Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Oct / 202031Saturday

നിപ്പാ വൈറസ്: സോഷ്യൽ മീഡിയ കുപ്രചാരണത്തിൽ വലയുന്നത് പാവം നഴ്‌സുമാർ; ബസിലും ഓട്ടോയിലും കയറ്റില്ല; വീട്ടുകാരും അടുപ്പിക്കുന്നില്ലെന്ന് പരാതി; വൈറസ് നിയന്ത്രണവിധേയമായെന്ന് സർക്കാർ അവകാശപ്പെടുന്നതിനിടെ കോഴിക്കോട് ജില്ലയിലെ പൊതുപരിപാടികൾ റദ്ദാക്കി; കുട്ടികളുടെ ട്യൂഷനടക്കം എല്ലാം പരിശീലനങ്ങൾക്കും വിലക്ക്; വൈറസ് ബാധയേറ്റ് വ്യാഴാഴ്ച കോഴിക്കോട് ഒരു മരണം കൂടി; ഒരാൾക്ക് കൂടി നിപ സ്ഥിരീകരിച്ചു; കണ്ണൂരിലും അതീവജാഗ്രത

നിപ്പാ വൈറസ്: സോഷ്യൽ മീഡിയ കുപ്രചാരണത്തിൽ വലയുന്നത് പാവം നഴ്‌സുമാർ; ബസിലും ഓട്ടോയിലും കയറ്റില്ല; വീട്ടുകാരും അടുപ്പിക്കുന്നില്ലെന്ന് പരാതി; വൈറസ് നിയന്ത്രണവിധേയമായെന്ന് സർക്കാർ അവകാശപ്പെടുന്നതിനിടെ കോഴിക്കോട് ജില്ലയിലെ പൊതുപരിപാടികൾ റദ്ദാക്കി; കുട്ടികളുടെ ട്യൂഷനടക്കം എല്ലാം പരിശീലനങ്ങൾക്കും വിലക്ക്; വൈറസ് ബാധയേറ്റ് വ്യാഴാഴ്ച കോഴിക്കോട് ഒരു മരണം കൂടി; ഒരാൾക്ക് കൂടി നിപ സ്ഥിരീകരിച്ചു; കണ്ണൂരിലും അതീവജാഗ്രത

മറുനാടൻ മലയാളി ബ്യൂറോ

മലപ്പുറം/കോഴിക്കോട്: നിപ്പ വൈറസ് ബാധ നിയന്ത്രണവിധേയമായെന്ന് അവകാശപ്പെടുന്നതിനിടെ, കോഴിക്കോട് ജില്ലയിലെ സർക്കാർ പൊതുപരിപാടികൾ റദ്ദാക്കി. വ്യാഴാഴ്ച വരെയാണു നിയന്ത്രണം. കുട്ടികളുടെ ട്യൂഷനുൾപ്പെടെ എല്ലാ പരിശീലനങ്ങൾക്കും വിലക്കേർപ്പെടുത്തി.വൈറസിനെതിരെ കണ്ണൂരിലും മാഹിയിലും മംഗളൂരുവിലും അതീവ ജാഗ്രതാ നിർദ്ദേശവും നൽകി.

ഇന്നും ഒരു മരണം; ഒരാൾക്ക് കൂടി നിപാ വൈറസ് ബാധ

നിപാ വൈറസ് ബാധയെ തുടർന്ന് ചികിത്സയിലായിരുന്ന ഒരാൾ കൂടി മരിച്ചു. ചെങ്ങരോത്ത് സ്വദേശി മൂസയാണ് മരിച്ചത്. നേരത്തേ മരിച്ച സഹോദരങ്ങളുടെ അച്ഛനാണ് ഇയാൾ. കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സയിലായിരുന്നു. അബോധാവസ്ഥയിലായിരുന്ന ഇദ്ദേഹം ഇന്ന് പുലർച്ചെയാണ് മരണത്തിന് കീഴടങ്ങിയത്്. ഇതോടെ മരിച്ചവരുടെ എണ്ണം 11 ആയി. നേരത്തേ ചെങ്ങരോത്ത് വളച്ചുകെട്ടി വീട്ടിൽ മുഹമ്മദ് സാലിഹ്, സഹോദരൻ മുഹമ്മദ് സാബിത്ത്, ബന്ധു മറിയം എന്നിവരായിരുന്നു ആദ്യം മരിച്ചത്. ജില്ലയിൽ നിപ വൈറൽ പനിമൂലം മരിച്ച യുവതിയുടെ ഭർത്താവിനും വൈറസ് ബാധ സ്ഥിരീകരിച്ചു.മൂസയുടെ മൃതദേഹം ദഹിപ്പിക്കില്ല. 10 അടി താഴ്ചയിൽ കോഴിക്കോട് ബീച്ചിനടത്തുള്ള കണ്ണംപറമ്പ് പൊതുശ്മശാനത്തിൽ മറവുചെയ്യും.

അതിനിടെ കഴിഞ്ഞ ദിവസം മരിച്ച നാദാപുരം സ്വദേശി ടി.വി. അശോകൻ തലശ്ശേരി സഹകരണ ആശുപത്രിയിൽ ചികിൽസ തേടിയിരുന്ന സാഹചര്യത്തിൽ കണ്ണൂരിലെ സർക്കാർ, സ്വകാര്യ ആശുപത്രികളിൽ പ്രത്യേക വാർഡ് ഉൾപ്പെടെ സജ്ജമാക്കാൻ കലക്ടർ മിർ മുഹമ്മദലിയുടെ അധ്യക്ഷതയിൽ ചേർന്ന യോഗം തീരുമാനിച്ചു.

കഴിഞ്ഞ ഞായറാഴ്ച മരണമടഞ്ഞ ഷിജിതയുടെ ഭർത്താവ്, തെന്നല മണ്ണത്തനാത്തു പടിക്കൽ ഉബീഷാണു കോഴിക്കോട് മെഡിക്കൽ കോളജ് ആശുപത്രിയിൽ ചികിത്സയിലുള്ളത്. രോഗലക്ഷണങ്ങളേത്തുടർന്ന് തിരൂരങ്ങാടി സ്വദേശിയായ യുവാവിന്റെ രക്തം കോഴിക്കോട് മെഡിക്കൽ കോളജ് ആശുപത്രിയിൽനിന്ന് മണിപ്പാൽ വൈറോളജി ലാബിലേക്കയച്ചു. ഷിജിത-ഉബീഷ് ദമ്പതികൾക്കു കോഴിക്കോട് മെഡിക്കൽ കോളജ് ആശുപത്രിയിൽനിന്നാണു വൈറസ് ബാധയേറ്റതെന്നു സംശയിക്കുന്നു. കഴിഞ്ഞ 15 മുതലാണ് ഇരുവർക്കും പനിയാരംഭിച്ചത്. അപകടത്തിൽപ്പെട്ടു ചികിത്സയിലായിരുന്ന ഉബീഷിനെ പരിചരിച്ച് ഷിജിത ഒരാഴ്ച ആശുപത്രിയിലുണ്ടായിരുന്നു. ഈസമയത്താണു ഷിജിതയ്ക്കു വൈറസ് ബാധ കണ്ടെത്തിയത്. ഷിജിതയുടെ മരണത്തെ തുടർന്ന് ഉബീഷിനെ വീണ്ടും പരിശോധിച്ചപ്പോഴാണു നിപെവെറസ് സ്ഥിരീകരിച്ചത്.

ചികിത്സയിലിരിക്കേ ഷിജിതയെ സന്ദർശിച്ച എട്ടുപേരെയും പനിക്കു ചികിത്സ തേടിയെത്തിയ മൂന്നുപേരെയും തിരൂർ ജില്ലാ ആശുപത്രിയിൽനിന്നു വിദഗ്ധ പരിശോധനയ്ക്കായി കോഴിക്കോട് മെഡിക്കൽ കോളജ് ആശുപത്രിയിലേക്കു മാറ്റി. മലപ്പുറം ജില്ലയിൽ നിപ ബാധിച്ചവർക്കെല്ലാം കോഴിക്കോട് മെഡിക്കൽ കോളജിൽനിന്നാണു രോഗം പകർന്നതെന്ന് ആരോഗ്യവകുപ്പ് പറയുന്നു. രോഗിയെ പരിചരിച്ച നഴ്സും ആംബുലൻസ് ഡ്രൈവറും നിരീക്ഷണ വാർഡിലാണ്. ഇതോടെ സംസ്ഥാനത്തു നിപ െവെറസ് ബാധിതരുടെ എണ്ണം 13 ആയി. ഇതിൽ ഒൻപതുപേർ കോഴിക്കോട് സ്വദേശികളും നാലുപേർ മലപ്പുറം ജില്ലക്കാരുമാണ്. മലപ്പുറം ചങ്ങരംകുളം സ്വദേശിയായ ദിവ്യ(35)യെ നിപ ലക്ഷണങ്ങളോടെ തൃശൂർ മെഡിക്കൽ കോളജ് ആശുപത്രിയിലെ ഐസൊലേഷൻ വാർഡിൽ പ്രവേശിപ്പിച്ചു. രോഗം സ്ഥിരീകരിച്ചിട്ടില്ല.

അതിനിടയിൽ സ്ഥിതിഗതികൾ വിലയിരുത്താൻ കോഴിക്കോടും മലപ്പുറത്തുമായി സന്ദർശനം നടത്തുന്ന ദുരന്ത നിവാരണ സേന ഇന്ന് എത്തില്ല. സംസ്ഥാനതലത്തിൽ ആരോഗ്യവകുപ്പ് ഡയറക്ടറുടെ നേതൃത്വത്തിൽ പ്രത്യേക നിരീക്ഷണ സെല്ലും ജില്ലകളിൽ ഡി.എം.ഒമാരുടെ നേതൃത്വത്തിൽ മൂന്നു സെല്ലുകൾ വീതവും പ്രവർത്തനമാരംഭിച്ചു. 13 പേർക്കാണ് ഇതുവരെ രോഗം സ്ഥിരീകരിച്ചിരിക്കുന്നത്. മലപ്പുറം ജില്ലക്കാരായ മൂന്നുപേർ നിപ ബാധിച്ചു മരിച്ച സാഹചര്യത്തിൽ മൂർക്കനാട്, തെന്നല, മൂന്നിയൂർ, തേഞ്ഞിപ്പലം എന്നിവിടങ്ങളിലെ അംഗൻവാടികൾ ഉൾ പ്പെടെയുള്ള വിദ്യാഭ്യാസസ്ഥാപനങ്ങൾക്കു ജില്ലാ കലക്ടർ അവധി പ്രഖ്യാപിച്ചു.വൈറസ് വ്യാപനം തടയാൻ ലക്ഷ്യമിട്ടാണിത്.

കണ്ണൂരിലും അതീവ ജാഗ്രത

കോഴിക്കോട്ട് നിപെവെറസ് സ്ഥിരീകരിച്ച പശ്ചാത്തലത്തിൽ കണ്ണൂർ ജില്ലയിലും കളക്ടർ അതീവജാഗ്രതാനിർദ്ദേശം നൽകി. ജില്ലാ ആശുപത്രിയിലും തലശേരി ജനറൽ ആശുപത്രിയിലും പ്രത്യേക വാർഡുകൾ തുറക്കും. നിപെവെറസ് ബാധിച്ചു മരിച്ച നാദാപുരം സ്വദേശി അശോകനെ പരിചരിച്ച തലശേരിയിലെ നഴ്സിനെയും ആശുപത്രിയിലെത്തിച്ച ഡ്രൈവറെയും നിരീക്ഷണ വാർഡിലേക്കു മാറ്റി.പ്രതിരോധപ്രവർത്തനങ്ങൾ ചർച്ചചെയ്യാൻ നാളെ കോഴിക്കോടു സർവകക്ഷിയോഗം ചേരും.

നഴ്‌സുമാരോട് നാട്ടുകാരും വീട്ടുകാരും അകലം പാലിക്കുന്നു

നിപാ വൈറസിന്റെ പശ്ചാത്തലത്തിൽ പേരാമ്പ്ര താലൂക്ക് ആശുപത്രി നഴ്സുമാരോട് നാട്ടുകാരും വീട്ടുകാരും അകലം പാലിക്കുന്നതായി പരാതി. നഴ്‌സുമാർ ഇക്കാര്യം സൂചിപ്പിച്ച് നൽകിയ പരാതി സൂപ്രണ്ട് ജില്ലാ മെഡിക്കൽ ഓഫീസർക്ക് നൽകി. ബസിലും ഓട്ടോറിക്ഷയിലും കയറാൻ സമ്മതിക്കുന്നില്ലെന്നും വീട്ടിലുള്ളവർ പോലും അകലം പാലിക്കുന്നെന്നുമാണ് ഇവർ നൽകിയ പരാതിയിൽ വ്യക്തമാക്കിയിരിക്കുന്നത്.

നേരത്തേ പേരാമ്പ്ര താലൂക്ക് ആശുപത്രിയിലാണ് നിപാ വൈറസ് ബാധമൂലം ആദ്യം മരണം റിപ്പോർട്ട് ചെയ്യപ്പെട്ടത്. ഒരു കുടുംബത്തിലെ മൂന്ന് പേർ മരണമടഞ്ഞതിന് പിന്നാലെ ഇവരെ ചികിത്സിച്ച നഴ്സ് ലിനിയും മരിച്ചതോടെയാണ് നാട്ടുകാർ ആശുപത്രിയിൽ നിന്നും നഴ്സുമാരിൽ നിന്നും അകലം പാലിക്കുന്നത്. സോഷ്യൽ മീഡിയ വഴിയുള്ള പ്രചാരണം ശക്തമായ സാഹചര്യത്തിൽ സ്വന്തം വീട്ടുകാർ പോലും വീട്ടിൽ കയറ്റാൻ മടിക്കുന്നെന്നാണ് ഇവരുടെ ആരോപണം. പേരാമ്പ്രയിലെ താലൂക്ക് ആശുപത്രിയിൽ 11 സ്ഥിരം നഴ്‌സുമാരും അഞ്ച് എൻആർഎച്ച് നഴ്‌സുമാരുമാണ് ജോലി ചെയ്യുന്നത്. ആശുപത്രിയിൽ സേവനം അനുഷ്ഠിച്ചിരുന്ന മൂന്ന് കരാർ നഴ്‌സുമാരും വരാതായി.

നിപാ വൈറസിനെ സംബന്ധിച്ച് വാർത്തകൾ വന്നതോടെ ആശുപത്രിയിലേക്ക് രോഗികൾ പോലും വരാത്ത സാഹചര്യത്തിലായി. സമൂഹമാധ്യമങ്ങൾ വഴിയുള്ള തെറ്റായ പ്രചരണങ്ങളാണ് നിലവിലെ ദുരവസ്ഥയ്ക്ക് കാരണമെന്ന് നഴ്സുമാർ പറയുന്നു. അനേകം തെറ്റിദ്ധാരണ നിലനലൽക്കുന്ന സാഹചര്യത്തിൽ വീടുവീടാന്തരം കയറിയിറങ്ങി പ്രചരണം നടത്താനുള്ള നീക്കത്തിലാണ് സാമൂഹ്യപ്രവർത്തകർ. അതിനിടയിൽ പേരാമ്പ്ര ഇഎംഎസ് ആശുപത്രിയിലെ ജീവനക്കാർ പ്രത്യേക സുരക്ഷയോടെയാണ് ജോലി ചെയ്യുന്നത്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP