Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202421Sunday

'അപകട വാർത്ത ടിവിയിൽ കണ്ടപ്പോൾ ഫോണിൽ വിളിച്ചുനോക്കി; പിന്നെയാണ് പോയത് സാറയാണെന്ന് അറിഞ്ഞത്; കൊച്ചിന്റെ മുഖം കണ്ടിട്ട് തിരിച്ചറിയാനായില്ലെന്ന് പറഞ്ഞു'; നടുക്കം വിട്ടുമാറാതെ ഉറ്റവർ; സാറ തോമസിന്റെ സംസ്‌കാരം തിങ്കളാഴ്ച

'അപകട വാർത്ത ടിവിയിൽ കണ്ടപ്പോൾ ഫോണിൽ വിളിച്ചുനോക്കി; പിന്നെയാണ് പോയത് സാറയാണെന്ന് അറിഞ്ഞത്; കൊച്ചിന്റെ മുഖം കണ്ടിട്ട് തിരിച്ചറിയാനായില്ലെന്ന് പറഞ്ഞു'; നടുക്കം വിട്ടുമാറാതെ ഉറ്റവർ; സാറ തോമസിന്റെ സംസ്‌കാരം തിങ്കളാഴ്ച

മറുനാടൻ മലയാളി ബ്യൂറോ

കോഴിക്കോട്: കൊച്ചി ശാസ്ത്ര- സാങ്കേതിക സർവകലാശാല കാംപസിലെ സംഗീതപരിപാടിക്കിടെയുണ്ടായ അപകടത്തിൽപ്പെട്ട് മരിച്ച താമരശ്ശേരി സ്വദേശി സാറ തോമസിന്റെ സംസ്‌കാരം തിങ്കളാഴ്ച രാവിലെ പത്തുമണിക്ക് ഈങ്ങാപ്പുഴ സെന്റ് ജോർജ് ഓർത്തഡോക്സ് പള്ളിയിൽ നടക്കും. കുസാറ്റിലെ പൊതുദർശനത്തിനുശേഷം മൃതദേഹം താമരശ്ശേരി കോരങ്ങാട്ടെ വീട്ടിലേക്ക് കൊണ്ടുവരും.

അപകട വാർത്ത ടിവിയിൽ കണ്ടപ്പോൾ സാറാ തോമസിനെ വിളിച്ചുനോക്കിയെന്നും കിട്ടിയില്ലെന്നും ബന്ധുവായ അമ്മുക്കുട്ടി പറഞ്ഞു. പിന്നെയാണ് പോയത് സാറയാണെന്ന് അറിഞ്ഞതെന്ന് കണ്ണീരോടെ അവർ പറഞ്ഞു. താമരശ്ശേരിയിലെ നാട്ടുകാരെ സംബന്ധിച്ചും സാറയുടെ മരണം വലിയൊരു നടുക്കമാണുണ്ടാക്കിയത്.

'ടിവിയിൽ കണ്ടപ്പോഴാണ് സംഭവം അറിഞ്ഞത്. മക്കളവിടെ ആയതുകൊണ്ട് ഭർത്താവ് വിളിച്ചുനോക്കാൻ പറഞ്ഞു. മകളവിടെ പിഎച്ച്ഡിക്ക് പഠിക്കുന്നതുകൊണ്ട് ആറ് മണിക്ക് അവൾക്ക് ക്ലാസുണ്ട്. കുറച്ച് കഴിയട്ടെയെന്ന് കരുതി. പിന്നെ മകനെ വിളിച്ചു. സാറയെ വിളിച്ചിട്ട് ഫോണിൽ കിട്ടുന്നില്ലെന്ന് അവൻ പറഞ്ഞു. മമ്മി ടെൻഷനടിക്കേണ്ട അന്വേഷിച്ചിട്ട് പറയാമെന്ന് അവൻ പറഞ്ഞു. കുറെ കഴിഞ്ഞിട്ടും അവൻ തിരിച്ചുവളിച്ചില്ല. എട്ടരയൊക്കെ ആയപ്പോ തിരിച്ചുവിളിച്ചുനോക്കി. അപ്പോൾ മകളാണ് പറഞ്ഞത് നമ്മുടെ സാറയാ പോയതെന്ന്. അവളവിടെയുണ്ടെന്നും പറഞ്ഞു. പിന്നെയാണ് മെഡിക്കൽ കോളേജിലാണുള്ളതെന്ന് അറിഞ്ഞത്. കൊച്ചിന്റെ മുഖം കണ്ടിട്ട് തിരിച്ചറിയാനായില്ലെന്ന് പറഞ്ഞു. കൂടെയുള്ളവരാണ് അത് സാറ തന്നെയാണെന്ന് പറഞ്ഞത്. ശ്വാസം മുട്ടിയിട്ടും ഒക്കെയായിരിക്കും തിരിച്ചറിയാനാവാത്ത വിധം മാറി'- സാറയുടെ ബന്ധു പറഞ്ഞു.

സാറ പഠനത്തിൽ മാത്രമല്ല ചിത്രരചനയിലൊക്കെ മിടുക്കിയായിരുന്നു. സാറയുടെ മരണം നാട്ടുകാരെ സംബന്ധിച്ചും ഓർക്കാപ്പുറത്തുണ്ടായ ദുരന്തമാണ്. സാറയുടെ അച്ഛൻ തോമസ് സ്‌കറിയ പാമ്പ് കടിയേറ്റ് അതീവ ഗുരുതരാവസ്ഥയിലായ ശേഷം ജീവിതത്തിലേക്ക് തിരിച്ചെത്തിയിട്ടേയുള്ളൂ. അതിനിടെയാണ് കുടുംബത്തെ നിത്യവേദനയിലാക്കി സാറയുടെ വിയോഗമുണ്ടായത്. സാറയുടെ അച്ഛനും അമ്മയും പോസ്റ്റുമോർട്ടത്തിനു ശേഷം മൃതദേഹം ഏറ്റുവാങ്ങാൻ കൊച്ചിയിലെത്തിയിട്ടുണ്ട്.

അപകടവിവരം അറിഞ്ഞയുടനെ സാറയുടെ പിതാവ് തോമസ് സ്‌കറിയയും മാതാവ് റാണി സെബാസ്റ്റ്യനും സഹോദരി സാനിയയും കളമശ്ശേരിയിലേക്ക് തിരിച്ചിരുന്നു. പുലർച്ചയോടെ ഇവർ കളമശ്ശേരിയിൽ എത്തി. ദമ്പതിമാരുടെ മൂന്ന് മക്കളിൽ രണ്ടാമത്തെ ആളാണ് സാറ തോമസ്. സൂസൻ, സാനിയ എന്നിവർ സഹോദരങ്ങളാണ്. കോരങ്ങാട്ടെ വീട്ടിലുള്ള മുത്തശ്ശി ശോശാമ്മയെ മരണവിവരം അറിയിച്ചിട്ടില്ല.

തോമസിന്റെ സഹോദരീപുത്രനും ഭാര്യയും കുസാറ്റിൽ അദ്ധ്യാപകരാണ്. ഇവരാണ് ആദ്യം വിവരം അറിഞ്ഞത്. അപകടവിവരമറിഞ്ഞ് സാറയെ ഫോണിൽ ബന്ധപ്പെടാൻ ശ്രമിച്ചെങ്കിലും നടന്നിരുന്നില്ല. ഗ്രീൻ റൂമിലോ മറ്റോ ആയതിനാൽ ഫോൺ എടുക്കാൻ കഴിയാത്തതാണെന്ന് കരുതി. ആശുപത്രിയിൽ എത്തിയപ്പോൾ ഇവിടെയുള്ളവരാണ് മരിച്ചവരിൽ സാറയും ഉണ്ടെന്ന് അറിയിക്കുന്നത്. തുടർന്ന് മോർച്ചറിയിലെത്തി മൃതദേഹം തിരിച്ചറിയുകയായിരുന്നു.

പഠനത്തിൽ മിടുക്കിയായ സാറ ചിത്രരചനയിലും കഴിവുതെളിയിച്ചിരുന്നു. മറ്റുകാര്യങ്ങളിലും സാറ സജീവമായിരുന്നുവെന്ന് നാട്ടുകാർ സാക്ഷ്യപ്പെടുത്തുന്നു. ടെക് ഫെസ്റ്റുമായി ബന്ധപ്പെട്ട് സാറയും പരിപാടികൾ അവതരിപ്പിച്ചിരുന്നു. ഒരുവർഷം മുമ്പ് അണലിയുടെ കടിയേറ്റ പിതാവ് തോമസ് ഏറെനാളുകളായി ചികിത്സയിലായിരുന്നു. ഡയാലിസിസ് അടക്കം നടത്തി ആരോഗ്യം വീണ്ടെടുത്തുവരുന്നതിനിടെയാണ് മകളുടെ ദാരുണാന്ത്യം.

വയലപ്പള്ളിൽ സാറാ തോമസ് (20) ആണ് മരിച്ചതെന്ന് മാത്രമായിരുന്നു നാട്ടുകാർക്ക് ആദ്യം ലഭിച്ച വിവരം. താമരശ്ശേരി സ്വദേശിനിയെന്നതല്ലാതെ സ്ഥലപ്പേര് സംബന്ധിച്ച കൃത്യമായ വിവരം പൊലീസിനോ പഞ്ചായത്ത് അധികൃതർക്കോ ജനപ്രതിനിധികൾക്കോപോലും ആദ്യഘട്ടത്തിൽ നിശ്ചയമുണ്ടായിരുന്നില്ല. വിവരമറിഞ്ഞ് നാട്ടുകാർ സാറയുടെ വീട്ടിലെത്തുമ്പോൾ മുത്തശ്ശി ശോശാമ്മ മാത്രമായിരുന്നു വീട്ടിൽ.

താമരശ്ശേരി കോരങ്ങാട് അൽഫോൻസാ ഇംഗ്ലീഷ് മീഡിയം സ്‌കൂളിലായിരുന്നു പഠനത്തിൽ മിടുക്കിയായിരുന്ന സാറ പ്ലസ്ടുവിന് പഠിച്ചത്. നേരത്തേ അമ്പായത്തോട് താമസിച്ചിരുന്ന കുടുംബം സമീപകാലത്താണ് കോരങ്ങാട് ഭാഗത്തേക്ക് വീടുമാറിയത്.

കുസാറ്റിലെ സ്‌കൂൾ ഓഫ് എഞ്ചിനിയറിങ് വിദ്യാർത്ഥികൾ സംഘടിപ്പിച്ച ടെക് ഫെസ്റ്റിന്റെ ഭാഗമായി കാമ്പസിനകത്തുള്ള ആംഫി തിയേറ്ററിൽ സംഘടിപ്പിച്ച സംഗീത നിശയിൽ പങ്കെടുക്കാനെത്തിയവരാണ് അപടകത്തിൽ പെട്ടത്. സാറ തോമസിനു പുറമെ രണ്ടാം വർഷ സിവിൽ എഞ്ചിനിയറിങ് വിദ്യാർത്ഥികളായ കൂത്താട്ടുകുളം സ്വദേശി അതുൽ തമ്പി, നോർത്ത് പറവൂർ സ്വദേശിനി ആൻ റൂഫ് , കുസാറ്റിലെ വിദ്യാർത്ഥിയല്ലാത്ത പാലക്കാട് മുണ്ടൂർ സ്വദേശി ആൽബിൻ ജോസഫ് എന്നിവരാണ് മരിച്ചത്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP