Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202405Tuesday

ദുബായ് ഉച്ചകോടിക്കിടെ ഖത്തർ അമീറുമായി നരേന്ദ്ര മോദിയുടെ നിർണായക കൂടിക്കാഴ്ച; മോദിയുടെ വ്യക്തിബന്ധങ്ങൾക്ക് ഒപ്പം അജിത് ഡോവൽ നടത്തിയ ഇടപെടലുകൾ; വധശിക്ഷ കാത്തിരുന്ന എട്ടു നാവികരെ മാതൃരാജ്യത്ത് തിരികെയെത്തിച്ചത് കേന്ദ്രസർക്കാരിന്റെ നയതന്ത്ര വിജയം

ദുബായ് ഉച്ചകോടിക്കിടെ ഖത്തർ അമീറുമായി നരേന്ദ്ര മോദിയുടെ നിർണായക കൂടിക്കാഴ്ച; മോദിയുടെ വ്യക്തിബന്ധങ്ങൾക്ക് ഒപ്പം അജിത് ഡോവൽ നടത്തിയ ഇടപെടലുകൾ; വധശിക്ഷ കാത്തിരുന്ന എട്ടു നാവികരെ മാതൃരാജ്യത്ത് തിരികെയെത്തിച്ചത് കേന്ദ്രസർക്കാരിന്റെ നയതന്ത്ര വിജയം

മറുനാടൻ മലയാളി ബ്യൂറോ

ന്യൂഡൽഹി: ഖത്തറിൽ വധശിക്ഷയ്ക്ക് വിധിക്കപ്പെട്ട് തടവിൽ കഴിഞ്ഞിരുന്ന എട്ട് മുൻ നാവികസേനാ ഉദ്യോഗസ്ഥരെ ജന്മനാട്ടിൽ തിരികെയെത്തിച്ചത് കഴിഞ്ഞ ഒന്നര വർഷം ഇന്ത്യ നടത്തിയ നയതന്ത്ര നീക്കങ്ങൾക്കൊടുവിൽ. ഖത്തറിലെ ജയിലിൽ മരണത്തെ മുഖാമുഖം കണ്ട എട്ടു നാവികർക്കു മോചനം സാധ്യമായത് കേന്ദ്രസർക്കാരിന്റെ നയതന്ത്ര വിജയമായാണ് വിലയിരുത്തപ്പെടുന്നത്. നാവികരുടെ മോചനത്തിനു പ്രധാനമന്ത്രി നരേന്ദ്ര മോദി തന്റെ വ്യക്തിബന്ധങ്ങൾ ഉപയോഗിച്ചതിനൊപ്പം തുറുപ്പുച്ചീട്ടാക്കിയതു ദേശീയ സുരക്ഷ ഉപദേഷ്ടാവ് അജിത് ഡോവലിനെയായിരുന്നു. കഴിഞ്ഞ ഒരുവർഷത്തിനിടെ പലതവണ ഡോവൽ ഖത്തർ സന്ദർശിച്ചതായാണു വിവരം.

ഖത്തർ അധികാരികളുമായി കൂടിക്കാഴ്ച നടത്തി ഇന്ത്യൻ നിലപാട് വ്യക്തമാക്കിയത് അജിത് ഡോവലായിരുന്നു. മോദി വഴി അജിത് ഡോവൽ നടത്തിയ ഇടപെടലുകൾ ഇന്ത്യൻ നീക്കങ്ങൾ വേഗത്തിലാക്കിയെന്നാണു ദേശീയ മാധ്യമങ്ങൾ റിപ്പോർട്ടു ചെയ്യുന്നത്. ഖത്തറുമായി നടത്തിവന്നിരുന്ന നയതന്ത്ര ഇടപെടലുകളെ തുടർന്നു കഴിഞ്ഞ ഡിസംബർ 28നു നാവികരുടെ വധശിക്ഷ തടവുശിക്ഷയായി കുറച്ചിരുന്നു. ദുബായ് ഉച്ചകോടിക്കിടെ ഖത്തർ അമീറുമായി പ്രധാനമന്ത്രി നരേന്ദ്ര മോദി നടത്തിയ കൂടിക്കാഴ്ചയടക്കം ഒടുവിൽ നാവികരുടെ മോചനത്തിന് വഴി തെളിയുകയായിരുന്നു

നാവിക സേനാംഗങ്ങളെയും അവരുടെ കുടുംബാംഗങ്ങളെയും ചേർത്തു പിടിക്കുന്ന സമീപനമാണ് തുടക്കം മുതൽ ഇന്ത്യ സ്വീകരിച്ചത്. പ്രധാനമന്ത്രി നരേന്ദ്ര മോദി നടത്തിയ ഇടപെടലുകൾ വിഷയത്തിൽ നിർണായകമായി. ദുബായ് ഉച്ചകോടിക്കിടെ ഖത്തർ അമീർ ഷെയ്ഖ് തമീം ബിൻ ഹമദ് അൽതാനിയുമായി മോദി കൂടിക്കാഴ്ച നടത്തിയിരുന്നു. ഈ കൂടിക്കാഴ്ച കേസിൽ വഴിത്തിരിവായെന്നു വിലയിരുത്തുന്നവരുമുണ്ട്. ഖത്തറിലെ ഇന്ത്യൻ ജനതയെ ബാധിക്കുന്ന വിഷയങ്ങളെല്ലാം സംസാരവിഷയമായെന്നു കൂടിക്കാഴ്ചയ്ക്കു ശേഷം മോദി പറഞ്ഞിരുന്നു. നാവികരെ മോചിപ്പിച്ചതിനു പിന്നാലെയുള്ള കേന്ദ്രസർക്കാരിന്റെ ആദ്യപ്രതികരണത്തിൽ ഖത്തർ അമീറിന് നന്ദിയും രേഖപ്പെടുത്തിയിട്ടുണ്ട്.

എട്ട് ഉദ്യോഗസ്ഥരിൽ ഏഴ് പേർ നാട്ടിലെത്തിയതായി വിദേശകാര്യമന്ത്രാലയം തിങ്കളാഴ്ച രാവിലെ അറിയിച്ചിരുന്നു. ഉദ്യോഗസ്ഥരെ വെറുതെവിട്ട ഖത്തർ അമീറിന്റെ നിലപാടിനെ ഇന്ത്യ സ്വാഗതം ചെയ്തു. അതേസമയം, രഹസ്യസ്വഭാവമുള്ള നടപടിക്രമങ്ങളായതിനാൽ വിഷയത്തിൽ കൂടുതൽ കാര്യങ്ങൾ വിദേശകാര്യമന്ത്രാലയം പുറത്തുവിട്ടിട്ടില്ല.

സുരക്ഷിതമായി രാജ്യത്ത് തിരിച്ചെത്തിയതിന്റെ സന്തോഷം ഉദ്യോഗസ്ഥർ മാധ്യമങ്ങളോട് പങ്കുവച്ചു. മോചനത്തിനായുള്ള പ്രധാനമന്ത്രിയുടെ ഇടപെടലിലും അവർ തങ്ങളുടെ നന്ദി അറിയിച്ചു. ക്യാപ്റ്റൻ നവ്‌തേജ് സിങ് ഗിൽ, ക്യാപ്റ്റൻ ബിരേന്ദ്ര കുമാർ വർമ, ക്യാപ്റ്റൻ സൗരഭ് വസിഷ്ഠ്, കമാൻഡർ അമിത് നാഗ്പാൽ, കമാൻഡർ പൂർണേന്ദു തിവാരി, കമാൻഡർ സുഗുണാകർ പകാല, കമാൻഡർ സഞ്ജീവ് ഗുപ്ത, തിരുവനന്തപുരം സ്വദേശിയെന്നുകരുതുന്ന നാവികൻ രാഗേഷ് ഗോപകുമാർ എന്നിവരായിരുന്നു ശിക്ഷ നേരിട്ടത്.

2022 ഓഗസ്റ്റ് 30നു ഖത്തറിലെ അൽ ദഹ്‌റ കമ്പനിയിൽ ഉദ്യോഗസ്ഥരായിരുന്ന എട്ട് ഇന്ത്യക്കാരെ ഖത്തറിലെ രഹസ്യാന്വേഷണ വിഭാഗമായ സ്റ്റേറ്റ് സെക്യൂരിറ്റി ബ്യൂറോയാണ് അറസ്റ്റു ചെയ്തത്. ഇസ്രയേലിന്റെ ചാരന്മാരായി പ്രവർത്തിച്ചുവെന്ന് ആരോപിച്ചായിരുന്നു അറസ്റ്റ്. ഇവർക്കെതിരെ രാജ്യദ്രോഹ കുറ്റവും ചുമത്തി.

ഇന്ത്യൻ നാവികസേനയിൽനിന്ന് വിരമിച്ചശേഷം ഇറ്റാലിയൻ സാങ്കേതികവിദ്യ അടിസ്ഥാനമാക്കിയുള്ള രഹസ്യസ്വഭാവമുള്ള മിഡ്ജെറ്റ് അന്തർവാഹിനികൾ നിർമ്മിക്കുന്നതിനുള്ള പദ്ധതിയുടെ ഭാഗമായി ദഹ്റ ഗ്ലോബൽ ടെക്‌നോളജീസിൽ പ്രവർത്തിക്കുന്നതിനിടെയായിരുന്നു എട്ട് ഉദ്യോഗസ്ഥരെ ഖത്തർ ഇന്റലിജൻസ് അറസ്റ്റ് ചെയ്യുന്നത്. സൈനികസേവനം നൽകുന്ന കമ്പനിയുടെ ഉടമയായ ഖത്തർ പൗരനും കേസിൽ അറസ്റ്റിലായിരുന്നെങ്കിലും പിന്നീട് ഇയാളെ വിട്ടയച്ചു.

എന്നാൽ, ഇവർക്കെതിരെ ചുമത്തിയ കുറ്റങ്ങളെന്തെല്ലാമാണെന്ന് ഔദ്യോഗികമായി ഇതുവരെ പുറത്തുവന്നിട്ടില്ല. മുങ്ങിക്കപ്പൽ നിർമ്മാണരഹസ്യങ്ങൾ ഇസ്രയേലിന് ചോർത്തി നൽകിയതിനാണ് കേസെന്ന് മാത്രമായിരുന്നു പുറത്തുവന്ന റിപ്പോർട്ടുകൾ. പാക്കിസ്ഥാൻ രഹസ്യാന്വേഷണ ഏജൻസിയിലുള്ളവർ ഇവർക്കെതിരേ ആസൂത്രണം ചെയ്തതാണ് ചാരപ്രവർത്തനമെന്നും റിപ്പോർട്ടുകളുണ്ടായിരുന്നു.

2023 മാർച്ചിൽ നടന്ന വിചാരണയ്ക്കുശേഷം ഒക്ടോബർ 26-ന് ഇവരെ വധശിക്ഷ വിധിച്ചത്. കുറ്റാരോപണം എന്തെന്ന് പോലും വ്യക്തമല്ലാതെ ഇന്ത്യൻ പൗരന്മാരെ ഖത്തർ വധശിക്ഷയ്ക്ക് വിധിച്ചതോടെ വിഷയത്തിൽ സർക്കാരിനെതിരെ പ്രതിപക്ഷത്തിന്റെ ഭാഗത്തുനിന്ന് രൂക്ഷവിമർശനമുയർന്നിരുന്നു. ഇന്ത്യയെ വിശ്വഗുരു ആക്കുമെന്ന ബിജെപി.യുടെ അവകാശവാദത്തിലെ പൊള്ളത്തരം ഇത് തുറന്നുകാട്ടുന്നുവെന്ന് കോൺഗ്രസ് തുറന്നടിച്ചിരുന്നു.

വിധി പുറത്തുവന്നതിന് പിന്നാലെ 2023 നവംബറിൽ ഖത്തർ കോടതിയുടെ വിധിയിൽ ഇന്ത്യ അപ്പീൽ സമർപ്പിച്ചു. നിയമപരമായി വിഷയത്തിൽ പരിഹാരം കാണുക, അല്ലെങ്കിൽ ഭരണതലത്തിൽ രാഷ്ട്രീയ ഇടപെടൽ നടത്തി നയതന്ത്രപരമായി മോചനം സാധ്യമാക്കുക എന്നീ സാധ്യതകളായിരുന്നു ഇന്ത്യക്ക് മുന്നിലുണ്ടായിരുന്നത്. വിഷയത്തിൽ ഖത്തർ അധികാരികളുമായി നിരന്തരം ചർച്ചനടന്നു. സാധ്യമായ എല്ലാ പിന്തുണയും തങ്ങളുടെ ഭാഗത്തുനിന്നുമുണ്ടാകുമെന്ന് വിദേശകാര്യമന്ത്രാലയം ഉദ്യോഗസ്ഥരുടെ കുടുംബങ്ങൾക്ക് ഉറപ്പുനൽകി. നവംബർ 23-ന് വധശിക്ഷയ്ക്കെതിരായ ഇന്ത്യയുടെ അപ്പീൽ അംഗീകരിച്ചതായി ഖത്തർ അറിയിച്ചു.

അപ്പീൽ സമർപ്പിച്ചതിന് ശേഷമാണ് കേസിന്റെ നാൾവഴിയിൽ ഏറ്റവും നിർണായകമെന്ന് കരുതുന്ന ചർച്ചയിലേക്ക് ഇന്ത്യ കടന്നത്. ദുബായിൽ നടന്ന കോപ്-28 ഉച്ചകോടിക്കിടെ ഖത്തർ അമീർ ശൈഖ് തമീം ബിൻ ഹമദ് അൽത്താനിയുമായി പ്രധാനമന്ത്രി നരേന്ദ്ര മോദി കൂടിക്കാഴ്ച നടത്തി. ഡിസംബർ ഒന്നിന് നടന്ന കൂടിക്കാഴ്ചയിൽ മുൻ നാവികസേനാ ഉദ്യോഗസ്ഥരുടെ വിഷയം ഉന്നയിച്ചിരുന്നെന്നാണ് റിപ്പോർട്ട്.

ഇരുവരുടേയും കൂടിക്കാഴ്ചയ്ക്ക് പിന്നാലെ ഡിസംബർ 27-ന് നാവികസേനാ ഉദ്യോഗസ്ഥർക്ക് വിധിച്ച വധശിക്ഷ ഇളവുചെയ്തുകൊണ്ട് ഖത്തർ കോടതിയുടെ വിധി പുറത്തുവന്നു. പ്രധാനമന്ത്രി ഖത്തർ ഭരണാധികാരിയുമായി നടത്തിയ ചർച്ചകളായിരിക്കാം ഇക്കാര്യത്തിൽ രാജ്യത്തിന് അനുകൂലമായൊരു നിലപാടിലേക്ക് ഖത്തറിനെയെത്തിച്ചതെന്നാണ് കരുതുന്നത്. ഗൾഫ് രാജ്യങ്ങളുമായുള്ള ഇന്ത്യയുടെ മികച്ച നയതന്ത്രബന്ധവും വിഷയത്തിൽ ഏറെ നിർണായകമായെന്ന് വേണം കരുതാൻ.

ഖത്തറിലെ ഇന്ത്യൻ എംബസി അധികൃതർ, തടവിലാക്കപ്പെട്ട നാവികരുമായി 2022 ഒക്ടോബർ മുതൽ സംസാരിച്ചിരുന്നു. നാവിക ഉദ്യോഗസ്ഥരുടെ കുടുംബാംഗങ്ങളുമായി വിദേശകാര്യ മന്ത്രി എസ്.ജയശങ്കർ കൃത്യമായ ഇടവേളകളിൽ കൂടിക്കാഴ്ച നടത്തി. ഇന്ത്യക്കാരുടെ മോചനത്തിനു സർക്കാർ ഏറ്റവും വലിയ പ്രാധാന്യമാണ് നൽകുന്നതെന്നു ജയശങ്കർ ആവർത്തിച്ചു വ്യക്തമാക്കിയിരുന്നു.

നാവികർക്ക് വധശിക്ഷ ലഭിച്ച കോടതിക്കു മുകളിൽ രണ്ടു കോടതികൾ കൂടിയുണ്ടായിരുന്നതും പിടിവള്ളിയായി. നിയമ വിദഗ്ധരുമായി നിരന്തരം ചർച്ച നടത്തി മേൽ കോടതിയിൽ അപ്പീൽ നൽകാനുള്ള നടപടികൾ ഇന്ത്യ സ്വീകരിച്ചു. അതേസമയം, രഹസ്യ സ്വഭാവമുള്ള നടപടിക്രമങ്ങളായതിനാൽ വിഷയവുമായി ബന്ധപ്പെട്ട കൂടുതൽ കാര്യങ്ങൾ വിദേശകാര്യമന്ത്രാലയം പലപ്പോഴും വ്യക്തമാക്കിയിരുന്നുമില്ല.

വധശിക്ഷ ഇളവുചെയ്‌തെങ്കിലും തുടർ ജയിൽശിക്ഷയുണ്ടെങ്കിൽ അത് ഖത്തറിൽത്തന്നെ അനുഭവിക്കേണ്ടിവരുമോയെന്ന കാര്യത്തിൽ അന്ന് വ്യക്തതയില്ലായിരുന്നു. ഖത്തറിലെ ഇന്ത്യൻ തടവുകാരുടെ തുടർശിക്ഷ ഇവിടെ അനുഭവിക്കുന്നതിനായി ഇന്ത്യയിലേക്ക് കൊണ്ടുവരാൻ ഇരുരാജ്യങ്ങളും തമ്മിൽ 2015-ൽ കരാറുണ്ടാക്കിയിരുന്നു. ശിക്ഷനേരിടുന്നവരെ വിട്ടുതരണമെന്ന് ഔദ്യോഗികമായി ആവശ്യപ്പെടാൻ ഇന്ത്യക്കാവില്ലെന്നും ഇക്കാര്യത്തിൽ തീരുമാനമെടുക്കേണ്ടത് ഖത്തർ അധികൃതരാണെന്നും വിലയിരുത്തലുകളുണ്ടായിരുന്നു.

എന്നാൽ, ഉദ്യോഗസ്ഥരുടെ മോചനം ഉറപ്പുവരുത്തുന്നതിനാവശ്യമായ നയതന്ത്ര, നിയമ സഹായങ്ങൾ തുടർന്നും വിദേശകാര്യ മന്ത്രാലയം നൽകിയതിന്റെ ഫലമായി 2024 ഫെബ്രുവരി 12-ന് എട്ട് മുൻ നാവികസേനാ ഉദ്യോഗസ്ഥരെയും മോചിപ്പിച്ചുവെന്ന ശുഭവാർത്ത രാജ്യത്തെ തേടിയതെത്തുകയായിരുന്നു.

പ്രധാനമന്ത്രി നരേന്ദ്ര മോദിയും ഇന്ത്യൻ സർക്കാറും ഇടപെട്ടില്ലായിരുന്നെങ്കിൽ ജയിലിൽ കിടന്ന് മരിക്കേണ്ടി വന്നേനേയെന്നാണ് ഖത്തറിൽ നിന്ന് മോചിതരായ മുൻ ഇന്ത്യൻ നാവിക സേന ഉദ്യോഗസ്ഥർ പറഞ്ഞത്. സുരക്ഷിതമായി ഇന്ത്യയിൽ തിരിച്ചെത്തിയതിൽ അതിയായ സന്തോഷമുണ്ട്. വിഷയത്തിൽ ഇടപെട്ട പ്രധാനമന്ത്രി നരേന്ദ്ര മോദി, ഖത്തർ അമീർ എന്നിവരോട് തീരാത്ത നന്ദിയുണ്ട്. പ്രധാനമന്ത്രി നരേന്ദ്ര മോദി നേരിട്ട് ഇടപെട്ടില്ലായിരുന്നെങ്കിൽ മോചനം സാധ്യമാകുമായിരുന്നില്ല. ഇന്ത്യൻ സർക്കാർ ഞങ്ങൾക്കുവേണ്ടി നിരന്തരം സമ്മർദ്ദം ചെലുത്തി. അതുകൊണ്ടാണ് ജീവനോടെ ഇവിടെ നിൽക്കുന്നതെന്നും ഇവർ പറഞ്ഞു.

മലയാളിയായ രാഗേഷ് ഗോപകുമാർ അടക്കം 8 പേർക്കാണ് മോചനം. ഇവരിൽ ഏഴു പേരും നാട്ടിലേക്ക് മടങ്ങി. ഇവരെ വിട്ടയക്കാനുള്ള ഖത്തർ അമീറിന്റെ തീരുമാനത്തെ വിദേശകാര്യ മന്ത്രാലയം സ്വാഗതം ചെയ്തു. ഏഴ് പേർ ഇന്ത്യയിലേക്ക് തിരിച്ചെന്നും വിദേശകാര്യ മന്ത്രാലയം അറിയിച്ചു. ഇന്ന് പുലർച്ചെ വാർത്താകുറിപ്പിലൂടെയാണ് വിദേശകാര്യമന്ത്രാലയം ഇക്കാര്യം അറിയിച്ചത്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP