ബാങ്കോക്ക്: തായ്ലന്‍ഡില്‍ ബുദ്ധ സന്യാസിമാരുമായി ലൈംഗിക ബന്ധത്തില്‍ ഏര്‍പ്പെട്ടത് റെക്കോര്‍ഡ് ചെയ്തതിന് ശേഷം അവരെ ബ്ലാക്ക് മെയില്‍ ചെയ്ത് പണം തട്ടിയ യുവതിക്കെതിരെ പോലീസ് കേസെടുത്തത് തെളിവുകളെല്ലാം പരിശോധിച്ച്. സിക ഗോള്‍ഫ് എന്നറിയപ്പെടുന്ന 35 കാരിയായ വിലാവന്‍ എംസാവത്, നിരവധി പ്രവിശ്യകളിലെ പ്രശസ്തങ്ങളായ ബുദ്ധ വിഹാരങ്ങളിലെ മുതിര്‍ന്ന സന്യാസിമാരെ ബ്ലാക്ക്‌മെയില്‍ ചെയ്തതിനും, കള്ളപ്പണം വെളുപ്പിക്കല്‍, മോഷണ വസ്തുക്കള്‍ സ്വീകരിക്കല്‍ തുടങ്ങിയ കുറ്റങ്ങള്‍ക്കാണ് ഇവര്‍ക്കെതിരെ കേസെടുത്തിരിക്കുന്നത്.

സന്യാസിമാരുമായി ലൈംഗിക ബന്ധത്തില്‍ ഏര്‍പ്പെടുന്നതിന്റെ എണ്‍പതിനായിരത്തോളം വീഡിയോകളും ഫോട്ടോകളുമാണ് ഇവരുടെ വീട്ടില്‍ നിന്ന് പോലീസ് കണ്ടെടുത്തത്. ഇതിനായി എല്ലാ വിധ സാങ്കേതിക സംവിധാനങ്ങളും ഇവിടെ എംസാവത്ത് ഒരുക്കിയിരുന്നു. പോലീസ് കണ്ടെടുത്ത ഇവരുടെ അഞ്ച് മൊബൈല്‍ ഫോണുകളില്‍ നിരവധി സന്യാസിമാരുമായി ലൈംഗിക ബന്ധത്തില്‍ ഏര്‍പ്പെടുന്നതിന്റെ വീഡിയോകളും ഫോട്ടോകളും കണ്ടെടുത്തിട്ടുണ്ട്. സന്യാസിമാരില്‍ പലരും പരമ്പരാഗത ഓറഞ്ച് വസ്ത്രങ്ങള്‍ ധരിച്ചിരുന്നതായി സെന്‍ട്രല്‍ ഇന്‍വെസ്റ്റിഗേഷന്‍ ബ്യൂറോ വെളിപ്പെടുത്തി. ചൊവ്വാഴ്ച നോന്തബുരി പ്രവിശ്യയിലെ വീട്ടില്‍ വെച്ചാണ് എംസാവത്തിനെ അറസ്റ്റ് ചെയ്തത്.

ഇവര്‍ ഒരു പ്രാദേശിക രാഷ്ട്രീയ നേതാവിന്റെ ഭാര്യയായിരുന്നു എന്നും കാമുകന്‍മാരുമായി രാത്രികാലങ്ങളില്‍ ഇവര്‍ ഫോണ്‍ ചെയ്യുന്നത് പിടികൂടിയതിനെ തുടര്‍ന്ന് ഇവര്‍ ബന്ധം വേര്‍പെടുത്തുകയായിരുന്നു എന്നുമാണ് പറയപ്പെടുന്നത്. വന്‍ വാടക നല്‍കി ഇവര്‍ കൊട്ടാര സദൃശ്യമായ വീടും ആഡംബര കാറും ഇതിനായി ഉപയോഗിച്ചിരുന്നു എന്നാണ് അന്വേഷണസംഘം പറയുന്നത്. സന്യാസിമാരെ ബ്ലാക്ക് മെയില്‍ ചെയ്ത് പണം തട്ടിയതിലൂടെ ഇവര്‍ നൂറ് കോടിയിലേറെ രൂപ സമ്പാദിച്ചു എന്നാണ് പോലീസ് പറയുന്നത്. നേരത്തേ ഒരു ടെലിവിഷന്‍ ഷോയില്‍ പങ്കെടുത്ത എംസാവത്് തനിക്ക് ഒരു ബുദ്ധസന്യാസി ഒരു മെഴ്സിഡസ് ബെന്‍സ് കാര്‍ വാങ്ങിത്തന്നതായി വെളിപ്പെടുത്തിയിരുന്നു.

ഒരു ക്ഷേത്രത്തിലെ ആളുകള്‍ തനിക്ക് പണം കൈമാറുകയും ഒരു ക്രെഡിറ്റ് കാര്‍ഡ് പോലും നല്‍കുകയും ചെയ്തുവെന്ന് അവര്‍ പറഞ്ഞിരുന്നു. 2018 ല്‍ ഫേസ്ബുക്കില്‍ കണ്ടുമുട്ടിയ മറ്റൊരു സന്യാസിയുമായി ഡേറ്റിംഗ് ആരംഭിച്ചതായി എംസാവത് അവകാശപ്പെട്ടിരുന്നു. ഇയാളുമായി ദമ്പതികളെ പോലെയാണ് ജീവിച്ചതെന്നും അവര്‍ വെളിപ്പെടുത്തിയിരുന്നു. 2019 ല്‍ തനിക്ക് ഒരു കുട്ടി ജനിച്ച്ു എന്നും സന്യാസി കുറേ പണം നല്‍കിയതോടെ ആ ബന്ധം അവസാനിച്ചു എന്നും എംസാവത്ത് പറയുന്നു. കുട്ടിക്കാലത്ത് താന്‍ ഏറെ ദാരിദ്യം അനുഭവിച്ചതായും അവര്‍ പോലീസിനോട് പറഞ്ഞിരുന്നു. ബാങ്കോക്കിലെ ഒരു ബുദ്ധസ സന്യാസി നാടു വിട്ടു പോയതിന് പിന്നാലെ ഉണ്ടായ സംഭവ വികാസങ്ങളാണ് എല്ലാ കാര്യങ്ങളും പുറത്ത് കൊണ്ടു വന്നത്.

ഇയാളെ പണത്തിനായി നിരന്തരം എംസാവത്ത് ഭീഷണിപ്പെടുത്തിയതിനെ തുടര്‍ന്നാണ് നാടുവിട്ടു പോയത് എന്ന കാര്യം പുറത്തു വന്നിരുന്നു. ഇപ്പോള്‍ ജയിലില്‍ കഴിയുന്ന ഇസാവത്ത് ഇനിയും കോടതിയില്‍ ജാമ്യാപേക്ഷ നല്‍കിയിട്ടില്ല. തായ്ലന്‍ഡിലെ ബുദ്ധമത ക്ഷേത്രങ്ങള്‍ പലതും അതിസമ്പന്നമാണ്. ഇവിടുത്തെ പണം കൈകാര്യം ചെയ്യുന്നത് മുതിര്‍ന്ന സന്ന്യാസിമാരുമാണ് എന്നതാണ് ഇവിടെ പ്രശ്നങ്ങള്‍ക്ക് കാരണമായത്. ആശ്രമങ്ങളിലെ ഇത്തരം തെറ്റായ പ്രവണതകളെ കുറിച്ച് അന്വേഷണം നടക്കുമെന്ന് സംഘ സുപ്രീം കൗണ്‍സില്‍ പ്രഖ്യാപിച്ചിട്ടുണ്ട്.

തായ്‌ലണ്ടിലെ ബുദ്ധ സന്യാസിമാരുടെ പരമോന്നത സംഘടനയായ സംഘ സുപ്രീം കൗണ്‍സില്‍ അടിയന്തര യോഗം ചേര്‍ന്ന് സ്ഥിതി ഗതികള്‍ വിലയിരുത്തി. തായ്‌ലണ്ടിലെ ജനസംഖ്യയില്‍ 90 ശതമാനം ബുദ്ധമത വിശ്വാസികളാണ്. സന്യാസിമാരുടെ കുത്തഴിഞ്ഞ ജീവിതം ബുദ്ധമത വിശ്വാസികളെ ചൊടിപ്പിച്ചിരിക്കയാണ്. സന്യാസ വൃത്തികളില്‍ നിന്ന് വ്യതിചലിച്ച് നടക്കുന്നവര്‍ക്ക് കനത്ത പിഴ ചുമത്താനും സര്‍ക്കാര്‍ ശ്രമങ്ങള്‍ ആരംഭിച്ചിട്ടുണ്ട്.