Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Sep / 202323Saturday

41 സാമ്പിൾ പരിശോധന നെഗറ്റീവ്; ഹൈ റിസ്‌ക് വിഭാഗത്തിൽ പെട്ടവർക്കും രോഗമില്ല; തിരുവനന്തപുരത്തെ ഒരു രോഗിയും വൈറസ് ബാധിതനല്ല; പോസീറ്റീവ് രോഗികളുടെ ആരോഗ്യവും തൃപ്തികരം; ഇനി നിപ്പ സ്ഥിരീകരിച്ചില്ലെങ്കിൽ 21 ദിവസത്തിനകം നിയന്ത്രണമെല്ലാം അകലും; കോഴിക്കോട് ജാഗ്രത തുടരും

41 സാമ്പിൾ പരിശോധന നെഗറ്റീവ്; ഹൈ റിസ്‌ക് വിഭാഗത്തിൽ പെട്ടവർക്കും രോഗമില്ല; തിരുവനന്തപുരത്തെ ഒരു രോഗിയും വൈറസ് ബാധിതനല്ല; പോസീറ്റീവ് രോഗികളുടെ ആരോഗ്യവും തൃപ്തികരം; ഇനി നിപ്പ സ്ഥിരീകരിച്ചില്ലെങ്കിൽ 21 ദിവസത്തിനകം നിയന്ത്രണമെല്ലാം അകലും; കോഴിക്കോട് ജാഗ്രത തുടരും

മറുനാടൻ മലയാളി ബ്യൂറോ

കോഴിക്കോട്: നിപ്പയിൽ കൂടുതൽ ആശ്വാസം. 41 സാമ്പിൾ പരിശോധന നെഗറ്റീവായി. ഇതിൽ ഹൈ റിസ്‌ക് വിഭാഗത്തിലുള്ളവരുമുണ്ട്. കൂടുതൽ നിപ്പാ രോഗികളെത്തിയില്ലെങ്കിൽ മൂന്നാഴ്ച കൊണ്ട് നിയന്ത്രണം എല്ലാം പിൻവലിക്കും. തിരുവനന്തപുരത്ത് നിപ സംശയിച്ച രണ്ട് പേരിൽ ഒരാളുടെ ഫലവും നെഗറ്റീവാണ്. രോഗബാധ സംശയിച്ച് നിരീക്ഷണത്തിലായിരുന്ന മെഡിക്കൽ വിദ്യാർത്ഥിയുടെ ഫലമാണ് നെഗറ്റീവായത്.

തോന്നയ്ക്കൽ വൈറോളജി ഇൻസ്റ്റിറ്റ്യൂട്ടിൽ നടത്തിയ പരിശോധനയിലാണ് രോഗമില്ലെന്ന് സ്ഥിരീകരിച്ചത്. ജില്ലയിൽ നിപ ലക്ഷണങ്ങളുള്ള മറ്റൊരാൾ കൂടി നിരീക്ഷണത്തിലുണ്ട്. കാട്ടാക്കട സ്വദേശിനിയായ 72 വയസുകാരിയുടെ അടുത്ത ബന്ധുക്കൾ കോഴിക്കോട് നിന്ന് തിരുവനന്തപുരത്ത് വന്നിരുന്നു. പിന്നാലെ ഇവർക്ക് പനിയുണ്ടായതോടെ മുൻകരുതൽ എന്ന നിലയിൽ ആശുപത്രിയിൽ പ്രവേശിപ്പിക്കുകയായിരുന്നു. നിലവിൽ ആശങ്കപ്പെടേണ്ട സാഹചര്യമില്ലെന്ന് ജില്ലാ ആരോഗ്യ വിഭാഗം അറിയിച്ചു. ഇതിനൊപ്പമാണ് കോഴിക്കോടും ആശ്വാസത്തിന്റെ വാർത്തകളെത്തുന്നത്. കോഴിക്കോട് ചികിൽസയിലുള്ള രോഗികളുടെ ആരോഗ്യ നില തീർത്തും തൃപ്തികരമാണ്.

അതിനിടെ നിപ വൈറസ് പടർന്ന സാഹചര്യത്തിൽ പ്രഖ്യാപിച്ച നിയന്ത്രണങ്ങൾ വകവെയ്ക്കാതെ കോഴിക്കോട് എൻഐടി. നിയന്ത്രണം ലംഘിച്ച് ക്ലാസും പരീക്ഷയും നടത്തുന്നതായി വിദ്യാർത്ഥികൾ ആരോപിച്ചു. കോളേജ് നിലനിൽക്കുന്നത് കണ്ടെയ്ന്മെന്റ് സോൺ അല്ലാത്തതിനാൽ അവധി നൽകില്ലെന്ന് നിലപാടിലാണ് കോളേജ് അധികൃതർ. നാളെയും പരീക്ഷയും ക്ലാസും ഉണ്ടാകുമെന്ന് അധികൃതർ അറിയിച്ചതായി വിദ്യാർത്ഥികൾ വിശദീകരിച്ചു. നിപ ബാധിച്ച് രണ്ട് പേർ മരിച്ച സാഹചര്യത്തിൽ വലിയ നിയന്ത്രണമാണ് കോഴിക്കോട് ജില്ലയിൽ ഏർപ്പെടുത്തിയിട്ടുള്ളത്. നിപ ജാഗ്രതയെ തുടർന്ന് കോഴിക്കോട് ജില്ലയിൽ സ്‌കൂൾ അധ്യയനം ഓൺലൈനിലേക്ക് മാറിയിരിക്കുകയാണ്. സെപ്റ്റംബർ 23 ശനിയാഴ്ച വരെയെന്ന് ക്ലാസുകൾ ഓൺലൈനായി നടത്തുക.

ഇനിയൊരു അറിയിപ്പ് ഉണ്ടാകുന്നത് വരെ ഓൺലൈൻ ക്ലാസുകൾ മാത്രമായിരിക്കുമെന്നും വിദ്യാർത്ഥികളെ ഒരു കാരണവശാലും വിദ്യാഭ്യാസ സ്ഥാപനങ്ങളിൽ പ്രവേശിപ്പിക്കരുതെന്നും കളക്ടറുടെ ഉത്തരവിലുണ്ട്. കോഴിക്കോട് നഗരത്തിലുൾപ്പെടെ നിയന്ത്രണങ്ങൾ കർശനമാക്കിയിട്ടുണ്ട്. കോഴിക്കോട് കോർപ്പറേഷനിലെ 7 വാർഡുകളും ഫറോക്ക് നഗരസഭയിലെ മുഴുവൻ വാർഡുകളും കണ്ടൈന്മെന്റ് സോണായി പ്രഖ്യാപിച്ചു. കണ്ടൈന്മെന്റ് സോണിലുൾപ്പെട്ടതിനാൽ ബേപ്പൂർ ഫിഷിങ് ഹാർബർ അടച്ചിട്ടിരിക്കുകയാണ്. കൂടുതൽ നിപ്പാ കേസുകളുണ്ടായില്ലെങ്കിൽ മൂന്നാഴ്ചയ്ക്കകം ഇതെല്ലാം തുറക്കും.

കോഴിക്കോട്ടെ നിപ്പ രോഗബാധയെ തുടർന്ന് ഉദുമൽപേട്ടയ്ക്ക് സമീപം പരിശോധന ശക്തമാക്കി തമിഴ്‌നാട് ആരോഗ്യവകുപ്പും ജാഗ്രത കൂട്ടിയിട്ടുണ്ട്. മൂന്നാർ, മറയൂർ പോലെയുള്ള സ്ഥലങ്ങളിൽ നിന്ന് ഉദുമൽപേട്ട വഴി തിരുപ്പൂർ ജില്ലയിലേക്ക് പ്രവേശിക്കുന്ന ഭാഗത്താണ് ആരോഗ്യപ്രവർത്തകർ പരിശോധന തുടങ്ങിയത്. കേരളത്തിൽനിന്നു വാഹനങ്ങളിൽ വരുന്ന എല്ലാ ആളുകളെയും അതിർത്തിയിലെ ചെക്‌പോസ്റ്റിനു സമീപം പരിശോധിച്ചശേഷം മാത്രമേ കടത്തിവിടുകയുള്ളൂ. ഇതിനായി ഡോക്ടർമാർ, ഹെൽത്ത് ഇൻസ്‌പെക്ടർമാർ എന്നിവരടങ്ങുന്ന മെഡിക്കൽ സംഘം മൊബൈൽ ലബോറട്ടറി സഹിതം സജ്ജരാണെന്ന് ആരോഗ്യ ജോയിന്റ് ഡയറക്ടർ പറഞ്ഞു.

തിരുപ്പൂർ ജില്ലയിൽ നിന്ന് കേരളത്തിലേക്ക് പോയി മടങ്ങിവരുന്നവരും ജാഗ്രത പാലിക്കണമെന്ന് ആരോഗ്യവകുപ്പ് ഉദ്യോഗസ്ഥർ അറിയിച്ചു. കേരളത്തിലേക്ക് യാത്ര ചെയ്യുന്നവർ കൃത്യമായി മാസ്‌ക് ഉപയോഗിക്കുകയും സാമൂഹിക അകലം പാലിക്കുകയും വേണം. പനി, തലവേദന, ശ്വാസതടസ്സം തുടങ്ങിയ ലക്ഷണങ്ങളുണ്ടെങ്കിൽ ഡോക്ടറെ സമീപിക്കണമെന്ന് ആരോഗ്യവകുപ്പ് ഉദ്യോഗസ്ഥർ അറിയിച്ചു.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP