Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202416Tuesday

എംസി റോഡിലെ കൂറ്റൻ പാലം തീർത്തത് ഒന്നര ഇഞ്ച് മെറ്റലിൽ; വടക്ക് കിഴക്കൻ സംസ്ഥാനങ്ങളിൽ കോൺട്രാക്ടറായി പോയി മടങ്ങിയത് മന്ത്രിയുടെ മകളെ ഭാര്യയാക്കി; പിജെ ജോസഫിന്റെ ബലഹീനതയറിഞ്ഞ് പ്രവർത്തിച്ചതിന്റെ പേരിൽ വിവാദ പുരുഷനായി; ഏനാത്ത് പാലത്തെ പഞ്ചവടി പാലമാക്കിയ കോൺട്രാക്ടർ നിഖിൽ സുരേഷിന്റെ കഥ

എംസി റോഡിലെ കൂറ്റൻ പാലം തീർത്തത് ഒന്നര ഇഞ്ച് മെറ്റലിൽ; വടക്ക് കിഴക്കൻ സംസ്ഥാനങ്ങളിൽ കോൺട്രാക്ടറായി പോയി മടങ്ങിയത് മന്ത്രിയുടെ മകളെ ഭാര്യയാക്കി; പിജെ ജോസഫിന്റെ ബലഹീനതയറിഞ്ഞ് പ്രവർത്തിച്ചതിന്റെ പേരിൽ വിവാദ പുരുഷനായി; ഏനാത്ത് പാലത്തെ പഞ്ചവടി പാലമാക്കിയ കോൺട്രാക്ടർ നിഖിൽ സുരേഷിന്റെ കഥ

ശ്രീലാൽ വാസുദേവൻ

പത്തനംതിട്ട: ഏനാത്ത് പാലം നിർമ്മാണത്തിലെ ക്രമക്കേടുകൾ ഒന്നൊന്നായി മറ നീക്കുന്നു. പാലത്തിന്റെ അടിത്തറയേക്കാൾ ഉറപ്പ് ഉപരിതലത്തിലെ കോൺക്രീറ്റ് സ്ലാബിന് ഉണ്ടായിരിക്കണമെന്ന നിർബന്ധത്തിൽ പാലം നിർമ്മിച്ചതാണ് പെട്ടെന്നുണ്ടായ തകർച്ചയ്ക്ക് കാരണം. അടൂർ നിഖിൽ കൺസ്ട്രക്ഷൻസ് എന്ന കമ്പനിക്ക് വേണ്ടി നിഖിൽ സുരേഷായിരുന്നു കരാർ ഏറ്റെടുത്തത്. നിഖിൽ സുരേഷ് രണ്ടു വർഷം മുൻപ് മരിച്ചെങ്കിലും പാലം അപകടത്തിലായതോടെ കുറ്റം മുഴുവൻ പരേതന്റെ തലയിലേക്ക് വരികയാണ്.

96 ലെ ഇടതു സർക്കാരിന്റെ കാലത്താണ് ഏനാത്ത് പുതിയ പാലം നിർമ്മിച്ചത്. അന്ന് പി.ജെ. ജോസഫായിരുന്നു പൊതുമരാമത്ത് മന്ത്രി. മന്ത്രിയുമായി അടുത്ത ബന്ധം പുലർത്തിയിരുന്ന നിഖിൽ സുരേഷിന്റെ വലംകൈയായിരുന്നു ചീഫ് എൻജിനീയറായിരുന്ന മുരുകേശൻ. മറ്റു കരാറുകാരിൽ നിന്ന് വ്യത്യസ്തനായിരുന്നു നിഖിൽ സുരേഷ്. കരാറുകാർക്കിടയിലെ സൂപ്പർ സ്റ്റാർ. മറ്റുള്ളവരോട് ഒരു അടുപ്പവുമില്ല. അടുപ്പമെല്ലാം മന്ത്രി-ഉദ്യോഗസ്ഥ തലത്തിൽ മാത്രം. മന്ത്രി പി.ജെ. ജോസഫിനെ 'വേണ്ടാത്ത ശീല'മെല്ലാം പഠിപ്പിച്ചതിന്റെ പേരിലാണ് നിഖിൽ സുരേഷിനെ ശേഷിച്ച കരാറുകാർ ഓർക്കുന്നത്.

പാലത്തിന്റെ അടിത്തറയ്ക്ക് ബലം വേണ്ട ഉപരിതലത്തിലെ കോൺക്രീറ്റ് ബലപ്പെടുത്തിയാൽ മതിയെന്ന പക്ഷക്കാരനായിരുന്നു നിഖിൽ സുരേഷ്. ചീഫ് എൻജിനീയർ അടക്കമുള്ളവർ ഇതിന് കൂട്ടു നിന്നു. ഒന്നര ഇഞ്ച് മെറ്റിലിട്ടാണ് അടിത്തറയിലെ കിണറുകൾ കോൺക്രീറ്റ് ചെയ്തത്. ഒന്നു മുതൽ നാലിഞ്ച് വരെ വലിപ്പമുള്ള മെറ്റിൽ പ്രത്യേക അനുപാതത്തിൽ ചേർത്ത് കോൺക്രീറ്റിങ് നടത്തണമെന്നിരിക്കേയായിരുന്നു ഈ അതിസാഹസം കരാറുകാരൻ കാണിച്ചത്.

അന്നു തന്നെ ഈ വിവരം മറ്റു കരാറുകാർ മനസിലാക്കുകയും സർക്കാരിന്റെ ശ്രദ്ധയിൽപ്പെടുത്തുകയും ചെയ്തിരുന്നതാണ്. പക്ഷേ, സർക്കാരിലുംഎംഎൽഎ തലത്തിലും വലിയ പിടിപാടായിരുന്നു നിഖിൽ സുരേന്ദ്രന്. അന്ന് തിരുവഞ്ചുർ രാധാകൃഷ്ണനായിരുന്നു അടൂർ എംഎൽഎ. മണൽ വാരൽ അല്ല, നിർമ്മാണത്തിലെ അപാകത തന്നെയാണ് പാലത്തിന്റെ തകർച്ചയ്ക്ക് കാരണമെന്നാണ് ഇതോടെ വ്യക്തമാകുന്നത്. കല്ലടയാറ്റിലെ അനധികൃത മണൽ വാരൽ മൂലമാണ് പാലം തകർന്നത് എന്ന് വരുത്തി തീർക്കാനുള്ള ശ്രമമാണ് ഇപ്പോൾ നടക്കുന്നത്.

ഏനാത്ത് പാലം നിർമ്മാണത്തിന് ശേഷം അന്യസംസ്ഥാനത്തേക്ക് കരാർ ജോലി ചെയ്യാൻ പോയ നിഖിൽ സുരേന്ദ്രൻ അവിടെയുള്ള ഒരു മന്ത്രിയുടെ മകളെ വിവാഹം കഴിച്ചുവെന്നാണ് നാട്ടുകാർ പറയുന്നത്. എന്നാൽ, ഇയാൾ നാട്ടിലെത്തിയത് വിവാഹം കഴിച്ച് യുവതിയുടെ സഹോദരിയുമായിട്ടായിരുന്നു. വടക്ക് കിഴക്കൻ സംസ്ഥാനത്തെ മന്ത്രിയുടെ മകളായിരുന്നു ഇതെന്നാണ് നാട്ടുകാർ പറയുന്നത്. നിഖിൽ സുരേഷിനൊപ്പം കരാർ ഏറ്റെടുത്തു ചെയ്ത മുൻ എംഎൽഎ ഈപ്പൻ വർഗീസിന്റെ മകനും അക്കിടി പറ്റി. പൂഞ്ഞാറിൽ ഒരു റോഡ് നിർമ്മാണത്തിൽ നിഖിൽ സുരേഷും എംഎൽഎയുടെ മകനും പങ്കാളികളായിരുന്നു. പണി കഴിഞ്ഞു മടങ്ങുമ്പോൾ എംഎൽഎയുടെ മകന്റെ പുതുപുത്തൻ എസ്‌കവേറ്ററിന്റെ എൻജിൻ, നിഖിൽ സുരേഷിന്റെ പഴയ എസ്‌കവേറ്ററിൽ പ്രവർത്തിക്കുന്നുണ്ടായിരുന്നു. രണ്ടു വർഷം മുമ്പ് നിഖിൽ സുരേഷ് മരിച്ചതു കാരണം സർക്കാരിന് ഇനി നിയമനടപടി സ്വീകരിക്കാനും കഴിയില്ല.

കെജി ജോർജിന്റെ പഞ്ചവടിപ്പാലം. അതിന് സമാനമാണ് ഏനാത്ത് പാലത്തിന്റൈ അവസ്ഥ. അഴിമതിയുടെ സാധ്യതകൾ കാരണം നിർമ്മാണം വേണ്ട വിധം നടക്കാതെ പോയപ്പോൾ ഏനാത്ത് പാലത്തിനും പഞ്ചവടിപ്പാലമെന്ന രാഷ്ട്രീയ ഹാസ്യ സിനിമയുടെ ക്ലൈമാക്സിന് സമാനമായ അവസ്ഥയിലെത്തി. അഴിമതി മറയ്ക്കാനുള്ള ബോധപൂർവ്വമായ ശ്രമമാണ് പാലത്തെ സർവ്വ നാശത്തിലേക്ക് തള്ളി വിട്ടത്. ഏനാത്ത് പാലത്തിന്റെ ബലക്ഷയം പുതിയതല്ല. അഞ്ചു വർഷം മുമ്പ് കുലുങ്ങാൻ തുടങ്ങിയതാണ് പാലം. അടിത്തറയ്ക്കും അന്നേ ഇളക്കം സംഭവിച്ചിരുന്നു. മാദ്ധ്യമങ്ങൾ അന്ന് ഗൗരവമായി ഈ വിഷയം ചൂണ്ടിക്കാട്ടിയെങ്കിലും പൊതുമരാമത്ത് അധികൃതർ അതിന് വേണ്ട പ്രാധാന്യം നൽകിയില്ല. തൂണിന് ചുറ്റുമുള്ള മണൽവാരൽ മൂലവും വെള്ളപ്പൊക്ക സമയത്ത് കല്ലടയാറ്റിലൂടെ ഒഴുകി വരുന്ന കൂറ്റൻ മരത്തടികൾ ഇടിച്ചുമാണ് പാലത്തിനു ബലക്ഷയം സംഭവിച്ചതെന്നു പറഞ്ഞാണ് ഇവർ തലയൂരിയത്. പാലത്തിന്റെ നിർമ്മാണത്തിലുണ്ടായ അപാകതകളാണ് ബലക്ഷയത്തിന് കാരണമായത്. പാലം നിർമ്മിച്ചിട്ട് അധികകാലമായിട്ടില്ല.

1998 ലാണ് ഏനാത്തെ പുതിയ പാലം ഗതാഗതത്തിനായി തുറന്നുകൊടുത്തത്. രണ്ടു വർഷം കഴിഞ്ഞപ്പോൾ തന്നെ പാലത്തിന് ബലക്ഷയമുള്ളതായി നാട്ടുകാർ അഭിപ്രായപ്പെട്ടിരുന്നു. വലിയ വാഹനങ്ങൾ കടന്നുപോകുമ്പോൾ കാൽനട യാത്രക്കാർക്ക് പാലത്തിൽ കുലുക്കം അനുഭവപ്പെട്ടിരുന്നു. പാലത്തിന്റെ തൂണുകളിൽ ഒന്നിന്റെ അടിഭാഗത്തെ കോൺക്രീറ്റ് അടർന്നു വീഴുകയും വാർക്കാൻ ഉപയോഗിച്ചിരുന്ന കമ്പികൾ ദൃശ്യമാവുകയും ചെയ്തിരുന്നു. ദ്രവിച്ച നിലയിലായിരുന്നു കമ്പികൾ. ഇപ്പോൾ പാലത്തിൽ വിള്ളൽ കണ്ട ഭാഗത്ത് കൈവരികൾ അകന്ന് മാറുകയും ചെയ്തിരുന്നു. ഈ വിവരങ്ങൾ ചിത്രങ്ങൾ സഹിതം മാദ്ധ്യമങ്ങൾ പലപ്പോഴും വാർത്ത ചെയ്തിരുന്നതാണ്. ഇത് ഉദ്യോഗസ്ഥർ അവഗണിച്ചതാണ് ഇപ്പോഴത്തെ ദുരവസ്ഥയ്ക്ക് കാരണമായത്.

105 വർഷം പഴക്കമുണ്ടായിരുന്ന ഏനാത്ത് മുത്തശ്ശിപാലം പൊളിച്ചു കളയരുതെന്ന നാട്ടുകാരുടെ അന്നത്തെ ആവശ്യവും ഭരണകർത്താക്കളും ഉദ്യോഗസ്ഥരും തള്ളികളയുകയായിരുന്നു. ചരിത്രസ്മാരകമായി മുത്തശ്ശിപാലം നിലനിർത്തണമെന്ന ആവശ്യമായിരുന്നു നാട്ടുകാരുടേത്. എന്നാൽ പൊളിക്കുമ്പോൾ കിട്ടുന്ന ലാഭത്തിലാണ് ഉദ്യോഗസ്ഥരും പൊളിപ്പു നടത്തിയവരും കണ്ണുവച്ചത്. ബ്രിട്ടീഷ് ഭരണകാലത്ത് നിർമ്മിച്ച ഈ പാലം ഇരുമ്പുപാലമെന്നാണ് അറിയപ്പെട്ടിരുന്നതെങ്കിലും പ്രത്യേക ലോഹക്കൂട്ടുകൾ ഉപയോഗിച്ച് നിർമ്മിച്ചതായിരുന്നു. ഇരുമ്പും ചെമ്പും ഉരുക്കുമായിരുന്നു ഇതിൽ പ്രധാന ഘടകങ്ങളെന്നാണ് പഴമക്കാർ പറയുന്നത്. പൊളിക്കുമ്പോഴും പാലത്തിന്റെ തൂണുകൾക്ക് ബലക്ഷയം ഉണ്ടായിരുന്നില്ല.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP