Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202416Tuesday

ബൈപ്പാസ് ശസ്ത്രക്രിയക്കിടെ അജ്ഞാതവസ്തു ശരീരത്തിൽ കുടുങ്ങി; നെഞ്ചിൽ നിന്നും രക്തവും നീരും ഒലിച്ചതോടെ അഞ്ചു വർഷം അശോകൻ അനുഭവിച്ചത് നരകയാതന: മുഖ്യമന്ത്രിക്ക് പരാതി നൽകി കുടുംബം

ബൈപ്പാസ് ശസ്ത്രക്രിയക്കിടെ അജ്ഞാതവസ്തു ശരീരത്തിൽ കുടുങ്ങി; നെഞ്ചിൽ നിന്നും രക്തവും നീരും ഒലിച്ചതോടെ അഞ്ചു വർഷം അശോകൻ അനുഭവിച്ചത് നരകയാതന: മുഖ്യമന്ത്രിക്ക് പരാതി നൽകി കുടുംബം

മറുനാടൻ മലയാളി ബ്യൂറോ

കോഴിക്കോട്: കോഴിക്കോട് മെഡിക്കൽ കോളേജിൽ ബൈപ്പാസ് ശസ്ത്രക്രിയക്കിടെ അറുപതുകാരന്റെ ശരീരത്തിൽ അജ്ഞാത വസ്തു കുടുങ്ങിയതായി ആരോപണം. അത്തോളി ചീക്കിലോട് കോറോത്ത് അശോകനാ(60)ണ് അജ്ഞാതവസ്തു ശരീരത്തിൽ കുടുങ്ങിയതിനെത്തുടർന്ന് അഞ്ചുവർഷമായി ദുരിതമനുഭവിക്കുന്നതായി മുഖ്യമന്ത്രിക്ക് പരാതിനൽകിയത്. തുടർന്ന് മുഖ്യമന്ത്രിയുടെ ഓഫീസിൽനിന്ന് ആവശ്യപ്പെട്ട പ്രകാരം തിങ്കളാഴ്ച രോഗിയെ വിളിച്ചുവരുത്തി മെഡിക്കൽ കോളേജ് ആശുപത്രി അധികൃതർ തെളിവെടുത്തു.

രണ്ടു ശസ്ത്രക്രിയക്കുമായി മൂന്നരലക്ഷത്തോളം രൂപ ചെലവായി. കടവുമുണ്ട്. വീഴ്ചവരുത്തിയവർക്കെതിരേ നടപടിവേണം, ഒപ്പം നഷ്ടപരിഹാരവും നൽകണമെന്ന് അശോകൻ മുഖ്യമന്ത്രിക്ക് നൽകിയ പരാതിയിൽ ആവശ്യപ്പെട്ടു. 2018 ഓഗസ്റ്റിലാണ് നെഞ്ചുവേദനയെത്തുടർന്ന് അശോകന് മെഡിക്കൽ കോളേജിൽ ബൈപ്പാസ് ശസ്ത്രക്രിയ നടത്തിയത്. എന്നാൽ, ആശുപത്രി വിട്ടിട്ടും മുറവുണങ്ങിയില്ല. കടുത്ത വേദനയും തുടർന്നു. ദിവസങ്ങൾ കഴിഞ്ഞിട്ടും മുറിവിൽ നിന്നും രക്തവും നീരും ഒലിച്ചു കൊണ്ടിരുന്നു. ഇതോടെ നാലുതവണയായി വീണ്ടും മെഡിക്കൽ കോളേജിലെത്തി ഡോക്ടർമാരെ കണ്ടെങ്കിലും പ്രത്യേകിച്ച് ഫലമുണ്ടായില്ല. പിന്നീട് പല ഡോക്ടർമാരെയും കണ്ട് ചികിത്സ നടത്തിയെങ്കിലും മുറിവുണങ്ങിയില്ലെന്ന് മാത്രമല്ല ചോരയും നീരും ഒലിച്ചു കൊണ്ടിരുന്നു.

ഒടുവിൽ വേദന അസഹ്യമായതോടെ ഉള്ളിയേരിയിലെ മെഡിക്കൽ കോളേജിലെത്തി ഡോക്ടറെ കാണിച്ചു. ഡോക്ടറുടെ നിർദ്ദേശ പ്രകാരം സ്‌കാൻ ചെയ്തപ്പോഴാണ് ഹൃദയത്തിനു താഴെയായി ബാഹ്യവസ്തു കിടക്കുന്നത് കണ്ടെത്തി. തുടർന്ന് ഇക്കഴിഞ്ഞ ഫെബ്രുവരിയിൽ ശസ്ത്രക്രിയനടത്തി അത് പുറത്തെടുത്തു. ഇതോടെ രക്തവും നീരും വരുന്നത് നിന്നതായും മുറിവുണങ്ങിയതായും അശോകൻ പറഞ്ഞു.

ആരോഗ്യം വീണ്ടെടുത്തതോടെയാണ് അശോകൻ മുഖ്യമന്ത്രിക്ക് പരാതി നൽകിയത്. നീണ്ട അഞ്ചുവർഷം ചെറിയ ദുരിതമല്ല അനുഭവിച്ചതെന്ന് അശോകൻ പറയുന്നു. കടുത്ത വേദനയ്‌ക്കൊപ്പം എപ്പോഴും പുറത്തേക്ക് രക്തവും നീരും വന്നുകൊണ്ടിരുന്നു. രാവിലെ എഴുന്നേൽക്കുമ്പോഴേക്കും കിടക്കവിരിയും മറ്റും രക്തം കാരണം നനഞ്ഞിട്ടുണ്ടാവും. ഒരിടത്തും പോവാൻ കഴിയാതെയായി. അഞ്ചുവർമായി ജോലിക്കും പോയില്ലെന്ന് അശോകൻ പറയുന്നു.

അശോകന്റെ പരാതി അന്വേഷിക്കാൻ മെഡിക്കൽ കോളേജ് പ്രിൻസിപ്പലിനെ ചുമതലപ്പെടുത്തുകയായിരുന്നു.തുടർന്നാണ് തിങ്കളാഴ്ച കാർഡിയോ വാസ്‌കുലാർ ആൻഡ് തൊറാസിക് സർജറി വിഭാഗം മേധാവി ഡോ. രാജേഷിന്റെ നേതൃത്വത്തിൽ തെളിവെടുപ്പ് നടന്നത്. ഇതുവരെയുള്ള എല്ലാ ചികിത്സാരേഖകളും സമിതി പരിശോധിച്ചു. ബാഹ്യവസ്തു കണ്ടെത്തിയതായുള്ള എക്കോ സ്‌കാനിങ് റിപ്പോർട്ടുൾപ്പെടെ ഹാജരാക്കിയതായി അശോകൻ പറഞ്ഞു. ഇതുസംബന്ധിച്ച റിപ്പോർട്ട് മുഖ്യമന്ത്രിയുടെ ഓഫീസിന് സമർപ്പിക്കുമെന്ന് മെഡിക്കൽ കോളേജ് അധികൃതർ പറഞ്ഞു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP