Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
May / 202431Friday

മാസപ്പടി കേസിൽ സിഎംആർഎൽ എംഡി ശശിധരൻ കർത്തയെ ഇ.ഡി വീട്ടിലെത്തി ചോദ്യം ചെയ്യുന്നു; സി.എം.ആർ.എൽ - എക്സാലോജിക് ദുരൂഹ സാമ്പത്തിക ഇടപാടിൽ വിവരങ്ങൾ മൊഴിയായി ശേഖരിക്കും; നിർണായക നീക്കം, ഇടപാടിന്റെ രേഖകൾ ലഭിക്കാതായതോടെ

മാസപ്പടി കേസിൽ സിഎംആർഎൽ എംഡി ശശിധരൻ കർത്തയെ ഇ.ഡി വീട്ടിലെത്തി ചോദ്യം ചെയ്യുന്നു; സി.എം.ആർ.എൽ - എക്സാലോജിക് ദുരൂഹ സാമ്പത്തിക ഇടപാടിൽ വിവരങ്ങൾ മൊഴിയായി ശേഖരിക്കും; നിർണായക നീക്കം, ഇടപാടിന്റെ രേഖകൾ ലഭിക്കാതായതോടെ

മറുനാടൻ മലയാളി ബ്യൂറോ

കൊച്ചി: മാസപ്പടി കേസിൽ സിഎംആർഎൽ മാനേജിങ് ഡയറക്ടർ എസ്.എൻ. ശശിധരൻ കർത്തയെ വീട്ടിലെത്തി ഇഡി ചോദ്യം ചെയ്യുന്നു. ആലുവയിലെ വീട്ടിലെത്തിൽ നേരിട്ടെത്തിയാണ് ഇ ഡി ഉദ്യോഗസ്ഥർ ചോദ്യംചെയ്യുന്നത്. സിഎംആർഎൽ ഉദ്യോഗസ്ഥരെ ചോദ്യം ചെയ്യുന്ന വേളയിൽ തന്നെ കർത്തയെ ചോദ്യം ചെയ്യാൻ ഇ ഡി നേരത്തെ നോട്ടീസ് നൽകിയിരുന്നുവെങ്കിലും ചോദ്യം ചെയ്യലിന് ഹാജരായിരുന്നില്ല. ആരോഗ്യ പ്രശ്‌നങ്ങൾ ചൂണ്ടിക്കാട്ടി ചോദ്യം ചെയ്യലിന് ഹാജരാകാതെ കർത്ത ഹൈക്കോടതിയിൽ സത്യവാങ്മൂലം നൽകുകയായിരുന്നു. യാത്ര ചെയ്യാൻ കഴിയില്ലെന്ന് ചൂണ്ടിക്കാട്ടി മെഡിക്കൽ രേഖകളും ഹാജരാക്കിയിരുന്നു.

മുഖ്യമന്ത്രി പിണറായി വിജയന്റെ മകൾ വീണാ വിജയന്റെ എക്‌സാലോജിക് സൊലൂഷൻസും സി.എം.ആർ.എലും തമ്മിലുള്ള ദുരൂഹ പണമിടപാടുകളുമായി ബന്ധപ്പെട്ടാണ് ശശിധരൻ കർത്തയുടെ വീട്ടിലെത്തി എൻഫോഴ്സ്മെന്റ് ഡയറക്ടേറ്റ് (ഇ.ഡി) സംഘം മൊഴിയെടുക്കുന്നത്. കർത്തയോട് ചൊവ്വാഴ്ച ഹാജരാകാൻ ഇ.ഡി ആവശ്യപ്പെട്ടെങ്കിലും ആരോഗ്യപ്രശ്നങ്ങൾ ചൂണ്ടിക്കാട്ടി ഒഴിവായിരുന്നു. യാത്ര ചെയ്യാൻ കഴിയില്ലെന്ന് ചൂണ്ടിക്കാട്ടി മെഡിക്കൽ രേഖകളും ഹാജരാക്കിയിരുന്നു.

സി.എം.ആർ.എലിന്റെ സാമ്പത്തിക ഇടപാടുകൾ സംബന്ധിച്ച വിവരങ്ങൾ മൊഴിയായി ശേഖരിക്കുകയാണ് ഇ.ഡി.യുടെ ലക്ഷ്യം. കമ്പനിയെ സംബന്ധിച്ച് പുറത്തുവരാത്ത രഹസ്യവിവരങ്ങളോ അക്കൗണ്ടുകളോ ഉണ്ടെങ്കിൽ അത് അറിയുകകൂടി ലക്ഷ്യമിടുന്നുണ്ട്. സിഎംആർഎൽ -എക്‌സാലോജിക് സാമ്പത്തിക ഇടപാട് രേഖകൾ ഉദ്യോഗസ്ഥരിൽ നിന്നും ഇഡി തേടിയിരുന്നു. എന്നാൽ ആദായ നികുതി വകുപ്പ് പരിശോധിക്കുകയും. 2023 ൽ തീർപ്പാക്കുകയും ചെയ്തതാണെന്നും അറിയിച്ചിരുന്നു. രേഖകൾ ലഭിക്കാതായതോടെയാണ് ഇഡി കർത്തയെ നേരിട്ടെത്തി ചോദ്യം ചെയ്യാൻ തീരുമാനിച്ചത്.

കഴിഞ്ഞ ദിവസം മൊഴിയെടുപ്പിനായി സി.എം.ആർ.എല്ലിലെ ഒരു വനിതയുൾപ്പെടെ മൂന്ന് ഉദ്യോഗസ്ഥർക്ക് കൊച്ചി എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റിന്റെ (ഇ.ഡി.) ഓഫീസിൽ 24 മണിക്കൂർ ചിലവഴിക്കേണ്ടി വന്നിരുന്നു. ഒരു പകലും രാത്രിയും നീണ്ട മൊഴിയെടുപ്പിനൊടുവിൽ ഇവരെ വിട്ടയച്ചത് ചൊവ്വാഴ്ച രാവിലെ 11.30-ഓടെയാണ്. തിങ്കളാഴ്ച രാവിലെ 11-ഓടെ ഹാജരായ സി.എം.ആർ.എൽ. ചീഫ് ഫിനാൻഷ്യൽ ഓഫീസർ കെ.എസ്. സുരേഷ് കുമാർ, സീനിയർ മാനേജർ എൻ.സി. ചന്ദ്രശേഖരൻ, സീനിയർ ഓഫീസർ അഞ്ജു റേച്ചൽ കുരുവിള എന്നിവരിൽനിന്നാണ് ചൊവ്വാഴ്ച രാവിലെവരെ മൊഴിയെടുത്തത്.

മാസപ്പടി ആരോപണത്തിൽ ആദായനികുതി വകുപ്പു മുൻപാകെ എക്‌സാലോജിക് കമ്പനിക്കെതിരെ മൊഴികൾ നൽകിയിരുന്ന ചീഫ് ജനറൽ മാനേജർ പി.സുരേഷ്‌കുമാർ, കാഷ്യർ വാസുദേവൻ എന്നിവരെ ഇ.ഡി ഓഫിസിൽ ഇന്നലെ രാവിലെയാണ് വിളിച്ചുവരുത്തി ചോദ്യം ചെയ്തത്. ഇവരുടെ മൊഴികൾ ഇ.ഡി രജിസ്റ്റർ ചെയ്ത കള്ളപ്പണം വെളുപ്പിക്കൽ നിരോധന കേസിലും (പിഎംഎൽഎ) നിർണായകമാണ്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP