Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202424Wednesday

വിശപ്പിന്റെ കാഠിന്യത്തിൽ നിന്നും കാർഷിക സമൃദ്ധിയിലേക്ക് രാജ്യത്തെ നയിച്ച മഹാപ്രതിഭ; കാലാവസ്ഥയ്ക്ക് അനുയോജ്യമായ വിത്തിനങ്ങൾ വികസിപ്പിച്ച് കർഷകരുടെ രക്ഷകനായി; കാർഷിക അഭിവൃദ്ധിയുടെ കാരണവരായ എം.എസ് സ്വാമിനാഥൻ ഭാരതരത്‌നം നേടുന്ന രണ്ടാമത്തെ മലയാളി

വിശപ്പിന്റെ കാഠിന്യത്തിൽ നിന്നും കാർഷിക സമൃദ്ധിയിലേക്ക് രാജ്യത്തെ നയിച്ച മഹാപ്രതിഭ; കാലാവസ്ഥയ്ക്ക് അനുയോജ്യമായ വിത്തിനങ്ങൾ വികസിപ്പിച്ച് കർഷകരുടെ രക്ഷകനായി; കാർഷിക അഭിവൃദ്ധിയുടെ കാരണവരായ എം.എസ് സ്വാമിനാഥൻ ഭാരതരത്‌നം നേടുന്ന രണ്ടാമത്തെ മലയാളി

മറുനാടൻ മലയാളി ബ്യൂറോ

തിരുവനന്തപുരം: വിശപ്പിന്റെ കാഠിന്യത്തിൽ നിന്നും കാർഷിക സമൃദ്ധിയിലേക്ക് ഇന്ത്യയെ ഒന്നാകെ നയിച്ച മഹാപ്രതിഭയായ എം.എസ് സ്വാമിനാഥനെ രാജ്യം ഭാരത രത്‌ന നൽകി ആദരിക്കുമ്പോൾ അത് ഓരോ മലയാളികൾ്ക്കും ഇരട്ടിമധുരമാണ്. ഇന്ത്യയിലെ ഹരിത വിപ്ലവത്തിന്റെ പിതാവ് എന്നാണ് കാർഷിക ശാസ്ത്രജ്ഞനും മലയാളിയുമായ എം.എസ് സ്വാമിനാഥൻ വിശേഷിക്കപ്പെടുന്നത്.

രാജ്യത്തെ കാർഷിക സ്വയംപര്യാപ്തതയിലേക്കും അഭിവൃത്തിയിലേക്കും നയിച്ച പ്രതിഭയ്ക്ക് രാജ്യത്തിന്റെ ആദരമാണ് ഭാരതരത്‌ന പുരസ്‌കാരം. ഇന്ത്യയുടെ കാർഷിക ജാതകം തിരുത്തി കുറിച്ച മഹാപ്രതിഭയ്ക്ക് മരണാനന്തര ബഹുമതി ആയാണ് രാജ്യത്തെ പരമോന്നത ബഹുമതി നൽകുന്നത്. എംജിആറിന് ശേഷം ഭാരതരത്‌ന ലഭിക്കുന്ന രണ്ടാമത്തെ മലയാളിയാണ് മങ്കൊമ്പ് സാംബശിവൻ സ്വാമിനാഥൻ എന്ന എം.എസ് സ്വാമിനാഥൻ.

ആഗോള കാർഷിക രംഗത്ത് സുപ്രധാന സംഭാവനകൾ നൽകിയ അമേരിക്കൻ കാർഷിക ശാസ്ത്രജ്ഞൻ നോർമൻ ബോലോഗിന്റെ ഗവേഷണങ്ങളുടെ തുടർച്ച ഇന്ത്യയിലും നടപ്പാക്കിയത് സ്വാമിനാഥനെന്ന കുട്ടനാട് സ്വദേശിയായിരുന്നു. 1943ൽ ബംഗാളിലുണ്ടായ ക്ഷാമത്തിന്റെയും രാജ്യത്തെ ഭക്ഷ്യദാരിദ്ര്യത്തിന്റെയും കാഠിന്യം മനസിലാക്കിയതോടെയാണ് തന്റെ ജീവിതം കാർഷിക മേഖലയ്ക്ക് സമർപ്പിക്കാൻ സ്വാമിനാഥൻ തീരുമാനിക്കുന്നത്. ടൈം മാഗസിൻ അവലോകന പ്രകാരം 20-ാം നൂറ്റാണ്ടിൽ ഏഷ്യ കണ്ടതിൽ വച്ച് ഏറ്റവും സ്വാധീനശക്തിയുള്ള 20 പേരിൽ ഒരാളായിരുന്നു എം.എസ് സ്വാമിനാഥൻ.

1925 ഓഗസ്റ്റ് ഏഴിന് ആലപ്പുഴ ജില്ലയിലെ മങ്കൊമ്പ് എന്ന സ്ഥലത്താണ് അദ്ദേഹത്തിന്റെ ജനനം. കുഭകോണത്തായിരുന്നു പ്രാഥമിക വിദ്യാഭ്യാസം. ഇന്നത്തെ തിരുവനന്തപുരം യൂണിവേഴ്‌സിറ്റി കോളേജിൽ നിന്ന് സൂവോളജിയിലും കോയമ്പത്തൂർ അഗ്രികൾച്ചറൽ കോളേജിൽ നിന്ന് കൃഷിയിലും അദ്ദേഹം ബിരുദം കരസ്ഥമാക്കി. 1949-ൽ ഇന്ത്യൻ അഗ്രികൾച്ചറൽ റിസർച്ച് ഇൻസ്റ്റിറ്റ്യൂട്ടിൽ നിന്ന് സൈറ്റോ ജനറ്റിക്‌സിൽ ബിരുദാനന്തരബിരുദവും സ്വാമിനാഥൻ കരസ്ഥമാക്കി. അതിനുശേഷം യുകെയിലെ കേംബ്രിഡ്ജ് സർവകലാശാലയിൽ ഡോക്ടറൽ പഠനവും സ്വാമിനാഥൻ പൂർത്തിയാക്കിയിരുന്നു.

പരിസ്ഥിതിക്ക് ഇണങ്ങും വിധത്തിലുള്ളതും വർദ്ധിച്ച ഉത്പാദന ശേഷിയുള്ളതുമായ വിത്തിനങ്ങൾ വികസിപ്പിച്ച് കർഷകർക്കിടയിൽ പ്രചരിപ്പിക്കുന്നതിൽ അദ്ദേഹം വിജയിച്ചു. 1943-ൽ ബംഗാൾ ക്ഷാമകാലത്ത് നിരവധി മനുഷ്യർ പട്ടിണിയിൽ അകപ്പെട്ട് മരണത്തിന് കീഴ്‌പ്പെടുന്നത് സ്വാമിനാഥന്റെ ശ്രദ്ധയിൽപ്പെട്ടു. അവിടെ നിന്നും രാജ്യത്ത് ഹരിതവിപ്ലവം ജനിക്കുകയായിരുന്നു.

രാജ്യത്തെ പട്ടിണിയിൽ നിന്നും ദാരിദ്രത്തിൽ നിന്നും മുക്തമാക്കണമെന്നും അതിനായി ജീവൻ ത്യജിക്കുകയും ചെയ്യാൻ അദ്ദേഹം തീരുമാനിക്കുകയായിരുന്നു. തുടർന്നാണ് ഭാരതത്തെ കാർഷിക ഉന്നതിയിലേക്കും സ്വയംപര്യപ്തതയിലേക്കും നയിച്ചത്. 1954-ൽ കട്ടക്കിലെ സെൻട്രൽ റൈസ് റിസർച്ച് ഇൻസ്റ്റിറ്റ്യൂട്ടിൽ ജോലി. 1966-ൽ ഇന്ത്യൻ അഗ്രികൾച്ചറൽ റിസർച്ച് ഇൻസ്റ്റിറ്റ്യൂട്ട് ഡയറക്ടർ പദവി. 1972-വരെ ഈ പദവിയിൽ തുടർന്നു.

1972 മുതൽ 79 വരെ ഇന്ത്യൻ കാർഷിക ഗവേഷണ കൗൺസിലിന്റെ ഡയറക്ടർ ജനറലായിരുന്നു. കേന്ദ്ര കൃഷി മന്ത്രാലയത്തിന്റെ പ്രിൻസിപ്പൽ സെക്രട്ടറിയും ആസൂത്രണ കമ്മീഷൻ അംഗവുമായി. 1982-ൽ ഫിലിപ്പൈൻസിലെ ഇന്റർനാഷണൽ റൈസ് റിസർച്ച് ഇൻസ്റ്റിറ്റ്യൂട്ടിന്റെ ഏഷ്യക്കാരനായ ആദ്യത്തെ ഡയറക്ടറായി. 1987-ൽ കാർഷിക രംഗത്തെ നോബേൽ സമ്മാനം എന്നറിയപ്പെടുന്ന വേൾഡ് ഫുഡ് പ്രൈസും അദ്ദേഹം കരസ്ഥമാക്കി.

ഇന്ത്യയുടെ കാലാവസ്ഥ, മണ്ണ്, വെള്ളത്തിന്റെ ലഭ്യത എന്നിങ്ങനെ നിരവധി ഘടകങ്ങൾ പരിഗണിച്ച് സുസ്ഥിരമായ ഭക്ഷ്യ സുരക്ഷയ്ക്കായി അദ്ദേഹം നിരവധി നിർദ്ദേശങ്ങൾ മുന്നോട്ടുവച്ചിരുന്നു അൻപതിലധികം ഹോണററി ഡോക്ടറേറ്റ് ഡിഗ്രികളുള്ള സ്വാമിനാഥനെ 1999ൽ ടൈം മാഗസിൻ ഇരുപതാം നൂറ്റാണ്ടിൽ ഏഷ്യയിലെ ഏറ്റവും സ്വാധീനശക്തിയുള്ള 20 പേരിൽ ഒരാളായി തിരഞ്ഞെടുത്തിരുന്നു.

കാർഷിക മേഖലയ്ക്ക് അദ്ദേഹം നൽകിയ സംഭാവനകൾ പരിഗണിച്ച് രമൺ മഗ്‌സസേ അവാർഡ്, ബോലോഗ് അവാർഡ്, ആൽബർട്ട് ഐൻസ്റ്റീൻ വേൾഡ് അവാർഡ് ഓഫ് സയൻസ്, പത്മശ്രീ, പത്മഭൂഷൺ, പത്മവിഭൂഷൺ എന്നിങ്ങനെ ഒട്ടേറെ പുരസ്‌കാരങ്ങളും അദ്ദേഹം കരസ്ഥമാക്കിയിരുന്നു.

ഇന്ത്യൻ ഹരിതവിപ്ലവത്തിന്റെയും അഗ്രോണമിയുടെയും പിതാവെന്ന് അറിയപ്പെടുന്ന സ്വാമിനാഥന്റെ പരീക്ഷണങ്ങളാണ് രാജ്യത്തെ കാലാവസ്ഥയ്ക്ക് അനുയോജ്യമായ അത്യുല്പാദന ശേഷിയുള്ള വിത്തിനങ്ങൾ വികസിപ്പിച്ച് ഒരുകാലത്ത് കർഷകർ ഒഴുക്കിയ വിയർപ്പിന് നൂറുമേനി സമ്മാനിച്ചത്.

നിർണായക സംഭാവനകൾ

ഇന്ത്യയുടെ കാലാവസ്ഥ, മണ്ണ്, വെള്ളത്തിന്റെ ലഭ്യത എന്നിങ്ങനെ നിരവധി ഘടകങ്ങൾ പരിഗണിച്ച് സുസ്ഥിരമായ ഭക്ഷ്യ സുരക്ഷയ്ക്കായി അദ്ദേഹം നിരവധി നിർദ്ദേശങ്ങൾ മുന്നോട്ടുവച്ചിരുന്നു. 1960-70കളിൽ ഇന്ത്യയിലുണ്ടായ ഉണ്ടായ ദ്രുതഗതിയിലുള്ള കാർഷിക പരിവർത്തനത്തിന്റെ നേതൃത്വം വഹിച്ചത് സ്വാമിനാഥനായിരുന്നു. അത്യുല്പാദന ശേഷിയുള്ള വിളകൾ, മെച്ചപ്പെട്ട ജലസേചന രീതികൾ, വിളവ് വർധിപ്പിക്കുന്നതിന് വേണ്ടിയുള്ള രാസവളങ്ങളുടെയും കീടനാശിനികളുടെയും ഉപയോഗം എന്നിവ പ്രോത്സാഹിപ്പിച്ചത് അദ്ദേഹമായിരുന്നു. ഇത്തരം ആധുനിക കാർഷിക സാങ്കേതിക വിദ്യകൾ അവതരിപ്പിക്കുന്നതിലും വിജയിക്കുന്നതിലും സ്വാമിനാഥൻ നിർണായക പങ്ക് വഹിച്ചു.

മറ്റ് കാർഷിക ശാസ്ത്രജ്ഞർ, അഗ്രോണമിസ്റ്റുകൾ, കാർഷിക സ്ഥാപനങ്ങൾ എന്നിവരുമായി സഹകരിച്ച് ഗോതമ്പിന്റെയും അരിയുടെയും ഉയർന്ന വിളവ് തരുന്ന (എച്ച് വൈ വി) ഇനങ്ങൾ സ്വാമിനാഥൻ വികസിപ്പിച്ചെടുത്തു. പരമ്പരാഗത ഇനങ്ങളെ അപേക്ഷിച്ച് ഉയർന്ന വിളവ് ഉത്പാദിപ്പിക്കാൻ കഴിവുള്ളവയായിരുന്നു ഈ വിളകൾ. ഇത്തരത്തിലുള്ള ഗോതമ്പ് വിളകളായ 'കല്യാൺ സോന', 'സൊനോര 64' എന്നീ വ്യത്യസ്തയിനങ്ങൾ ഉത്പാദിപ്പിച്ചതിൽ സ്വാമിനാഥന്റെ ഇടപെടൽ വളരെ വലുതാണ്. രാജ്യത്താകമാനമുണ്ടായിരുന്ന 12 ദശലക്ഷം വിളവ് നാല് സീസണുകൾക്കുള്ളിൽ 23 ദശലക്ഷമായി വർധിപ്പിക്കാൻ സ്വാമിനാഥന്റെ എച്ച് വൈ വി ഗോതമ്പ് ഇനങ്ങൾക്കായി. ഇതിലൂടെ ധാന്യ കൃഷിയിൽ സ്വയം പര്യാപ്തത കൈവരിക്കാൻ ഇന്ത്യക്ക് സാധിച്ചു.

കുടുംബം

 അന്തരിച്ച വിദ്യാഭ്യാസ പ്രവർത്തക മിന സ്വാമിനാഥനായിരുന്നു ജീവിത പങ്കാളി. ക്ലിനിക്കൽ സയന്റിസ്റ്റും ലോകാരോഗ്യ സംഘടനയിലെ മുൻ ചീഫ് സയന്റിസ്റ്റുമായ സൗമ്യ സ്വാമിനാഥൻ, ബെംഗളൂരുവിലെ ഇന്ത്യൻ സ്റ്റാറ്റിസ്റ്റിക്കൽ ഇൻസ്റ്റിറ്റ്യൂട്ട് വിശകലന വിഭാഗം പ്രൊഫസർ മധുര സ്വാമിനാഥൻ, യുകെയിലെ ഈസ്റ്റ് ആംഗ്ലിയ സർവകലാശാലയിലെ നോർവിച്ച് ഇൻസ്റ്റിറ്റ്യൂട്ട് ഫോർ സസ്റ്റെയ്നബിൾ ഡെവലപ്മെന്റ് ഡയറക്ടർ നിത്യ റാവുവുമാണ് മക്കൾ.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP