Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Dec / 202301Friday

ജനപ്രതിനിധി എന്ന നിലയിലുള്ള ഓണറേറിയത്തിന് അപ്പുറം നിക്ഷേപം; പി ആർ അരവിന്ദാക്ഷന് 50 ലക്ഷം രൂപയുടെ സ്ഥിര നിക്ഷേപമെന്ന് ഇഡി റിമാൻഡ് റിപ്പോർട്ട്; അരവിന്ദാക്ഷൻ സാക്ഷികളെ ഭീഷണിപ്പെടുത്തിയെന്നും ഇ.ഡി

ജനപ്രതിനിധി എന്ന നിലയിലുള്ള ഓണറേറിയത്തിന് അപ്പുറം നിക്ഷേപം; പി ആർ അരവിന്ദാക്ഷന് 50 ലക്ഷം രൂപയുടെ സ്ഥിര നിക്ഷേപമെന്ന് ഇഡി റിമാൻഡ് റിപ്പോർട്ട്; അരവിന്ദാക്ഷൻ സാക്ഷികളെ ഭീഷണിപ്പെടുത്തിയെന്നും ഇ.ഡി

മറുനാടൻ മലയാളി ബ്യൂറോ

കൊച്ചി: കരുവന്നൂർ ബാങ്ക് തട്ടിപ്പ് കേസിൽ അറസ്റ്റിലായ സിപിഎം നേതാവും വടക്കാഞ്ചേരി നഗരസഭ കൗൺസിലറുമായ പി ആർ അരവിന്ദാക്ഷന് 50 ലക്ഷം രൂപയുടെ സ്ഥിര നിക്ഷേപമുണ്ടെന്ന് എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റിന്റെ റിമാൻഡ് റിപ്പോർട്ട്. കേസിലെ മുഖ്യ പ്രതി സതീഷ് കുമാറാണ് പണം ബാങ്കിൽ നൽകിയതെന്നും റിപ്പോർട്ടിൽ പറയുന്നു. കരുവന്നൂർ ബാങ്കിൽ നിന്ന് തട്ടിയ ബെനാമി വായ്പയിൽ നിന്നാണ് ഈ പണം സതീഷ് നൽകിയത്.

കരുവന്നൂർ ബാങ്കിൽ നടത്തിയ തട്ടിപ്പിന് സതീശനെ അരവിന്ദാക്ഷൻ സഹായിച്ചുവെന്നും തട്ടിപ്പാണ് എന്ന് അറിഞ്ഞാണ് സഹായം ചെയ്തതെന്നും റിപ്പോർട്ടിൽ പറയുന്നു. അരവിന്ദാക്ഷനെതിരെ കൂടുതൽ സാക്ഷി മൊഴികളുണ്ടെന്നും റിമാൻഡ് റിപ്പോർട്ടിൽ പറയുന്നു.

അരവിന്ദാക്ഷന് വൻ തുക കൈമാറിയെന്നാണ് സാക്ഷി മൊഴി. സതീഷ് കുമാറിന്റെയും സഹോദരൻ ശ്രീജിത്തിന്റെയും അക്കൗണ്ട് വഴി അരവിന്ദാക്ഷന് വൻ തുക കൈമാറിയെന്നാണ് സാക്ഷി മൊഴി. കിരൺ തട്ടിയ 24 കോടിയിൽ 25 ലക്ഷം രൂപ അരവിന്ദക്ഷന് നൽകിയെന്ന് മുൻ മാനേജർ ബിജു കരീം മൊഴി നൽകിയിട്ടുണ്ട്.

സതീഷ് കുമാറിന്റെ വീട്ടിൽ നിന്ന് കണ്ടെത്തിയ മൊബൈൽ ഫോണിൽ അരവിന്ദക്ഷനും സതീശനും തമ്മിലുള്ള ബന്ധത്തിന്റെ തെളിവ് ലഭിച്ചുവെന്നും 2015 മുതൽ 2017 വരെ കാലത്ത് കോടികളുടെ ഇടപാട് അക്കൗണ്ട് വഴി നടന്നുവെന്നും റിമാൻഡ് റിപ്പോർട്ടിൽ പറയുന്നു.

ഒന്നാം പ്രതി സതീഷ് കുമാർ അരവിന്ദാക്ഷന്റെ പേരിൽ ബിനാമി സ്വത്തുകൾ വാങ്ങി. ഈ വിവരങ്ങൾ അരവിന്ദാക്ഷൻ കൈമാറിയില്ലെന്നും അരവിന്ദാക്ഷൻ സാക്ഷികളെ ഭീഷണിപ്പെടുത്തിയെന്നും ഇഡി ആരോപിക്കുന്നു.

പി ആർ അരവിന്ദാക്ഷന് എതിരെ ഗുരുതര ആരോപണങ്ങളാണ് റിമാൻഡ് റിപ്പോർട്ടിൽ ഇഡി ഉന്നയിച്ചിട്ടുള്ളത് . ജനപ്രതിനിധി എന്ന നിലയിലുള്ള ഓണറേറിയത്തിന് അപ്പുറത്ത് വലിയ തുകയാണ് അക്കൗണ്ടിൽ വന്നത്. ഒന്നാം പ്രതി സതീഷ് കുമാറിന് തട്ടിപ്പിലൂടെ ലഭിച്ച പണത്തിൽ 50 ലക്ഷം രൂപയാണ് അരവിന്ദാക്ഷന്റെ പേരിൽ കരുവന്നൂർ ബാങ്കിൽ നിക്ഷേപിച്ചത്.

സതീഷിന്റെ അക്കൗണ്ടിൽ നിന്നാണ് വലിയ തുക അരവിന്ദാക്ഷന്റെ അക്കൗണ്ടിലേക്ക് പോയത്്. സതീഷിന് തട്ടിപ്പിലൂടെ കിട്ടിയ പണമാണ് എന്ന് അറിഞ്ഞ് കൊണ്ടാണ് അരവിന്ദാക്ഷൻ ഇതിന് കൂട്ടുനിന്നത്.സതീഷിന്റെ വീട്ടിൽ നടത്തിയ റെയ്ഡിൽ ഒരു ഫോൺ പിടിച്ചെടുത്തിരുന്നു. ഫോൺ പരിശോധിച്ചതിൽ നിന്ന് സതീഷും അരവിന്ദാക്ഷനും തമ്മിലുള്ള സാമ്പത്തിക ഇടപാടുകൾ സംബന്ധിച്ച വിശദാംശങ്ങൾ ലഭിച്ചതായും റിമാൻഡ് റിപ്പോർട്ടിൽ പറയുന്നു.

രണ്ട് അക്കൗണ്ടുകളിലായുള്ള നിക്ഷേപത്തിന്റെ രേഖകൾ ലഭിച്ചെന്ന് റിമാൻഡ് റിപ്പോർട്ടിൽ ഇഡി വ്യക്തമാക്കി. അതിനിടെ കേസിൽ അറസ്റ്റിലായ അരവിന്ദാക്ഷനെയും മുൻ അക്കൗണ്ടന്റ് ജിൽസിനെയും റിമാൻഡ് ചെയ്തു.

അരവിന്ദാക്ഷൻ അന്വേഷണവുമായി സഹകരിച്ചില്ലെന്നും ഇഡി കുറ്റപ്പെടുത്തി. ആദായനികുതി, ബാങ്ക് അക്കൗണ്ട് വിവരങ്ങൾ മറച്ചുവെച്ചു.ധനലക്ഷ്മി, പെരിങ്ങണ്ടൂർ സഹകരണ ബാങ്ക് അക്കൗണ്ട് വിവരങ്ങളാണ് ഒളിപ്പിച്ചത്. 2015- 17 കാലത്ത് ഈ അക്കൗണ്ടിലൂടെ വൻ ഇടപാടുകൾ നടന്നതായും ഇഡി ആരോപിക്കുന്നു. അരവിന്ദാക്ഷന് ഉന്നത രാഷ്ട്രീയ ബന്ധം ഉണ്ട്. കൂടാതെ ബാങ്ക് തട്ടിപ്പിൽ ഉന്നതർക്ക് പങ്കുണ്ടെന്നും റിമാൻഡ് റിപ്പോർട്ടിൽ ഇഡി ആരോപിക്കുന്നു.

താൻ കള്ളനോ കൊലപാതകിയോ അല്ലെന്നും കള്ളക്കേസിലാണ് ഇഡി കുടുക്കിയതെന്നുമായിരുന്നു സിപിഎം നേതാവ് പി.ആർ.അരവിന്ദാക്ഷൻ നേരത്തെ പ്രതികരിച്ചത്. കോടിക്കണക്കിന് രൂപ ചാക്കിൽക്കെട്ടി നേതാക്കന്മാർക്ക് കൊടുത്തെന്ന് പറയിപ്പിക്കാനാണ് ഇഡി ശ്രമിക്കുന്നത്. നേരത്തെ നൽകിയ പരാതിയിൽ ഇഡിയുടെ പ്രതികാര നടപടിയാണ് അറസ്റ്റെന്നും കോടതിയിൽ ഹാജരാക്കവേ അരവിന്ദാക്ഷൻ പ്രതികരിച്ചിരുന്നു.

സഹകരണ പ്രസ്ഥാനത്തെ തകർക്കാനുള്ള നീക്കമാണ് ഇപ്പോൾ നടന്നുകൊണ്ടിരിക്കുന്നത്. ഇഡി ഉദ്യോഗസ്ഥർ മർദിച്ചുവെന്ന് പരാതി നൽകിയതിലെ പ്രതികാരമായാണ് അറസ്റ്റെന്നും അരവിന്ദാക്ഷൻ പറഞ്ഞു. എ.സി.മൊയ്തീന്റെ വിശ്വസ്തനും വടക്കാഞ്ചേരി നഗരസഭയിലെ കൗൺസിലറുമാണ് അരവിന്ദാക്ഷൻ. മുഖ്യപ്രതി സതീഷ് കുമാറിന്റെ അടുത്ത സുഹൃത്തും പണമിടപാടിലെ ഇടനിലക്കാരനുമാണ് ഇയാളെന്ന് ഇഡി കണ്ടെത്തിയിരുന്നു.

കരുവന്നൂർ ബാങ്ക് മുൻ അക്കൗണ്ടന്റ് സി.കെ. ജിൽസിനെയും ഇഡി നേരത്തെ അറസ്റ്റു ചെയ്തിരുന്നു. നേരത്തെ ക്രൈംബ്രാഞ്ച് അന്വേഷിച്ച കേസിലും അറസ്റ്റിലായ ജിൽസ് പിന്നീട് ജാമ്യത്തിലിറങ്ങിയിരുന്നു. നേരത്തെ, സിപിഎം സംസ്ഥാന സമിതി അംഗം എ.സി. മൊയ്തീനെയും കേരള ബാങ്ക് വൈസ് പ്രസിഡന്റ് എം.കെ. കണ്ണനെയും കേസുമായി ബന്ധപ്പെട്ട് ചോദ്യം ചെയ്യലിനായി വിളിപ്പിച്ചിരുന്നു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP