Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202429Friday

ആശുപത്രിയിൽ നിന്ന് മുങ്ങി വീട്ടിലെത്തിയത് ഓട്ടോയിൽ; വീട്ടിൽ കയറാതെ കറങ്ങി നടന്ന ഗൾഫുകാരനെ വിരട്ടി വീട്ടിൽ കയറ്റി നാട്ടുകാർ; പൊലീസ് എത്തിയിട്ടും ജനാല പോലും തുറന്നില്ല; ബന്ധു വീട്ടിൽ ഉള്ള ഭാര്യയും മകളുമെത്തിയപ്പോൾ കതകു തുറന്ന് പുറത്തെത്തി; ആശുപത്രി യാത്രയ്ക്ക് ആംബുലിൻസിൽ കയറണമെങ്കിൽ കുടുംബവും ഒപ്പം വരണമെന്ന പിടിവാശി; ഒടുവിൽ ഭാര്യയേയും മകളേയും വണ്ടിയിൽ അനുനയത്തിലൂടെ കയറ്റി എല്ലാം ശാന്തമാക്കി; നിരണത്തെ പ്രവാസി വീണ്ടും ക്വാറന്റീൻ കേന്ദ്രത്തിലെത്തുമ്പോൾ

ആശുപത്രിയിൽ നിന്ന് മുങ്ങി വീട്ടിലെത്തിയത് ഓട്ടോയിൽ; വീട്ടിൽ കയറാതെ കറങ്ങി നടന്ന ഗൾഫുകാരനെ വിരട്ടി വീട്ടിൽ കയറ്റി നാട്ടുകാർ; പൊലീസ് എത്തിയിട്ടും ജനാല പോലും തുറന്നില്ല; ബന്ധു വീട്ടിൽ ഉള്ള ഭാര്യയും മകളുമെത്തിയപ്പോൾ കതകു തുറന്ന് പുറത്തെത്തി; ആശുപത്രി യാത്രയ്ക്ക് ആംബുലിൻസിൽ കയറണമെങ്കിൽ കുടുംബവും ഒപ്പം വരണമെന്ന പിടിവാശി; ഒടുവിൽ ഭാര്യയേയും മകളേയും വണ്ടിയിൽ അനുനയത്തിലൂടെ കയറ്റി എല്ലാം ശാന്തമാക്കി; നിരണത്തെ പ്രവാസി വീണ്ടും ക്വാറന്റീൻ കേന്ദ്രത്തിലെത്തുമ്പോൾ

എസ് രാജീവ്‌

തിരുവല്ല : ജില്ലാ ആശുപത്രിയിൽ നിരീക്ഷണത്തിലിരിക്കെ ജീവനക്കാരുടെ കണ്ണുവെട്ടിച്ച് ആശുപത്രിയിൽ നിന്നും മുങ്ങി നാട്ടിൽ തിരിച്ചെത്തിയ നിരണം സ്വദേശിയായ യുവാവിനെ ആരോഗ്യ വിഭാഗവും പൊലീസും ചേർന്ന് ഏറെ പണിപ്പെട്ട് വീണ്ടും ആശുപത്രി നിരീക്ഷണത്തിലാക്കി. ആശുപത്രിയിലേക്ക് പോകാൻ ആംബുലൻസിൽ കയറണമെങ്കിൽ ഭാര്യയും മകളും കൂടി തനിക്കൊപ്പം വരണമെന്ന് യുവാവ് വാശി പിടിച്ചതിനെ തുടർന്ന് കുടുംബത്തെയും യുവാവിനൊപ്പം ജില്ലാ ആശുപത്രിയിലെ നിരീക്ഷണ കേന്ദ്രത്തിലേക്ക് മാറ്റി.

ഇതോടെ കോവിഡ് ഭീതിയുടെ മുൾമുനയിൽ മണിക്കൂറുകൾ തള്ളിനീക്കിയ നാട്ടുകാരും ജനപ്രതിനിധികളും ആരോഗ്യ പ്രവർത്തകരും ആശ്വാസ തീരമണഞ്ഞു. ആരോഗ്യ വിഭാഗം പ്രവർത്തകരും പൊലീസും ജന പ്രതിനിധികളും രണ്ട് മണിക്കൂറിലേറെ നേരം കിണഞ്ഞു പരിശ്രമിച്ചതിനെ തുടർന്നാണ് നിരണത്തെ യുവാവിനേയും കുടുംബത്തേയും ഉച്ചയ്ക്ക് ഒരു മണിയോടെ ജില്ലാ ആശുപത്രിയിലെ ക്വാറന്റീൻ കേന്ദ്രത്തിലെത്തിക്കാൻ കഴിഞ്ഞത്.

അഞ്ച് ദിവസം മുമ്പ് ദുബൈയിൽ നിന്നും മടങ്ങിയെത്തിയ യുവാവ് ഗാർഹിക നിരീക്ഷണത്തിൽ കഴിയവേ ക്വാറന്റിൻ ലംഘിച്ചതിനെ തുടർന്ന് ബുധനാഴ്ച രാത്രി 10 മണിയോടെ ആരോഗ്യ വിഭാഗത്തിന്റെ നേതൃത്വത്തിൽ കോവിഡ് ബാധ സംശയിക്കുന്ന യുവാവിനെ ജില്ലാ ആശുപത്രിയിലെ നിരീക്ഷണ കേന്ദ്രത്തിലേക്ക് മാറ്റുകയായിരുന്നു. അധികൃതരുടെ കണ്ണുവെട്ടിച്ച് ആശുപത്രിയിൽ നിന്നും മുങ്ങിയ യുവാവ് ഇന്ന് രാവിലെ 8 മണിയോടെ ഓട്ടോറിക്ഷയിൽ നാട്ടിൽ തിരികെയെത്തി. ഇതോടെയാണ് നിരണം ആശങ്കയിലായത്.

മടങ്ങിയെത്തിയ യുവാവ്് വീട്ടിൽ കയറാതെ റോഡിൽ കറങ്ങി നടന്നതാണ് നാട്ടുകാർക്കിടയിൽ ഭീതി ജനിപ്പിച്ചത്. തുടർന്ന് നാട്ടുകാർ ചേർന്ന് 11 മണിയോടെ വിരട്ടി വീട്ടിൽ കയറ്റുകയായിരുന്നു. യുവാവ് തിരികെയെത്തിയതറിഞ്ഞ് രാവിലെ തന്നെ ഭാര്യയും മകളും തൊട്ടടുത്തുള്ള ബന്ധുവീട്ടിലേക്ക് മാറിയിരുന്നു. വീട്ടിൽ തിരികെ കയറിയ യുവാവ് വാതിലും ജനാലകളുമടച്ച് വീട്ടിനുള്ളിൽ ഇരിപ്പായി. ഇതിനിടെ സംഭവമറിഞ്ഞെത്തിയ പൊലീസും ആരോഗ്യ പ്രവർത്തകരും പല തരത്തിൽ ആവശ്യപ്പെട്ടിട്ടും ജനാല തുറക്കാൻ പോലും യുവാവ് തയാറായില്ല. ഭാര്യയും മകളും എത്തിയാൽ മാത്രമേ വാതിൽ തുറക്കു എന്നായി യുവാവ്.

തുടർന്ന് ബന്ധുവീട്ടിൽ നിന്നും ഭാര്യയെയും മകളെയും എത്തിച്ച ശേഷമാണ്ഇയാൾ വീടിന് പുറത്തേക്ക് വന്നത്. ഇതിന് ശേഷം ജില്ലാ ആശുപത്രിയിലേക്ക് മടക്കി കൊണ്ടുപോകുന്നതിനായി ആംബുലൻസ് എത്തിയതോടെയാണ് ഭാര്യയും മകളും ഒപ്പം വരണമെന്ന ആവശ്യം ഉന്നയിച്ചത്. ആദ്യം ഇതംഗീകരിക്കാൻ കൂട്ടാക്കാതിരുന്ന ഭാര്യയെയും മകളെയും ആരോഗ്യ പ്രവർത്തകർ ഉൾപ്പടെ ചേർന്ന് കാര്യങ്ങൾ പറഞ്ഞു മനസിലാക്കി കൂടെ പോകാൻ സമ്മതിപ്പിക്കുകയായിരുന്നു. ഭാര്യയ്ക്കും മകൾക്കും പോകാൻ മറ്റൊരു ആംബുലൻസ് എത്തിച്ചിരുന്നു.

എന്നാൽ താൻ കയറുന്ന ആംബുലൻസിൽ തന്നെ ഭാര്യയെയും മകളെയും കയറ്റണമെന്നും ഇല്ലെങ്കിൽ താൻ വരില്ലെന്ന് പറഞ്ഞ് യുവാവ് വീണ്ടും വീട്ടിലേക്ക് തിരികെ കയറാനൊരുങ്ങി. ഇതോടെ മൂവരെയും ഒരേ ആംബുലൻസിലാക്കി ജില്ലാ ആശുപത്രിയിലേക്ക് കൊണ്ടുപോവുകയായിരുന്നു. യുവാവിന് നേരിയ മാനസികാസ്വാസ്ഥ്യം ഉള്ളതായും ഇതാണ് പ്രശ്‌നങ്ങൾക്കിടയാക്കിയതെന്നും പൊലീസ് പറഞ്ഞു.

 

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP