Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Feb / 202426Monday

തീരം തൊടും മുമ്പെ നാശം വിതച്ച് മിഷോങ് ചുഴലിക്കാറ്റ്; പേമാരിയിൽ മുങ്ങി ചെന്നൈ; പുതിയതായി നിർമ്മിച്ച കെട്ടിടം തകർന്ന് രണ്ട് മരണം; ചെന്നൈ വിമാനത്താവളത്തിലടക്കം വെള്ളക്കെട്ട്; നിരവധി കാറുകൾ ഒഴുകിപ്പോയി; 118 ട്രെയിനുകൾ റദ്ദാക്കി; ആറ് ജില്ലകളിൽ പൊതുഅവധി

തീരം തൊടും മുമ്പെ നാശം വിതച്ച് മിഷോങ് ചുഴലിക്കാറ്റ്; പേമാരിയിൽ മുങ്ങി ചെന്നൈ; പുതിയതായി നിർമ്മിച്ച കെട്ടിടം തകർന്ന് രണ്ട് മരണം; ചെന്നൈ വിമാനത്താവളത്തിലടക്കം വെള്ളക്കെട്ട്; നിരവധി കാറുകൾ ഒഴുകിപ്പോയി; 118 ട്രെയിനുകൾ റദ്ദാക്കി; ആറ് ജില്ലകളിൽ പൊതുഅവധി

മറുനാടൻ മലയാളി ബ്യൂറോ

ചെന്നൈ: മിഷോങ് ചുഴലിക്കാറ്റ് ചൊവ്വാഴ്ച പുലർച്ചെ കരതൊടുമെന്ന മുന്നറിയിപ്പിനിടെ തമിഴ്‌നാട്ടിൽ അതിതീവ്ര മഴയിൽ കനത്ത നാശം. താഴ്ന്ന പ്രദേശങ്ങളും വീടുകളും വെള്ളത്തിനടിയിലായി. ഇന്നലെ രാത്രി തുടങ്ങിയ മഴ ഇപ്പോഴും തുടരുകയാണ്. വെള്ളക്കെട്ടിൽ പാർക്ക് ചെയ്ത കാറുകൾ ഒലിച്ചുപോകുന്ന ദൃശ്യങ്ങൾ പുറത്തുവന്നു. അതിനിടെ കനത്ത മഴയിൽ രണ്ട് മരണം റിപ്പോർട്ട് ചെയ്തു. പുതിയതായി നിർമ്മിച്ച കെട്ടിടം തകർന്നാണ് ചെന്നൈയിലെ കാണത്തൂരിൽ രണ്ട് പേർ മരിച്ചത്. ജാർഖണ്ഡ് സ്വദേശികളാണ് മരിച്ചത്. നിരവധി പേർക്ക് പരിക്കേറ്റു. 

നഗരത്തിൽ രൂക്ഷമായ വെള്ളക്കെട്ട് ആയതോടെ ജനജീവിതം പൂർണമായി നിശ്ചലമായി. വെള്ളം കയറിയതിനെ തുടർന്ന് ചെന്നൈ വിമാനത്താവളവും അടച്ചു. പുതുച്ചേരിയിലും കനത്ത മഴ തുടരുകയാണ്. ജനങ്ങളോട് അടിയന്തരാവശ്യത്തിനൊഴികെ വീടിന് പുറത്തിറങ്ങരുതെന്ന് അധികൃതർ കർശന നിർദ്ദേശം നൽകി. ചെന്നൈ അടക്കമുള്ള ആറ് ജില്ലകളിൽ ഇന്ന് പൊതു അവധി പ്രഖ്യാപിച്ചു. സ്വകാര്യ സ്ഥാപനങ്ങൾക്കും അവധി ബാധകമാണ്.

അതിശക്തമായ മഴയും കാറ്റും തുടരുന്ന സാഹചര്യത്തിൽ ചെന്നൈ നഗരത്തിലെ പല സ്ഥലങ്ങളും വെള്ളത്തിനടയിലാണ്. പലയിടത്തും വൈദ്യതി ബന്ധം വിഛേദിച്ചു. വൈകിട്ട് വരെ അതിശക്തമായ മഴ തുടരുമെന്നാണ് മുന്നറിയിപ്പ്. വടക്കൻ തമിഴ്‌നാട്ടിൽ അതിശക്തമായ മഴയാണ് അനുഭവപ്പെടുന്നത്.

റൺവേയിൽ വെള്ളം കയറിയതോടെ രാത്രി 11 മണി വരെ ചെന്നൈ വിമാനത്താവളത്തിൽ നിന്നുള്ള വിമാന സർവ്വീസുകൾ നിർത്തിവെച്ചിരിക്കുകയാണ്. ചെന്നൈയിൽനിന്നുള്ള 20 വിമാനസർവീസുകൾ റദ്ദാക്കി. ചില വിമാനങ്ങൾ ബംഗളൂരുവിലേക്കു തിരിച്ചുവിട്ടു. 23 വിമാനങ്ങൾ വൈകും. കനത്ത മഴയെ തുടർന്ന് ചെന്നൈയിലെ വിവിധ മെട്രോ സ്റ്റേഷനുകൾക്ക് സമീപം വെള്ളക്കെട്ട് രൂപപ്പെട്ടു. സെന്റ് തോമസ് മെട്രോ സ്റ്റേഷനിൽ നാലടിയോളം വെള്ളം കെട്ടിനിന്ന് സ്റ്റേഷനിലേക്കുള്ള പ്രവേശനം തടസ്സപ്പെട്ടു.

ട്രെയിൻ ഗതാഗതവും നിലച്ചു. 118 ട്രെയിനുകൾ സർവീസുകൾ റദ്ദാക്കി. കേരളത്തിൽ കൂടി കടന്നുപോകുന്ന 35 സർവീസുകളും റദ്ദാക്കിയതിൽ ഉൾപ്പെടുന്നു. കനത്ത മഴയിൽ സ്ബ് വേകളും അടിപ്പാലങ്ങളും മുങ്ങി. നിരവധി ഇടങ്ങളിൽ മരങ്ങൾ കടപുഴകി. വഴിയോരങ്ങളിൽ നിർത്തിയിട്ടിരുന്ന നിരവധി വാഹനങ്ങൾ ഒഴുകിപ്പോയി. മുൻകരുതലായി  അടിയന്തര സഹായത്തിനായി രക്ഷാദൗത്യ സംഘങ്ങളെയും നിയോഗിച്ചിട്ടുണ്ട്.

ബംഗാൾ ഉൾക്കടലിൽ ഇന്നലെ രൂപപ്പെട്ട ചുഴലിക്കാറ്റ് നിലവിൽ വടക്കൻ തമിഴ്‌നാട് ലക്ഷ്യമാക്കിയാണു നീങ്ങുന്നത്. നാളെ പുലർച്ചെയോടെ ആന്ധ്രപ്രദേശിലെ നെല്ലൂരിനും മച്ലിപട്ടണത്തിനും ഇടയിൽ കര തൊടുമെന്നാണു നിലവിലെ വിലയിരുത്തൽ.

തമിഴ്‌നാട് തീരത്ത് മത്സ്യബന്ധനം പൂർണമായി വിലക്കി. ചെന്നൈ, തിരുവള്ളൂർ, ചെങ്കൽപ്പെട്ട്, കാഞ്ചീപുരം, റാണിപ്പെട്ട്, വിഴുപ്പുറം ജില്ലകളിൽ ഇന്ന് പൊതു അവധി പ്രഖ്യാപിച്ചു. സ്വകാര്യ സ്ഥാപനങ്ങൾ വർക്ക് ഫ്രം ഹോം നടപ്പാക്കാൻ നിർദ്ദേശിച്ചിട്ടുണ്ട്. അതേസമയം മദ്രാസ് ഹൈക്കോടതിയും ചെന്നൈയിലെ കോടതികളും പ്രവർത്തിക്കും. ദേശീയ ദുരന്തനിവാരണ സേനയും സംസ്ഥാന ദുരന്തനിവാരണ സേനയും സജ്ജമാണെന്ന് മുഖ്യമന്ത്രി എം കെ സ്റ്റാലിൻ അറിയിച്ചു.

ചെന്നൈയിലും സമീപ ജില്ലകളിലും ഒറ്റരാത്രികൊണ്ട് പെയ്ത കനത്ത മഴയിൽ ദുരിതമനുഭവിക്കുന്നവരെ സഹായിക്കാൻ 5,000 ദുരിതാശ്വാസ കേന്ദ്രങ്ങൾ അധികൃതർ സജ്ജമാക്കിയിട്ടുണ്ട്. മുഖ്യമന്ത്രി എം കെ സ്റ്റാലിൻ ഇന്നലെ രാത്രി സുരക്ഷാ നടപടികൾ അവലോകനം ചെയ്യുകയും സ്ഥിതിഗതികൾ സൂക്ഷ്മമായി നിരീക്ഷിക്കുകയും ചെയ്തു.ദുരിതാശ്വാസ, രക്ഷാപ്രവർത്തനങ്ങളിൽ സഹായിക്കുന്നതിനായി വില്ലുപുരം, മയിലാടുതുറൈ, നാഗപട്ടണം, തിരുവള്ളൂർ, കടലൂർ, ചെങ്കൽപട്ട് എന്നീ ജില്ലകളിൽ എട്ട് എൻഡിആർഎഫ്, ഒമ്പത് എസ്ഡിആർഎഫ് ടീമുകൾ നിലയുറപ്പിച്ചിട്ടുണ്ട്.

അത്യാവശ്യ കാര്യങ്ങൾക്ക് മാത്രമേ പുറത്തിറങ്ങാവൂ എന്നാണ് ചെന്നൈയിൽ മുന്നറിയിപ്പ്. വന്ദേഭാരത് അടക്കം ചെന്നൈയിലേക്കുള്ള ആറ് ട്രെയിനുകൾ കൂടി റദ്ദാക്കിയിട്ടുണ്ട്. കേരള തീരത്തും തെക്കൻ തമിഴ്‌നാട് തീരത്തും ഇന്ന് രാത്രി 11.30 വരെ 0.5 മുതൽ 1.3 മീറ്റർ വരെ ഉയർന്ന തിരമാലയ്ക്കും കടലാക്രമണത്തിനും സാധ്യതയുണ്ടെന്ന് ദേശീയ സമുദ്രസ്ഥിതിപഠന ഗവേഷണ കേന്ദ്രം അറിയിച്ചു.

ആന്ധ്രാപ്രദേശിലെ രണ്ടുജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും തിങ്കളാഴ്ചയും ചൊവ്വാഴ്ചയും അവധി പ്രഖ്യാപിച്ചു. എൻ.ടി.ആർ, കൃഷ്ണ ജില്ലകളിലാണ് അവധി.തമിഴ്‌നാടിന്റെ വടക്കൻ തീരപ്രദേശങ്ങളിൽ ഒറ്റപ്പെട്ട കനത്ത മഴയ്ക്കും അതിതീവ്രമഴയ്ക്കും സാധ്യതയുണ്ടെന്ന് കേന്ദ്രകാലാവസ്ഥാ വകുപ്പ് അറിയിച്ചിട്ടുണ്ട്. പുതുച്ചേരി, കാരക്കൽ എന്നിവിടങ്ങളിലും മഴമുന്നറിയിപ്പുണ്ട്.

കനത്ത മഴ തുടരുന്ന ഇടങ്ങളിൽ കേന്ദ്ര- സംസ്ഥാന സർക്കാരിന്റെ ഏജൻസികൾ ജനങ്ങളുടെ സുരക്ഷ ഉറപ്പാക്കാനായി പ്രവർത്തിച്ചുവരികയാണെന്ന് ഗവർണർ ആ.എൻ. രവി അറിയിച്ചു. സാഹചര്യം സർക്കാർ നിരീക്ഷിച്ചുവരികയാണെന്നും ജനങ്ങൾ സുരക്ഷിതമായി അവരുടെ വീട്ടിൽതന്നെ കഴിയണമെന്നും അദ്ദേഹം അഭ്യർത്ഥിച്ചു.

ചുഴലിക്കാറ്റ് വടക്ക് ദിശ മാറി തെക്കു ആന്ധ്ര പ്രദേശ് തീരത്തിന് സമാന്തരമായി സഞ്ചരിച്ച് തെക്കൻ ആന്ധ്രാ പ്രദേശ് തീരത്ത് നെല്ലൂരിനും മച്ചലിപട്ടണത്തിനും ഇടയിൽ ഡിസംബർ അഞ്ചിന് രാവിലെ തീവ്ര ചുഴലിക്കാറ്റായി മണിക്കൂറിൽ പരമാവധി 110 കിലോമീറ്റർ വരെ വേഗതയിൽ കരയിൽ പ്രവേശിക്കാൻ സാധ്യത എന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു. കേരളത്തിൽ അടുത്ത അഞ്ച് ദിവസം മിതമായ / ഇടത്തരം ഇടിമിന്നലോട് കൂടിയ മഴക്ക് സാധ്യതയെന്നാണ് മുന്നറിയിപ്പ്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP