Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202416Tuesday

ഒരു മാസം പിന്നിടുമ്പോൾ അയോധ്യയിൽ കാണിക്കയായി ലഭിച്ചത് പത്ത് കിലോ സ്വർണവും 25 കിലോ വെള്ളിയും; പണമായി ലഭിച്ചത് 25 കോടി രൂപ: ക്ഷേത്രദർശനം നടത്തിയത് 60 ലക്ഷത്തോളം ഭക്തർ: അത്യാധുനിക മെഷീനുകൾ സ്ഥാപിക്കാൻ എസ്.ബി.ഐ

ഒരു മാസം പിന്നിടുമ്പോൾ അയോധ്യയിൽ കാണിക്കയായി ലഭിച്ചത് പത്ത് കിലോ സ്വർണവും 25 കിലോ വെള്ളിയും; പണമായി ലഭിച്ചത് 25 കോടി രൂപ: ക്ഷേത്രദർശനം നടത്തിയത് 60 ലക്ഷത്തോളം ഭക്തർ: അത്യാധുനിക മെഷീനുകൾ സ്ഥാപിക്കാൻ എസ്.ബി.ഐ

മറുനാടൻ മലയാളി ബ്യൂറോ

അയോദ്ധ്യ: രാമക്ഷേത്രത്തിലെ പ്രതിഷ്ഠാ ചടങ്ങുകൾ കഴിഞ്ഞ് ഒരു മാസം പിന്നിടുമ്പോൾ കാണിക്കയുടെ വിവരങ്ങൾ പുറത്തുവിട്ട് അധികൃതർ. ജനുവരി 22ലെ രാമപ്രതിഷ്ഠ കഴിഞ്ഞ് ഒരു മാസം പിന്നിടുമ്പോൾ കോടികളുടെ സ്വർണവും വെള്ളിയും പണവുമാണ് ക്ഷേത്തത്തിന് വരുമാനമായി ലഭിച്ചത്. ഏകദേശം 10 കിലോഗ്രാമോളം സ്വർണവും 25 കിലോഗ്രാം വെള്ളിയും ക്ഷേത്രത്തിലെത്തി. ഇതിന് പുറമെ പണമായും ചെക്കായും ഡ്രാഫ്റ്റായും 25 കോടി രൂപയും ഒരു മാസത്തിനകം ക്ഷേത്രത്തിന് വരുമാനമായി ലഭിച്ചു.

അതേസമയം ട്രസ്റ്റിന്റെ ബാക്ക് അക്കൗണ്ടുകൾ വഴി നേരിട്ട് ലഭിക്കുന്ന തുകയുടെ കണക്ക് സമാഹരിച്ചിട്ടില്ലാത്തതിനാൽ ഈ വഴിയുള്ള തുക ഇതിൽ ഉൾപ്പെട്ടിട്ടില്ലെന്ന് രാമ ക്ഷേത്ര ട്രസ്റ്റ് ഓഫീസ് ഇൻ ചാർജ് പ്രകാശ് ഗുപ്ത പറഞ്ഞു. ഇതുകൂടി കണക്ക് കൂട്ടുമ്പോൾ കോടികൾ ഇനിയും ഉയരും. ഇക്കാലയളവിൽ ഏതാണ്ട് 60 ലക്ഷത്തോളം പേർ ക്ഷേത്രത്തിൽ എത്തിയെന്നാണ് കണക്ക്. രാജ്യത്തിനകത്തും പുറത്തുമുള്ള കോടീശ്വരന്മാരടക്കം രാമക്ഷേത്ര ദർശനത്തിനായി അയോധ്യയിലേക്ക് ഒഴുകി എത്തുന്നുണ്ട്.

ഏപ്രിൽ 17ന് രാമനവമി ആഘോഷങ്ങൾ വരാനിരിക്കുകയാണ്. രാമനവമി എത്തുന്നതോടെ ക്ഷേത്രത്തിലേക്കുള്ള ഭക്തരുടെ എണ്ണത്തിലും കാണിക്കയായി ലഭിക്കുന്ന വരുമാനത്തിലും വലിയ വർദ്ധനവുണ്ടാകുമെന്നാണ് ക്ഷേത്ര ട്രസ്റ്റ് പ്രതീക്ഷിക്കുന്നത്. രാമനവമി എത്തുന്നതോടെ ഏതാണ്ട് 50 ലക്ഷത്തോളം ഭക്തർ ഈ സമയത്ത് മാത്രം ക്ഷേത്രത്തിലെത്തുമെന്നാണ് കരുതുന്നത്. ഇത് കോടികളുടെ വരുമാനം ക്ഷേത്രത്തിന് വീണ്ടും ഉണ്ടാക്കി കൊടുക്കും.

രാമനവമി സമയത്ത് കാണിക്കയായും സംഭാവനയായും ലഭിക്കുന്ന തുകയിൽ വർദ്ധനവ് ഉണ്ടാകാനുള്ള സാധ്യത കണക്കിലെടുത്ത് മൂന്ന് അത്യാധുനിക ഓട്ടോമാറ്റിക് നോട്ടെണ്ണൽ മെഷീനുകൾ എസ്.ബി.ഐ ക്ഷേത്ര കോംപ്ലക്‌സിൽ സ്ഥാപിക്കും. നിലവിൽ രണ്ട് ഷിഫ്റ്റുകളിലായാണ് പണം എണ്ണിത്തിട്ടപ്പെടുത്തുന്നത്.

തീർത്ഥാടകർക്ക് രസീത് നൽകാൻ ഒരു ഡസനോളം കംപ്യൂട്ടർവത്കൃത കൗണ്ടറുകൾ പ്രവർത്തിക്കുന്നുണ്ട്. ഇതിന് പുറമെ അത്രയും എണ്ണം ബോക്‌സുകളും കാണിക്കയിടാനായി ക്ഷേത്ര കോപ്ലക്‌സിനുള്ളിൽ സ്ഥാപിച്ചിട്ടുണ്ട്. ഉടൻ തന്നെ പൂർണ സജ്ജമായ ഒരു കൗണ്ടിങ് റൂം പണം എണ്ണിത്തിടപ്പെടുത്താൻ വേണ്ടി മാത്രമായി ക്ഷേത്ര കോംപ്ലക്‌സിൽ പ്രവർത്തനം തുടങ്ങുമെന്ന് പ്രകാശ് ഗുപ്ത പറഞ്ഞു. സംഭവനകളും കാണിക്കകളും ചെക്കുകൾ, ഡ്രാഫ്റ്റുകൾ, പണമായ നിക്ഷേപം എന്നിവയെല്ലാം കൈകാര്യം ചെയ്യുന്നതിന് എസ്.ബി.ഐയെ ചുമതലപ്പെടുത്തിക്കൊണ്ട് ബാങ്കും ക്ഷേത്ര ട്രസ്റ്റും ധാരണപത്രം ഒപ്പുവെയ്ക്കുകയും ചെയ്തു.

ക്ഷേത്രത്തിൽ ലഭിച്ച സ്വർണവും വെള്ളിയും മറ്റ് അമൂല്യ ലോഹങ്ങളും ഉരുക്കി സൂക്ഷിക്കുന്നതിനുള്ള ചുമതല കേന്ദ്ര സർക്കാറിന്റെ നാണയ നിർമ്മാണ കേന്ദ്രത്തിന് കൈമാറിയിട്ടുണ്ട്. ഇതിനായി ഉദ്യോഗസ്ഥരെത്തി പ്രവർത്തനങ്ങൾ തുടങ്ങിയതായി ട്രസ്റ്റ് അംഗം അനിൽ മിശ്ര പറഞ്ഞു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP