Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

നിപ വൈറസ്: കൊച്ചിയിൽ രോഗം സ്ഥിരീകരിച്ച വിദ്യാർത്ഥിയുടെ ആരോഗ്യനില തൃപ്തികരം; വിദ്യാർത്ഥിയുമായി അടുത്തിടപഴകിയ രണ്ടുപേരെ കളമശേരി ഐസൊലേഷൻ വാർഡിലേക്ക് മാറ്റി; 311 പേർ നിരീക്ഷണത്തിൽ; രോഗിയുമായി ഇടപഴകിയതോടെ നിരീക്ഷണത്തിലായ ഇവർ വീട്ടിൽ നിന്നും പുറത്തിറങ്ങരുതെന്ന് പ്രത്യേക നിർദ്ദേശം; ആശങ്കയുടെ കാര്യമില്ലെന്നും ആരോഗ്യ വകുപ്പിന്റെ നിർദ്ദേശങ്ങൾ പാലിക്കണമെന്നും മുഖ്യമന്ത്രി; ഒന്നിച്ചുനിന്നാൽ വൈറസിനെ അതിജീവിക്കാമെന്നും പിണറായി വിജയൻ

നിപ വൈറസ്: കൊച്ചിയിൽ രോഗം സ്ഥിരീകരിച്ച വിദ്യാർത്ഥിയുടെ ആരോഗ്യനില തൃപ്തികരം; വിദ്യാർത്ഥിയുമായി അടുത്തിടപഴകിയ രണ്ടുപേരെ കളമശേരി ഐസൊലേഷൻ വാർഡിലേക്ക് മാറ്റി;  311 പേർ നിരീക്ഷണത്തിൽ; രോഗിയുമായി ഇടപഴകിയതോടെ നിരീക്ഷണത്തിലായ ഇവർ വീട്ടിൽ നിന്നും പുറത്തിറങ്ങരുതെന്ന് പ്രത്യേക നിർദ്ദേശം; ആശങ്കയുടെ കാര്യമില്ലെന്നും ആരോഗ്യ വകുപ്പിന്റെ നിർദ്ദേശങ്ങൾ പാലിക്കണമെന്നും മുഖ്യമന്ത്രി; ഒന്നിച്ചുനിന്നാൽ വൈറസിനെ അതിജീവിക്കാമെന്നും പിണറായി വിജയൻ

മറുനാടൻ മലയാളി ബ്യൂറോ

കൊച്ചി: കൊച്ചിയിൽ ചികിത്സയിലുള്ള വിദ്യാർത്ഥിക്ക് നിപ സ്ഥിരീകരിച്ചതോടെ സംസ്ഥാനത്ത് രോഗത്തെ അതിജീവിക്കാൻ സർക്കാർ തീവയത്‌നം തുടങ്ങി. മൂന്നു ജില്ലകളിലായി 311 പേർ നിരീക്ഷണത്തിലാണ്. വൈറസിന്റെ ഉറവിടം കണ്ടെത്താനും ശ്രമം തുടങ്ങി. യുവാവിനെ ആശുപത്രിയിൽ പ്രവേശിപ്പിക്കുന്നതിന് മുമ്പ് ഇടപഴകിയവരുടെ പേരുകളാണ് സർക്കാർ ശേഖരിച്ചിരിക്കുന്നത്. ആരോഗ്യവകുപ്പ് ഉദ്യോഗസ്ഥർ നിരീക്ഷണത്തിലുള്ളവരുമായി നിരന്തരം സമ്പർക്കം പുലർത്തുന്നുണ്ട്. നിരീക്ഷണത്തിലുള്ളവർ വീട്ടിൽ നിന്നും പുറത്ത് ഇറങ്ങരുതെന്ന് ഉദ്യോഗസ്ഥർ പ്രത്യേകം നിർദ്ദേശം നൽകിയിട്ടുണ്ട്. ഹോം ക്വാറന്റൈനിലാണ് ഇവർ.

തൃശൂരിൽ 27, എറണാകുളത്ത് 56, കൊല്ലത്ത് മൂന്നു പേരുമാണ് നിരീക്ഷണത്തിലുള്ളത്. തൃശൂരിൽ 17 പുരുഷന്മാരും 10 സ്ത്രീകളുമാണ് നിരീക്ഷണത്തിൽ. ഒരാൾക്ക് നേരിയ പനിയുണ്ട്. വിദ്യാർത്ഥിക്കൊപ്പം പരിശീലന പരിപാടിയിൽ പങ്കെടുത്ത മൂന്നു പേരാണ് കൊല്ലത്തു നിരീക്ഷണത്തിലുള്ളത്. ഇവരിൽ ആർക്കും പനിയോ മറ്റു ലക്ഷണങ്ങളോയില്ലെന്നു ജില്ലാ മെഡിക്കൽ ഓഫിസർ അറിയിച്ചു. വീടിനു പുറത്തേക്കിറങ്ങരുതെന്ന നിർദ്ദേശം ഇവർക്ക് നൽകിയിട്ടുണ്ട്. കൊല്ലം ജില്ലാ ആശുപത്രിയിലും പാരിപ്പള്ളി മെഡിക്കൽ കോളജ് ആശുപത്രിയിലും ഐസൊലേഷൻ വാർഡുകൾ തയാറാണെന്നും ജില്ലാ മെഡിക്കൽ ഓഫിസർ വി.വി.ഷെർലി അറിയിച്ചു. ജില്ലാ ആശുപത്രിയിലും മെഡിക്കൽ കോളജിലും ഐസലേഷൻ വാർഡുകൾ തുറന്നു. കൺട്രോൾ റൂം നമ്പരുകൾ: തൃശൂർ: 04872320466, 2325329, ഡൽഹി: 011 23978046. കോട്ടയം: 04812304110, ദിശ ഹെൽപ് ലൈൻ: 1056

പറവൂർ സ്വദേശിക്കാണ് നിലവിൽ നിപ സ്ഥിരീകരിച്ചിരിക്കുന്നത്. തൊടുപുഴ കൊളേജ് വിദ്യാർത്ഥിയാണ്. നേരത്തെ തൃശൂരിൽ വിദ്യാർത്ഥി ഒരു ക്യാമ്പ് അറ്റൻഡ് ചെയ്തിരുന്നു. വിദ്യാർത്ഥിയുമായി അടുത്ത് ഇടപഴകിയവരും നിരീക്ഷണത്തിലാണ്. അതേസമയം നിപ വൈറസ് ബാധ സ്ഥിരീകരിച്ച സാഹചര്യത്തിൽ കൂടുതൽ വിദഗ്ധ സഹായങ്ങൾക്കായി കേന്ദ്രസംഘം കേരളത്തിലെത്തിയിട്ടുണ്ട്. ഡൽഹി എയിംസിലെ വിദഗ്ധ ഡോക്ടർമാരടങ്ങിയ ആറംഗസംഘമാണ് ചൊവ്വാഴ്ച രാവിലെയോടെ കൊച്ചിയിലെത്തിയത്. കേന്ദ്രസംഘം സംസ്ഥാന ആരോഗ്യവകുപ്പ് ഉദ്യോഗസ്ഥരുമായി നിലവിലെ സാഹചര്യങ്ങൾ ചർച്ച ചെയ്ത് തുടർനടപടികൾ സ്വീകരിക്കും.

ആശങ്ക വേണ്ടെന്ന് മുഖ്യമന്ത്രി

നിപയിൽ ആശങ്ക വേണ്ടെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു. ആരോഗ്യ വകുപ്പിന്റെ നിർദ്ദേശങ്ങൾ എല്ലാവരും പാലിക്കണമെന്നും അദ്ദേഹം നിർദ്ദേശിച്ചു. ഒന്നിച്ചുനിന്നാൽ നിപയെ അതിജീവിക്കാം. തെറ്റിദ്ധാരണ പരത്തുന്ന വാർത്തകൾ പ്രചരിപ്പിക്കുന്നവർക്കെതിരെ കർശന നടപടി സ്വീകരിക്കുമെന്നും മുഖ്യമന്ത്രി പറഞ്ഞു.

മുഖ്യമന്ത്രിയുടെ കുറിപ്പ് ഇങ്ങനെ:

'എറണാകുളത്ത് പനി ബാധിച്ച് ചികിത്സയിലുള്ള യുവാവിന് നിപ വൈറസ് ബാധ സ്ഥിരീകരിച്ചു. നിപയെ നേരിടാൻ ആരോഗ്യമേഖല പൂർണ്ണ സജ്ജമാണ്. എല്ലാ തയ്യാറെടുപ്പുകളും ആരോഗ്യ വകുപ്പ് മന്ത്രിയുടെ നേതൃത്വത്തിൽ പൂർത്തിയാക്കിയിട്ടുണ്ട്. യുവാവുമായി അടുത്തിടപഴകിയവരെ പ്രത്യേകമായി നിരീക്ഷിച്ചു വരികയാണ്. നിപ സ്ഥിരീകരിച്ചു എന്നതിനാൽ ആരും ആശങ്കപ്പെടേണ്ട കാര്യമില്ല. ആരോഗ്യവകുപ്പ് ഓരോ സമയത്തും കൃത്യമായി നിർദ്ദേശങ്ങൾ നൽകും. അത് പിന്തുടരാൻ എല്ലാവരും തയ്യാറാകണം.

കേന്ദ്രആരോഗ്യ മന്ത്രാലയവുമായും നിരന്തരം ആശയവിനിമയം നടത്തുന്നുണ്ട്. വിദഗ്ധരടങ്ങിയ കേന്ദ്രസംഘം കൊച്ചിയിലെത്തിയിട്ടുണ്ട്. അവരുടെ മാർഗ നിർദ്ദേശങ്ങൾ കൂടി കണക്കിലെടുത്താകും പ്രതിരോധ പ്രവർത്തനങ്ങൾ.

കോഴിക്കോട് നിപ വൈറസ് ബാധ ഉണ്ടായപ്പോൾ അതിനെ ഒന്നിച്ച് നിന്ന് അതിജീവിക്കാൻ കേരളത്തിന് കഴിഞ്ഞിരുന്നു. അതു പോലെ ഇപ്പോഴും നമുക്ക് നിപയെ അതിജീവിക്കാൻ കഴിയും. ജനങ്ങളിൽ ഭീതി പടർത്തുന്ന പ്രചരണങ്ങൾ ആരും നടത്തരുത്. അത്തരക്കാർക്കെതിരെ കർശന നിയമ നടപടി ഉണ്ടാകും.'

പിന്തുണയുമായി കേന്ദ്ര സർക്കാർ

കേരളത്തിൽ വീണ്ടും നിപ വൈറസ് ബാധ സ്ഥിരീകരിച്ചതോടെ സംസ്ഥാനത്തിന് എല്ലാവിധ സഹായങ്ങളും ഉറപ്പുനൽകുന്നതായി കേന്ദ്ര ആരോഗ്യമന്ത്രി ഹർഷവർധൻ അറിയിച്ചിരുന്നു. സംസ്ഥാന ആരോഗ്യമന്ത്രിയുമായി സ്ഥിതിഗതികൾ ചർച്ച ചെയ്‌തെന്നും ഡൽഹിയിൽ കേന്ദ്ര ആരോഗ്യ സെക്രട്ടറി ഉൾപ്പെടെയുള്ളവരുടെ യോഗംചേർന്ന് കാര്യങ്ങൾ വിലയിരുത്തിയെന്നും അദ്ദേഹം വ്യക്തമാക്കുകയും ചെയ്തു. നിപ സ്ഥിരീകരിച്ചതോടെ ഡൽഹിയിൽ കേന്ദ്ര ആരോഗ്യമന്ത്രാലയത്തിന്റെ നേതൃത്വത്തിലും കൺട്രോൾ റൂമുകൾ തുറന്നിട്ടുണ്ട്. 01123978046- ആണ് ഡൽഹിയിലെ കൺട്രോൾ റൂം നമ്പർ.

അതേസമയം നിപ ഭീതിക്കിടയിലും കൊച്ചിയിലെ യുവാവിന്റെ ആരോഗ്യനിലയിൽ പുരോഗതി ഉണ്ടെന്ന് ആശുപത്രി വൃത്തങ്ങൾ വ്യക്തമാക്കിയത് ആശ്വാസമായി. പ്രധാനമായും മസ്തിഷ്‌കത്തെയാണ് നിപ ബാധിക്കുന്നത്. അതുകൊണ്ട് തന്നെ യുവാവിന് ഇടയ്ക്കിടയ്ക്ക് ബോധക്ഷയം സംഭവിക്കുന്നുണ്ടായിരുന്നു. ഇതിനിപ്പോൾ മാറ്റമുണ്ട്. ഭക്ഷണത്തോടും മരുന്നുകളോടും രോഗി പ്രതികരിക്കുന്നുണ്ടെന്നും ആശുപത്രി അധികൃതർ അറിയിച്ചു.

രോഗി ചെറുതായി സംസാരിച്ചുതുടങ്ങിയിട്ടുണ്ട്. യുവാവിനോട് തന്നെ ചോദിച്ച് മനസിലാക്കിയാൽ മാത്രമേ നിപ്പയുടെ ഉറവിടം കണ്ടെത്താനാകൂ. അതിന് അൽപ്പം കൂടി ആരോഗ്യം മെച്ചപ്പെടേണ്ടതുണ്ട്. കഴിഞ്ഞ ഒരു മാസം ഇയാൾ എവിടെയെല്ലാം പോയി, ആരെല്ലാമായി സംസർഗം പുലർത്തി തുടങ്ങിയ കാര്യങ്ങൾ കണ്ടത്തേണ്ടതുണ്ട്. രോഗിയുമായി അടുത്തിടപഴകിയ 90 പേർ നിരീക്ഷണത്തിലാണ്.

ജലദോഷമോ ചുമയോ പോലെയുള്ള ലക്ഷണങ്ങൾ കണ്ടാൽ തന്നെ ആശുപത്രിയിൽ ചികിൽസ തേടണം. ഇത്തരം ലക്ഷണങ്ങളുള്ളവർ ഒരു കാരണവശാലും ആൾക്കൂട്ടത്തിന്റെ ഇടയിലേക്ക് പോകരുതെന്ന് ആരോഗ്യവകുപ്പ് മുന്നറിയിപ്പ് നൽകുന്നു. രോഗിയുമായി അടുത്തിടപഴകിയ നാലുപേർക്ക് കൂടി പനി ബാധിച്ചിട്ടുണ്ട്. അവരും നിരീക്ഷണത്തിലാണ്. ആശങ്കപ്പെടേണ്ട സാഹചര്യമില്ലെന്നും എല്ലാ കരുതലുകളും എടുത്തിട്ടുണ്ടെന്നും ആരോഗ്യമന്ത്രി അറിയിച്ചു.

ജാഗ്രതയോടെ മൃഗസംരക്ഷണ വകുപ്പും

കേരളത്തിൽ വീണ്ടും നിപ രോഗം സ്ഥിരീകരിച്ചതോടെ മൃഗസംരക്ഷണ വകുപ്പും നടപടി തുടങ്ങി. മൃഗസംരക്ഷണ വകുപ്പിന്റെ സംഘം തൃശൂരിലേക്ക് തിരിച്ചു. രോഗബാധയ്ക്ക് കാരണമായേക്കാവുന്ന മൃഗങ്ങളും പക്ഷികളും നിരീക്ഷണത്തിൽ. എറണാകുളം ജില്ല മൃഗസംരക്ഷണവകുപ്പിലും സെൽ രൂപീകരിച്ചതായി മന്ത്രി കെ.രാജു അറിയിച്ചു. കേരളത്തിൽ നിപ സ്ഥിരീകരിച്ച സാഹചര്യത്തിൽ തൃശൂരിൽ 27 ഉം കൊല്ലത്ത് മൂന്നു പേരും നിരീക്ഷണത്തിൽ. തൃശൂരിൽ 17 പുരുഷന്മാരും 10 സ്ത്രീകളുമാണ് നിരീക്ഷണത്തിൽ. ഒരാൾക്ക് നേരിയ പനിയാണുള്ളത്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP