Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202416Tuesday

പള്ളിയിൽ അഭയം കിട്ടിയത് തുണയായി; വ്യാജ റിക്രൂട്ട്മെന്റ് ഏജൻസിയുടെ ചതിയിൽപ്പെട്ട് റഷ്യയിൽ യുദ്ധം ചെയ്ത രണ്ടാമനും തിരിച്ചെത്തി; പ്രിൻസിന്റെ മൊഴി എടുത്തു സിബിഐ; അഞ്ചുതെങ്ങിന് ആശ്വാസമായി പ്രിൻസിന്റെ മടക്കം; ഇനി തിരിച്ചെത്താനുള്ളത് രണ്ടു പേർ; റിക്രൂട്ട്‌മെന്റിന് പിന്നിൽ വമ്പൻ മാഫിയ

പള്ളിയിൽ അഭയം കിട്ടിയത് തുണയായി; വ്യാജ റിക്രൂട്ട്മെന്റ് ഏജൻസിയുടെ ചതിയിൽപ്പെട്ട് റഷ്യയിൽ യുദ്ധം ചെയ്ത രണ്ടാമനും തിരിച്ചെത്തി; പ്രിൻസിന്റെ മൊഴി എടുത്തു സിബിഐ; അഞ്ചുതെങ്ങിന് ആശ്വാസമായി പ്രിൻസിന്റെ മടക്കം; ഇനി തിരിച്ചെത്താനുള്ളത് രണ്ടു പേർ; റിക്രൂട്ട്‌മെന്റിന് പിന്നിൽ വമ്പൻ മാഫിയ

മറുനാടൻ മലയാളി ബ്യൂറോ

തിരുവനന്തപുരം: വ്യാജ റിക്രൂട്ട്മെന്റ് ഏജൻസിയുടെ ചതിയിൽപ്പെട്ട് റഷ്യയിൽ കുടുങ്ങിയവരിൽ ഒരു മലയാളി കൂടി തിരിച്ചെത്തുമ്പോൾ പുറത്തു വരുന്നത് ചതിയുടെ കണാപ്പുറങ്ങൾ. അഞ്ചുതെങ്ങ് സ്വദേശി പ്രിൻസ് സെബാസ്റ്റ്യനാണ് ഡൽഹിയിൽ എത്തിയത്. ഇന്ത്യൻ എംബസിയുടെ സഹായത്തോടെയാണ് പ്രിൻസ് മടങ്ങി എത്തിയത്. വൈകാതെ നാട്ടിലെത്തുമെന്ന് പ്രിൻസ് കുടുംബത്തെ അറിയിച്ചു. പ്രിൻസിനേയും സിബിഐ വിശദമായി ചോദ്യം ചെയ്യും. തട്ടിപ്പ് സംഘത്തെ കണ്ടെത്താനാണ് ഇത്.

നേരത്തെ പൊഴിയൂർ സ്വദേശി ഡേവിഡ് മുത്തപ്പനും ഡൽഹിയിൽ എത്തിയിരുന്നു. ഡൽഹിയിലുള്ള ഡേവിഡ് ഉടൻ നാട്ടിലേക്ക് തിരിക്കും. യുദ്ധമുഖത്തുള്ള അഞ്ചുതെങ്ങ് സ്വദേശികളായ വിനീത്, ടിനു എന്നിവരെ തിരിച്ചെത്തിക്കാനും വിദേശകാര്യ മന്ത്രാലയം നടപടികൾ തുടങ്ങിയിട്ടുണട്്. ഇന്ത്യക്കാരെ റിക്രൂട്ട് ചെയ്ത കേസിൽ മൂന്ന് മലയാളികളടക്കം 19 പേർക്കെതിരെ സിബിഐ കേസെടുത്തിട്ടുണ്ട്. യുദ്ധഭൂമിയിൽ വച്ച് പ്രിൻസിനു മുഖത്ത് വെടിയേൽക്കുകയും ഡേവിഡിന്റെ കാൽ മൈൻ സ്‌ഫോടനത്തിൽ തകരുകയും ചെയ്തിരുന്നു.

സൂപ്പർമാർക്കറ്റിൽ 1.60 ലക്ഷം രൂപ മാസ വേതനത്തിൽ സെക്യൂരിറ്റി ജോലി വാഗ്ദാനം ചെയ്താണ് ഡേവിഡിനെ ഏജന്റ് റഷ്യയിലെത്തിച്ചത്. മൂന്നരലക്ഷം രൂപ ഏജന്റ് വാങ്ങുകയും ചെയ്തിരുന്നു. റഷ്യൻ പൗരത്വമുള്ള മലയാളിയാണ് ഡേവിഡിനെ പട്ടാള ക്യാമ്പിൽ എത്തിച്ചത്. ഉദ്യോഗസ്ഥർ പാസ്‌പോർട്ടും യാത്രാ രേഖകളും വാങ്ങുകയും ചെയ്തിരുന്നു. പരിശീലനത്തിന് ശേഷം യുക്രെയ്ൻ അതിർത്തിയിൽ യുദ്ധമേഖലയിൽ എത്തിച്ചു. ഇതോടെ രക്ഷപ്പെടാൻ മറ്റ് വഴികളില്ലാതെയായി.

തിരുവനന്തപുരം അഞ്ചുതെങ്ങ് സ്വദേശികളായ പ്രിൻസ്, വിനീത്, ടിനു എന്നിവരെ സെക്യൂരിറ്റി ആർമി ഹെൽപ്പർ എന്ന തസ്തികയിൽ ജോലിയുണ്ടെന്ന് വാഗ്ദാനം ചെയ്ത് മനുഷ്യക്കടത്ത് സംഘം റഷ്യയിലെത്തിച്ചുവെന്ന് വീട്ടുകാർ വെളിപ്പെടുത്തിയിരുന്നു. ഏഴ് ലക്ഷം രൂപവീതം മുടക്കിയാണ് ഇവർ റഷ്യയിലേയ്ക്കുള്ള വിസ തരപ്പെടുത്തിയത്. പലിശക്കാരിൽ നിന്നും കടം വാങ്ങിയും ലോണെടുത്തുമാണ് ഇവർക്ക് റഷ്യയ്ക്ക് പോകാനുള്ള പണം സംഘടിപ്പിച്ച് നൽകിയതെന്നാണ് വീട്ടുകാർ പറയുന്നത്.

തുമ്പ സ്വദേശി പ്രിയനാണ് ഇവരെ കൊണ്ടുപോയതെന്നാണ് വീട്ടുകാർ പറയുന്നത്. 22 ദിവസത്തെ ട്രെയിനിങ് കൊടുത്തു. ട്രെയിനിങ്ങിന് ശേഷം മൂവരെയും രണ്ടു ടീമുകളിലാക്കി യുദ്ധമുഖത്തേയ്ക്ക് വിടുകയായിരുന്നുവെന്നാണ് വീട്ടുകാർ പറഞ്ഞത്. വാട്‌സാപ്പിൽ ഷെയർ ചെയ്ത് കിട്ടിയ സെക്യൂരിറ്റി ജോലിയുടെ പരസ്യം കണ്ടാണ് ഏജൻസിയെ സമീപിച്ചത്. ഏജന്റിന്റെ സഹായത്തോടെ ഡൽഹിയിലെത്തി. പിന്നിട് അവിടെ നിന്നും റഷ്യയിലേക്ക് കൊണ്ടുപോയി. പരിശീലനത്തിന് ശേഷം കൂലിപ്പട്ടാളത്തോടൊപ്പം ചേരാൻ നിർബന്ധിക്കുകയായിരുന്നു.

റിക്രൂട്ടിങ് ഏജൻസിയുടെ തട്ടിപ്പിനിരയായി യുദ്ധഭൂമിയിലെത്തിയ ഇവരുടെ ദുരവസ്ഥ വാർത്തയായി. വാർത്തക്ക് പിന്നാലെ കേന്ദ്രമന്ത്രിമാരും മുഖ്യമന്ത്രിയും പ്രതിപക്ഷനേതാവും ഇടപെട്ടിരുന്നു. പരിക്കേറ്റ് പള്ളിയിൽ അഭയം തേടിയ ഇരുവരെയും ഇന്ത്യൻ എംബസ്സിയിലേക്ക് വിളിപ്പിക്കുകയും ചെയ്തു. റഷ്യയിലേക്കുള്ള മനുഷ്യക്കടത്ത് ഇപ്പോൾ സിബിഐ അന്വേഷിക്കുകയാണ്.

തട്ടിപ്പിനിരയായവർ തിരിച്ചെത്തിയതോടെ സിബിഐക്ക് ഇത് സംബന്ധിച്ച കൂടുതൽ വിവരം കിട്ടും. കേരളത്തിൽ നിന്ന് മാത്രമല്ല മറ്റ് സംസ്ഥാനങ്ങളിൽ നിന്നടക്കം കൂടുതൽ പേരെ റഷ്യയിലെ യുദ്ധമുഖത്തേക്ക് ഇടനിലക്കാർ എത്തിച്ചിട്ടുണ്ടെന്നാണ് വിവരം. 

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP