Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202403Sunday

ഉത്തരാഖണ്ഡിൽ മലമുകളിൽ നിന്നു തുരന്നു താഴേക്കിറങ്ങി രക്ഷാപ്രവർത്തനത്തിന് നീക്കം; യന്ത്രസാമഗ്രികൾ എത്തിക്കുന്നു; 120 മീറ്ററോളം തുരന്നിറങ്ങാനുള്ള ദൗത്യത്തിലും ഭീഷണി തുരങ്കം ഇടിയാനുള്ള സാധ്യത; തൊഴിലാളികളുടെ ജീവൻ രക്ഷിക്കാൻ ഒൻപതാം ദിവസവും ശ്രമം തുടരുന്നു

ഉത്തരാഖണ്ഡിൽ മലമുകളിൽ നിന്നു തുരന്നു താഴേക്കിറങ്ങി രക്ഷാപ്രവർത്തനത്തിന് നീക്കം; യന്ത്രസാമഗ്രികൾ എത്തിക്കുന്നു; 120 മീറ്ററോളം തുരന്നിറങ്ങാനുള്ള ദൗത്യത്തിലും ഭീഷണി തുരങ്കം ഇടിയാനുള്ള സാധ്യത; തൊഴിലാളികളുടെ ജീവൻ രക്ഷിക്കാൻ ഒൻപതാം ദിവസവും ശ്രമം തുടരുന്നു

മറുനാടൻ മലയാളി ബ്യൂറോ

ഡെറാഡൂൺ: ഉത്തരാഖണ്ഡിലെ സിൽക്യാരദന്തൽഗാവിൽ നിർമ്മാണത്തിലിരിക്കുന്ന തുരങ്കത്തിൽ മണ്ണിടിച്ചിലനെ തുടർന്ന് കുടുങ്ങിയ 41 തൊഴിലാളികളുടെ ജീവൻ രക്ഷിക്കാനുള്ള തീവ്രശ്രമം ഒൻപതാം ദിവസവും തുടരുന്നു. മലമുകളിൽ നിന്നു തുരന്നു താഴേക്കിറങ്ങി തുരങ്കത്തിനുള്ളിൽ കടക്കാനാണ് നീക്കം. ഇതിനായി യന്ത്രസാമഗ്രികൾ മലമുകളിലെത്തിക്കാൻ റോഡ് വെട്ടുന്ന പ്രവർത്തനം പുരോഗമിക്കകയാണ്. അതേസമയം, മുകളിൽ നിന്നു 120 മീറ്ററോളം തുരന്നിറങ്ങുമ്പോൾ താഴെ തുരങ്കം ഇടിയാൻ സാധ്യതയുണ്ടോയെന്ന ആശങ്കയുണ്ട്.

തൊഴിലാളികളെ രക്ഷപ്പെടുത്തുന്നതിനായി അഞ്ച് വിധത്തിലുള്ള കർമപദ്ധതിക്ക് അന്തിമരൂപം നൽകിയതായി കേന്ദ്രസർക്കാർ അറിയിച്ചു. വിദഗ്ധരുടെ ഉപദേശത്തിന്റെ അടിസ്ഥാനത്തിൽ വിവിധ സാധ്യതകൾ പരിശോധിച്ച ഉന്നതതല യോഗത്തിലാണ് തീരുമാനം. മൂന്ന് വശങ്ങളിൽ നിന്ന് തുരന്ന് രക്ഷാപ്രവർത്തനം നടത്തുന്ന പ്രവർത്തനങ്ങളിൽ അഞ്ച് ഏജൻസികൾ പങ്കെടുക്കുമെന്ന് ഗതാഗത, ഹൈവേ സെക്രട്ടറി അനുരാഗ് ജെയിൻ പറഞ്ഞു. തൊഴിലാളികളുടെ വിലപ്പെട്ട ജീവൻ രക്ഷിക്കുന്നതിനായി സാധ്യമായതെല്ലാം സർക്കാർ ചെയ്യുമെന്നും അദ്ദേഹം വ്യക്തമാക്കി.

ഓയിൽ ആൻഡ് നാച്ചുറൽ ഗ്യാസ് കോർപ്പറേഷൻ (ഒ.എൻ.ജി.സി.), സത്‌ലജ് ജൽ വിദ്യുത് നിഗം(എസ്.ജെ.വി.എൻ.എൽ.), റെയിൽ വികാസ് നിഗം ലിമിറ്റഡ് (ആർ.വി.എൻ.എൽ.), നാഷണൽ ഹൈവേസ് ആൻഡ് ഇൻഫ്രാസ്ട്രക്ചർ ഡവലപ്മെന്റ് കോർപ്പറേഷൻ ലിമിറ്റഡ് (എൻ.എച്ച്.ഐ.ഡി.സി.എൽ.), തെഹ്രി ഹൈഡ്രോ ഡെവലപ്‌മെന്റ് കോർപ്പറേഷൻ ലിമിറ്റഡ് (ടി.എച്ച്.ഡി.സി.എൽ.) എന്നിവയ്ക്കാണ് ചുമതല. ബോർഡർ റോഡ്‌സ് ഓർഗനൈസേഷനും (ബി.ആർ.ഒ.) ഇന്ത്യൻ ആർമിയുടെ കൺസ്ട്രക്ഷൻ വിഭാഗവും രക്ഷാപ്രവർത്തനത്തിൽ സഹായിക്കുന്നുണ്ടെന്നും അദ്ദേഹം പറഞ്ഞു.

തുരങ്കത്തിന്റെ മുകളിൽനിന്ന് കുത്തനെ തുരക്കുന്ന പ്രവൃത്തികൾ എസ്.ജെ.വി.എൻ.എൽ. ആണ് ചെയ്യുന്നത്. ബോർഡർ റോഡ്‌സ് ഓർഗനൈസേഷൻ അപ്രോച്ച് റോഡ് നിർമ്മാണം പൂർത്തിയാക്കിയതിന് ശേഷം അവശ്യസാധനങ്ങൾ എത്തിക്കുന്നതിനുള്ള വെർട്ടിക്കൽ പൈപ്പ് ലൈൻ സ്ഥാപിക്കുന്നതിനുള്ള പ്രവർത്തനങ്ങൾ ആർ.വി.എൻ.എൽ നടത്തും. ബാർക്കോട്ട് ഭാഗത്തുനിന്ന് തുരക്കുന്നതിനുള്ള പ്രാഥമിക ജോലികൾ ഒ.എൻ.ജി.സി. ആരംഭിച്ചിട്ടുണ്ട്. സിൽകാര ഭാഗത്ത് സുരക്ഷാ ക്രമീകരണങ്ങൾ ഒരുക്കിയതിനുശേഷം എൻ.എച്ച്.ഐ.ഡി.സി.എൽ. അവിടം തുരക്കുന്നത് തുടരും. ബാർകോട്ടിൽ നിന്നുള്ള മൈക്രോ ടണലിങ് ജോലികൾ ടി.എച്ച്.ഡി.സി.എൽ. ചെയ്യും.

90 സെന്റിമീറ്റർ വ്യാസമുള്ള 10 കുഴലുകൾ ഒന്നിനു പിറകെ ഒന്നായി തുരങ്കത്തിനുള്ളിലെ അവശിഷ്ടങ്ങൾക്കിടയിലൂടെ കയറ്റി തൊഴിലാളികളിലേക്കെത്തിച്ച് അതുവഴി അവരെ പുറത്തെത്തിക്കുക എന്നതായിരുന്നു ആദ്യലക്ഷ്യം. എന്നാൽ അവശിഷ്ടങ്ങൾക്കിടയിലൂടെ കടത്തിവിട്ട കുഴലുകൾ 30 മീറ്റർ സഞ്ചരിച്ചപ്പോൾ വലിയ പാറകളിൽ തട്ടി നിന്നു.

സ്ഥിതിഗതികൾ വിലയിരുത്താൻ പ്രധാനമന്ത്രി നരേന്ദ്ര മോദി ഉത്തരാഖണ്ഡ് മുഖ്യമന്ത്രി പുഷ്‌കർ സിങ്ങുമായി ധാമിയുമായി സംസാരിച്ചു. രക്ഷാപ്രവർത്തനത്തെക്കുറിച്ച് പ്രധാനമന്ത്രി ചോദിച്ചറിഞ്ഞെന്നാണ് വിവരം. തുരങ്കത്തിൽ കുടുങ്ങിയ തൊഴിലാളികളുടെ രക്ഷാപ്രവർത്തനം എത്രയും വേഗം പൂർത്തിയാക്കാൻ രക്ഷാപ്രവർത്തകർക്ക് പ്രധാനമന്ത്രിയുടെ ഓഫിസിലെ മുൻ ഉപദേഷ്ടാവ് ഭാസ്‌കർ ഖുൽബെയും പിഎംഒ ഡെപ്യൂട്ടി സെക്രട്ടറി മങ്കേഷ് ഗിൽഡിയാലും നിർേദശം നൽകി. ഭാസ്‌കർ ഖുൽബെയും ഡെപ്യൂട്ടി സെക്രട്ടറി മങ്കേഷ് ഗിൽഡിയാൽ, ഡിസാസ്റ്റർ മാനേജ്മെന്റ് സെക്രട്ടറി രഞ്ജീത് സിൻഹ എന്നിവർ സംഭവസ്ഥലത്തേക്ക് പുറപ്പെട്ടു.

സ്ഥിതിഗതികൾ അവലോകനം ചെയ്യാൻ ഞായറാഴ്ച സ്ഥലത്തെത്തിയ കേന്ദ്രമന്ത്രി നിതിൻ ഗഡ്കരി, തൊഴിലാളികളെ രക്ഷിക്കാനുള്ള എല്ലാ വഴികളും പരിശോധിച്ചു വരികയാണെന്ന് പറഞ്ഞു. കുടുങ്ങിക്കിടക്കുന്ന തൊഴിലാളികളുടെ ജീവൻ രക്ഷിക്കുക എന്നതാണ് മുൻഗണനയെന്നും അദ്ദേഹം വ്യക്തമാക്കി.

രക്ഷാപ്രവർത്തനത്തിന് റോബട്ടിന്റെ സഹായവും തേടിയിട്ടുണ്ട്. തുരങ്കത്തിന്റെ മേൽക്കൂരയ്ക്കും അവശിഷ്ടങ്ങൾക്കും ഇടയിലുള്ള നേർത്ത വിടവിലൂടെ ക്യാമറ ഘടിപ്പിച്ച ചെറു റോബട്ടിനെ കടത്തിവിട്ട് അപ്പുറമുള്ള സാഹചര്യങ്ങളും തൊഴിലാളികളുടെ തൽസമയ ദൃശ്യങ്ങളും പരിശോധിക്കാനാണു നീക്കം. രക്ഷാദൗത്യം 9 ദിവസം പിന്നിട്ടിരിക്കുന്നതിനാൽ തൊഴിലാളികളുടെ ആരോഗ്യനില മോശമായേക്കുമെന്ന ആശങ്കയുണ്ട്. മെഡിക്കൽസംഘം പൈപ്പ് വഴി അവരോടു സംസാരിച്ചു. മരുന്നുകളും വൈറ്റമിൻ ഗുളികകളും എത്തിച്ചു. തൊഴിലാളികളിൽ ആത്മവിശ്വാസം നിലനിർത്താൻ കൗൺസിലർമാർ ഇടയ്ക്കിടെ അവരുമായി സംസാരിക്കുന്നുണ്ട്.

കുടുങ്ങിക്കിടക്കുന്ന തൊഴിലാളികൾക്ക് കൂടുതൽ ഭക്ഷണമെത്തിക്കാൻ 6 ഇഞ്ച് വ്യാസമുള്ള ചെറു പൈപ്പ് ഇന്നലെ സജ്ജമാക്കിയിരുന്നു. ഇതിലൂടെ റൊട്ടി, പരിപ്പ് കറി എന്നിവ പായ്ക്കറ്റിലാക്കി, കുഴലിൽ ശക്തമായി കാറ്റടിപ്പിച്ച് തൊഴിലാളികളിലേക്ക് എത്തിച്ചു. ഇതുവരെ കശുവണ്ടി, ബദാം, ഡ്രൈ ഫ്രൂട്ട്‌സ് എന്നിവയാണു നൽകിയത്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP