Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

നീരവ് മോദിയുടെ പണത്തിനും പ്രതാപത്തിനും മുന്നിൽ കുലുങ്ങാതെ ബ്രിട്ടീഷ് നീതിന്യായ വ്യവസ്ഥ; ഇന്ത്യയിലേക്കയച്ചാൽ ആത്മഹത്യ ചെയ്യുമെന്ന ഭീഷണിയും വിലപ്പോയില്ല; കോടികളുടെ തട്ടിപ്പു നടത്തി ലണ്ടനിലേക്ക് വണ്ടി കയറിയ വജ്രവ്യാപാരിക്ക് കെണിയൊരുക്കിയത് മാധ്യമങ്ങളും

നീരവ് മോദിയുടെ പണത്തിനും പ്രതാപത്തിനും മുന്നിൽ കുലുങ്ങാതെ ബ്രിട്ടീഷ് നീതിന്യായ വ്യവസ്ഥ; ഇന്ത്യയിലേക്കയച്ചാൽ ആത്മഹത്യ ചെയ്യുമെന്ന ഭീഷണിയും വിലപ്പോയില്ല; കോടികളുടെ തട്ടിപ്പു നടത്തി ലണ്ടനിലേക്ക് വണ്ടി കയറിയ വജ്രവ്യാപാരിക്ക് കെണിയൊരുക്കിയത് മാധ്യമങ്ങളും

മറുനാടൻ മലയാളി ബ്യൂറോ

ലണ്ടൻ: കഴിഞ്ഞ പതിനൊന്ന് മാസമായി കുറ്റവാളികളെ കൊണ്ട് കുപ്രസിദ്ധമായ തെക്കുപടിഞ്ഞാറൻ ലണ്ടനിലെ വാൻഡ്സ്‌വർത് ജയിലിൽ കിടന്ന് ഇന്ത്യൻ വജ്രവ്യാപാരി നീരവ് മോദി നിയമപോരാട്ടം നടത്തിയതത്രയും തന്നെ ഇന്ത്യക്ക് കൈമാറരുതെന്ന ആവശ്യത്തിനായിരുന്നു. ഇന്ത്യക്ക് കൈമാറിയാൽ താൻ തൂങ്ങിമരിക്കും എന്നുവരെ ഈ സമ്പന്നനായ തട്ടിപ്പുകാരൻ വെസ്റ്റ് മിൻസ്റ്റർ മജിസ്‌ട്രേറ്റ്‌സ് കോടതിയിൽ പറഞ്ഞിരുന്നു. ജാമ്യത്തിനായി വൻ തുക കെട്ടിവെക്കാമെന്ന അപേക്ഷയും ബ്രിട്ടീഷ് കോടതി തള്ളിയിരുന്നു. ഇതിനെല്ലാം പിന്നാലെയാണ് ഇന്നലെ നീരവിന്റെ പ്രതീക്ഷകളെ തകിടം മറിച്ച് ഇന്ത്യയ്ക്കു കൈമാറാനുള്ള സുപ്രധാന വിധി കോടതി പുറപ്പെടുവിച്ചത്. ഇതിനിടെ നിരവധി തവണ നീരവ് സഹതടവുകാരുടെ ആക്രമണത്തിന് ഇരയായിട്ടുണ്ടെന്നും നീരവിന്റെ അഭിഭാഷകൻ വെളിപ്പെടുത്തിയിരുന്നു.

ഇന്ത്യയിലേക്ക് നാടുകടത്തിയാൽ തനിക്ക് നീതിയുക്തമായ വിചാരണപോലും ലഭിക്കുകയില്ലെന്നു പറഞ്ഞ നീരവ്, അതിനുമുമ്പ് താൻ ജീവനൊടുക്കുമെന്നും കോടതിയിൽ വ്യക്തമാക്കിയിരുന്നു. നാല് ദശലക്ഷം പൗണ്ടിന്റെ ജാമ്യാപേക്ഷയാണ് അഭിഭാഷകൻ മുഖേന നീരവ് മുന്നോട്ടുവെച്ചത്. എന്നാൽ, ജാമ്യം ലഭിക്കുകയാണെങ്കിൽ നീരവ് രാജ്യം വിടാനുള്ള സാധ്യതയുണ്ടെന്ന് താൻ ആശങ്കപ്പെടുന്നതായി വ്യക്തമാക്കിയ ജഡ്ജി എമ്മ ആർബത്ത്‌നോട്ട്, ജാമ്യാപേക്ഷ നിരസിക്കുകയായിരുന്നു. സാക്ഷികളെ സ്വാധീനിച്ച് തെളിവുകൾ നശിപ്പിക്കാനുള്ള സാധ്യതയും കോടതി ചൂണ്ടിക്കാട്ടി.

നാല് ദശലക്ഷം പൗണ്ട് ജാമ്യത്തിനുപുറമെ, ഭീകരവാദികളെന്ന് കുറ്റാരോപിതരായവരെ വീട്ടുതടങ്കലിൽ പാർപ്പിക്കുന്ന കർശന വ്യവസ്ഥകളും പാലിക്കാമെന്ന് നീരവിന്റെ അഭിഭാഷകൻ വാഗ്ദാനം ചെയ്തിരുന്നു. സന്ദർശകർക്ക് നിയന്ത്രണമേർപ്പെടുത്താമെന്നും 24 മണിക്കൂറും ക്യാമറ നിരീക്ഷണത്തിൽ കഴിയാമെന്നും ഫോൺ, ഇന്റർനെററ് തുടങ്ങിയവയെല്ലാം നിയന്ത്രിക്കാമെന്നും നീരവിന്റെ അഭിഭാഷകൻ വ്യക്തമാക്കിയെങ്കിലും കോടതി അംഗീകരിച്ചില്ല. നീരവിന് വിഷാദരോഗമാണെന്ന തരത്തിൽ ഇന്ത്യൻ മാധ്യമങ്ങൾക്ക് വാർത്ത ചോർത്തി നൽകിയതിലെ ആശങ്ക വ്യക്തമാക്കുക കൂടി ചെയ്തുകൊണ്ടാണ് ജഡ്ജി ജാമ്യം നിഷേധിച്ചത്.

ഇഡിയും സിബിഐയും ഫയൽ ചെയ്ത 2 പ്രധാന കേസുകളാണ് നീരവിനു നേരിടേണ്ടി വന്നത്. നീരവും അമ്മാവൻ മെഹുൽ ചോക്സിയും ചേർന്ന് 14,000 കോടിയുടെ തട്ടിപ്പാണ് പഞ്ചാബ് നാഷനൽ ബാങ്ക് വഴി നടത്തിയത്. തട്ടിപ്പിലൂടെ സമ്പാദിച്ച പണം സഹോദരി പൂർവി മോദിയുടെ അക്കൗണ്ടിലൂടെ കടത്തിയെന്നാണ് ഇഡി ആരോപിക്കുന്നത്. വൻകിട ബിസിനസുകാർക്കു ബാങ്ക് ഗാരന്റിയുടെ അടിസ്ഥാനത്തിൽ കോടികളുടെ ഇടപാടിനു സൗകര്യമൊരുക്കുന്ന ബയേഴ്സ് ക്രെഡിറ്റ് രേഖകൾ ഉപയോഗിച്ചാണ് നീരവ് വിദേശത്തു തട്ടിപ്പുകൾ നടത്തിയത്. പിഎൻബിയുടെ ഉറപ്പിന്റെ പിൻബലത്തിൽ വിദേശബാങ്കുകളിൽ നിന്ന് ഇയാൾ വൻ തോതിൽ പണം പിൻവലിച്ചു.

കഴിഞ്ഞ വർഷം ജനുവരി ഒന്നിനാണ് നീര വ് മോദി രാജ്യം വിട്ടത്. ജനുവരി 29നാണ് നീരവിനെതിരെയുള്ള 280 കോടിയുടെ തട്ടിപ്പിന്റെ പരാതി പിഎൻബി സിബിഐയ്ക്കു നൽകുന്നത്. 31ന് എഫ്‌ഐആർ രജിസ്റ്റർ ചെയ്തു. ലുക്ക്ഔട്ട് നോട്ടിസും പുറത്തിറക്കി. തട്ടിപ്പിൽ ഉൾപ്പെട്ടിട്ടുള്ള നീരവിന്റെ സഹോദരൻ വിശാലും ജനുവരി ഒന്നിന് രാജ്യം വിട്ടു.അമേരിക്കൻ പൗരത്വമുള്ള ഭാര്യ ആമിയും ബിസിനസ് പങ്കാളിയും അമ്മാവനുമായ മെഹുൽ ചിന്നുഭായ് ചോക്‌സിയും ജനുവരി ആറിനു രാജ്യം വിട്ടു. നാലു പേർക്കെതിരെയും ലുക്കൗട്ട് നോട്ടിസ് രാജ്യത്തെ എല്ലാ വിമാനത്താവളങ്ങളിലേക്കും ഉൾപ്പെടെ അയച്ചിരുന്നു.

തട്ടിപ്പുകാരന്റെ യഥാർഥ ചിത്രം പുറത്തുകൊണ്ടുവന്നത് ‘ടെലിഗ്രാഫ്’

ഇന്ത്യയിൽ നിന്ന് കോടികളുടെ തട്ടിപ്പു നടത്തിയിട്ടും കുലുക്കമില്ലാത്ത ആഡംബര ജീവിതമായിരുന്നു നീരവിന്റേത്. നീരവ് ലണ്ടനിലുണ്ടെന്ന് യുകെ സർക്കാർ സ്ഥിരീകരിച്ചെങ്കിലും തട്ടിപ്പുകാരന്റെ യഥാർഥ ചിത്രം പുറത്തുകൊണ്ടുവന്നത് ‘ടെലിഗ്രാഫ്’ പത്രമായിരുന്നു.

മുംബൈയിൽ കടൽത്തീരം കൈയേറി നീരവ് അനധികൃതമായി നിർമ്മിച്ച 100 കോടി രൂപ വിലവരുന്ന ഫ്‌ളാറ്റ് റവന്യൂ ഉദ്യോഗസ്ഥർ ഡയനമൈറ്റ് വച്ച് തകർത്തിരുന്നു. അതിന് പിന്നാലെയാണ് ലണ്ടനിലെ ആഡംബരങ്ങളുടെ വിവരങ്ങൾ പുരത്തു വന്നത്. ലണ്ടനിൽ 72 കോടി രൂപയുടെ പുതിയ ആഡംബര വില്ല പണിയുകയാണ് ഈ പിടികിട്ടാപ്പുള്ളി എന്നായിരുന്നു പുറത്ത് വന്ന റിപ്പോർട്ട്. മാസം 10 ലക്ഷം രൂപ വാടകയുള്ള മൂന്ന് ബെഡ്റൂം ഫ്‌ളാറ്റിലാണ് താമസം. വീഡിയോയിൽ നീരവ് ധരിച്ചിരിക്കുന്ന കോട്ടിനും പത്ത് ലക്ഷത്തോളം രൂപ വിലയുണ്ട്. ലണ്ടനിലെ സോഹോയിൽ പുതിയ വജ്ര വ്യാപാരം ആരംഭിച്ചിട്ടുണ്ട്. വീട്ടിൽ നിന്ന് ഓഫീസിലേക്ക് എല്ലാ ദിവസവും ഇയാൾ വളർത്തുനായയോടൊപ്പം നടക്കാറുണ്ട്.

പണക്കാരായ വിദേശികൾക്ക് സഹായങ്ങൾ നൽകുന്ന പ്രമുഖ ബിസിനസ് ഉപദേശക സ്ഥാപനവുമായി നീരവിന് ഇടപാടുണ്ട്. ബ്രിട്ടനിലെ പെൻഷൻ മന്ത്രാലയത്തിൽ നിന്ന് ഇയാൾക്ക് ഇൻഷ്വറൻസ് നമ്പർ അനുവദിച്ചതായും ഓൺലൈൻ ബാങ്ക് അക്കൗണ്ടുകൾ ഉപയോഗിക്കാനുള്ള അനുമതി ഉണ്ടെന്നും ടെലഗ്രാഫ് റിപ്പോർട്ട് ചെയ്തു. പി.എൻ.ബി തട്ടിപ്പും ബ്രിട്ടനിൽ അഭയം തേടിയതുമുൾപ്പെടെ നീരവിനോട് ടെലഗ്രാഫ് ലേഖകൻ ചോദ്യങ്ങൾ ചോദിക്കുന്നതിന്റെ ദൃശ്യങ്ങളാണ് പുറത്തുവന്നത്. ചോദ്യങ്ങൾക്കെല്ലാം പ്രതികരിക്കുന്നില്ലെന്നായിരുന്നു മോദിയുടെ മറുപടി.

നീരവ് മോദിയുടെ പണത്തിനും പ്രതാപത്തിനും വിലയ്ക്കെടുക്കാനാകാത്ത നീതിന്യായ വ്യവസ്ഥ

ലണ്ടനിലെ ജയിലിൽ കഴിയുന്ന രത്‌നവ്യാപാരി നീരവ് മോദിയെ ഇന്ത്യയ്ക്ക് കൈമാറാൻ ഇന്നലെയാണ് ലണ്ടൻ കോടതി ഉത്തരവിട്ടത്. ലണ്ടനിലെ വെസ്റ്റ് മിനിസ്റ്റർ മജിസ്ട്രേറ്റ് കോടതിയിൽ കേസ് പരിഗണിച്ച ജില്ലാ ജഡ്ജി സാമുവേൽ ഗൂസ്, നീരവിനെതിരെ ഇന്ത്യ ഹാജരാക്കിയ തെളിവുകൾ സ്വീകാര്യമാണെന്നു വ്യക്തമാക്കി. കൊവിഡിന്റെ പശ്ചാത്തലത്തിൽ ഇന്ത്യൻ ജയിലിൽ തന്റെ മാനസിക ആരോഗ്യം വഷളാകുമെന്ന മോദിയുടെ വാദങ്ങൾ തള്ളികൊണ്ടാണ് ഉത്തരവ്. മാനുഷിക പരിഗണനകൾ പാലിച്ചുകൊണ്ടുതന്നെയാണ് നീരവ് മോദിയെ ഇന്ത്യയ്ക്ക് കൈമാറുന്നതെന്ന് ജഡ്ജി സാമുവൽ ഗൂസ് നിരീക്ഷിച്ചു.

പഞ്ചാബ് നാഷണൽ ബാങ്കിൽ നിന്ന് 14000 കോടി രൂപ തട്ടിച്ച കേസിലാണ് നീരവ് മോദി ഇന്ത്യവിട്ട് ലണ്ടനിൽ അഭയം പ്രാപിച്ചത്. അന്നുമുതൽ ഇയാളെ തിരികെ എത്തിക്കാൻ കേന്ദ്രസർക്കാർ നിയമയുദ്ധത്തിലായിരുന്നു. നീരവ് മോദി ഇന്ത്യയിൽ തന്നെ നിയമനടപടി നേരിടുന്നത് കൂടുതൽ നല്ലതായിരിക്കുമെന്ന് ലണ്ടൻ കോടതി വിലയിരുത്തി.

'നീരവ് മോദി കുറ്റവാളിയാണ് എന്നതിനു ധാരാളം തെളിവുണ്ട്. ആ തെളിവുകളിൽ ഞാൻ സംതൃപ്തനാണ്. നാടു കടത്തിയാൽ നീരവിനു നീതി കിട്ടില്ലെന്നതിനു തെളിവൊന്നുമില്ല. നീരവ് നേരിട്ടാണു വായ്പാത്തട്ടിപ്പ് നടത്തിയത്. ഇദ്ദേഹത്തിന്റെ കമ്പനികളിൽ വ്യാജ പങ്കാളികളാണ് ഉള്ളതെന്നതു സിബിഐ അന്വേഷിക്കുകയാണ്. നീരവ് നടത്തുന്ന നിഴൽ കമ്പനികളാണിത്. ന്യായമായ ഇടപാടുകൾ നടന്നതായി കാണുന്നില്ല. പ്രഥമദൃഷ്ട്യാ സാമ്പത്തിക ക്രമക്കേട് നടന്നതായി കാണാനാകും'- ജഡ്ജി അഭിപ്രായപ്പെട്ടു. മുംബൈയിലെ ജയിലിലെ സൗകര്യങ്ങൾ പര്യാപ്തമാണെന്നും കോടതി പറഞ്ഞു.

നീരവിനെതിരായി ഇന്ത്യ 16 വാല്യം തെളിവ് ഹാജരാക്കിയെന്നും കോടതി ചൂണ്ടിക്കാട്ടി. രണ്ടു വർഷത്തേളം നീണ്ട നിയമപോരാട്ടം ഇതോടെ അവസാനിക്കുമെന്നാണു കരുതുന്നത്. കോടതിയുടെ റൂളിങ് യുകെ ആഭ്യന്തര സെക്രട്ടറി പ്രീതി പട്ടേലിന് അയച്ചു കൊടുക്കും. ഹൈക്കോടതിയിൽ അപ്പീൽ പോകുന്നത് അടക്കമുള്ള കാര്യങ്ങൾ പരിഗണിച്ചായിരിക്കും അന്തിമ തീരുമാനമെന്നാണു റിപ്പോർട്ട്. വാൻഡ്‌സ്‌വർത്ത് ജയിലിൽനിന്ന് വിഡിയോ കോൺഫറൻസ് വഴിയാണു നീരവ് കോടതി നടപടികളിൽ പങ്കെടുത്തത്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP