Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
May / 202427Monday

എറണാകുളം-അങ്കമാലി അതിരൂപതയിൽ ജനാഭിമുഖമല്ലാത്ത മറ്റൊരു കുർബാന രീതിയും സാധ്യമല്ല; ഏകീകൃത കുർബാന ആവശ്യപ്പെടുന്നത് ഒറ്റപ്പെട്ട ചില വ്യക്തികൾ മാത്രം; ആരാധനക്രമ കാര്യങ്ങളിൽ കോടതികൾക്കു ഇടപെടാൻ പറ്റുകയില്ല; കേസുകളെ വൈദികർ ഭയപ്പെടുന്നില്ലെന്നും വൈദികയോഗം

എറണാകുളം-അങ്കമാലി അതിരൂപതയിൽ ജനാഭിമുഖമല്ലാത്ത മറ്റൊരു കുർബാന രീതിയും സാധ്യമല്ല; ഏകീകൃത കുർബാന ആവശ്യപ്പെടുന്നത് ഒറ്റപ്പെട്ട ചില വ്യക്തികൾ മാത്രം; ആരാധനക്രമ കാര്യങ്ങളിൽ കോടതികൾക്കു ഇടപെടാൻ പറ്റുകയില്ല; കേസുകളെ വൈദികർ ഭയപ്പെടുന്നില്ലെന്നും വൈദികയോഗം

മറുനാടൻ മലയാളി ബ്യൂറോ

കൊച്ചി: എറണാകുളം-അങ്കമാലി അതിരൂപതയിൽ ജനാഭിമുഖമല്ലാത്ത മറ്റൊരു കുർബാന രീതിയും സാധ്യമല്ലെന്ന് വൈദികയോഗം. ജനാഭിമുഖ കുർബാന ഒരു ലിറ്റർജിക്കൽ വേരിയന്റായി അംഗീകരിക്കുകയോ അതിരൂപതയെ മെത്രാൻസിനഡിൽ നിന്നു വേർപ്പെടുത്തി മാർപാപ്പയുടെ കീഴിൽ മറ്റൊരു മെത്രാപ്പൊലീത്തൻ സഭയായി അംഗീകരിക്കുകയോ ചെയ്യണമെന്ന് വൈദികയോഗത്തിൽ ആവശ്യം ഉന്നയിച്ചു. കോടതികളിലെ കേസുകളെ വൈദികർ ഭയപ്പെടുന്നില്ലെന്നും ഹൈക്കോടതിയും സുപ്രീം കോടതിയും ഇതിനു മുമ്പ് നൽകിയിട്ടുള്ള വിധികൾ പ്രകാരം ആരാധനക്രമ കാര്യങ്ങളിൽ കോടതികൾക്കു ഇടപെടാൻ പറ്റുകയില്ലെന്ന കാര്യവും വൈദികർ വ്യക്തമാക്കി.

ഏകീകൃത കുർബാന ഘട്ടം ഘട്ടമായി നടപ്പാക്കാൻ ഒരിക്കലും സാധിക്കുകയില്ലെന്ന് മുന്നൂറോളം വൈദികർ പങ്കെടുത്ത വൈദീക യോഗം ഏകകണ്‌ഠേന ബോസ്‌കോ പുത്തൂർ മെത്രാനെ അറിയിച്ചു. അപ്പസ്‌തോലിക് അഡ്‌മിനിസ്‌ട്രേറ്റർ മാർ ബോസ്‌കോ പുത്തൂർ വിളിച്ചുകൂട്ടിയ പ്രസ്ബിറ്റേറിയം (വൈദിക യോഗം) ത്തിലാണ് പ്രതിഷേധം അറിയിച്ചത്.

അതിരൂപതയിലെ പള്ളികൾ മുൻസിഫ് കോടതികളിലെ ഉത്തരവു വഴി പൂട്ടിക്കാൻ തക്കവിധം അപ്പസ്‌തോലിക് അഡ്‌മിനിസ്‌ട്രേറ്റർ നൽകിയ സത്യവാങ്മൂലം തിരുത്തി നൽകണമെന്നും മാർ ബോസ്‌കോ പുത്തൂരിനോട് വൈദികർ ആവശ്യപ്പെട്ടു. മേജർ ആർച്ചുബിഷപ്പ് മാർ റാഫേൽ തട്ടിലിന്റെയും റോമിലെ പൗരസ്ത്യ കാര്യാലയത്തിന്റെ അദ്ധ്യക്ഷൻ കർദിനാൾ ക്ലൗദിയോ ഗുജോറോത്തിയുടെയും കത്തുകളുടെ പശ്ചാത്തലത്തിലും പേപ്പൽ ഡെലഗേറ്റ് ആർച്ചബിഷപ്പ് സിറിൽ വാസിലിന്റെ അനുവാദത്തോടെയുമാണ് അപ്പസ്‌തോലിക് അഡ്‌മിനിസ്‌ട്രേറ്റർ അടിയന്തിര വൈദിക യോഗം ചുണങ്ങംവേലിയിലുള്ള നിവേദിതയിൽ വിളിച്ചുകൂട്ടിയത്.

മേജർ ആർച്ചുബിഷപ്പും സംഘവും വത്തിക്കാനിൽ പോകുമ്പോൾ ഏകീകൃത കുർബാന അർപ്പണരീതി അതിരൂപതയിൽ നടപ്പാക്കാനുള്ള ഒരു കർമപദ്ധതി അവിടെ അവതരിപ്പിക്കുന്നതിനു വേണ്ടിയാണ് ഈ വൈദികയോഗം വിളിച്ചുകൂട്ടിയത്. പക്ഷേ മാർ ബോസ്‌കോ പുത്തൂർ സമ്മേളനത്തിന്റെ ആരംഭത്തിലെ തന്നെ മേജർ ആർച്ചുബിഷപ്പ് നല്കിയ കത്തിലെ ഏകീകൃത കുർബാന ചൊല്ലാൻ വിസമ്മതിക്കുന്ന വൈദികർക്കെതിരെ മതകോടതി സ്ഥാപിച്ച് ശിക്ഷാ നടപടികൾ കൈകൊള്ളുമെന്ന വാചകം വായിച്ചതോടെ വൈദികർ ഒന്നടങ്കം പ്രതിഷേധിക്കുകയായിരുന്നു.

എത്രയും വേഗം 450 വൈദികർക്കെതിരെ ശിക്ഷാനടപടികൾ ആരംഭിക്കുന്നതായിരിക്കും ചർച്ചകൾ നടത്തുന്നതിലും ഭേദമെന്ന് വൈദികർ അഭിപ്രായപ്പെട്ടു. ഈ കാര്യം റോമിനെ അറിയിക്കുകയാണ് ബോസ്‌കോ മെത്രാൻ അപ്പസ്‌തോലിക അഡ്‌മിനിസ്‌ട്രേറ്ററെന്ന നിലയിൽ ചെയ്യേണ്ടതെന്ന് വൈദികർ അദ്ദേഹത്തെ ഓർമപ്പെടുത്തി.

അതിരൂപതയിലെ പല ഇടവകകളിലും ഒറ്റപ്പെട്ട ചില വ്യക്തികൾ മാത്രമാണ് ഏകീകൃത കുർബാന ആവശ്യപ്പെടുന്നത്. അവരെ ഫലപ്രദമായി ഉപയോഗപ്പെടുത്തി കാക്കനാട് മൗണ്ട് സെന്റ് തോമസ് കേന്ദ്രീകരിച്ച് പ്രവർത്തിക്കുന്ന ഏകികൃത കുർബാന ലോബിയുടെ നിർദേശ പ്രകാരം വികാരിയച്ചന്മാർക്കെതിരെ കേസ് കൊടുക്കുന്നു. കേസുകൾ കൊടുക്കുന്നവർ ഇടവകകളിൽ ഒറ്റപ്പെട്ടവരാണ്. കേസുകളുള്ള പള്ളികൾ കേസുകൾ നടത്താൻ വരുന്ന ചെലവ് അതിരൂപതയിലേക്കു നൽകേണ്ട ഭദ്രാസന ഫീസിൽ നിന്നും കുറയ്ക്കുമെന്നും വൈദികയോഗം തീരുമാനിച്ചു.

സീറോ മലബാർ സിനഡ് ന്യൂസിൽ പ്രസിദ്ധികരിച്ചിരിക്കുന്നതുപോലെ സീറോ മലബാർ സഭയുടെ ആസ്ഥാനരൂപത എന്ന അതിരൂപതയുടെ പദവി എടുത്തുകളയാനോ, സഭയുടെ പേരുമാറ്റാനോ, ആസ്ഥാന ദേവാലയം എറണാകുളം സെന്റ് മേരീസ് കത്തിഡ്രൽ ബസിലിക്കയിൽ നിന്നും മാറ്റാനുമുള്ള തീരുമാനങ്ങളെയും വൈദിക യോഗം അപലപിച്ചു.

മുൻ അപ്പസ്‌തോലിക് അഡ്‌മിനിസ്‌ട്രേറ്റർ മാർ ആൻഡ്രൂസ് താഴത്ത് വത്തിക്കാനു നൽകിയ തെറ്റിദ്ധരിപ്പിക്കുന്ന റിപ്പോർട്ടിനെ കുറിച്ച് വൈദികരുടെ അഡ് ഹോക് കമ്മിറ്റി മാർപാപ്പയ്ക്ക് അയച്ച കത്തിന് വത്തിക്കാൻ സ്റ്റേറ്റ് സെക്രട്ടറിയേറ്റിൽ നിന്നും കൺവീനർ ഫാ. ജോസ് ഇടശ്ശേരിക്കു വന്ന ഒദ്യോഗികമായ മറുപടിയിൽ മാർപാപ്പ ലിറ്റർജി കാര്യത്തിൽ തുറവിയുള്ളതും ആത്മാർഥതയുമുള്ള ചർച്ചയാണ് ആഗ്രഹിക്കുന്നതെന്ന് എഴുതിയിട്ടുണ്ട്. അതിൻ പ്രകാരം മേജർ ആർച്ചുബിഷപ് മാർ റാഫേൽ തട്ടിൽ അതിരൂപതയിലെ വൈദികരെയും സന്ന്യസ്തരേയും അല്മായരേയും നേരിട്ട് കണ്ടാണ് ലിറ്റർജി പ്രശ്‌നത്തിന് പരിഹാരം കണ്ടെത്തേണ്ടത്. അത്തരം ചർച്ചയുടെ പാത തെരഞ്ഞെടുക്കാതെ ഏകീകൃത കുർബാന ലോബിയുടെ പിടിയിലമർന്ന മേജർ ആർച്ചുബിഷപ് നടത്തുന്ന ഒളിച്ചുകളിയെ വൈദിക യോഗം അപലപിച്ചു.

വത്തിക്കാനിൽ ചെന്ന് പൗരസ്ത്യ കാര്യാലയത്തോടും മാർപാപ്പയോടും അതിരൂപതയുടെ നിലപാട് അറിയിക്കുവാൻ വൈദിക യോഗം അപ്പസ്‌തോലിക് അഡ്‌മിനിസ്‌ട്രേറ്ററോട് അഭ്യർത്ഥിച്ചു. വൈദികരുടെയും ദൈവജനത്തിന്റയും ജനാഭിമുഖ കുർബാനയ്ക്കായുള്ള തീവ്രമായ ആഗ്രഹം വത്തിക്കാൻ അധികാരികളെ അറിയിക്കാമെന്ന് മാർ ബോസ്‌കോ പുത്തൂർ ഉറപ്പുനല്കി. ഭൂമിയിടപാടു കേസിൽ വത്തിക്കാൻ സിനഡിനോട് ആവശ്യപ്പെട്ട റെസ്റ്റിറ്റിയൂഷന്റെ കാര്യത്തിലും എത്രയും വേഗം തീരുമാനമുണ്ടാകണമെന്നും വൈദികർ ഒറ്റക്കെട്ടായി ആവശ്യപ്പെട്ടു.

ഏകികൃത കുർബാനയുടെ പേരിൽ അതിരൂപതയിലെ ഡീക്കന്മാർക്ക് പട്ടം നൽകാതെ പിടിച്ചുവച്ചിരിക്കുന്നതിനെയും വൈദികർ ഒറ്റക്കെട്ടായി അപലപിക്കുകയും അപ്പസ്‌തോലിക് അഡ്‌മിനിസ്‌ട്രേറ്റർ റോമിൽ പോയി തിരിച്ചു വന്നാൽ ഉടൻ ഡീക്കന്മാർക്ക് പട്ടം കൊടുക്കുന്ന കാര്യത്തിൽ തീരുമാനമുണ്ടാകണമെന്നും ആവശ്യപ്പെട്ടു. ഇന്നത്തെ സാഹചര്യത്തിൽ മാർ ബോസ്‌കോ പുത്തൂർ വൈദികയോഗം വിളിച്ചുകൂട്ടിയതിന്റെ കാരണങ്ങളെ കുറിച്ച് അഡ്‌ഹോക് കമ്മിറ്റി കൺവീനർ ഫാ. ജോസ് ഇടശ്ശേരി സംസാരിക്കുകയുണ്ടായി. വൈദികർ ഒന്നടങ്കം ഓരേ ശബ്ദത്തോടെ ജനാഭിമുഖ കുർബാനയ്ക്കായ് നിലപാടെടുത്ത സാഹചര്യത്തിൽ ഈ കാര്യത്തിൽ അതിരൂപതയിലെ വൈദികരുടെ ഇടയിൽ യാതൊരു വിഭാഗിയതയും ഇല്ലെന്ന കാര്യം അപ്പസ്‌തോലിക് അഡ്‌മിനിസ്‌ട്രേറ്ററിന് അർത്ഥശങ്കയ്ക്കിടയില്ലാതെ വത്തിക്കാനിൽ അറിയിക്കാൻ സാധിക്കുമെന്ന് അദ്ദേഹം സൂചിപ്പിച്ചു. ഏകദേശം 50 ഓളം വൈദികർ വൈദിക യോഗത്തിൽ സംസാരിച്ചു.

ആരാധനക്രമ പ്രതിസന്ധി പരിഹരിക്കാനായുള്ള വൈദിക യോഗത്തിന്റെ കർമപദ്ധതിയടങ്ങുന്ന വൈദികയോഗത്തിന്റെ പ്രസ്താവന ഫാ. രാജൻ പുന്നയ്ക്കൽ എഴുതി വായിക്കുകയും വൈദീക യോഗത്തിന്റെ ഏകകണ്‌ഠേനയുള്ള അംഗീകാരത്തോടെ മാർ ബോസ്‌കോയ്ക്കു സമർപ്പിച്ചു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP