക്കും കൊണ്ടു പോയി.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP