Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Jun / 202413Thursday

14 വർഷം ശിക്ഷയല്ലേ.... 39 ആവുമ്പോഴേക്കും പുറത്തിറങ്ങും; എല്ലാം ഗൂഗിളിൽ നോക്കി മനസ്സിലാക്കിയിട്ടുണ്ട്! പ്രതിയുടെ കുറ്റസമ്മതത്തിനൊപ്പമുള്ള ഈ പ്രതികരണം പൊലീസിനെ ഞെട്ടിച്ചു; ക്രൂരകൊലയെന്ന് കോടതിയും; ശിക്ഷാ വിധി തിങ്കളാഴ്ച; നിർണ്ണായകമായത് 13 സെക്കന്റ് ദൃശ്യം

14 വർഷം ശിക്ഷയല്ലേ.... 39 ആവുമ്പോഴേക്കും പുറത്തിറങ്ങും; എല്ലാം ഗൂഗിളിൽ നോക്കി മനസ്സിലാക്കിയിട്ടുണ്ട്! പ്രതിയുടെ കുറ്റസമ്മതത്തിനൊപ്പമുള്ള ഈ പ്രതികരണം പൊലീസിനെ ഞെട്ടിച്ചു; ക്രൂരകൊലയെന്ന് കോടതിയും; ശിക്ഷാ വിധി തിങ്കളാഴ്ച; നിർണ്ണായകമായത് 13 സെക്കന്റ് ദൃശ്യം

മറുനാടൻ മലയാളി ബ്യൂറോ

വള്ള്യായി (കണ്ണൂർ): പ്രണയത്തിൽനിന്ന് പിൻവാങ്ങിയതിന്റെ വൈരാഗ്യത്തിൽ പാനൂരിനടുത്ത് വള്ള്യായി കണ്ടോത്തുംചാൽ നടമ്മലിൽ വിഷ്ണുപ്രിയ(25)യെ വീട്ടിൽക്കയറി കഴുത്തറത്തും കൈഞരമ്പുകൾ മുറിച്ചും കൊലപ്പെടുത്തിയ കേസിലെ പ്രതിക്ക് തിങ്കളാഴ്ച ശിക്ഷ വിധിക്കും. സംഭവത്തിൽ പ്രതി കുറ്റക്കാരനെന്ന് കോടതി കണ്ടെത്തിയിരുന്നു. കൂത്തുപറമ്പിനടുത്ത് മാനന്തേരി താഴെകളത്തിൽ വീട്ടിൽ എം. ശ്യാംജിത്തി(28) നെയാണ് കോടതി കുറ്റാക്കാരനെന്ന് കണ്ടെത്തിയത്.

'14 വർഷം ശിക്ഷയല്ലേ. 39 ആവുമ്പോഴേക്കും പുറത്തിറങ്ങും, ശിക്ഷയൊക്കെ ഞാൻ ഗൂഗിളിൽ നോക്കി മനസ്സിലാക്കിയിട്ടുണ്ട്' - ചോദ്യം ചെയ്യുന്നതിനിടെ ശ്യാംജിത്ത് പറഞ്ഞതു കേട്ട് പൊലീസും ഞെട്ടിയിരുന്നു. കേരളത്തിൽ ഒരു പ്രതിയും ഇന്നുവരെ പറയാത്ത വാക്കുകളാണ് ഇത്. അതിക്രൂര കൊലപാതകം പുറംലോകമറിഞ്ഞ് മണിക്കൂറുകൾക്കുള്ളിൽ പ്രതിയെ വലയിലാക്കി എന്നതും ശ്രദ്ധേയമാണ്. ഇതിന് കാരണം വിഷ്ണുപ്രിയയുടെ ഫോണിലെ വിവരങ്ങളായിരുന്നു. ഈ സാഹചര്യത്തിൽ പ്രതിക്ക് വധശിക്ഷയാണ് കോടതിയിൽ പ്രോസിക്യൂഷൻ ആവശ്യപ്പെടുന്നത്. അത് അംഗീകരിക്കാനും സാധ്യത ഏറെയാണ്. തിങ്കളാഴ്ച ഇക്കാര്യത്തിൽ വ്യക്തത വരും.

വിഷ്ണുപ്രിയ സൗഹൃദം അവസാനിപ്പിച്ചതിന്റെ പകയിലായിരുന്നു ആരുമില്ലാത്ത നേരത്ത് വീട്ടിൽ കയറി പ്രതി കൊലപാതകം നടത്തിയത്. വിഷ്ണുപ്രിയ ആൺസുഹൃത്തുമായി വീഡിയോ കോൾ ചെയ്യുന്ന സമയത്തായിരുന്നു പ്രതി ആയുധങ്ങളുമായി വീട്ടിലേക്ക് എത്തിയത്. ശ്യാജിത്ത് വിഷ്ണുപ്രിയയുടെ വീട്ടിലേക്ക് കയറി വന്നത് ഈ വീഡിയോ കോളിൽ പതിഞ്ഞിരുന്നു. ഈ 13 സെക്കന്റ് ദൃശ്യമാണ് കേസിൽ നിർണായക തെളിവായത്. പ്രതി ചുറ്റികയും മറ്റ് ആയുധങ്ങളും വാങ്ങിയതിന്റെ സിസിടിവി ദൃശ്യങ്ങളും പ്രോസിക്യൂഷൻ കോടതിയിൽ ഹാജരാക്കി.

2022 ഒക്ടോബർ 22 ശനിയാഴ്‌ച്ച ഉച്ചയ്ക്ക് 12 മണിയോടെയായിരുന്നു ദാരുണമായ സംഭവം. വിഷ്ണുപ്രിയയും ശ്യാംജിത്തും പ്രണയത്തിലായിരുന്നെന്നും കൊലപാതകം നടക്കുന്നതിന് രണ്ടുമാസംമുൻപ് ഇവർ തെറ്റിപ്പിരിഞ്ഞെന്നും ഇതാണ് കൊലപാതകത്തിന് കാരണമെന്നുമാണ് പൊലീസ് കണ്ടെത്തൽ. വീട്ടിൽ ആൺ സുഹൃത്തുമായി വീഡിയോ കോളിൽ സംസാരിക്കുന്നതിനിടെ കയറി വന്ന ശ്യാംജിത് വിഷ്ണുപ്രിയയെ ചുറ്റിക കൊണ്ട് തലയ്ക്കടിച്ച് വീഴ്‌ത്തിയ ശേഷം കഴുത്തറത്തുകൊലപ്പെടുത്തുകയായിരുന്നു. മരിച്ച ശേഷവും ശരീരത്തിൽ കുത്തിപ്പരിക്കേൽപ്പിച്ചു. 29 മുറിവുകളാണ് വിഷ്ണുപ്രിയയുടെ ശരീരത്തിലുണ്ടായിരുന്നത്.
വീട്ടുകാർ ഒരു മരണാനന്തര ചടങ്ങിൽ പങ്കെടുക്കാൻ പോയ സമയത്താണ് പ്രതി വിഷ്ണുപ്രിയയുടെ വീട്ടിലെത്തി കൊലപാതകം നടത്തിയത്.

പാനൂർ ന്യൂക്ലിയസ് ക്ലിനിക്കിൽ ഫാർമസിസ്റ്റായിരുന്നു വിഷ്ണുപ്രിയ. കൊലപാതകം നടക്കുന്നതിന്റെ ആറുദിവസം മുൻപ് വിഷ്ണുപ്രിയയുടെ അച്ഛമ്മ മരിച്ചതിനാൽ ജോലിക്ക് പോയിത്തുടങ്ങിയിരുന്നില്ല. തൊട്ടടുത്തുതന്നെയായിരുന്നു അച്ഛമ്മയുടെ വീട്. ബന്ധുക്കളൊക്കെ അവിടെയായിരുന്നു. മരണവീട്ടിൽനിന്ന് ബന്ധുവായ യുവതി, വിഷ്ണുപ്രിയയുടെ വീട്ടിലെത്തിയപ്പോഴാണ് സംഭവം ശ്രദ്ധയിൽപ്പെടുന്നത്. നിലവിളികേട്ട് ബന്ധുക്കളും നാട്ടുകാരും ഓടിയെത്തുകയായിരുന്നു. പ്രതി ശ്യാംജിത്ത് വീട്ടിലെത്തിയതും കൊലപാതകം നടത്തിയതും പരിസരവാസികളൊന്നും അറിഞ്ഞില്ല. സംഭവസ്ഥലത്തുനിന്ന് രക്ഷപ്പെട്ട പ്രതി മാനന്തേരിയിലെ സ്വന്തം വീട്ടിലെത്തുകയും ചെയ്തിരുന്നു. ഫോൺ ലൊക്കേഷൻ മനസ്സിലാക്കി പൊലീസ് പിന്തുടർന്നെത്തിയാണ് അറസ്റ്റ് ചെയ്തത്. വിപിന, വിസ്മയ, അരുൺ എന്നിവരാണ് വിഷ്ണുപ്രിയയുടെ സഹോദരങ്ങൾ.

മൊകേരി വള്ള്യയിലെ വിഷ്ണുപ്രിയ കൊല്ലപ്പെട്ടതറിഞ്ഞ് വീട്ടിലെത്തിയപ്പോൾതന്നെ പൊലീസിന് പ്രതിയെക്കുറിച്ചുള്ള സൂചന ലഭിച്ചിരുന്നു. ടവർ ലൊക്കേഷൻ പിടിച്ചെത്തിയാണ് ശ്യാംജിത്തിനെ മണിക്കൂറുകൾക്കുള്ളിൽ മാനന്തേരിയിലെ വീടിനുസമീപത്തുവച്ച് പൊലീസ് പിടികൂടിയത്. വിഷ്ണുപ്രിയയുടെ ഫോണിലെ വിവരങ്ങളാണ് പൊലീസിനെ പ്രതിയിലേക്കെത്തിച്ചത്. കൃത്യമായ ആസൂത്രണത്തോടെയാണ് ശ്യാംജിത്ത് വിഷ്ണുപ്രിയയുടെ വീട്ടിലെത്തിയത്. പ്രണയം അവസാനിപ്പിച്ചതിലുള്ള പകയാണ് കൊലപാതകത്തിന് കാരണം. കത്തിയും ചുറ്റികയും കയറും പ്രതി ബാഗിൽ കരുതിയിരുന്നു. കത്തി ഉപയോഗിച്ച് കഴുത്തിൽ കുത്തുകയും ചുറ്റിക ഉപയോഗിച്ച് തലയ്ക്കടിക്കുകയും കഴുത്തറക്കുകയുമായിരുന്നു. കാലിനും കൈക്കും മുറിവേൽപ്പിച്ചു. അങ്ങനെ അതിക്രൂര കൊലപാതകം.

മൂന്നുദിവസമായി കൊലപാതകത്തിനുള്ള ആസൂത്രണത്തിലായിരുന്നു പ്രതി. കൃത്യം നടത്തിയതിനുശേഷം വീടിന് സമീപത്തെ കുളത്തിൽനിന്നാണ് കുളിച്ച് വൃത്തിയായത്. അങ്ങാടികുളത്തിൽ ആയുധവും ഉപേക്ഷിച്ചുവെന്നാണ് സൂചന. കൊലപാതകത്തിനുപയോഗിച്ച ആയുധങ്ങൾ കണ്ടെടുത്തിട്ടില്ല. കുളത്തിൽ നിന്ന് ഇതും കണ്ടെത്തും. സഹോദരിയുടെ സഹപാഠി എന്ന നിലയിലായിരുന്നു വിഷ്ണു പ്രിയയുമായുള്ള അടുപ്പം. പിന്നീട് പ്രണയമായി മാറുകയായിരുന്നു. എന്നാൽ പെൺകുട്ടിക്ക് യുവാവുമായി അത്ര അടുപ്പം ഇല്ലായിരുന്നുവെന്നാണ് മറ്റുള്ളവർ പറയുന്നത്.

രാവിലെ പത്തര വരെ അച്ഛൻ നടത്തുന്ന ഹോട്ടലിൽ ശ്യാംജിത്ത് സഹായിയായി നിന്നിരുന്നു. ഇതിന് പിന്നാലെയാണ് കൊലപാതകത്തിന് ഉപയോഗിച്ച ചുറ്റിക വാങ്ങാനായി പോയത്. കൊലപാതകം നടത്തിയ തിരികെ വീട്ടിലെത്തിയ പ്രതി വസ്ത്രം മാറിയ ശേഷം വീണ്ടും ഹോട്ടലിൽ എത്തി ജോലി തുടർന്നു. പൊലീസ് എത്തുമ്പോൾ മാത്രമാണ് അരുംകൊല നടത്തിയ ശേഷമാണ് ശ്യാംജിത്ത് എത്തിയതെന്ന് വീട്ടുകാരും നാട്ടുകാരും അറിയുന്നത്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP