Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Jul / 202127Tuesday

മല്യക്ക് പിന്നാലെ നീരവ് മോദിയും യുകെയിൽ ഉണ്ടെന്നു ബ്രിട്ടീഷ് പൊലീസ്; പതിനൊന്നായിരം കോടി രൂപയുമായി കടന്ന നീരവ് ഒളിച്ചിരിക്കുന്നത് ബർമിങാമിൽ എന്ന് സൂചന; സഹായം ഒരുക്കുന്നത് ബ്രിട്ടനിലെ ഇന്ത്യൻ വംശജരായ വജ്ര വ്യാപാരി സംഘവും; ഒന്നും ചെയ്യാനില്ലെന്നു ബ്രിട്ടീഷ് പൊലീസ്

മല്യക്ക് പിന്നാലെ നീരവ് മോദിയും യുകെയിൽ ഉണ്ടെന്നു ബ്രിട്ടീഷ് പൊലീസ്; പതിനൊന്നായിരം കോടി രൂപയുമായി കടന്ന നീരവ് ഒളിച്ചിരിക്കുന്നത് ബർമിങാമിൽ എന്ന് സൂചന; സഹായം ഒരുക്കുന്നത് ബ്രിട്ടനിലെ ഇന്ത്യൻ വംശജരായ വജ്ര വ്യാപാരി സംഘവും; ഒന്നും ചെയ്യാനില്ലെന്നു ബ്രിട്ടീഷ് പൊലീസ്

കെ ആർ ഷൈജുമോൻ

ലണ്ടൻ: ഇന്ത്യൻ രാഷ്ട്രീയവും ബിസിനസ് ലോകവും തമ്മിലുള്ള കൂട്ടിക്കൊടുപ്പിന്റെ ബാക്കി പത്രങ്ങളായ ലളിത് മോദിക്കും വിജയ് മല്യക്കും പിന്നാലെ പഞ്ചാബ് നാഷണൽ ബാങ്കിനെ കബളിപ്പിച്ച നീരവ് മോദിയും യുകെയിൽ ഉണ്ടെന്നതിനു സ്ഥിരീകരണമായി. പക്ഷെ എവിടെ? നീരവ് യുകെയിൽ ഉണ്ടെന്നു ഏറെ നാളത്തെ അഭ്യൂഹങ്ങൾക്ക് ശേഷം മാഞ്ചസ്റ്ററിലെ നാഷണൽ സെൻട്രൽ ബ്യൂറോ അറിയിച്ചതായി ഇന്ത്യൻ കേന്ദ്ര വിദേശ സഹമന്ത്രി വികെ സിങ് രാജ്യസഭയിൽ അറിയിച്ചതോടെ യുകെയിൽ എവിടെയാണ് നീരവ്, മല്യയെ പോലെ നീരവും അഭയാർത്ഥി വിസയുടെ സംരക്ഷണം തേടുമോ എന്നു തുടങ്ങി നൂറു കണക്കിന് ചോദ്യങ്ങളാണ് ഉയരുന്നത്.

എന്നാൽ തൽക്കാലം ഇന്ത്യയും ബ്രിട്ടനും മൗനത്തിലാണ്. മാധ്യമങ്ങൾ ഇക്കാര്യത്തിൽ ഉയർത്തുന്ന ഒരു ചോദ്യത്തിനും മറുപടിയില്ല. പ്ലേയ് ബോയ് ഇമേജ് ഉണ്ടായിരുന്ന വിജയ് മല്യയുടെ താരപരിവേഷം നീരവിന് ഇല്ലാത്തതിനാൽ അയാളുടെ തട്ടിപ്പും വെട്ടിപ്പും കാര്യമായി ചർച്ച പോലും ചെയ്യപ്പെടാതെ പോയ സാഹചര്യത്തിലാണ് പുതിയ വെളിപ്പെടുത്തലുകൾ. ഇതോടെ ബ്രിട്ടനിൽ എവിടെയാണ് നീരവ് ഒളിച്ചിരിക്കുന്നതെന്നു കണ്ടെത്താൻ മാധ്യമങ്ങളും കിണഞ്ഞു പരിശ്രമിക്കുകയാണ്.

എന്നാൽ മാധ്യമങ്ങളിലും മറ്റും താരപരിവേഷം കിട്ടിയിരുന്ന വിജയ് മല്യക്ക് ഒളിച്ചിരിക്കുക എന്നത് അസാധ്യം ആയിരുന്നതിനാൽ അയാളുടെ ഒളിയിടം നിഷ്പ്രയാസം കണ്ടെത്തിയതുപോലെ നിസ്സാരമല്ല നീരവിനെ കണ്ടെത്തുക എന്നത്. വാർത്തകളിൽ ഏറെക്കാലം നിറഞ്ഞു നിന്നെങ്കിലും ഇയാൾക്ക് ബ്രിട്ടൻ പോലെ ഒരു രാജ്യത്തു ഒളിവിൽ കഴിയാൻ വലിയ പ്രയാസം ഉണ്ടാകില്ലെന്നാണ് മാസങ്ങളായി പൊതുജന ശ്രദ്ധയിൽ പെടാതെ കഴിഞ്ഞതിലൂടെ തെളിയുന്നത്. എന്നാൽ കുശാഗ്ര ബുദ്ധിക്കാരനായ ഇയാൾ ഇന്ത്യക്കാർ ഏറെയുള്ള ഏതെങ്കിലും പട്ടണം കേന്ദ്രമാക്കിയാകും ബ്രിട്ടനിൽ കഴിയുന്നത് എന്നുറപ്പാണ്. ഇന്ത്യൻ ബിസിനസുകാരുടെ കേന്ദ്രമായ ബർമിങാമിൽ ഇയാൾ ഉണ്ടെന്നും ചില കേന്ദ്രങ്ങൾ സൂചന നൽകുന്നു.

അനവധി വജ്ര, സ്വർണ വ്യാപാര കേന്ദ്രങ്ങൾ ഉള്ള യുകെയിൽ നീരവിനെ പരോക്ഷമായും പ്രത്യക്ഷമായും സഹായിക്കാനും ഏറെ ആളുകൾ ഉണ്ടാകുമെന്നുറപ്പാണ്. ഇക്കാരണം കൊണ്ട് കൂടിയാകാം ഇയാൾ ഒളിച്ചിരിക്കാൻ യുകെ തന്നെ താവളമാക്കിയത് എന്നും കരുതപ്പെടുന്നു. മല്യയെ കണ്ടു കിട്ടാൻ ഇന്ത്യ പഠിച്ച പണി പതിനെട്ടും പയറ്റിയിട്ടും നടക്കാതെ പോയതും നീരവിനു ആവേശം പകർന്നിരിക്കണം. മല്യയെ പോലെ താനും പണം ഒന്നും കട്ടിട്ടില്ലെന്നും ഇന്ത്യ വിട്ടു എവിടെയും പോകില്ലെന്നും പറഞ്ഞ നീരവ് ഏറെക്കാലമായി നിശ്ശബ്ദനാണ്. സോഷ്യൽ മീഡിയ സാന്നിധ്യവും അവസാനിപ്പിച്ച് ഏറെക്കുറെ അധോലോക വാസത്തിലാണ്. ഈ അവസരത്തിലാണ് ഇയാൾ ബ്രിട്ടനിൽ തന്നെ ഉണ്ടെന്നു വിവരം കിട്ടിയതായി ഇന്ത്യ വെളിപ്പെടുത്തിയിരിക്കുന്നത്. ഇനി മല്യയ്‌ക്കൊപ്പം നീരാവിനു വേണ്ടിയും പരസ്യമായി ഇന്ത്യ ബ്രിട്ടനോടു പോരാടേണ്ടി വരും.

ലണ്ടനിലും വിൽപ്പന കേന്ദ്രങ്ങൾ ഉണ്ടായിരുന്ന നീരവിനു പണം കയ്യിൽ ഉള്ളപ്പോൾ നിയമത്തിന്റെ കണ്ണു വെട്ടിച്ചു ഒളിച്ചിരിക്കുക എന്നത് അത്ര പ്രയാസമുള്ള കാര്യവുമല്ല. സാമ്പത്തിക തട്ടിപ്പു പ്രതികളോട് ബ്രിട്ടൻ പൊതുവെ കാട്ടുന്ന ഉദാര സമീപനം മാത്രം മതിയാകും ഇതിനു നീരവിനെ സഹായിക്കാൻ. ഇന്ത്യയിലേക്ക് മടങ്ങുക എന്നതു നീരവിന്റെ വിദൂര സങ്കൽപം പോലും അല്ലാത്ത സാഹചര്യത്തിൽ ഇയാളെ വിട്ടുകിട്ടാൻ മല്യക്കു വേണ്ടി ശ്രമിച്ചതിന്റെ ഇരട്ടി ഊർജ്ജം ഇന്ത്യ ചെലവിട്ടാലും പ്രയോജനം കിട്ടണമെന്നില്ല. തട്ടിപ്പു പുറത്തു വന്നതിനു തൊട്ടു പിന്നാലെ ഇക്കഴിഞ്ഞ ഫെബ്രുവരിയിൽ തന്നെ നീരവ് ബ്രിട്ടനിൽ എത്തിയിരുന്നു. എന്നാൽ നീണ്ട പത്തു മാസത്തിനു ശേഷമാണു ഇക്കാര്യത്തിൽ സ്ഥിരീകരണം പോലും ഉണ്ടാകുന്നത്.

വൻ താര മൂല്യമുള്ള ഫാഷൻ സുന്ദരികളെ തന്നെ തന്റെ വിൽപ്പന ശാലകളുടെ ഉദ്ഘാടനത്തിനും പരസ്യത്തിനും ഉപയോഗിച്ചിരുന്ന നീരവ് ലോകമെങ്ങും സാമ്രാജ്യം പകർത്തുമ്പോൾ കൊള്ളയടിക്കപ്പെട്ടിരുന്നത് ഇന്ത്യയുടെ രണ്ടാമത്തെ വലിയ വായ്പ സ്രോതസായ പഞ്ചാബ് നാഷണൽ ബാങ്കാണ്. ലിസ ഹൈഡാനും റോസി ഹണ്ടിങ്ങ്ടൺ വൈറ്റ്‌ലിയും ഒക്കെ നീരാവിന്റെ വജ്ര പരസ്യങ്ങൾക്ക് മേനി കാട്ടി എത്തിയപ്പോൾ പണം കാട്ടി വിലയ്ക്കെടുത്ത അധികാരത്തിന്റെ സംരക്ഷണ തണലിലാണ് നീരവ് വ്യാജ സാമ്രാജ്യം സൃഷ്ടിച്ചത്. തന്റെ വജ്രങ്ങളും തന്നെ പോലെ വിലയേറിയതാണ് എന്ന് വിശ്വസിച്ചിരുന്ന നീരവ് താരമൂല്യത്തിലും മുന്നിൽ നിൽക്കുന്ന ടൈറ്റാനിക് നായികാ കെയ്റ്റ് വിൻസ്ലെറ്, നവോമി വാട്‌സ്, പ്രിയങ്ക ചോപ്ര തുടങ്ങിയവരെ ഒക്കെയാണ് ഉപയോക്താക്കളായി കണ്ടെത്തിയിരുന്നത്.

വെറും 47 വയസ്സിനകം രാജ്യം കണ്ടതിൽ ഏറ്റവും വലിയ സാമ്പത്തിക തട്ടിപ്പുകളിൽ ഒന്നും സ്വന്തം പേരിൽ കുറിച്ചിടാൻ കഴിഞ്ഞ നീരവിനെ അത്ര നിസാരമായി കയ്യിൽ കിട്ടുമെന്ന് ഇന്ത്യൻ അധികൃതരും കരുതുന്നില്ല. അതിനാൽ തന്നെ പതിവ് പോലെ ഇയാളെ എത്രയും പെട്ടെന്നു വിട്ടു നൽകണം എന്നു ബ്രിട്ടനോട് അഭ്യർത്ഥിക്കാൻ മാത്രമേ ഇന്ത്യക്കു കഴിയുന്നുള്ളൂ. ഇന്ത്യയിൽ നിന്നും വെട്ടിച്ചെടുത്ത പണത്തിന്റെ സിംഹ ഭാഗവും ഇയാൾ വിദേശത്തു നിക്ഷേപിച്ചിരിക്കുന്നതിനാൽ സുരക്ഷിതമായ ഒളിയിടം പോലും സ്വന്തമാക്കിയാണ് തട്ടിപ്പു വികസിപ്പിച്ചത് എന്നു വ്യക്തം. തന്നെ നിസാരക്കാരനായി കാണേണ്ട എന്ന് തന്നെയാണ് തട്ടിപ്പു വെളിയിലായ ശേഷം നീരവിന്റെ നീക്കങ്ങളിൽ നിന്നും വ്യക്തമാകുന്നതും. നീരവ് മുങ്ങി ആറു മാസത്തിനു ശേഷം 192 രാജ്യങ്ങളിൽ ഇന്റർപോൾ നൽകിയ റെഡ് ലുക്ക് നോട്ടീസും നോക്കിയാണ് ബ്രിട്ടനിൽ നിന്നും ഇയാൾ തന്റെ സാമ്രാജ്യം ഇപ്പോഴും നിയന്ത്രിക്കുന്നത്.

നീരവിനെ കണ്ടെത്തിയാൽ അറിയിക്കണമെന്ന് ഇന്ത്യ അമേരിക്കയും ബ്രിട്ടനും ഫ്രാൻസും സിംഗപ്പൂരും അടക്കം ആറു രാജ്യങ്ങളോട് കത്തെഴുതി അഭ്യർത്ഥിച്ചിരുന്നെങ്കിലും ബ്രിട്ടൻ മാത്രമാണ് പ്രതികരിച്ചത്. കഴിഞ്ഞ മാർച്ച് 31നു നീരവിനെ യുകെയിൽ കണ്ടെത്തിയിരുന്നു എന്ന് മാത്രമാണ് അന്ന് യുകെ വെളിപ്പെടുത്തിയത്. ഇയാൾ ബ്രിട്ടനിൽ ഒളിച്ചു കഴിയുകയാണ് എന്ന കാര്യം സ്ഥിരീകരിക്കാൻ ബ്രിട്ടൻ തയ്യാറായിരുന്നില്ല. സുഹൃത്തുക്കളും ബന്ധുക്കളുമായി അനേകം പേർ നീരവിനു ബർമിങാമിൽ ഉള്ളതിനാൽ ഇവരോടൊപ്പം കഴിയുക എന്നത് ഒരു പ്രശ്‌നവുമല്ല എന്നപ ബർമിങാമിലെ ഇന്ത്യൻ കോൺസുലേറ്റ് ഓഫിസും ഇന്ത്യയെ അറിയിച്ചിട്ടുണ്ട്. ഇയാളെ പലവട്ടം ബർമിങാമിൽ കണ്ടിരുന്നതായി കോൺസുലേറ്റ് ജീവനക്കാർക്കും വിവരം കിട്ടിയിരുന്നു. ഇക്കാര്യം കോൺസുലേറ്റ് യഥാസമയം ഇന്ത്യയെ അറിയിക്കുകയും ചെയ്തിട്ടുണ്ട്. എന്നിട്ടും ഇയാളുടെ സാന്നിധ്യം ബ്രിട്ടനെക്കൊണ്ട് സ്ഥിരീകരിപ്പിക്കാൻ ഇന്ത്യക്കു പത്തു മാസം വേണ്ടി വന്നു എന്നതാണ് സത്യം.

നീരവ് ബർമിങാമിൽ എവിടെയോ ഉണ്ടെന്നു ഇന്ത്യൻ കോൺസുലേറ്റ് ഓഫിസ് ഇവിടുത്തെ പൊലീസ് യൂണിറ്റായ വെസ്റ്റ് മിഡ്‌ലാന്റ്‌സ് പൊലീസിനെ അറിയിച്ചിട്ടുമുണ്ട്. എന്നാൽ നീരവ് റെഡ് ലുക്ക് നോട്ടീസിൽ ഉള്ള ആളാണെന്നു തങ്ങൾക്കറിയാമെന്നും ഈ ഘട്ടത്തിൽ കൂടുതലായി ഒന്നും പറയാൻ ഇല്ലെന്നുമാണ് പൊലീസ് കോൺസുലേറ്റ് ഓഫീസിനെ അറിയിച്ചത്. സ്വന്തം ബ്രാൻഡ് നിർമ്മിച്ച് 2010ൽ വ്യാപാരം വികസിപ്പിച്ച നീരവ് പഞ്ചാബ് ബാങ്കിന്റെ പണം നിർലോഭം കയ്യിൽ എത്തിയതോടെയാണ് നിസാര സമയത്തിനുള്ളിൽ ലോക നഗരങ്ങളിൽ സാമ്രാജ്യം വികസിപ്പിച്ചത്.

ലോകത്തെ പ്രമുഖ രത്‌ന ലേല കേന്ദ്രങ്ങളിൽ നീരവിന്റെ ബ്രാൻഡ് ദശലക്ഷക്കണക്കിനു രൂപയ്ക്കു ലേലം ചെയ്തു പോയി തുടങ്ങിയതോടെയാണ് ഇയാളുടെ രത്‌നങ്ങൾക്കു താരസുന്ദരികളും മറ്റും കൊതിയോടെ കണ്ണു വച്ചു തുടങ്ങിയത്. എന്നാൽ കുശാഗ്ര ബുദ്ധിയായ നീരവാകട്ടെ കണ്ണ് വച്ചതു ഇന്ത്യയിലെ സാധാരണക്കാരായ ജനങ്ങളുടെ നികുതി പണത്തിലും. ഇന്ത്യൻ നിയമ വ്യവസ്ഥയുടെ മുന്നിൽ താൻ പിടിക്കപ്പെടുക എന്നതു പോലും എളുപ്പമല്ലെന്ന് മനസിലാക്കിയ നീരവ് ശിക്ഷിക്കപ്പെടുന്നത് ഒന്നും സ്വപ്നത്തിൽ പോലും സങ്കൽപ്പിച്ചിരിക്കാനും സാധ്യതയില്ല. അനേകായിരം കോടിയുടെ തട്ടിപ്പു ലോകം അറിഞ്ഞിട്ടും താൻ എവിടെയാണ് എന്നു പോലും പറയാൻ കഴിയാത്ത ഇന്ത്യയുടെ നിസ്സഹായത തന്നെയാണ് ഇത്ര വലിയ തട്ടിപ്പിന് അയാളെ പ്രാപ്തനാക്കിയതും.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP