Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Jun / 202415Saturday

വയനാട്ടിലെ വവ്വാലുകളിൽ നിപ്പ വൈറസ് സാന്നിധ്യം സ്ഥിരീകരിച്ച് ഐസിഎംആർ; പക്ഷികളും മറ്റും കടിച്ച പഴങ്ങൾ കഴിക്കുന്നത് ഒഴിവാക്കണം; രോഗ ലക്ഷണങ്ങളിൽ ജാഗ്രത പാലിക്കണമെന്ന് ആരോഗ്യമന്ത്രി

വയനാട്ടിലെ വവ്വാലുകളിൽ നിപ്പ വൈറസ് സാന്നിധ്യം സ്ഥിരീകരിച്ച് ഐസിഎംആർ; പക്ഷികളും മറ്റും കടിച്ച പഴങ്ങൾ കഴിക്കുന്നത് ഒഴിവാക്കണം; രോഗ ലക്ഷണങ്ങളിൽ ജാഗ്രത പാലിക്കണമെന്ന് ആരോഗ്യമന്ത്രി

മറുനാടൻ മലയാളി ബ്യൂറോ

തിരുവനന്തപുരം : വയനാട് ജില്ലയിൽ വവ്വാലുകളിൽ നിപ വൈറസ് സാന്നിധ്യം സ്ഥിരീകരിച്ചതായി ഐസിഎംആർ അറിയിച്ചെന്ന് ആരോഗ്യമന്ത്രി വീണാ ജോർജ്. ബത്തേരി, മാനന്തവാടി പ്രദേശങ്ങളിലെ വവ്വാലുകളിൽ വൈറസ് സാന്നിധ്യം സ്ഥിരീകരിച്ചതായാണ് ഐസിഎംആർ അറിയിച്ചത്. ജാഗ്രത പാലിക്കണമെന്നും മുന്നറിയിപ്പുകൾ പാലിക്കണമെന്നും ആരോഗ്യപ്രവർത്തകർക്ക് ആരോഗ്യമന്ത്രി മുന്നറിയിപ്പ് നൽകി.

പ്രത്യേക പ്രദേശം എന്നതിനപ്പുറം പൊതു ജാഗ്രതയിൽ ഊന്നിയാണ് പ്രവർത്തനം. രോഗ ലക്ഷണങ്ങളിൽ ജാഗ്രത പാലിക്കണമെന്ന് നിർദ്ദേശിച്ചതായും മന്ത്രി അറിയിച്ചു.ആശങ്കപ്പെടേണ്ട സാഹചര്യമില്ലെന്നും മന്ത്രി വ്യക്തമാക്കി.

പക്ഷികളും മറ്റും കടിച്ച പഴങ്ങൾ കഴിക്കുന്നത് ഒഴിവാക്കണെന്നും മറ്റു ജില്ലകളിലും നിപ്പയുടെ സാന്നിധ്യത്തെക്കുറിച്ചു നിരീക്ഷണങ്ങളും പഠനങ്ങളും നടത്തുകയാണെന്നും മന്ത്രി പറഞ്ഞു. വയനാട് പൊതുജന അവബോധം സൃഷ്ടിക്കുന്നതിനും ആരോഗ്യപ്രവർത്തകർക്ക് പരിശീലനം നൽകുന്നതിനും തീരുമാനിച്ചിട്ടുണ്ടെന്ന് മന്ത്രി വ്യക്തമാക്കി.

കോഴിക്കോട് നിപ നിയന്ത്രിക്കാൻ കഴിഞ്ഞു. 42 ദിവസം ഇൻക്യുബേഷൻ പിരീഡ് നാളെയവസാനിക്കും. പുതിയ കേസുകൾ റിപ്പോർട്ട് ചെയ്യപ്പെട്ടിട്ടില്ല. രോഗം തുടക്കത്തിലെ തിരിച്ചറിഞ്ഞതും കൃത്യമായ ഇടപെടൽ നടത്തിയതും സഹായകരമായി. കൂട്ടായ പ്രവർത്തനങ്ങളിലൂടെ നിപ നിയന്ത്രണത്തിലേക്ക് എത്താൻ സഹായിച്ചുവെന്നും മന്ത്രി വിശദീകരിച്ചു.

കേരളത്തിലെ വിവിധ ജില്ലകളിൽനിന്ന് സാംപിളുകൾ ശേഖരിച്ച് പരിശോധിക്കുന്നത് ഐസിഎംആർ വർധിപ്പിച്ചിട്ടുണ്ട്. അതിന്റെ ഭാഗമായാണ് വയനാട്ടിൽ നിന്നും സാംപിൾ ശേഖരിച്ചത്. നിപ്പ വൈറസ് സാന്നിധ്യം കേരളത്തിലുണ്ടാകുന്നതിന് കാലാവസ്ഥാ വ്യതിയാനം, മഴയിലുള്ള വ്യതിയാനം എന്നിങ്ങനെ നിരവധി ഘടകങ്ങൾ ഐസിഎംആർ പറയുന്നുണ്ട്.

കൃത്യമായ കാര്യം അവർക്കും പറയാൻ കഴിഞ്ഞിട്ടില്ലെന്നു മന്ത്രി പറഞ്ഞു. കൃഷിയിടങ്ങളിൽനിന്ന് പഴം ശേഖരിക്കുമ്പോഴോ, വവ്വാൽ കടിച്ച പഴം കഴിക്കുമ്പോഴോ വൈറസ് പകരാം. പൊതു ജനങ്ങൾക്ക് ജാഗ്രതാ നിർദ്ദേശം നൽകിയിട്ടുണ്ട്. പ്രതിരോധ മരുന്ന് വികസിപ്പിക്കുന്നതിനുള്ള ഗവേഷണ അനുമതി ആലപ്പുഴ എൻഐവി, രാജീവ് ഗാന്ധി ബയോടെക്‌നോളജി, തോന്നയ്ക്കലിലെ വൈറോളജി ഇൻസ്റ്റിറ്റ്യൂട്ട് എന്നിവയ്ക്ക് ലഭിച്ചിട്ടുണ്ടെന്നും മന്ത്രി പറഞ്ഞു.

നേരത്തേ നിപ്പ ബാധ സ്ഥിരീകരിച്ച കോഴിക്കോട് കുറ്റ്യാടി മരുതോങ്കര പഞ്ചായത്തിൽനിന്നു ശേഖരിച്ച വവ്വാലുകളുടെ സാംപിളുകളിൽ വൈറസ് ഉണ്ടായിരുന്നതായി കണ്ടെത്തിയെന്ന് വീണാ ജോർജ് അറിയിച്ചിരുന്നു. സാംപിൾ പരിശോധനയിൽ നിപ്പ വൈറസിന്റെ ആന്റിബോഡി കണ്ടെത്തിയതായി ഐസിഎംആർ സ്ഥിരീകരിച്ചെന്നാണ് മന്ത്രി അറിയിച്ചത്. മരുതോങ്കരയിൽനിന്നു ശേഖരിച്ച 57 സാംപിളുകളിൽ 12 എണ്ണത്തിലാണ് ആന്റിബോഡി സാന്നിധ്യം സ്ഥിരീകരിച്ചത്.

മരണനിരക്ക് വളരെ കൂടുതലുള്ള ബംഗ്ലാദേശി നിപ്പ വകഭേദമാണ് സംസ്ഥാനത്തു കണ്ടുവന്നത്. സാധാരണ രോഗബാധിതരാകുന്നവരിൽ 70 ശതമാനം മുതൽ 90 ശതമാനം വരെ ആളുകളുടെ മരണത്തിന് കാരണമാകാവുന്ന വൈറസ് വകഭേദമാണിത്.

അതേസമയം, നിപ്പ ഇൻക്യുബേഷൻ കാലയളവ് പൂർത്തിയാകുന്നതിൽ േകാഴിക്കോട് ജില്ലയുടെ നിപ്പ വിമുക്തി പ്രഖ്യാപനം ഒക്ടോബർ 26ന് നടക്കും. 26ന് ഉച്ചയ്ക്ക് 2.30ന് കോഴിക്കോട് മെഡിക്കൽ കോളജ് അറോറ ഓഡിറ്റോറിയത്തിൽ മന്ത്രി വീണാ ജോർജ് നിർവഹിക്കും. സെപ്റ്റംബർ 12നാണ് ജില്ലയിൽ നിപ്പ ഔദ്യോഗികമായി സ്ഥിരീകരിച്ചത്. രോഗബാധ സ്ഥിരീകരിച്ച ആറുപേരിൽ രണ്ടു പേർ മരിച്ചിരുന്നു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP