Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202416Tuesday

ജനാധിപത്യത്തെ കുറിച്ച് സംസാരിക്കാൻ എത്തിയ ഇന്ത്യൻ വംശജയായ ബ്രിട്ടീഷ് പ്രൊഫസർക്ക് വിലക്ക്; ഓ സി ഐ കാർഡ് ഉൾപ്പടെയുള്ള രേഖകൾ കാണിച്ചിട്ടും ബംഗലൂരു വിമാനത്താവളത്തിൽ നിന്നും തിരിച്ചയച്ചു; തീവ്ര ഹിന്ദു സംഘടനകളെ വിമർശിക്കുന്നതിനാൽ വിലക്ക് എന്ന് ആരോപണം

ജനാധിപത്യത്തെ കുറിച്ച് സംസാരിക്കാൻ എത്തിയ ഇന്ത്യൻ വംശജയായ ബ്രിട്ടീഷ് പ്രൊഫസർക്ക് വിലക്ക്; ഓ സി ഐ കാർഡ് ഉൾപ്പടെയുള്ള രേഖകൾ കാണിച്ചിട്ടും ബംഗലൂരു വിമാനത്താവളത്തിൽ നിന്നും തിരിച്ചയച്ചു; തീവ്ര ഹിന്ദു സംഘടനകളെ വിമർശിക്കുന്നതിനാൽ വിലക്ക് എന്ന് ആരോപണം

മറുനാടൻ മലയാളി ബ്യൂറോ

ലണ്ടൻ: കർണ്ണാടക സർക്കാർ ക്ഷണം സ്വീകരിച്ച് ഒരു സമ്മേളനത്തിൽ പങ്കെടുക്കാൻ എത്തിയ ഇന്ത്യൻ വംശജയും ലണ്ടനിലെ വെസ്റ്റ്മിനിസ്റ്റർ യൂണിവേഴ്സിറ്റിയിൽ സെന്റർ ഫോർ സ്റ്റഡി ഓഫ് ഡെമോക്രസി ഡയറക്ടറുമായ നിതാഷ കൗളിനാണ് പ്രവേശനം നിഷേധിച്ചത്. ബംഗലൂരു കെംബഗൗണ്ട അന്താരാഷ്ട്ര വിമാനത്താവളത്തിലെ ഇമിഗ്രേഷൻ ഉദ്യോഗസ്ഥർ തന്നെയാണ് പ്രവേശന വിലക്കിന്റെ കാര്യം അവരെ അറിയിച്ചതെങ്കിലും അതിനുള്ള കാരണം വ്യക്തമാക്കിയിട്ടില്ല. ഡൽഹിയിൽ നിന്നുള്ള ഉത്തരവനുസരിച്ചാണ് നടപടി എന്നുമാത്രമാണ് അവരെ അറിയിച്ചത്.

വിമാനത്താവളത്തിലെ ഹോൾഡിങ് സെല്ലിൽ ഒരു രാത്രി കഴിച്ചുകൂട്ടിയ നിതാഷ കൗൾ പിന്നീട് ലണ്ടനിലേക്ക് മടങ്ങി. കർണ്ണാടക സാമൂഹ്യ ക്ഷേമ വകുപ്പ് മന്ത്രി എച്ച് സി മഹാദേവപ്പയാണ് സമ്മേളനത്തിൽ പങ്കെടുക്കാൻ തന്നെ ക്ഷണിച്ചതെന്ന് കൗൾ വെളിപ്പെടുത്തി. ''ഭരണഘടനയും ഇന്ത്യൻ ഐക്യവും'' എന്ന വിഷയത്തെ കുറിച്ചുള്ള ഒരു സമ്മേളനത്തിൽ പങ്കെടുക്കുവാനായിരുന്നു ക്ഷണം. ശനിയാഴ്‌ച്ചയും ഞായറാഴ്‌ച്ചയുമായി നടന്ന സമ്മേളനത്തിൽ പങ്കെടുക്കാൻ, സാധുതയുള്ള ബ്രിട്ടീഷ് പാസ്സ്പോർട്ടും ഓവർസീസ് സിറ്റിസൺ ഓഫ് ഇന്ത്യ കാർഡും ഉണ്ടായിട്ടും രാജ്യത്ത് പ്രവേശിക്കുവാൻ തനിക്ക് അനുമതി നിഷേധിക്കുകയായിരുന്നു എന്ന് അവർ ആരോപിക്കുന്നു.

ഓ സി ഐ കാർഡ് ഉള്ള ഒരു ഇന്ത്യൻ വംശജന് ജീവിതകാലം മുഴുവൻ വിവിധ ആവശ്യങ്ങൾക്കായി, വിവിധ സന്ദർഭങ്ങളിൽ ഇന്ത്യ സന്ദർശിക്കുന്നതിനുള്ള അനുവാദം ഉണ്ട്. മാത്രമല്ല, ഫോറിൻ റീജിയണൽ റെജിസ്ട്രേഷൻ ഓഫീസിലോ, ഫോറിൻ റെസ്ജിസ്ട്രേഷൻ ഓഫീസിലോ റെജിസ്റ്റർ ചെയ്യാതെ തന്നെ ഇന്ത്യയിൽ താമസിക്കുവാനും കഴിയും. അടുത്തകാലത്ത്, ഭാരതീയ ജനതാ പാർട്ടിയുടെയും പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെയും കനത്ത വിമർശകനായ സ്വീഡൻ ആസ്ഥാനമായുള്ള വിദ്യാഭ്യാസ വിചക്ഷണൻ അശോക് സ്വെയിനിന്റെ ഓ സി ഐ കാർദ് സർക്കാർ റദ്ദാക്കിയിരുന്നു.

രാജ്യത്തിന്റെ പരമാധികാരത്തെയും, ഐക്യത്തെയും, സുരക്ഷയെയും സംബന്ധിച്ച രാജ്യ താത്പര്യങ്ങൾക്ക് എതിരായി പ്രവർത്തിക്കുന്നു എന്നായിരുന്നു ഇത്ന് കാരണമായി പറഞ്ഞിരുന്നത്. ഒ സി ഐ കാർഡ് റദ്ദാക്കുന്നതിനുള്ള നടപടികൾ സർക്കാർ ആരംഭിച്ചതിനെ തുടർന്ന് അടുത്തിടെ ഫ്രഞ്ച് മാധ്യമ പ്രവർത്തക വനേസ്സ ഡഗ്‌നാക്കിന് ഇന്ത്യ വിട്ട് പോകേണ്ടതായും വന്നിരുന്നു.

താൻ ഇന്ത്യാ വിരുദ്ധയല്ലെന്നും, ഏകാധിപത്യത്തിനെതിരെ, ജനാധിപത്യത്തിനായി മാത്രമാണ് പോരാടുന്നതെന്നും പിന്നീട് കൗൾ എക്സ് പ്ലാറ്റ്ഫോമിൽ കുറിച്ചു. പതിറ്റാണ്ടുകളായുള്ള തന്റെ രചനകൾ അത് സാക്ഷ്യപ്പെടുത്തുമെന്നും അവർ പറഞ്ഞു. ആർ എസ്സ് എസ്സിനെയും തീവ്ര ഹിന്ദു സംഘടനകളെയും താൻ വിമർശിച്ചതിനെ കുറിച്ച് ഉദ്യോഗസ്ഥർ അനൗപചാരികമായി പരാമർശിക്കുകയുണ്ടായി എന്നും അവർ പറഞ്ഞു. എന്നാൽ, അതിനു ശേഷവും താൻ നിരവധി തവണ ഇന്ത്യ സന്ദർശിച്ചിട്ടുണ്ടെന്നും അവർ വ്യക്തമാക്കുന്നു.

ജമ്മു ആൻഡ് കാശ്മീറിലെ ശ്രീനഗറിൽ വേരുകൾ ഉള്ള കുടുംബത്തിൽ ഉത്തർപ്രദേശിലെ ഗൊരഖ്പൂറിലാണ് നിതാഷ കൗളിന്റെ ജനനം. തന്നെ ബാംഗ്ലൂരിലെ ഹോൾഡിങ് സെല്ലിൽ 24 മണിക്കൂർ കഴിയാൻ നിർബന്ധിതയാക്കി എന്നും അവർ പറയുന്നു. തിരികെ യു കെയിലെക്കുള്ള ബ്രിട്ടീഷ് എയർവേയ്സ് ശനിയാഴ്‌ച്ച വരെ ലഭ്യമാകാത്തതായിരുന്നു കാരണം.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP