Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
May / 202428Tuesday

1500 കോടിയുടെ കെ- ഫോൺ കൊണ്ടുവന്നത് സ്വന്തക്കാർക്കും ബന്ധുക്കൾക്കും ഖജനാവ് കൊള്ളയടിക്കാൻ; കെ-ഫോൺ കൊള്ള സിബിഐ അന്വേഷിക്കണം; തൃശൂരിൽ സിപിഎം- ബിജെപി ബന്ധം പരസ്യമായി; കരുവന്നൂർ കൊള്ളയിൽ നേതാക്കളുടെ അറസ്റ്റ് ഒഴിവാക്കാൻ വോട്ടുമറിക്കും; ഇടതിനെ കടന്നാക്രമിച്ച് വിഡി സതീശൻ

1500 കോടിയുടെ കെ- ഫോൺ കൊണ്ടുവന്നത് സ്വന്തക്കാർക്കും ബന്ധുക്കൾക്കും ഖജനാവ് കൊള്ളയടിക്കാൻ; കെ-ഫോൺ കൊള്ള സിബിഐ അന്വേഷിക്കണം; തൃശൂരിൽ സിപിഎം- ബിജെപി ബന്ധം പരസ്യമായി; കരുവന്നൂർ കൊള്ളയിൽ നേതാക്കളുടെ അറസ്റ്റ് ഒഴിവാക്കാൻ വോട്ടുമറിക്കും; ഇടതിനെ കടന്നാക്രമിച്ച് വിഡി സതീശൻ

മറുനാടൻ മലയാളി ബ്യൂറോ

തിരുവനന്തപുരം: കെ ഫോൺ കൊള്ളയെ കുറിച്ച് സിബിഐ അന്വേഷിക്കണമെന്ന് പ്രതിപക്ഷ നേതാവ് വിഡി സതീശൻ. ഇടതു സർക്കാരിനെതിരെ വമ്പൻ രാഷ്ട്രീയ ആരോപണമാണ് പ്രതിപക്ഷ നേതാവ് ഉയർത്തുന്നത്. തിരഞ്ഞെടുപ്പിന്റെ അവസാനഘട്ടത്തിലും സ്വന്തം ഭരണനേട്ടങ്ങൾ പറയാനാകാതെ അഴിമതിയും കെടുകാര്യസ്ഥതയും ഭരണപരാജയവും മറച്ചുവച്ചു കൊണ്ടാണ് മുഖ്യമന്ത്രി പ്രചരണം നടത്തുന്നത്. അതുകൊണ്ടാണ് കഴിഞ്ഞ 35 ദിവസമായി എഴുതി തയാറാക്കിയ ഒരേ പ്രസംഗം മുഖ്യമന്ത്രി വായിക്കുന്നത്. കോൺഗ്രസിനെയും രാഹുൽ ഗാന്ധിയെയും വിമർശിക്കുന്ന പിണറായി വിജയൻ മോദിയെയും ബിജെപിയെയും വെറുതെ വിടുകയാണ്. അഴിമതിയിൽ മുങ്ങിക്കുളിച്ച് നിൽക്കുന്ന സർക്കാർ എല്ലാത്തിൽ നിന്നും ഒളിച്ചോടുന്നുവെന്ന് കോൺഗ്രസ് നേതാവ് ആരോപിച്ചു.

18 മാസം കൊണ്ട് പൂർത്തിയാക്കുമെന്ന് അവകാശപ്പെട്ട് 1500 കോടി രൂപ മുടക്കി 2017-ൽ കൊണ്ടു വന്ന കെ ഫോൺ പദ്ധതി 2024 ലും നടപ്പാക്കാനായില്ല. 20 ലക്ഷം പേർക്ക് സൗജന്യ ഇന്റർനെറ്റ് കണക്ഷൻ നൽകുമെന്ന് തുടക്കത്തിൽ പറഞ്ഞിരുന്നത് നിയോജകമണ്ഡലങ്ങളിൽ ആയിരം വീതം 14000 ആയി കുറച്ചു. അവസാനം 7000 പേർക്ക് പോലും സൗജന്യ ഇന്റർനെറ്റ് കണക്ഷൻ നൽകാതെ അതിനായി നിയോഗിച്ചിരുന്ന കമ്പനികൾ പണി നിർത്തിപ്പോയി. ടെൻഡർ നടപടിക്ക് ശേഷം 1000 കോടിയുടെ പദ്ധതിയിൽ 50 ശതമാനം ടെൻഡർ എക്സസ് നൽകി 1500 കോടിയാക്കി. എസ്.ആർ.ഐ.ടിയെ കൂടാതെ മുഖ്യമന്ത്രിയുടെ ബന്ധുവിന്റെ പ്രസാഡിയോ എന്ന കമ്പനിയും കരാറിന് പിന്നിലുണ്ടായിരുന്നു. കോടിക്കണക്കിന് രൂപ കമ്പനികൾക്കെല്ലാം ചേർന്ന് കൊള്ളയടിക്കാനുള്ള അവസരമാണ് കെ ഫോണിലൂടെ സർക്കാർ ഒരുക്കിക്കൊടുത്തതെന്ന് പ്രതിപക്ഷ നേതാവ് പറയുന്നു.

പദ്ധതിക്ക് വേണ്ടി കിഫ്ബിയിൽ നിന്നും കടമെടുത്ത 1032 കോടി അടുത്തമാസം മുതൽ പ്രതിവർഷം 100 കോടി വീതം തിരിച്ചടയ്ക്കണം. എവിടുന്ന് കൊടുക്കും ഈ പണം? പദ്ധതിയിൽ നിന്നും ഒരു രൂപയും കിട്ടാത്ത സാഹചര്യത്തിൽ 100 കോടി രൂപ സർക്കാർ ഖജനാവിൽ നിന്നും നൽകേണ്ട അവസ്ഥയാണ്. സംസ്ഥാനം രൂക്ഷമായ ധനപ്രതിസന്ധിയിലൂടെ കടന്നു പോകുന്നതിനിടെ സ്വന്തക്കാർക്കും ബന്ധുക്കൾക്കും സർക്കാർ ഖജനാവ് കൊള്ളയടിക്കുന്നതിന് വേണ്ടിയാണ് 1500 കോടി രൂപയുടെ പദ്ധതി നടപ്പാക്കിയത്. ഈ പദ്ധതിയെക്കുറിച്ച് ഇനിയെങ്കിലും അന്വേഷണം നടത്താൻ തയാറാകണം. മുഖ്യമന്ത്രിക്കും പങ്കാളിത്തമുള്ള സാഹചര്യത്തിൽ സിബിഐയാണ് ഈ അഴിമതി അന്വേഷിക്കേണ്ടത്. ഇതേ കമ്പനികൾ തന്നെയാണ് എ.ഐ ക്യാമറ അഴിമതിക്ക് പിന്നിലും. കൺസോർഷ്യത്തിന് ഭാഗമായ എസ്.ആർ.ഐ.ടി കരാർ വ്യവസ്ഥകളൊന്നും പാലിച്ചില്ലെന്ന പരാതിയും നിലനിൽക്കുന്നുണ്ട്. 18 മാസം കൊണ്ട് പൂർത്തിയാക്കേണ്ട പദ്ധതി ഏഴ് കൊല്ലമായിട്ടും പൂർത്തിയാക്കാത്ത സ്വന്തക്കാരുടെ കമ്പനിക്കെതിരെ സർക്കാർ ഒരു നടപടിയും സ്വീകരിക്കുന്നില്ല. കെ-ഫോൺ കൊള്ളയിൽ ഗൗരവതരമായ അന്വേഷണം നടത്തണം.

മാസപ്പടി ഉൾപ്പെടെയുള്ള അഴിമതികളും ഭരണപരാജയവും കെടുകാര്യസ്ഥതയും സംബന്ധിച്ച ഒരു ചോദ്യങ്ങൾക്കും മുഖ്യമന്ത്രി മറുപടി നൽകില്ല. സംസ്ഥാനത്തെ ഒരു കോടി ആളുകൾക്ക് പെൻഷൻ ലഭിക്കുന്നില്ല. സർക്കാർ ആശുപത്രികളിൽ മരുന്നും മാവേലി സ്റ്റേറുകളിൽ സാധനങ്ങളുമില്ല. 16000 കോടിയാണ് കരാറുകാർക്ക് നൽകാനുണ്ട്. അഴിമതിയും കെടുകാര്യസ്ഥതയും കൊണ്ട് ഈ സർക്കാർ കേരളത്തെ തകർത്തത് തിരഞ്ഞെടുപ്പിൽ ചർച്ച ചെയ്യപ്പെടും. ഇതൊക്കെ മറച്ചുവയ്ക്കാനാണ് മുഖ്യമന്ത്രി രാഹുൽ ഗാന്ധിക്കും കോൺഗ്രസിനും എതിരെ മാത്രം പ്രസംഗിക്കുന്നത്. കോൺഗ്രസ് ദുർബലമായാൽ അതിന്റെ ഗുണം ആർക്കായിരിക്കുമെന്നതാണ് പിണറായി വിജയനോടുള്ള ചോദ്യം.

രാഹുൽ ഗാന്ധിക്കെതിരെ പിണറായി വിജയൻ സംസാരിക്കുന്നത് ബിജെപിയെ സഹായിക്കുന്നതിന് വേണ്ടിയാണ്. തൃശൂരിൽ സിപിഎം പരസ്യമായി ബിജെപിയെ സഹായിക്കുകയാണ്. അതിന്റെ ഭാഗമായാണ് തൃശൂർ മേയർ ബിജെപി സ്ഥാനാർത്ഥിക്ക് അനുകൂലമായി സംസാരിച്ചത്. കരുവന്നൂരിലെ ഇ.ഡി അന്വേഷണ ഭീതിയിലാണ് തൃശൂരിലെ സിപിഎം നേതാക്കൾ. കരുവന്നൂരിലെ 300 കോടി രൂപ കൊള്ളയടിച്ചതിന്റെ വിവരങ്ങൾ പുറത്തു വന്നാൽ പ്രധാനപ്പെട്ട സിപിഎം നേതാക്കൾ അറസ്റ്റിലാകും. ഇത് ഒഴിവാക്കുന്നതിന് വേണ്ടിയാണ് സിപിഎം വോട്ടുകൾ ബിജെപി മറിക്കുന്നതിനുള്ള ശ്രമങ്ങൾ നടക്കുന്നത്. പിണറായി വിജയനെയും സിപിഎമ്മിനെയും ഭരിക്കുന്നത്. ആ ഭയമാണ് ബിജെപി മുതലെടുക്കാൻ ശ്രമിക്കുന്നത്. തൃശൂരിൽ സിപിഎം- ബിജെപി ബന്ധം പരസ്യമായിരിക്കുകയാണ്. എവിടെയൊക്കെ ബന്ധമുണ്ടാക്കിയാലും ബിജെപിയെ കേരളത്തിൽ വിജയിപ്പിക്കാൻ യു.ഡി.എഫ് അനുവദിക്കില്ല.

വന്യമൃഗ ശല്യം രൂക്ഷമായിട്ടും സർക്കാർ കാഴ്ചക്കാരെ പോലെ നോക്കിനിൽക്കുയാണ്. 92 വില്ലേജുകളെ ഗുരുതരമായി ബാധിക്കുന്ന ഇ.എസ്.എ സംബന്ധിച്ച് പഞ്ചായത്തുകളോട് അഭിപ്രായം ചോദിച്ചിരിക്കുയാണ്. എന്നാൽ പഞ്ചായത്തിന്റെ കയ്യിൽ ഒരു രേഖയുമില്ല. ഈ സാചര്യത്തിൽ വനാതിർത്തികളിൽ ജീവിക്കുന്നവരെ രൂക്ഷമായി ബധിക്കുന്നതരത്തിലേക്കാണ് ഇ.എസ്.എ നടപ്പാകാൻ പോകുന്നത്. ഇക്കാര്യത്തിൽ 24 മണിക്കൂറിനകം സർക്കാർ തീരുമാനം എടുത്തില്ലെങ്കിൽ യു.ഡി.എഫ് ശക്തമായ സമരം ആരംഭിക്കും.

കോൺഗ്രസ് അധികാരത്തിൽ എത്തിയാൽ പൗരത്വ നിയമം ഉൾപ്പെടെ ഭരണഘടനാവിരുദ്ധമായ നിയമങ്ങളെല്ലാം റദ്ദാക്കുമെന്ന് രാഹുൽ ഗാന്ധി വ്യക്തമാക്കിയിട്ടുണ്ട്. കോൺഗ്രസിന്റെ പ്രകടന പത്രിക പിണറായി വിജയൻ എഴുതേണ്ട. മാസ്‌ക്കറ്റ് ഹോട്ടലിൽ സിപിഎം- ആർഎസ്എസ് നേതാക്കൾ ശ്രീ എമ്മിന്റെ മധ്യസ്ഥതയിൽ ചർച്ച നടത്തിയത് സംബന്ധിച്ച ചോദ്യത്തോട് മുഖ്യമന്ത്രി ഇതുവരെ പ്രതികരിച്ചിട്ടില്ല. തിരഞ്ഞെടുപ്പിന് തൊട്ട് മുൻപും ശ്രീ എം കേരളത്തിൽ എത്തി. നിയസഭയിൽ ചോദിച്ചപ്പോൾ മുഖ്യമന്ത്രി തലതാഴ്‌ത്തി ഇരിക്കുകയായിരുന്നു.

സിപിഎം- ബിജെപി ബന്ധത്തിന്റെ ഇടനിലക്കാരനാണ് ശ്രീ എം. സിപിഎമ്മും ബിജെപിയും തമ്മിലുള്ള ബന്ധം ജനങ്ങൾ ചർച്ച ചെയ്യുമെന്നും സതീശൻ പറഞ്ഞു. 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP