Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

മുണ്ടക്കൈ പുഞ്ചിരിപ്പാടത്തെ ഉരുൾപൊട്ടലിൽ ചാലിയാറിൽ ജലനിരപ്പ് ഉയർന്നു തുടങ്ങി; നിലമ്പൂർ, അരീക്കോട്, വാഴക്കാട് പ്രദേശങ്ങളിൽ വെള്ളപ്പൊക്ക ഭീതിയിൽ; ചാലിയാറിന് കുറുകെ കനോലി പ്ലോട്ട് ടൂറിസം കേന്ദ്രത്തിനകത്തെ തൂക്ക് പാലം പൂർണ്ണമായും തകർന്നു; കഴിഞ്ഞ പ്രളയകാലത്തെ ജലനിരപ്പിനോളം വെള്ളമെത്താൻ ഇനി രണ്ടര മീറ്റർ കൂടി ഉയർന്നാൽ മതി; നിലമ്പൂരിൽ ആശങ്ക ശക്തം

മുണ്ടക്കൈ പുഞ്ചിരിപ്പാടത്തെ ഉരുൾപൊട്ടലിൽ ചാലിയാറിൽ ജലനിരപ്പ് ഉയർന്നു തുടങ്ങി; നിലമ്പൂർ, അരീക്കോട്, വാഴക്കാട് പ്രദേശങ്ങളിൽ വെള്ളപ്പൊക്ക ഭീതിയിൽ; ചാലിയാറിന് കുറുകെ കനോലി പ്ലോട്ട് ടൂറിസം കേന്ദ്രത്തിനകത്തെ തൂക്ക് പാലം പൂർണ്ണമായും തകർന്നു; കഴിഞ്ഞ പ്രളയകാലത്തെ ജലനിരപ്പിനോളം വെള്ളമെത്താൻ ഇനി രണ്ടര മീറ്റർ കൂടി ഉയർന്നാൽ മതി; നിലമ്പൂരിൽ ആശങ്ക ശക്തം

മറുനാടൻ മലയാളി ബ്യൂറോ

മലപ്പുറം: വയനാട് മേപ്പാടി പുഞ്ചിരിപ്പാടത്തുണ്ടായ ഉരുൾപൊട്ടലിനെ തുർന്ന് ചാലിയാർ പുഴയിൽ ജലനിരപ്പ് ഉയർന്നു തുടങ്ങി. മഞ്ഞ നിറത്തിൽ കലങ്ങിയ വെള്ളമാണ് ഇപ്പോൾ പുഴയിലൂടെ ശക്തമായി ഒഴുകിക്കൊണ്ടിരിക്കുന്നത്. എന്നാൽ കഴിഞ്ഞ രണ്ട് വർഷങ്ങളിലെ പ്രളയകാലത്ത് അടയാളപ്പെടുത്തിയ ജലനിരപ്പിനോളം വെള്ളമെത്തിയിട്ടില്ല എന്നത് അശ്വാസകരമാണ്. എങ്കിലും മുൻകരുതലെന്നോണം മലപ്പുറം കോഴിക്കോട് ജില്ലകിൾ ചാലിയാറിന് ഇരുകരകളിലുമായി താമസിക്കുന്നവരെ ഇപ്പോൾ തന്നെ മാറ്റിപ്പാർപ്പിച്ചു തുടങ്ങിയിട്ടുണ്ട്.

ചാലിയാറിൽ നിന്നും കോഴിക്കോട് നിലമ്പൂർ ഗൂഡല്ലൂർ സംസ്ഥാന പാതയിൽ വാഴക്കാട് വാലില്ലാപ്പുഴയിൽ വെള്ളം കയറിയതിനെ തുടർന്ന് ഇതുവഴിയുള്ള ഗതാഗതം പൂർണ്ണമായും നിലച്ചു. വാഴക്കാട് പഞ്ചായത്തിലെ താഴന്ന പ്രദേശങ്ങൾ വെള്ളത്തിനടിയിലായിട്ടുണ്ട്. ഗ്രാമീണ റോഡുകൾ പലതും ഗതാഗാത യോഗ്യമല്ലാതായി. വാഴക്കാട് നൂഞ്ഞിക്കര, വാഴക്കാട് ചെറവായൂർ തുടങ്ങിയ റോഡുകളിലെല്ലാം വെള്ളം കറിയ ഗ്രാമങ്ങൾ ഒറ്റപ്പെട്ട അവസ്ഥയിലാണ്. ഇന്ന് രാവിലെ മുതൽ 12 മണിവരെ ഈ പ്രദേശങ്ങളിൽ മഴക്ക് ശമനമുണ്ടായിരുന്നെങ്കിലും 12 മണിക്ക് ശേഷം കനത്ത മഴ പെയ്തുകൊണ്ടിരിക്കുകയാണ്.

നിലമ്പൂരിൽ കനോലി പ്ലോട്ട് ടൂറിസം കേന്ദ്രത്തിനകത്ത് ചാലിയാറിന് കുറുകെ നിർമ്മിച്ച തൂക്ക് പാലം പൂർണ്ണമായും തകർന്നു. കഴിഞ്ഞ പ്രളയ കാലത്തും ഈ പാലം തകർന്നിരുന്നു. പിന്നീട് പുനർനിർമ്മിത്ത പാലമാണ് ഇന്ന് വീണ്ടും തകർന്നത്. പോത്തുകല്ല്, മുണ്ടോരി, ഭാഗങ്ങളിൽ നിന്ന് കൂടുതൽ ആളുകളെ ദുരിതാശ്വാസ ക്യാമ്പുകളിലേക്കും സുരക്ഷിത സ്ഥാനങ്ങളിലേക്കും മാറ്റിയിട്ടുണ്ട്. നിലമ്പൂർ മുണ്ടേരി ഫാമിന് അകത്തുള്ള വാണിയം പുഴ ആദിവാസി ഊരിലെ മൂന്നു വീടുകൾ ഇന്നലെ പുഴകരകവിഞ്ഞതിനെ തുടർന്ന് ഭാഗികമായി തകർന്നിരുന്നു.മാതി, ചെമ്പൻ, മോഹനൻ എന്നിവരുടെ വീടുകളാണ് തകർന്നത്.

മാതിയുടെ വീടിന്റെ ഒരു ഭാഗവും ചെമ്പന്റെ വീടിന്റെ തറയുടെ അടി ഭാഗവും മോഹനന്റെ വീടിന് മുകളിൽ മരം വീണുമാണ് തകർന്നത്.കഴിഞ്ഞ പ്രളയത്തിൽ ഊരുമായി ബന്ധിക്കുന്ന പാലം തകർന്നിരുന്നു. പിന്നീട് മലപ്പുറം ജില്ലാ കലക്റ്റർ തത്കാലിക തൂക്ക് പാലം നിർമ്മിച്ചിരുന്നു. എന്നാൽ ആ പാലവും ഇന്നലെയുണ്ടായ മല വെള്ള പാച്ചിലിൽ തകർന്നടിഞ്ഞു. ഇപ്പോൾ കാട്ടിനുള്ളിൽ തികച്ചും ഒറ്റപെട്ട അവസ്ഥയിലാണ് ഊരുകൾ. താത്കാലിക ഭക്ഷണ കിറ്റ് ഇന്നലെ ഐറ്റിഡിപി നൽകിയിട്ടുണ്ട്. ഇവരെയും ഇന്ന് സുരക്ഷിത കേന്ദ്രങ്ങളിലേക്ക് മാറ്റി. ഇന്നലെ രാത്രിയിൽ നിലമ്പൂർ ജനതപ്പടിയിൽ വെള്ളം കയറിയിരുന്നങ്കിലും രാവിലെ വെള്ളക്കെ്ട്ട് മാറിയിരുന്നു. എന്നാൽ ഇപ്പോൾ വയാനട് മേപ്പാടി ഭാഗങ്ങളിലുണ്ടായ ഉരുൾപൊട്ടലിനെ തുടർന്ന് പുഴയിൽ നിന്ന് ഈ പ്രദേശങ്ങളിലേക്ക് വെള്ളം വീണ്ടും കയറിത്തുടങ്ങിയിട്ടുണ്ട്. നിലമ്പൂരിൽ മാത്രം ഇതുവരെ 102 കുടുംബങ്ങളെ ദുരിതാശ്വാസ ക്യാമ്പുകളിലേക്ക് മാറ്റി പാർപ്പിച്ചു.

കൂടുതൽ കുടുംബങ്ങളെ ക്യാമ്പുകളിലേക്കും ബന്ധുവീടുകളിലേക്കും മാറ്റിപ്പാർപ്പിച്ചു കൊണ്ടിരിക്കുകയാണ്.നിലവിൽ വിവിധ പഞ്ചായത്തുകളിലുള്ള ക്യാമ്പുകളിൽ 397 പേരാണുള്ളത്. ഇതിൽ 117 പുരുഷന്മാരും 149 സ്ത്രീകളും 131 കുട്ടികളുമാണുള്ളത്. കരുളായി പുള്ളിയിൽ ജി.യു.പി. സ്‌കൂൾ, എടക്കര ജി.എച്ച്.എസ്. സ്‌കൂൾ, പോത്തുകല്ല് ഭൂദാനം എ.എൽ.പി. സ്‌കൂൾ പൂപ്പാടം ജി.എൽ.പി. സ്‌കൂൾ, മൂത്തേടം ഉച്ചക്കുളം കോളനിയിലെ ട്രൈബൽ എൽ.പി. സ്‌കൂൾ എന്നിവിടങ്ങളിലാണ് ദുരിതാശ്വാസ ക്യാമ്പുകൾ പ്രവർത്തിക്കുന്നത്. ചാലിയാർ പഞ്ചായത്തിലെ അകമ്പാടത്ത് ഒരു ക്യാമ്പ് വ്യാഴാഴ്ച തുറന്നിരുന്നു. ഒരു കുടുംബത്തിലെ നാലംഗങ്ങളാണ് അവിടെ വന്നിരുന്നത്. പിന്നീട് ഇവർ ബന്ധുവീട്ടിലേക്ക് പോയതോടെ അകമ്പാടത്തെ ക്യാമ്പ് താത്കാലികമായി അവസാനിപ്പിച്ചു. 2019-ൽ കവളപ്പാറ ദുരന്തത്തെത്തുടർന്ന് പ്രവർത്തനം തുടങ്ങി പിന്നീട് പോത്തുകല്ല് ടൗണിലേക്ക് മാറ്റിയ ഒരു ക്യാമ്പ് ഇപ്പോഴും പ്രവർത്തിക്കുന്നുണ്ട്.

ഇവിടെ 20 കുടുംബങ്ങിലായി 60-ഓളം പേരാണുള്ളത്. താലൂക്ക് പരിധിയിലെ കരുളായി, എടക്കര, വഴിക്കടവ് കേരള എസ്റ്റേറ്റ് എന്നീ വില്ലേജുകളിലെ 25-ഓളം വീടുകൾ ഭാഗികമായി തകർന്നു. നിലമ്പൂർ ടൗണിൽ വൈദ്യുതിബന്ധം ഭാഗിഗമായി മാത്രമേ ഇപ്പോഴും പുനർസ്ഥാപിച്ചിട്ടൊള്ളൂ. പോത്തുകല്ല് പഞ്ചായത്തിൽ വെളുമ്പിയംപാടത്തും ദുരിതാശ്വാസക്യാമ്പ് തുറന്നു. പൂളപ്പാടം ജി.എൽ.പി.സ്‌കൂളിലും ഭൂദാനം എ.എൽ.പി. സ്‌കൂളിലും ബുധനാഴ്ചതന്നെ ക്യാമ്പുകൾ പ്രവർത്തനമാരംഭിച്ചിരുന്നു.പൂളപ്പാടം ക്യാമ്പിൽ പത്ത് കുടുംബങ്ങളിൽ നിന്നായി 40 പേരുണ്ട്. മലാംകുണ്ട് പട്ടികവർഗ കോളനിയിൽനിന്നുള്ള നാല് കുടുംബങ്ങളും വാളംകൊല്ലിയിൽനിന്നുള്ള ജനറൽ വിഭാഗത്തിലെ ആറ് കുടുംബങ്ങളുമാണ് ഇപ്പോൾ ക്യാമ്പിലുള്ളത്. ഭൂദാനം എ.എൽ.പി. സ്‌കൂളിലെ ക്യാമ്പിൽ അഞ്ച് കുടുംബങ്ങളാണുള്ളത്. എരുമമുണ്ട നിർമല ഹയർസെക്കൻഡറി സ്‌കൂളിലും ക്യാമ്പ് തുറന്നു. പ്ലാക്കൽചോല പട്ടികവർഗ കോളനിയിലെ 19 കുടുംബങ്ങളിൽ നിന്നുള്ള 74-പേർ ഇവിടെയുണ്ട്. ക്യാമ്പുകൾക്ക് വേണ്ട സൗകര്യങ്ങൾ ലഭ്യമാക്കിയിട്ടുണ്ടെന്ന് ഡെപ്യൂട്ടി തഹസിൽദാർ ബി. മനോഹരൻ തമ്പി അറിയിച്ചു.

കനത്ത മഴയിൽ എടക്കര, വഴിക്കടവ് പ്രദേശങ്ങളിൽ വൻ നാശനഷ്ടം സംഭവിച്ചിട്ടുണ്ട്. മൂന്ന് വീടുകൾ ഭാഗികമായി തകർന്നു. പുന്നപ്പുഴ, കാരക്കോടൻപുഴ എന്നിവിടങ്ങളിലുണ്ടായ മലവെള്ളപ്പാച്ചിലിൽ നിരവധി വീടുകളിലും മുപ്പിനി പാലത്തിലും എടക്കര ഗവ. ഹയർ സെക്കൻഡറി സ്‌കൂളിലും വെള്ളം കയറി.കാരക്കോട്, മുക്കം, ഇല്ലിക്കാട് കോളനിയിലുള്ള 34 കുടുംബങ്ങളെ എടക്കര ഗവ. ഹൈസ്‌കൂളിലെ താത്കാലിക ക്യാമ്പിലേക്ക് മാറ്റി. പാലത്തിന് മുകളിൽ വെള്ളം കയറിയതോടെ മുപ്പിനി, വരക്കോട് ഭാഗങ്ങളിലേക്കുള്ള ഗതാഗതം തടസപ്പെട്ടു. ഇരുപതോളം വൈദ്യുതിത്തൂണുകളും തകർന്നു.ഉൾവനത്തിലുണ്ടായ ശക്തമായ മഴയിൽ കരിമ്പുഴയിൽ ജലനിരപ്പുയർന്നതിനെത്തുടർന്ന് നെടുങ്കയം കോളനിവാസികളെ മാറ്റിപ്പാർപ്പിച്ചു. ബുധനാഴ്ച രാത്രി 11-ഓടെയാണ് പുള്ളിയിൽ ഗവ.യു.പി. സ്‌കൂളിൽ ദുരിതാശ്വാസക്യാമ്പ് തുറന്ന് കോളനിവാസികളെ മാറ്റിയത്. വനത്തിനുള്ളിലെ നെടുങ്കയത്ത് 104 കുടുംബങ്ങളിലായി നാനൂറോളം പേരാണുള്ളത്.

ഇതിൽ 43 കുടുംബങ്ങളിലെ 48 പുരുഷന്മാരും, 64 സ്ത്രീകളും, 41 കുട്ടികളുമുൾപ്പെടെ 153 പേരാണ് ദുരിതാശ്വാസ ക്യാമ്പിലുള്ളത്. ബാക്കിയുള്ളവർ കോവിഡ് ഭയംമൂലം ക്യാമ്പിലേക്ക് വരാതെ വനത്തിനകത്തെ ശങ്കരങ്കോട്ടേക്ക് മാറി. കോവിഡ്-19 സാഹചര്യത്തിൽ നാല് വിഭാഗങ്ങളായി ക്യാമ്പുകൾ തിരിച്ചിട്ടുണ്ട്. അറുപത് വയസ്സിന് മുകളിലുള്ളവർക്കും ക്വാറന്റീനിൽ കഴിയുന്നവർക്കും കോവിഡ് സംശയിക്കുന്നവർക്കും മറ്റ് സാധാരണക്കാർക്കും പ്രത്യേകം സൗകര്യമുണ്ട്. എല്ലാ ക്യാമ്പുകളിലും ആരോഗ്യവകുപ്പിന്റെ സേവനം ലഭിക്കും. നിലമ്പൂർ എംഎൽഎ പിവി അൻവർ, രാജ്യസഭ അംഗം പിവി അബ്ദുൽ വഹാബ് എന്നിവർ വിവിധ ക്യാമ്പുകളിൽ സന്ദർശനം നടത്തി ജനങ്ങൾക്ക് ആവശ്യാമയ സൗകര്യങ്ങൾ ഏർപ്പെടുത്തി നൽകുന്നുണ്ട്.

രക്ഷാപ്രവർത്തനത്തിനായി ജില്ല ഭരണകൂടത്തിന്റെ നേതൃത്വത്തിൽ പൊന്നാനിയിൽ നിന്നെത്തിച്ച ബോട്ടുകൾ പ്രവർത്തനമാരംഭിച്ചു. മത്സ്യത്തൊഴിലാളികളും നിലമ്പൂർ മേഖലയിൽ അടിയന്തിര സാഹചര്യങ്ങൾ നേരിടാൻ തയ്യാറായി എത്തിയിട്ടുണ്ട്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP