Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Sep / 202029Tuesday

ആലപ്പുഴയിലെ പരിശോധനയില്‍ കണ്ടെത്തിയത് 'കൊലയാളി' വൈറസിനോട് ഏറെ സാമ്യമുള്ള രോഗാണുവിനെ; പൂനെയിലെ ഫലം ഇന്ന് രാവിലെയോടെ ആരോഗ്യ വകുപ്പിന് കിട്ടും; രോഗ വ്യാപനം തടയാനായി എടുത്തത് അതീവ ഗൗരവത്തോടെയുള്ള മുന്‍ കരുതല്‍; ഒരാള്‍ക്ക് മാത്രം രോഗമുണ്ടാകില്ലെന്ന ചര്‍ച്ചകള്‍ വിരല്‍ ചൂണ്ടുന്നത് 'വൈറസ്' സിനിമയുടെ പരസ്യമോ എന്ന ചര്‍ച്ചകളിലേക്കും; ആരോപണങ്ങള്‍ അടിസ്ഥാന രഹിതമെന്ന് ആരോഗ്യ വകുപ്പും അണിയറക്കാരും; 'നിപ'യിലെ സത്യം ഇന്നറിയാം

ആലപ്പുഴയിലെ പരിശോധനയില്‍ കണ്ടെത്തിയത് 'കൊലയാളി' വൈറസിനോട് ഏറെ സാമ്യമുള്ള രോഗാണുവിനെ; പൂനെയിലെ ഫലം ഇന്ന് രാവിലെയോടെ ആരോഗ്യ വകുപ്പിന് കിട്ടും; രോഗ വ്യാപനം തടയാനായി എടുത്തത് അതീവ ഗൗരവത്തോടെയുള്ള മുന്‍ കരുതല്‍; ഒരാള്‍ക്ക് മാത്രം രോഗമുണ്ടാകില്ലെന്ന ചര്‍ച്ചകള്‍ വിരല്‍ ചൂണ്ടുന്നത് 'വൈറസ്' സിനിമയുടെ പരസ്യമോ എന്ന ചര്‍ച്ചകളിലേക്കും; ആരോപണങ്ങള്‍ അടിസ്ഥാന രഹിതമെന്ന് ആരോഗ്യ വകുപ്പും അണിയറക്കാരും; 'നിപ'യിലെ സത്യം ഇന്നറിയാം

മറുനാടൻ മലയാളി ബ്യൂറോ

കൊച്ചി: നിപയെ കേരളം ചെറുത്ത് തോൽപ്പിച്ചതാണ്. ഇതിന്റെ പേരിൽ മുഖ്യമന്ത്രിക്കും ആരോഗ്യമന്ത്രിക്കും പുരസ്‌കാരങ്ങൾ ഏറെ കിട്ടി. കേരളത്തിന്റെ രോഗ പ്രതിരോധത്തെ കുറിച്ച് ആഗോള തലത്തിൽ ചർച്ചയും നടന്നു. ആരോഗ്യമന്ത്രി കെകെ ശൈലജയുടെ ഇടപെടലുകൾ ചർച്ചയാക്കുന്ന സിനിമയും അണിയറയിൽ തയ്യാർ. അത് തിയേറ്ററിൽ എത്താൻ ദിവസങ്ങൾ ഉള്ളപ്പോൾ വീണ്ടും കേരളത്തെ ഭയപ്പെടുത്താൻ നിപയെത്തി. പനി ബാധിച്ച് കൊച്ചിയിലെ ആശുപത്രിയിൽ ചികിത്സയിൽ കഴിയുന്ന യുവാവിന് നിപ ബാധ സ്ഥിരീകരിച്ചിട്ടില്ലെന്ന് ആരോഗ്യമന്ത്രി കെ.കെ. ശൈലജ പറയുന്നുമുണ്ട്. എന്നാൽ നിപയെന്ന വൈറസിന്റെ ഭയാനകമായ രൂപത്തെ കുറിച്ചോർത്ത് മലയാളികൾ ഇപ്പോൾ ആശങ്കയിലാണ്. വവ്വാൽ, പന്നി തുടങ്ങിയ ജീവികളുമായുള്ള സമ്പർക്കം ഒഴിവാക്കണമെന്ന് കമ്യൂണിറ്റി മെഡിസിൻ വിഭാഗം ജനങ്ങൾക്ക് മുന്നറിയിപ്പ് നൽകി.

Stories you may Like

നിപ വൈറസ് ബാധ സംശയത്തെ തുടർന്ന് ചികിത്സയിൽ കഴിയുന്ന യുവാവിന്റെ രക്തസാമ്പിളുകളുടെ പരിശോധനാ ഫലം പൂണെ വൈറോളജി ഇൻസ്റ്റിറ്റ്യൂട്ടിൽ നിന്ന് ഇന്ന് ലഭിക്കും. വൈറസ് ബാധ സ്ഥിരീകരിക്കുകയാണെങ്കിൽ പ്രതിരോധ പ്രവർത്തനങ്ങൾ ഊർജ്ജിതമാക്കാനാണ് നീക്കം. ഇന്നലെ വൈകിട്ട് അഞ്ച് മണിയോടെയാണ് ചികിത്സയിലുള്ള വിദ്യാർത്ഥിയുടെ രക്ത സാമ്പിളുകൾ പൂണെയിലെ നാഷണൽ വൈറോളജി ഇൻസ്റ്റിറ്റ്യൂട്ടിലെത്തിച്ചത്. പരിശോധനഫലം എന്ത് തന്നെ ആയാലും പ്രതിരോധ പ്രവർത്തനം ഊർജ്ജിതമാക്കി നടത്തണമെന്നാണ് ആരോഗ്യ മന്ത്രി കഴിഞ്ഞ ദിവസം ഉദ്യോഗസ്ഥർക്ക് നൽകിയ നിർദ്ദേശം. ഇന്ന് രാവിലെ ചികിത്സയിലുള്ള വിദ്യാർത്ഥിയുടെ ആരോഗ്യ സ്ഥിതി അടക്കം വിശദീകരിക്കാൻ ആരോഗ്യമന്ത്രി മാധ്യമങ്ങളെ കാണും. പൂണെ വൈറോളജി ഇൻസ്റ്റിറ്റ്യൂട്ടിന്റെ പരിശോധന വിവരങ്ങളും മന്ത്രി മാധ്യമങ്ങളെ അറിയിച്ചേക്കും. സ്വകാര്യ ആശുപത്രിയിൽ വൈറസ് ബാധയുണ്ടെന്ന് സംശയിക്കുന്ന വിദ്യാർത്ഥിക്ക് ലഭിക്കുന്ന ചികിത്സയിൽ വിദഗ്ധ സംഘം സംതൃപ്തി രേഖപ്പെടുത്തിയിട്ടുണ്ട്. ഇതോടെ ആശങ്കയും മാറും.

ഏതായാലും ചാനലുകൾ ആകെ നിപയെ കുറിച്ചുള്ള ചർച്ചയാണ്. എറണാകുളം, തൃശൂർ, ഇടുക്കി ജില്ലകളിലാണ് ജാഗ്രത. അങ്ങനെ മലയാളികളെല്ലാം ഈ കൊലയാളി വൈറസിനെ കുറിച്ചുള്ള ഭീതിയിൽ. ഇതിനിടെയും ആർക്കും രോഗത്തെ കുറിച്ച് സ്ഥിരീകരിക്കാനും കഴിയുന്നില്ല. ഇവിടെ ഒരാളിൽ മാത്രമേ നിപയെ കുറിച്ചുള്ള സംശയവുമുള്ളൂ. ഒരാൾക്ക് മാത്രമായി വരുന്ന രോഗവുമല്ല നിപ. അതുകൊണ്ട് തന്നെ ഭീകര പനി പിടിച്ച രോഗിയെ നിപ ബാധിച്ചുവെന്ന സംശയത്തിൽ ചികിൽസിക്കുന്നുവെന്ന ചിന്താഗതിയും ശക്തമാണ്. ഇതിനൊപ്പമാണ് വൈറസ് സിനിമയെ ഹിറ്റാക്കാനുള്ള തന്ത്രമാണിതെന്ന വ്യാജ പ്രചരണവും. ഏതായാലും സിനിമയ്ക്കും രോഗത്തിനുമായി ബന്ധമില്ലെന്നാണ് അണിയറക്കാർ പറയുന്നത്. സിനിമയുടെ റിലീസും ചർച്ചയും ഉയർന്നത് തീർത്തും അപ്രതീക്ഷിതമാണെന്നും അവർ പറയുന്നു.

വൈറസ് എന്ന സിനിമ ആഷിഖ് അബുവിന്റേതാണ്. മന്ത്രി ശൈലജയായി അഭിനയിക്കുന്നത് രേവതിയും. ഈ സിനിമയെ കുറിച്ചുള്ള ചർച്ചകൾ പലതരത്തിൽ സജീവമാണ്. ഈ ചർച്ചകളുടെ ഭാഗമാണ് നിപയിലെ ഇപ്പോഴത്തെ ചർച്ചയെന്ന സംശയവും സജീവമാണ്. ഇത്തരം ഊഹാപോഹങ്ങൾ കൂടിയാകുമ്പോൾ പൂനയിൽ നിന്നെത്തുന്ന അവസാന റിപ്പോർട്ടിൽ നിപയെ കണ്ടെത്താനായില്ലെന്ന വാർത്തയെത്തുമെന്ന് കരുതുന്നവരുമുണ്ട്. ഇതോടെ വീണ്ടും സർക്കാരിനും ആരോഗ്യ പ്രവർത്തകർക്കും കൈയടി കിട്ടും. കേരളം നിപയെ അതിജീവിച്ചെന്ന സന്ദേശം അതിശക്തമാവുകയും ചെയ്യും. ഇങ്ങനെ വൈറസിനെ തോൽപ്പിച്ച കേരളത്തിന്റേയും മന്ത്രിയുടേയും കഥ പറുന്ന സിനിമയ്ക്കായുള്ള പ്രചരണ തന്ത്രമായിരിക്കണേ ഇപ്പോഴത്തെ വാർത്തകളെന്ന് പ്രാർത്ഥിക്കുന്നവരും ഉണ്ട്.

നിപ വൈറസ് ബാധ പശ്ചാത്തലമാക്കി ആഷിഖ് അബു ഒരുക്കുന്ന മൾട്ടി സ്റ്റാർ ചിത്രമായ 'വൈറസ്' ജൂൺ 7ന് തീയേറ്ററുകളിലേക്കെത്തുകയാണ്. വൻ താരനിരയുമായാണ് ചിത്രം എത്തുന്നത്. യഥാർത്ഥ സംഭവ കഥ ചലച്ചിത്രമാകുന്നതിനാൽ തന്നെ ഏറെ പ്രതീക്ഷയോടെയാണ് സിനിമാ പ്രേമികൾ ഈ ചിത്രത്തെ നോക്കിക്കാണുന്നത്. യഥാർത്ഥ സംഭവ കഥയെ അടിസ്ഥാനമാക്കിയൊരുക്കുന്ന ചിത്രം ഒരു റിയൽ മാസ് സ്റ്റോറിയാകും എന്നാണ് ആഷിഖ് അബു വ്യക്തമാക്കിയിട്ടുള്ളത്. വൈറസ് ബാധയേറ്റ രോഗികളെ ചികിത്സിക്കുന്നതിനിടയിൽ ജീവൻ പൊലിഞ്ഞ നഴ്സ് ലിനിയുടെ ജീവിതവും ചിത്രത്തിൽ പ്രമേയമാകും. ഈ പശ്ചാത്തലത്തിലാണ് സിനിമയുടെ റിലീസും രോഗവുമായും ബന്ധപ്പെട്ട ചർച്ചകളും വിവാദങ്ങളും സോഷ്യൽ മീഡിയയിൽ സജീവമാകുന്നത്. ഇതിലൊന്നും കാര്യമില്ലെന്നാണ് ആരോഗ്യ വകുപ്പ് പറയുന്നത്. ഏതായാലും ആരോഗ്യ വകുപ്പിന്റെ ഇടപെടലുകൾ അതിശക്തമാണ്. രോഗിയുമായി അടുത്തിടപഴകിയവരുൾപ്പെടെ 86 പേർ നിരീക്ഷണത്തിലാണ്. വരും ദിവസങ്ങളിലും ജാഗ്രത തുടരും. എന്നാൽ, ഭയപ്പെടേണ്ട സാഹചര്യമില്ല.

ആലപ്പുഴയിലെ വൈറോളജി ഇൻസ്റ്റിറ്റ്യൂട്ടിൽ നടത്തിയ പരിശോധനയിൽ നിപയോട് സാദൃശ്യമുള്ള വൈറസിന്റെ സാന്നിധ്യം കണ്ടെത്തിയിരുന്നു. തുടർന്നാണ് മണിപ്പാലിലേക്കും അവിടെനിന്ന് പുനയിലേക്കും അയച്ചത്. പനി ബാധിച്ച യുവാവ് എറണാകുളത്തെ ആസ്റ്റർ മെഡ്സിറ്റിയിൽ ചികിത്സയിലാണ്. എല്ലാ സൗകര്യങ്ങളും ആശുപത്രി അധികൃതർ അവിടെ ഒരുക്കിയിട്ടുണ്ട്. മറ്റുള്ള രോഗികൾ ഭയപ്പെടേണ്ടതില്ല. കളമശ്ശേരി ഗവൺമെന്റ് മെഡിക്കൽ കോളേജിലാണ് ജില്ലയിലെ ഐസൊലേഷൻ വാർഡ്. അങ്ങനെ നിപയെ നേരിടാനുള്ള ഒരുക്കങ്ങളും തകൃതി. അതുകൊണ്ട് തന്നെ സിനിമയ്ക്ക് വേണ്ടിയുള്ള പരസ്യമാണ് നടക്കുന്നതെന്ന സോഷ്യൽ മീഡിയ ചർച്ചകളെ ഗൗരവത്തോടെ എടുത്ത് ഈ സാഹചര്യത്തെ ലഘൂകരിക്കാനും കഴിയില്ല. ഏതായാലും പൂനയിലെ റിസൾട്ട് എത്തും വരെ അഭ്യൂഹങ്ങൾ തുടരും. പൂനയിലെ ഫലത്തിൽ നിപയാണ് എന്ന് കണ്ടെത്തിയാൽ അത് സിനിമയ്ക്കും തിരിച്ചടിയാകും. നിപയെ കേരളം തോൽപ്പിച്ച കഥയാണ് വൈറസ് പറയുന്നത്. അതുകൊണ്ട് തന്നെ വീണ്ടും നിപയെന്ന വൈറസ് എത്തിയാൽ അത് സിനിമയുടെ മൊത്തം സന്ദേശത്തേയും ബാധിക്കും.

മുൻകരുതലെന്ന നിലയ്ക്ക് എല്ലാ മെഡിക്കൽ കോളേജുകളിലും ഐസൊലേഷൻ വാർഡുകൾ തുറക്കാൻ നിർദ്ദേശം നൽകിയിട്ടുണ്ട്. എറണാകുളത്തിനോട് ചേർന്നുള്ള ജില്ലകളിലും ഐസൊലേഷൻ വാർഡ് സൗകര്യമുണ്ടാകും. കോഴിക്കോട് നിപ ബാധയുണ്ടായ സമയത്തെ അനുഭവങ്ങൾ മുൻനിർത്തിയാണ് കരുതൽ നടപടികൾ സ്വീകരിച്ചതെന്ന് മന്ത്രി ശൈലജ പറഞ്ഞു. കോഴിക്കോട്ടു നിന്നുള്ള വിദഗ്ധസംഘം കൊച്ചിയിലെത്തിയിട്ടുണ്ട്. ചികിത്സയ്ക്ക് മരുന്നുൾപ്പെടെയുള്ളവ ലഭ്യമാണ്. നിപ വൈറസ് ബാധിച്ചവരെ ചികിത്സിക്കുന്നതിനുപയോഗിച്ച റിബാവിറിൻ എന്ന ഗുളികകൾ ആരോഗ്യവകുപ്പിന്റെ കൈവശമുണ്ട്. ഇത് ചികിത്സയിലുള്ള യുവാവിന് നൽകുന്നുണ്ട്. മുമ്പ് നിപ ബാധയുണ്ടായ സമയത്ത് ഓസ്ട്രേലിയയിൽ നിന്ന് മരുന്നെത്തിച്ചിരുന്നു. അന്നുകൊണ്ടുവന്ന ഹ്യൂമൻ മോണോ ക്ലോണൽ ആന്റിബോഡി ഇപ്പോൾ നാഷണൽ വൈറോളജി ഇൻസ്റ്റിറ്റ്യൂട്ടിലുണ്ട്. അത്യാവശ്യം വന്നാൽ അതു കേരളത്തിന് ലഭ്യമാകുമെന്നും മന്ത്രി പറഞ്ഞു.

നിപ സംശയത്തെത്തുടർന്ന് നിരീക്ഷണത്തിലുള്ള യുവാവിന്റെ മുൻ യാത്രകൾ പരിശോധിക്കും. ഏതെല്ലാം സ്ഥലങ്ങളിൽ യാത്രചെയ്തു, ആരുമായെല്ലാം ഇടപഴകി എന്നെല്ലാം പരിശോധിക്കുന്നുണ്ട്. അടുത്തിടപഴകിയവരുമായി ബന്ധപ്പെട്ട് വരുംദിവസങ്ങളിലെല്ലാം തുടർ പരിശോധനകളുണ്ടാകും. യുവാവുമായി അടുത്തിടപഴകിയവരുൾപ്പെടെ നിരീക്ഷണത്തിലാണ്. ഇവരിൽ രോഗലക്ഷണം കണ്ടാൽ ആശുപത്രിയിലെത്തിക്കും. പനി പോലെയുള്ള സാധാരണ ലക്ഷണങ്ങളാണെങ്കിൽ പ്രത്യേകവാർഡിലും കൂടുതൽ ലക്ഷണങ്ങൾ കണ്ടാൽ ഐസൊലേഷൻ വാർഡിലും പ്രവേശിപ്പിക്കും. യുവാവ് യാത്ര ചെയ്തതായി സംശയിക്കുന്ന ജില്ലകളിൽ നിരീക്ഷണം കർശനമാക്കി.

കളമശ്ശേരി സർക്കാർ മെഡിക്കൽ കോളേജിൽ വെന്റിലേറ്റർ സൗകര്യമുള്ള ഐസൊലേഷൻ വാർഡാണ് തുറന്നത്. 10 കിടക്കകളുണ്ട്. പ്രത്യേകമായി ആംബുലൻസും ഒരുക്കി. ജില്ലയിൽ മറ്റേതെങ്കിലും ആശുപത്രികളിൽ ഇത്തരം സംഭവങ്ങൾ കണ്ടെത്തിയാൽ സ്വീകരിക്കേണ്ട നടപടികൾ സംബന്ധിച്ച് നിർദ്ദേശം നൽകിയിട്ടുണ്ട്. ജനങ്ങൾക്കിടയിൽ ബോധവത്കരണം നടത്തും. നിപയിൽ സ്വീകരിക്കേണ്ട മുൻകരുതലുകളെല്ലാം വിശദീകരിക്കും.

അതിനിടെ പൊതുജനങ്ങളിൽ ഭീതിയുണ്ടാക്കുന്ന തരത്തിലുള്ള സന്ദേശങ്ങൾ പ്രചരിപ്പിക്കുന്നവർക്കെതിരേ കർശന നടപടിയുണ്ടാകുമെന്ന് മന്ത്രി കെ.കെ. ശൈലജ പറഞ്ഞു. സാമൂഹികമാധ്യമങ്ങൾ നിരീക്ഷിക്കാൻ സൈബർ സെല്ലിന് നിർദ്ദേശം നൽകിയിട്ടുണ്ട്. തമാശപറയേണ്ട സാഹചര്യമല്ലിത്. മുമ്പ് നിപയുണ്ടായ സമയത്ത് സത്യമല്ലാത്ത വാർത്തകൾ പ്രചരിപ്പിച്ച 25 പേർക്കെതിരേ കേസെടുത്തിരുന്നു. 10 പേരെ അറസ്റ്റുചെയ്തുവെന്നും മന്ത്രി പറഞ്ഞു.

നിപയിൽ ജാഗ്രത ശക്തം

ജന്തു ജന്യരോഗമാണ് നിപ. വൈറസ് പ്രധാനമായും തലച്ചോറിനെയാണ് ബാധിക്കുന്നത്. പനി, ശക്തമായ തലവേദന, സ്ഥലകാല ബോധം നഷ്ടപ്പെടൽ, അപസ്മാര ചേഷ്ടകൾ, ചുമ, വയറുവേദന, മനംപുരട്ടൽ, ഛർദ്ദി, ക്ഷീണം, കാഴ്ചമങ്ങൽ തുടങ്ങിയവയാണ് പ്രാരംഭ ലക്ഷണങ്ങൾ. തുടർന്ന് അഗാധമായ അബോധാവസ്ഥയിലേക്ക്(കോമാ) രോഗി വഴുതി വീഴും. രോഗം ഭേദമായതിനുശേഷവും മസ്തിഷ്‌കസംബന്ധമായ പ്രശ്നങ്ങൾ ഉണ്ടാകാമെന്നതാണ് നിപ വൈറസ് പനിയുടെ മറ്റൊരു പ്രത്യേകത.

രോഗം വന്നതിന് ശേഷമുള്ള ചികിത്സ അത്ര ഫലപ്രദമല്ല. പ്രതിരോധ പ്രവർത്തനങ്ങൾക്കാണ് പ്രാധാന്യം നൽകേണ്ടത്. രോഗിയെ പരിചരിക്കുന്നവർ ശുശ്രൂഷയ്ക്കുശേഷം കൈകൾ സോപ്പും, വെള്ളവും ഉപയോഗിച്ച് ഒരുമിനിറ്റോളം വൃത്തിയായി കഴുകണം. പരിചരിക്കുമ്പോൾ കൈയുറകളും, മാസ്‌കും, ഗൗണും ധരിക്കണം. കഴിയുന്നതും ഡിസ്പോസിബിൾ ഉപകരണങ്ങൾ ഉപയോഗിക്കണം.

രോഗ ബാധിതർ ചുമയ്ക്കുമ്പോഴും തുമ്മുമ്പോഴും തൂവാല ഉപയോഗിച്ച് മൂക്കും വായും അടച്ചുപിടിക്കണം. പനിയുടെ ലക്ഷണങ്ങൾ കണ്ടാൽ പനിമരുന്നുകൾ വാങ്ങി കഴിച്ച് സ്വയംചികിത്സയ്ക്ക് തയാറാകരുത്. രോഗിയുമായി ഒരു മീറ്റർ എങ്കിലും അകലം പാലിക്കുക.

മൃഗങ്ങളുമായി സമ്പർക്കത്തിൽ ഏർപ്പെടേണ്ടിവരുമ്പോൾ ശരിയായ വ്യക്തിശുചിത്വം പാലിക്കണം. വവ്വാലിന്റെ വിസർജ്യങ്ങൾ കലർന്ന് മലിനമായ പഴങ്ങൾ ഭക്ഷിക്കരുത്. വവ്വാലുകൾ ധാരാളമുള്ള സ്ഥലങ്ങളിൽ നിന്ന് തുറന്ന കലങ്ങളിൽ ശേഖരിക്കുന്ന കള്ള് ഒഴിവാക്കുക. വവ്വാലുകൾ ഭക്ഷിച്ച ചാമ്പങ്ങ, പേരയ്ക്ക, മാങ്ങ തുടങ്ങിയ കായ്ഫലങ്ങൾ ഉപേക്ഷിക്കുക. രോഗിയുടെ ചികിത്സയ്ക്ക് ഉപയോഗിച്ച ഉപകരണങ്ങൾ, രോഗിയുടെ വസ്ത്രം, വിരി എന്നിവയെല്ലാം സുരക്ഷിതമായി കൈകാര്യം ചെയ്യണം.}

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP