Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202429Friday

കൃത്രിമ മുട്ടകൾ യാഥാർത്ഥ്യമോ? വാർത്തകൾ കണ്ടു വ്യാജമുട്ടകൾ അന്വേഷിച്ചിട്ടു കണ്ടെത്തിയിട്ടില്ലെന്നു ഭക്ഷ്യസുരക്ഷാ വകുപ്പ്; വെറും അഞ്ചു രൂപയ്ക്കു സുലഭമായ മുട്ട ഇരട്ടിവിലയ്ക്കു വിറ്റാൽ പോലും നിർമ്മാതാക്കൾക്കു മുതലാകുന്നത് എങ്ങനെ?

കൃത്രിമ മുട്ടകൾ യാഥാർത്ഥ്യമോ? വാർത്തകൾ കണ്ടു വ്യാജമുട്ടകൾ അന്വേഷിച്ചിട്ടു കണ്ടെത്തിയിട്ടില്ലെന്നു ഭക്ഷ്യസുരക്ഷാ വകുപ്പ്; വെറും അഞ്ചു രൂപയ്ക്കു സുലഭമായ മുട്ട ഇരട്ടിവിലയ്ക്കു വിറ്റാൽ പോലും നിർമ്മാതാക്കൾക്കു മുതലാകുന്നത് എങ്ങനെ?

പ്രകാശ് ചന്ദ്രശേഖർ

കൊച്ചി: വ്യാജ മുട്ടകൾ സംസ്ഥാനത്ത് വിറ്റഴിക്കപ്പെടുന്നുണ്ടെന്നുള്ള വാർത്തകൾ യാഥാർത്ഥ്യവുമായി പൊരുത്തപ്പെടുന്നതല്ലെന്ന് ഭക്ഷ്യസുരക്ഷാവകുപ്പ്. പ്രചരിപ്പിക്കപ്പെട്ട വിവരങ്ങൾ പ്രകാരം രാസപദാർത്ഥങ്ങളും മറ്റും ഉപയോഗിച്ച് വ്യവസായികാടിസ്ഥാനത്തിൽ മുട്ട നിർമ്മിക്കുന്നത് പ്രായോഗികമല്ലെന്നും അഥവാ ഇത് വിപണിയിലെത്തിയാൽ തന്നെ സാധാരണ മുട്ടയുടെ ഇരട്ടിവിലയിൽ വിറ്റാൽ പോലും നിർമ്മാതാക്കൾക്ക് മുതലാവില്ലെന്നും ഭക്ഷ്യസുരക്ഷാ വിഭാഗം അസിസ്റ്റന്റ് കമ്മീഷണർ ഷിബു പറഞ്ഞു. അഞ്ചു രൂപയ്ക്ക് മുട്ട സുലഭമായി കിട്ടാനുള്ളപ്പോൾ അവ കൃത്രിമമായി ഉൽപാദിപ്പിച്ചിട്ട് എന്തു ലാഭമാണ് നേടാനുള്ളത്.

സോഷ്യൽ മീഡിയകൾ വഴിയാണ് ഇത്തരം വിവരങ്ങൾ വ്യാപകമായി പ്രചരിക്കുന്നത്. നേരത്തെ ഇതുസംബന്ധിച്ച് സംശയങ്ങൾ പ്രകടിപ്പിച്ച് പലരും ബന്ധപ്പെട്ടതിന്റെ അടിസ്ഥാനത്തിൽ വിവിധ ജില്ലകളിൽ വ്യാപകമായി പരിശോധന നടത്തിയെങ്കിലും കൃത്രിമ മുട്ടകൾ കണ്ടെടുക്കാനായില്ല. മാദ്ധ്യമങ്ങളിൽക്കൂടി വാർത്തകൾ പ്രത്യക്ഷപ്പെട്ടുതുടങ്ങിയതോടെ ജനങ്ങൾ ഭയപ്പാടിലായിട്ടുണ്ടെന്നും ഇത്തരം പ്രചാരണങ്ങൾക്ക് ചുക്കാൻ പിടിക്കുന്നവരുടെ ലക്ഷ്യം ഇനിയും വ്യക്തമല്ലെന്നും അദ്ദേഹം വ്യക്തമാക്കി.

കഴിഞ്ഞ ദിവസങ്ങളിലാണ് വ്യാജമുട്ട വ്യാപകമായതായി വാർത്തകൾ പ്രചരിച്ചത്. സാധാരണ മുട്ടയോട് കിടപിടിക്കുന്ന വ്യാജ മുട്ടകൾ ഇടുക്കി ജില്ലയിൽ സുലഭമായി വിറ്റഴിക്കപ്പെടുന്നതായിട്ടായിരുന്നു മാദ്ധ്യമങ്ങളും സോഷ്യൽ മീഡിയകൾ വഴിയും പുറത്തുവന്ന വിവരങ്ങൾ. മുട്ട വാങ്ങിയവരുടെ വെളിപ്പെടുത്തലുകളുടെ അടിസ്ഥാനത്തിൽ ചിത്രങ്ങളും ദൃശ്യങ്ങളും സഹിതമാണ് വാർത്തകൾ പുറത്തുവന്നിട്ടുള്ളത്. ചൈനീസ് മുട്ടകൾ എന്നറിയപ്പെടുന്നതും ആരോഗ്യപ്രശ്നങ്ങളുയർത്തുന്ന രാസപദാർത്ഥങ്ങൾ അടങ്ങിയതുമായ മുട്ടക്ക് സാധാരണ മുട്ടയുടെ വില തന്നെയാണ് വ്യാപാരികൾ വാങ്ങുന്നതെന്നും അറിവായിട്ടുണ്ട്.

ഗുരുതര ആരോഗ്യപ്രശ്നങ്ങളുണ്ടാക്കുന്ന രാസവസ്തുക്കൾ ഉപയോഗിച്ചാണ് കൃത്രിമ മുട്ടകൾ ഉണ്ടാക്കുന്നതെന്നായിരുന്നു പ്രചരണം. മുട്ടകൾ പൊട്ടിച്ച് ദിവസങ്ങൾ കഴിഞ്ഞാലും മണമൊന്നുമുണ്ടാകില്ല. ഉറുമ്പോ ഈച്ചയോ വരില്ല. ഇളം മഞ്ഞക്കരുവിന് ഒരു റബ്ബർ സ്വഭാവമാണ്. മുട്ടത്തോട് പൊട്ടിച്ചാലും ഉൾഭാഗം പൊട്ടുന്നില്ല, അതിനുള്ളിൽ ഒരു പ്ലാസ്റ്റിക്പോലുള്ള ആവരണംകൂടിയുണ്ടാവും. മുട്ടയുടെ മണമോ രുചിയോ കുറവാണ്. ജെല്ലി ചവയ്ക്കുന്ന പോലെയാണ് തോന്നുക. ഹോട്ടലുകളിൽ ഫ്രൈഡ് റൈസ്, മുട്ടക്കറി തുടങ്ങിയവയിൽ ഉപയോഗിച്ചാൽ തിരിച്ചറിയാനാകില്ല-ഇതൊക്കെയായിരുന്നു മുട്ടയെ കുറിച്ചുള്ള വിശദീകരണങ്ങൾ.

മുട്ടയുടെ വെള്ളയുണ്ടാക്കാൻ സ്റ്റാർച്ച്, റെസിൻ, സോഡിയം ആൽഗിനേറ്റ് എന്നിവയും ഇതിനെ ദ്രാവകരൂപത്തിൽ നിലനിർത്താൻ ഒരുതരം ആൽഗയുടെ സത്തുമാണ് ഉപയോഗിക്കുന്നതെന്നും റിപ്പോർട്ടുകളെത്തി. മഞ്ഞക്കരുവിലെ പ്രധാന ഘടകങ്ങൾ ആർഗനിക് ആസിഡ്, പൊട്ടാസ്യം ആലം, ജെലാറ്റിൻ, കാൽസ്യം ക്ലോറൈഡ്, ബെൻസോയിക് ആസിഡ്, കൃത്രിമനിറങ്ങൾ എന്നിവയാണ്. മുട്ടത്തോടിന് വേണ്ടി കാൽസ്യം കാർബണേറ്റ്, ജിപ്സം, പെട്രോളിയം മെഴുക് എന്നിവ ഉപയോഗിക്കുന്നു. യഥാർഥമാണെന്ന് തോന്നിക്കാനായി മുട്ടത്തോടിനുമുകളിൽ കോഴിയുടെ കാഷ്ഠാവശിഷ്ടങ്ങളും പുരട്ടുന്നുണ്ട്. ഈ മുട്ടകഴിച്ചാൽ കിഡ്നിയും കരളും പ്രശ്നത്തിലാകുമെന്ന് ഉറപ്പാണെന്നും സോഷ്യൽ മീഡിയയിൽ നിറഞ്ഞു.

അതിനിടെ കണ്ണൂർ കരിവെള്ളൂർ സ്വദേശി കൂത്തൂർ രാമചന്ദ്രന് ലഭിച്ച മുട്ടകൾ മുഴുവൻ ഇത്തരത്തിലുള്ളതായിരുന്നുവെന്ന വാർത്തയുമെത്തി. കേരളത്തിൽ തമിഴ്‌നാട് വഴിയാണ് കൂടുതലും ഇവയെത്തുന്നായിരുന്നു വാർത്ത. ഇതാണ് ഭക്ഷസുരക്ഷാ ഉദ്യോഗസ്ഥർ നിഷേധിക്കുന്നത്. ചൈനീസ് മുട്ടകളുടെ നിർമ്മാണരീതികൾ നേരത്തേത്തന്നെ സമൂഹമാദ്ധ്യമങ്ങൾവഴി പ്രചരിച്ചിട്ടുണ്ട്. അച്ചുകൾ ഉപയോഗിച്ചാണ് മുട്ടത്തോട് നിർമ്മാണം. എത്ര പരിശോധിച്ചാലും തിരിച്ചറിയാൻ കഴിയില്ല. 1990കളിലാണ് ചൈനയിൽ കൃത്രിമമുട്ട നിർമ്മാണം തുടങ്ങുന്നത്. ഇപ്പോൾ ആയിരക്കണക്കിനുപേർ കുടിൽവ്യവസായമായി ഇത് ഉത്പാദിപ്പിക്കുന്നു. ഒരാൾക്ക് ഒരു ദിവസം 1500 മുട്ടവരെ ഉത്പാദിപ്പിക്കാനാവുമെന്നാണ് ചൈനീസ് വാർത്താ ഏജൻസിയുടെ റിപ്പോർട്ടെന്നും പ്രചാരണമുണ്ടായിരുന്നു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP