- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
- News
- /
- SPECIAL REPORT
കീമോയോ റേഡിയേഷനോ ചെയ്താല്‍ ശബ്ദം ഇല്ലാതാകുമെന്നും കോലം കെട്ടുപോകുമെന്നും മരണത്തിലേക്ക് തള്ളിവിടുമെന്നും വീട്ടുകാരില്‍ ചിലര്‍ ഭയന്നു; രോഗം നേരത്തേ കണ്ടെത്തിയതിനാല്‍ ഉചിതമായ ചികിത്സ ചെയ്തിരുന്നെങ്കില്‍ അദ്ദേഹം കുറച്ചുനാള്‍ കൂടി ജീവിച്ചിരിക്കുമായിരുന്നു; ആ സോളാര്‍ സംഭാഷണം പുറത്തു വിട്ടത് ഉമ്മന്‍ചാണ്ടിയുടെ ഓഫീസിലെ പ്രമുഖന്; ഉമ്മന്‍ചാണ്ടിയുടെ വിശ്വസ്തന് പിടി ചാക്കോയുടെ പുസ്തകം ചര്‍ച്ചകളില്‍
തിരുവനന്തപുരം: ഉമ്മന്‍ചാണ്ടിയുടെ രോഗം കണ്ടെത്തിയപ്പോള്‍ തന്നെ ഉചിതമായ ചികിത്സ നല്‍കിയിരുന്നെങ്കില്‍ കുറച്ചുനാള്‍ കൂടി അദ്ദേഹം ജീവിച്ചിരുന്നേനെയെന്ന് പ്രസ് സെക്രട്ടറിയായിരുന്ന പി ടി ചാക്കോയുടെ തുറന്നെഴുത്ത് ചര്‍ച്ചകളില്‍. ബുധനാഴ്ച പ്രകാശനം ചെയ്ത പി ടി ചാക്കോയുടെ ഉമ്മന്‍ചാണ്ടിയുടെ ജീവചരിത്രം ' വിസ്മയ തീരത്ത് ' എന്ന പുസ്തകത്തിലാണ് ഈ പരാമര്‍ശമുള്ളത്. ഏറെ വിവാദമായി ഇത് മാറിയേക്കും.
'രോഗം നേരത്തേ കണ്ടെത്തിയതിനാല്‍ ഉചിതമായ ചികിത്സ ചെയ്തിരുന്നെങ്കില്‍ അദ്ദേഹം കുറച്ചുനാള്‍ കൂടി ജീവിച്ചിരിക്കുമായിരുന്നു എന്ന് മെഡിക്കല്‍ വിദഗ്ധര്‍ വിലയിരുത്തി. കീമോ തെറാപ്പിയോ റേഡിയേഷനോ ചെയ്താല്‍ അതോടെ ശബ്ദം ഇല്ലാതാകുമെന്നും കോലം കെട്ടുപോകുമെന്നും മരണത്തിലേക്ക് തള്ളിവിടുമെന്നും വീട്ടുകാരില്‍ ചിലര്‍ ഭയന്നു' എന്നാണ് പുസ്തകം പറയുന്നത്. ദീര്‍ഘകാലത്തെ ചികിത്സ വേണ്ടിവന്നതിനാല്‍ ഉമ്മന്‍ചാണ്ടിയുടെ കുടുംബം കടുത്ത സാമ്പത്തിക പ്രയാസങ്ങളിലായി. സംസ്ഥാന സര്‍ക്കാര്‍ എംഎല്‍എ എന്ന നിലയില്‍ 63.45 ലക്ഷം രൂപ അനുവദിച്ചതോടെയാണ് ആശ്വാസമായത്. മുഖ്യമന്ത്രി പിണറായി വിജയന്റെ ഇടപെടലിനെ ഓരോഘട്ടത്തിലും ചാണ്ടി ഉമ്മന്‍ സമൂഹമാധ്യമങ്ങളില്‍ കുറിച്ചതിന്റെ നാള്‍വഴിയുമുണ്ട്. 2004 മുതല്‍ ഉമ്മന്‍ ചാണ്ടിയോടൊപ്പമുണ്ടായിരുന്ന പി ടി ചാക്കോയുടെ അനുഭവക്കുറിപ്പുകളാണ് പുസ്തകത്തിലുള്ളത്. ഡിസി ബുക്‌സാണ് പ്രസാധകര്‍.
2017ല്‍ തന്റെ പ്രൊമോഷന് ഉമ്മന്‍ചാണ്ടി ഇടപെട്ടതും 24 മണിക്കൂറിനുള്ളില്‍ ഉത്തരവിറങ്ങിയതും സ്മരിക്കുന്നുണ്ട്. ' ഇന്‍ഫര്‍മേഷന്‍ ഓഫീസറായിരുന്ന എനിക്ക് ഡെപ്യൂട്ടി ഡയറക്ടറായി പ്രൊമോഷന്‍, പോസ്റ്റിങ് ഡല്‍ഹിയില്‍. ഏറ്റവും സീനിയറും വിരമിക്കാന്‍ ഒന്നോ രണ്ടോ മാസമുള്ള എന്നെ ഡല്‍ഹിക്കടിച്ചാല്‍ അത് വിവാദമാകില്ലേ എന്നോ മറ്റോ മുഖ്യമന്ത്രി പിണറായി വിജയന്‍ ചോദിച്ചത്രേ. പലകാരണങ്ങളാല്‍ ഫയല്‍ തീരുമാനത്തിലെത്താതെ കിടന്നു. അറ്റകൈ പ്രയോഗം, ഉമ്മന്‍ചാണ്ടിയോട് കാര്യം പറഞ്ഞു. അദ്ദേഹം രാത്രിയില്‍ തന്നെ പിണറായിയെ വിളിച്ചു. അടിയന്തരമായി ഫയല്‍ വിളിച്ചുവരുത്തിയ മുഖ്യമന്ത്രി പിറ്റേന്ന് അഞ്ചുമണിക്ക് മുമ്പ് പ്രൊമോഷന്‍ ഉത്തരവ് കൊടുക്കണമെന്ന് അന്ത്യശാസനം. പിന്നെ സെക്രട്ടറിയറ്റില്‍ നിന്ന് വിളിയോട് വിളി. ഈ ഉത്തരവ് വാങ്ങിയേ പോകാവൊള്ളേ..എന്ന്'-പിടി ചാക്കോ പറയുന്നു.
സോളാര്‍ തട്ടിപ്പിലെ വിവാദ ഫോണ്‍ സംഭാഷണം പുറത്തുവന്നത് ഗ്രൂപ്പ് പോരിന്റെ തുടര്‍ച്ചയായിട്ടാണെന്നും പുസ്തകത്തിലുണ്ട്. സിപിഎം പോളിറ്റ് ബ്യൂറോ അംഗത്തിന് രഹസ്യമായി സംഭാഷണം എത്തിച്ചു നല്‍കുകയും പാര്‍ട്ടി ചാനലിന്റെ കോഴിക്കോട് ലേഖകന് വിവരം നല്‍കുകയും ചെയ്തു. മുഖ്യമന്ത്രി ഓഫീസിലെ ഉന്നതനും ഉമ്മന്‍ ചാണ്ടിയെ ലക്ഷ്യം വെച്ചാണ് സംഭാഷണം പുറത്തുവിട്ടത്. സംശയം തോന്നാതിരിക്കാനാണ് പാര്‍ട്ടി ചാനലിന്റെ കോഴിക്കോട് ലേഖകനെ ഏല്‍പ്പിച്ചത്. പിന്നില്‍ പ്രവര്‍ത്തിച്ചത് മുഖ്യമന്ത്രിയുടെ ഓഫീസിലെ ഉന്നതനും പിആര്‍ഡി ഉദ്യോഗസ്ഥനുമാണെന്നും പി ടി ചാക്കോയുടെ പുസ്തകത്തില്‍ പരാമര്‍ശിക്കുന്നു.
2016ലെ തെരഞ്ഞെടുപ്പ് കാലത്ത് വന്‍തുകയുമായി എത്തിയ അദാനിയുടെ ആള്‍ക്കാരെ ഉമ്മന്‍ ചാണ്ടി തിരിച്ചയച്ചെന്നും പി.ടി ചാക്കോ പറയുന്നു. കോണ്‍ഗ്രസില്‍ ആരും അദാനിയില്‍ നിന്ന് പണം വാങ്ങില്ലെന്ന് ഉറപ്പാക്കുകയും ചെയ്തു. 2016 ലെ തെരഞ്ഞെടുപ്പ് കാലത്ത് വിഴിഞ്ഞം തുറമുഖ ഉടമ അദാനിയുടെ ആള്‍ക്കാര്‍ സാമാന്യം നല്ലൊരു തുകയുമായി ഉമ്മന്‍ ചാണ്ടിയെ കാണാനെത്തി. വാങ്ങിയാല്‍ വിഴിഞ്ഞം പദ്ധതി അദാനിക്ക് നല്‍കിയത് പണത്തിന് വേണ്ടിയെന്ന വ്യാഖ്യാനം വരും. അതിനാല്‍ ഒരു രൂപ പോലും വാങ്ങില്ലെന്ന് പറഞ്ഞ് ഉമ്മന്‍ ചാണ്ടി മടക്കിയെന്നാണ് പിടി ചാക്കോയുടെ പുസ്തകത്തിലുള്ളത്. യുഡിഎഫിന് വലിയ കഷ്ടനഷ്ടങ്ങളുണ്ടാക്കിയ ബാര്‍ പൂട്ടല്‍ വേണമായിരുന്നോയെന്ന് ചോദിച്ചപ്പോള്‍ ഉമ്മന്‍ ചാണ്ടി മറുപടിയൊന്നും പറഞ്ഞില്ല. കെപിസിസി പ്രസിഡന്റായി വി.എം സുധീരനെ തീരുമാനിച്ചതില്‍ കടുത്ത നീരസത്തിലായിരുന്ന ഉമ്മന്‍ ചാണ്ടിയെ എഐസിസി നേതാക്കള്‍ അനുനയിപ്പിക്കാന്‍ ശ്രമിച്ചു. ലോക്‌സഭാ തെരഞ്ഞെടുപ്പ് പ്രചാരണത്തിന് തുടക്കമിടാന്‍ കൊച്ചിയിലെത്തിയ സോണിയ ഗാന്ധിയെ കൊച്ചിയില്‍ സ്വീകരിക്കാന്‍ ഉമ്മന്‍ ചാണ്ടി പോയില്ല.
സോളാര്‍ വിവാദ കാലത്ത് കടപ്ലാമറ്റത്തെ പരിപാടിയില്‍ സരിത ഉമ്മന്‍ ചാണ്ടിക്ക് പിന്നില്‍ നില്‍ക്കുന്ന ഫോട്ടോ പുറത്തു വന്നു. ഈ പരിപാടിയുടെ വീഡിയോ പാലായിലെ ഒരു സ്റ്റുഡിയോയില്‍ നിന്ന് താന്‍ സംഘടിപ്പിച്ചെന്ന് മുന്‍ പ്രസ് സെക്രട്ടറി പറയുന്നു. ഇത് മുഖ്യമന്ത്രിയെ കാണിച്ച് ആരോപണത്തെ പ്രതിരോധിക്കാനുള്ള തന്ത്രം മെനഞ്ഞു. എന്നാല്‍ മടങ്ങാന്‍ തുടങ്ങുമ്പോള്‍ ഉടനെ അത് ലാപ്‌ടോപ്പില്‍ നിന്ന് ഡിലീറ്റ് ചെയ്യാന്‍ ഒരാള്‍ ആവശ്യപ്പെട്ടെന്ന് ചാക്കോ വെളിപ്പെടുത്തുന്നു. മുന്‍മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയെ മാറ്റിനിറുത്തി കേരളത്തിന് ഒരു ചരിത്രമില്ലെന്ന് വിശദീകരിച്ച് പ്രതിപക്ഷ നേതാവ് വി.ഡി.സതീശനാണ് പി.ടി.ചാക്കോ രചിച്ച ഉമ്മന്‍ചാണ്ടിയുടെ രാഷ്ട്രീയ ജീവചരിത്രം 'വിസ്മയ തീരത്ത്' എന്ന പുസ്തകം സൂര്യ കൃഷ്ണമൂര്‍ത്തിക്ക് നല്‍കി പ്രകാശനം ചെയ്തത്.
ജനങ്ങളുമായി ഇഴുകിചേര്‍ന്ന ഭരണാധികാരിയായിരുന്നു ഉമ്മന്‍ചാണ്ടി. തങ്ങള്‍ക്ക് മാതൃകയാക്കാന്‍ കഴിയുന്നതിനും അപ്പുറത്തുള്ള നേതാവാണ് അദ്ദേഹം. ജനങ്ങളുടെ ആവശ്യത്തിന് വേണ്ടി ഏതറ്റംവരെയും പോകുന്ന പ്രകൃതം. നിയമപരമായ തടസങ്ങള്‍ക്കുപോലും തീര്‍പ്പുണ്ടാക്കുന്നതും പ്രശ്‌നങ്ങള്‍ക്ക് പരിഹാരമുണ്ടാക്കുന്നതും അത്രമേല്‍ വേഗതയിലായിരിക്കും. മുഖ്യമന്ത്രിയായിരുന്നപ്പോഴും പ്രതിപക്ഷ നേതാവായിരുന്നപ്പോഴും അടുത്തുനിന്ന് കണ്ട അപൂര്‍വം സന്ദര്‍ഭങ്ങളാണ് പി.ടി.ചാക്കോ പുസ്തകത്തില്‍ വിവരിച്ചിരിക്കുന്നതെന്നും പ്രതിപക്ഷ നേതാവ് പറഞ്ഞു.