Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Nov / 202330Thursday

ദേശീയപാതയിലേക്കു വഴിതുറക്കുന്ന കെട്ടിടങ്ങൾക്കെല്ലാം പ്രവേശനാനുമതി നിർബന്ധമാക്കും;വീടുകൾക്കും ചെറിയ കടകൾക്കും 2.5 ലക്ഷംവും മറ്റു നിർമ്മിതികൾക്ക് 2.8 ലക്ഷവും കെട്ടിവച്ച് നിർമ്മാണം; എൻ എച്ചിന് വശത്തെ കെട്ടിട നിർമ്മാണ പെർമിറ്റിന് കേന്ദ്രാനുമതി അനിവാര്യം

ദേശീയപാതയിലേക്കു വഴിതുറക്കുന്ന കെട്ടിടങ്ങൾക്കെല്ലാം പ്രവേശനാനുമതി നിർബന്ധമാക്കും;വീടുകൾക്കും ചെറിയ കടകൾക്കും 2.5 ലക്ഷംവും മറ്റു നിർമ്മിതികൾക്ക് 2.8 ലക്ഷവും കെട്ടിവച്ച് നിർമ്മാണം; എൻ എച്ചിന് വശത്തെ കെട്ടിട നിർമ്മാണ പെർമിറ്റിന് കേന്ദ്രാനുമതി അനിവാര്യം

മറുനാടൻ മലയാളി ബ്യൂറോ

ആലപ്പുഴ : ദേശീയപാതയോരത്ത് കെട്ടിടം നിർമ്മിക്കുന്നതിന് ഇനി കേന്ദ്ര അനുമതി ആവശ്യം അനിവാര്യം. ദേശീയപാതാ അഥോറിറ്റി ഓഫ് ഇന്ത്യ(എൻ.എച്ച്.എ.ഐ.)യിൽനിന്നുള്ള പ്രവേശനാനുമതി (ആക്സസ് പെർമിറ്റ്) നിർബന്ധമാക്കുമെന്നാണ് സൂചന. ചട്ടം നിലവിലുണ്ടെങ്കിലും ദേശീയപാത 66 ആറുവരിപ്പാതയാക്കി വികസിപ്പിക്കുന്നതോടെ വ്യവസ്ഥകൾ കർശനമാക്കും. ദേശീയപാതയിലേക്കു വഴിതുറക്കുന്ന കെട്ടിടങ്ങൾക്കെല്ലാം പ്രവേശനാനുമതി നിർബന്ധമാക്കും.

നിലവിൽ തദ്ദേശ സ്വയം ഭരണസ്ഥാപനങ്ങൾ കെട്ടിടനിർമ്മാണ പെർമിറ്റ് നൽകുന്നതിനു മുൻപ്, അപേക്ഷയുടെ വിശദാംശം എൻ.എച്ച്.എ.ഐ.ക്ക് കൈമാറി കെട്ടിടത്തിലേക്കുള്ള താത്കാലിക പ്രവേശനാനുമതി വാങ്ങണമെന്നതാണ് ചട്ടം. ഈ രീതി തുടരേണ്ടതില്ലെന്നും ഉടമകൾ സ്വന്തം നിലയിൽ അപേക്ഷിക്കണമെന്നുമാണ് അഥോറിറ്റിയുടെ നിലപാട്. കേന്ദ്ര ഉപരിതലഗതാഗത മന്ത്രാലയത്തിന്റെ വെബ് പോർട്ടലിലാണ് അപേക്ഷിക്കേണ്ടത്.

വീടുകൾക്കും ചെറിയ കടകൾക്കും 2.5 ലക്ഷം രൂപ കെട്ടിവെച്ചും (അന്തിമാനുമതിക്കുശേഷം മടക്കിക്കിട്ടും) മറ്റു നിർമ്മിതികൾക്ക് 2.8 ലക്ഷം രൂപ അടച്ചുമാണ് അപേക്ഷ സമർപ്പിക്കേണ്ടത്. കേന്ദ്ര ഉപരിതലഗതാഗത മന്ത്രാലയത്തിന്റെ 2002-ലെ നിയമപ്രകാരമാണ് പ്രവേശനാനുമതി നിർബന്ധമാക്കുന്നത്. ഇതിലെ വ്യവസ്ഥകൾ കർശനമായി നടപ്പാക്കണമെന്നാവശ്യപ്പെട്ട് തദ്ദേശസ്വയംഭരണവകുപ്പിന് കത്തുനൽകിയിരുന്നു.

ദേശീയപാതയിൽനിന്നു കെട്ടിടങ്ങളിലേക്ക് നിശ്ചിത അകലമുണ്ടോയെന്നതുൾപ്പെടെയുള്ള പരിശോധനയാണു തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങൾ നടത്തിയിരുന്നത്. അടുത്തകാലത്താണ് പ്രവേശനാനുമതിയുമായി ബന്ധപ്പെട്ട ചട്ടങ്ങൾ പരിഗണിച്ചുതുടങ്ങിയത്. ദേശീയപാതാ വികസനത്തിനായി ഭൂമിയേറ്റെടുത്തതിനാൽ ഭാഗികമായി പൊളിക്കേണ്ടിവന്ന കെട്ടിടങ്ങൾ നന്നാക്കി ഉപയോഗിക്കാൻ തടസ്സമില്ല. എന്നാൽ, ഘടനയിൽ മാറ്റംവരുത്തി പൊളിച്ചുപണിയുകയോ മുറികൾ കൂട്ടിച്ചേർക്കുകയോ ചെയ്താൽ തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളുടെ അനുമതി വാങ്ങണം.

ഇതിന് വേണ്ടി അനുമതിക്കായി അപേക്ഷിക്കുമ്പോൾ ദേശീയപാതാ അഥോറിറ്റിയിൽനിന്നുള്ള പ്രവേശനാനുമതി നേടേണ്ടിവരും. ചട്ടം കടുപ്പിക്കുമ്പോൾ കെട്ടിടനിർമ്മാണാനുമതിക്കായി ഏറെ ബുദ്ധിമുട്ടേണ്ടിവരും. പെട്രോൾ ബങ്കുകൾ, വാണിജ്യ സമുച്ചയങ്ങൾ തുടങ്ങിയവയ്ക്കു നേരത്തേമുതൽ പ്രവേശനാനുമതി ബാധകമാണ്. ഇതാണ് കെട്ടിടങ്ങൾക്കും ബാധകമാക്കുന്നത്.

ദേശീയപാതയിലേക്ക് വാതിൽ തുറക്കുന്നതിനുള്ള പ്രവേശനാനുമതി ഫീസ് (അക്‌സസ് ഫീസ്) കർക്കശമാക്കുന്നതോടെ കെട്ടിട ഉടമകൾ കുരുക്കിലാകും. ഇതിന് കേന്ദ്ര റോഡ് ഗതാഗത ദേശീയപാത മന്ത്രാലയം പോർട്ടൽ തുറന്നിട്ടുണ്ടെങ്കിലും അപേക്ഷ നൽകാൻ ഒട്ടേറെ നൂലാമാലകളുണ്ട്. തങ്ങളുടെ ഭൂമിയിൽനിന്ന് സർവീസ് റോഡിലേക്കും അവിടെനിന്ന് പ്രധാന പാതയിലേക്കും പ്രവേശിക്കുന്നതുവരെയുള്ള ഭാഗത്തിന്റെ രൂപരേഖ അടക്കം അപേക്ഷയ്‌ക്കൊപ്പം വയ്ക്കണം. ഇതിനായി അംഗീകൃത കൺസൾട്ടൻസികളെ സമീപിച്ചാൽ വലിയ ഫീസ് നൽകേണ്ടിവരും.

കൺസൾട്ടൻസികൾ വഴി എതിർപ്പില്ലാരേഖ സംഘടിപ്പിക്കാൻ നാലരലക്ഷം രൂപ ചെലവാകും. കേന്ദ്രനിയമം നേരത്തേ ഉണ്ടെങ്കിലും 2014 ഏപ്രിൽ ഒന്നുമുതലാണ് പ്രവേശനാനുമതി ഫീസ് ഈടാക്കാൻ നടപടി തുടങ്ങിയത്. 2020-ൽ പരിഷ്‌കരിച്ച ചട്ടങ്ങൾ നിലവിൽവന്നതോടെ പിരിവ് ഊർജിതമാക്കി. ദേശീയപാതകളുടെ മേൽനോട്ടം പൊതുമരാമത്ത് വകുപ്പിൽനിന്ന് അഥോറിറ്റി നേരിട്ട് ഏറ്റെടുത്തതോടെയാണ് ഇപ്പോൾ പ്രവേശനഫീസ് പിരിവ് കർശനമാക്കിയത്. ദേശീയപാത നവീകരണം കഴിയുമ്പോൾ പാതയോരത്തെ മുഴുവൻ കെട്ടിടങ്ങൾക്കും നോട്ടീസ് നൽകുമെന്നാണ് അറിയുന്നത്.

കൺട്രോൾ ഓഫ് നാഷണൽ ഹൈവേ ആക്ട് അനുസരിച്ചാണ് ഫീസ് പിരിക്കുന്നതെന്നും പണം അടയ്ക്കുന്നത് കേന്ദ്ര സർക്കാരിലേക്കാണെന്നും ദേശീയപാത അഥോറിറ്റി അധികൃതർ പറഞ്ഞു. ഫീസ് അടയ്ക്കാത്തവർക്ക് എതിർപ്പില്ലാരേഖ നൽകാനാകില്ലെന്നാണ് അഥോറിറ്റിയുടെ നിലപാട്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP