Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Nov / 202026Thursday

ഇന്നലെ ലഭിച്ച 22 പരിശോധനാ ഫലങ്ങളും നെഗറ്റീവ്; തുടർച്ചയായി അഞ്ചാം ദിനവും രോഗസ്ഥിരീകരണമില്ലെന്ന് വ്യക്തമായോടെ നിപ ഭീതി അകലുന്നു; നിരീക്ഷണ പട്ടികയിൽ ഉള്ളത് 2507 പേർ; വൈറസിന്റെ ഉറവിടം കണ്ടെത്താനുള്ള ശ്രമം തുടരുന്നതിനാൽ ജാഗ്രത ജൂൺ 30 വരെ തുടരും; മരണവൈറസിനു മുന്നിൽ വിറങ്ങലിച്ചുനിന്ന കോഴിക്കോട് ജില്ല പതിയെ ജീവിതതാളം വീണ്ടെടുക്കുന്നു

ഇന്നലെ ലഭിച്ച 22 പരിശോധനാ ഫലങ്ങളും നെഗറ്റീവ്; തുടർച്ചയായി അഞ്ചാം ദിനവും രോഗസ്ഥിരീകരണമില്ലെന്ന് വ്യക്തമായോടെ നിപ ഭീതി അകലുന്നു; നിരീക്ഷണ പട്ടികയിൽ ഉള്ളത് 2507 പേർ; വൈറസിന്റെ ഉറവിടം കണ്ടെത്താനുള്ള ശ്രമം തുടരുന്നതിനാൽ ജാഗ്രത ജൂൺ 30 വരെ തുടരും; മരണവൈറസിനു മുന്നിൽ വിറങ്ങലിച്ചുനിന്ന കോഴിക്കോട് ജില്ല പതിയെ ജീവിതതാളം വീണ്ടെടുക്കുന്നു

മറുനാടൻ മലയാളി ബ്യൂറോ

കോഴിക്കോട്: മരണം വിതയ്ക്കുന്ന വൈറസിന് മുന്നിൽ വിറങ്ങലിച്ചു നിന്ന കോഴിക്കോട് ജില്ല വീണ്ടും ജീവിത താളം വീണ്ടെടുക്കുന്നു. ചൊവ്വാഴ്ച ലഭിച്ച 22 പരിശോധനഫലങ്ങളും നെഗറ്റിവായതോടെ തുടർച്ചയായ അഞ്ചാം ദിനവും നിപ രോഗസ്ഥിരീകരണമില്ലെന്ന് വ്യക്തമായതോടെ വലിയ ആശ്വാസത്തിലാണ് ആരോഗ്യ വകുപ്പ്. ഇതോടെ പൊതുജനങ്ങളുടെ ആശങ്കയും ഒരു പരിധിവരെ പരിഹരിക്കാൻ സാധിച്ചു.

ഞായറാഴ്ച ഒരാളെ മാത്രമാണ് സംശയത്തിന്റെ പേരിൽ കോഴിക്കോട് ഗവ. മെഡിക്കൽ കോളജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. ഏഴു പേരാണ് ഇവിടെ നിരീക്ഷണത്തിലുള്ളത്. ആകെ 262 പേരുടെ സാമ്പിൾ പരിശോധിച്ചതിൽ 244ഉം നെഗറ്റിവായിരുന്നു. 2500ഓളം പേരാണ് സമ്പർക്കപട്ടികയിലുള്ളതെന്നും ആരോഗ്യ വകുപ്പ് ഡയറക്ടർ ഡോ. ആർ.എൽ. സരിത വ്യക്തമാക്കി.

മൂന്ന് കേന്ദ്രസംഘങ്ങൾ വിവിധ പ്രവർത്തനങ്ങളുമായി ജില്ലയിലുണ്ട്. വൈറസിന്റെ ഉറവിടം കണ്ടെത്താനുള്ള ശ്രമം തുടരുകയാണ്-ഡോ. സരിത പറഞ്ഞു. ജനങ്ങൾ സാധാരണനിലയിലേക്ക് തിരിച്ചുവരുകയാണെന്ന് മന്ത്രി ടി.പി. രാമകൃഷ്ണൻ പറഞ്ഞു. നിപ ബാധ കുറഞ്ഞുവരുകയാണെങ്കിലും ജാഗ്രതയുണ്ടാകും. ജൂൺ 30 വരെ ശക്തമായ പ്രവർത്തനങ്ങൾ തുടരും. രോഗബാധയുണ്ടായശേഷം ഗവ. മെഡിക്കൽ കോളജ് ആശുപത്രിയടക്കമുള്ള ആതുരാലയങ്ങളിലെ ഡോക്ടർമാരുടെയും ജീവനക്കാരുടെയും സേവനം അഭിനന്ദനാർഹമാണെന്നും മന്ത്രി പറഞ്ഞു.

ബോധവത്കരണത്തിൽ മാധ്യമങ്ങൾ വഹിച്ച പങ്കിനെയും ടി.പി. രാമകൃഷ്ണൻ പ്രകീർത്തിച്ചു. സമ്പർക്കപട്ടികയിലുള്ളവർക്ക് സൗജന്യ ഭക്ഷ്യസാധന കിറ്റ് വിതരണം തുടങ്ങിയിട്ടുണ്ട്. പത്ത് കിലോ അരി പഞ്ചസാര തുടങ്ങിയ അവശ്യ സാധനങ്ങൾ അടങ്ങുന്ന കിറ്റ് തദ്ദേശ സ്വയംഭരണസ്ഥാപനങ്ങൾ വഴിയാണ് വിതരണം ചെയ്യുന്നത്. കഴിഞ്ഞ ദിവസം ഓസ്‌ട്രേലിയയിൽ നിന്ന് എത്തിയ ഹ്യൂമൻ മോണോക്ലോണൽ ആന്റിബോഡി എന്ന മരുന്ന് എങ്ങനെ ഉപയോഗിക്കണം എന്നത് സംബന്ധിച്ച് മെഡിക്കൽ കോളേജ് ആശുപത്രിയിലെ മെഡിസിൻ വിഭാഗം ഡോക്ടർമാർക്ക് കേന്ദ്ര സംഘം പരിശീലനം നൽകി. അതിനിടെ നേരത്തെ മരിച്ച മൂസയുടെ വീട്ടിൽ വളർത്തിയിരുന്ന മുയൽ കഴിഞ്ഞ ദിവസം ചത്തിരുന്നു. മുയലിന്റെ രക്ത സാമ്പിൾ കേന്ദ്ര സംഘം വീണ്ടും ശേഖരിച്ച് പരിശോധനയ്ക്ക് അയച്ചു.

നിപഭീതിയാൽ വിജനമായ കോഴിക്കോട് നഗരവും പതിയെ താളം വീണ്ടെടുത്തു തുടങ്ങിയിട്ടുണ്ട്. രണ്ടാഴ്‌ച്ചയോളമായി കടുത്ത ആശങ്കയിലായിരുന്നു നഗരം. ആളുകൾ നഗരത്തിലേക്ക് ഇറങ്ങാത്ത അവസ്ഥയുമുണ്ടായി. കഴിഞ്ഞ ഒരുപാട് ദിവസങ്ങളായി നഗരങ്ങളിൽ അനുഭവപ്പെട്ടിരുന്ന വിജനതയും കുറഞ്ഞുവരുകയാണ്. സജീവമായിരുന്ന മാസ്‌ക് ഉപയോഗം വളരെയധികം കുറഞ്ഞു.പെരുന്നാൾ പ്രമാണിച്ച് തിരക്കിലലിയേണ്ടിയിരുന്ന നഗരം ആളൊഴിഞ്ഞ ഉത്സവ പറമ്പുപോലെയായിരുന്നു. വ്യാപാര മേഖലയിൽ 60 ശതമാനത്തോളം കുറവാണ് ഈ ദിവസങ്ങളിലുണ്ടായിരുന്നത്.

എന്നാൽ, പൊതുഇടങ്ങളിൽ അനാവശ്യ ഭീതി പുലർത്തേണ്ടതില്ലെന്ന ആരോഗ്യവകുപ്പിന്റെ തുടർച്ചയായ ബോധവത്കരണ പ്രവർത്തനങ്ങൾ ഫലപ്രദമായതോടെയാണ് പൊതുജനം ധൈര്യം വീണ്ടെടുത്ത് പുറത്തിറങ്ങി തുടങ്ങിയത്. മുക്കം, കാരശ്ശേരി, ബാലുശ്ശേരി എന്നിവിടങ്ങളിലും ആളുകൾ പഴയ സ്ഥിതിയിലേക്ക് മടങ്ങുന്ന കാഴ്ചയാണുള്ളത്.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP