Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202424Wednesday

'ഇങ്ങനെയാണ് ചന്ദ്രയാൻ 3ന്റെ റോവർ ലാൻഡറിൽനിന്ന് ചന്ദ്രോപരിതലത്തിലേക്ക് ഇറങ്ങിയത്'! ലാൻഡർ മൊഡ്യൂളിൽനിന്നും ചാന്ദ്രവിസ്മയത്തിലേക്ക് ഉരുണ്ടിറങ്ങുന്ന പ്രഗ്യാൻ റോവർ; രാസവിശകലനങ്ങൾ നടത്തും; വിഡിയോ പുറത്തുവിട്ട് ഐഎസ്ആർഒ

'ഇങ്ങനെയാണ് ചന്ദ്രയാൻ 3ന്റെ റോവർ ലാൻഡറിൽനിന്ന് ചന്ദ്രോപരിതലത്തിലേക്ക് ഇറങ്ങിയത്'! ലാൻഡർ മൊഡ്യൂളിൽനിന്നും ചാന്ദ്രവിസ്മയത്തിലേക്ക് ഉരുണ്ടിറങ്ങുന്ന പ്രഗ്യാൻ റോവർ; രാസവിശകലനങ്ങൾ നടത്തും; വിഡിയോ പുറത്തുവിട്ട് ഐഎസ്ആർഒ

മറുനാടൻ മലയാളി ബ്യൂറോ

ന്യൂഡൽഹി: ചന്ദ്രയാൻ മൂന്ന് ദൗത്യത്തിൽ ലാൻഡർ മൊഡ്യൂളിൽനിന്ന് പ്രഗ്യാൻ റോവർ ചന്ദ്രോപരിതലത്തിൽ ഇറങ്ങുന്നതിന്റെ വിഡിയോ പുറത്തുവിട്ട് ഐഎസ്ആർഒ. വിക്രം ലാൻഡറിന്റെ വാതിൽ തുറന്ന് റോവർ ചന്ദ്രോപരിതലത്തിലേക്ക് ഉരുണ്ടിറങ്ങുന്നതിന്റെ വിഡിയോയാണ് പങ്കുവച്ചത്. 'ഇങ്ങനെയാണ് ചന്ദ്രയാൻ 3ന്റെ റോവർ ലാൻഡറിൽനിന്ന് ചന്ദ്രോപരിതലത്തിലേക്ക് ഇറങ്ങിയത്' എന്നാണ് വിഡിയോ പങ്കുവച്ചുകൊണ്ട് ഐഎസ്ആർഒ ട്വീറ്റ് ചെയ്തത്.

ലാൻഡർ മൊഡ്യൂളിൽനിന്ന് പുറത്തിറങ്ങിയ റോവർ ചന്ദ്രോപരിതലത്തിൽ ഇതിനോടകം യാത്രതുടങ്ങിക്കഴിഞ്ഞു. റോവർ ചന്ദ്രോപരിതലത്തിലൂടെ അല്പദൂരം സഞ്ചരിച്ചതായി കഴിഞ്ഞ ദിവസം അറിയിച്ചിരുന്നു. ഒരു ചാന്ദ്രദിനമാണ് (ഭൂമിയിലെ 14 ദിവസം) റോവറിന്റെ പ്രവർത്തനകാലാവധി. ഈ സമയത്ത് ചന്ദ്രോപരിതലത്തിലൂടെ സഞ്ചരിച്ച് രാസവിശകലനങ്ങൾ നടത്തും.

റോവറിൽനിന്ന് ലഭിക്കുന്ന വിവരങ്ങൾ വിശദമായി വിശകലനംചെയ്തിട്ടേ പുറത്തുവിടുകയുള്ളൂ. റോവർ വിവരങ്ങൾ കൈമാറുന്നത് ലാൻഡറിലേക്കാണ്. ഈ വിവരങ്ങൾ ബെംഗളൂരുവിലെ ബൈലാലുവിലുള്ള ദീർഘദൂര ബഹിരാകാശ വിവരവിനിമയ ശൃംഖലയിൽ (ഐ.ഡി.എസ്.എൻ.) ലഭിക്കും. ഇവിടെനിന്ന് അഹമ്മദാബാദിലെ ഫിസിക്കൽ റിസർച്ച് ലബോറട്ടറി, സ്പെയ്‌സ് ആപ്ലിക്കേഷൻസ് സെന്റർ എന്നിവിടങ്ങളിലെത്തിച്ച് വിശദമായി വിശകലനംചെയ്തശേഷമാകും വിവരങ്ങൾ പുറത്തുവിടുക. ചന്ദ്രനിൽ വീഴുന്ന വെളിച്ചമുൾപ്പെടെയുള്ള കാര്യങ്ങൾക്കനുസരിച്ചാകും റോവറിൽനിന്നുള്ള വിവരങ്ങൾ ഭൂമിയിൽ ലഭിക്കുക.

ലാൻഡറിൽനിന്ന് ഒരു കിലോമീറ്റർ വരെ ചുറ്റളവിലാണ് റോവർ സഞ്ചരിക്കുക. ആൽഫ പാർട്ടിക്കിൾ എക്‌സ്‌റേ സ്‌പെക്ട്രോമീറ്റർ (എപിഎക്‌സ്എസ്), ലേസർ ഇന്ത്യൂസ്ഡ് ബ്രേക്ഡൗൺ സ്‌പെക്ട്രോസ്‌കോപ് (ലിബ്‌സ്) എന്നീ ശാസ്ത്രീയ ഉപകരണങ്ങൾ റോവറിലുണ്ട്. ചന്ദ്രോപരിതലത്തിലെ ധാതുക്കളുടെ ഘടനയും രാസഘടനയുമാണ് എപിഎക്‌സ്എസ് പരിശോധിക്കുക.

ചന്ദ്രനിലെ മണ്ണിലും പാറകളിലും അടങ്ങിയിരിക്കുന്ന മഗ്‌നീഷ്യം, അലുമിനിയം, സിലിക്കൺ, പൊട്ടാസ്യം, കാൽസ്യം, ടൈറ്റാനിയം, ഇരുമ്പ് തുടങ്ങിയ മൂലകങ്ങളുടെ തന്മാത്രാ ഘടനയെക്കുറിച്ച് ലിബ്‌സ് പഠിക്കും. ഈ ഉപകരണങ്ങൾ താമസിയാതെ പ്രവർത്തിക്കാൻ തുടങ്ങും. ലാൻഡറിലെ 3 ഉപകരണങ്ങൾ പ്രവർത്തന സജ്ജമായിട്ടുണ്ട്.

സ്വയം വിലയിരുത്തിയതും റോവറിൽ നിന്നുള്ളതുമായ വിവരങ്ങൾ വിക്രം ലാൻഡർ റേഡിയോ തരംഗങ്ങൾ മുഖേന ബെംഗളൂരു ബയലാലുവിലെ ഡീപ് സ്‌പേസ് നെറ്റ്‌വർക്ക് ആന്റിനകളിലേക്കു കൈമാറും. നേരിട്ട് വിവരം കൈമാറാൻ വിക്രമിന് ശേഷിയുണ്ട്. തുടർന്ന് ബെംഗളൂരുവിലെ ഇസ്ട്രാക് കൺട്രോൾ സ്റ്റേഷൻ വിശകലനം ചെയ്യും. ഈ ആശയവിനിമയത്തിന് തടസ്സം നേരിട്ടാൽ ചന്ദ്രയാൻ 2 ഓർബിറ്റർ ഉപയോഗിച്ചും ആശയവിനിമയത്തിനു സൗകര്യമുണ്ട്. നാസയുടെയും യൂറോപ്യൻ സ്‌പേസ് ഏജൻസിയുടെയും വിവിധ കേന്ദ്രങ്ങളും ഇതിനായി ഐഎസ്ആർഒയെ സഹായിക്കുന്നുണ്ട്.

ബുധനാഴ്ച വൈകീട്ട് 6.04-ന് ലാൻഡിങ് നടന്ന് നാലുമണിക്കൂറിനുശേഷം റോവറിനെ പുറത്തിറക്കാനുള്ള നടപടി ആരംഭിച്ചിരുന്നു. വ്യാഴാഴ്ച രാവിലെയാണ് റോവർ പുറത്തിറങ്ങിയ കാര്യം ഐ.എസ്.ആർ.ഒ. അറിയിച്ചത്. 'റോവർ ലാൻഡറിൽനിന്ന് പുറത്തിറങ്ങിയെന്നും ഇന്ത്യ ചന്ദ്രനിലൂടെ നടന്നു' എന്നും എക്സിൽ കുറിപ്പിട്ടു. ഇന്നാണ് റോവർ പുറത്തിറങ്ങുന്നതിന്റെ വീഡിയോ ഐ.എസ്.ആർ.ഒ. പുറത്തുവിട്ടിരിക്കുന്നത്.

ബുധനാഴ്ച വൈകിട്ടോടെയാണ് ചന്ദ്രയാൻ 3 ചന്ദ്രോപരിതലത്തിൽ വിജയകരമായി സോഫ്റ്റ് ലാൻഡിങ് നടത്തിയത്. ഇതോടെ ചന്ദ്രന്റെ ദക്ഷിണധ്രുവത്തിൽ ഇറങ്ങുന്ന ആദ്യ രാജ്യവും ചന്ദ്രനിൽ ഇറങ്ങുന്ന നാലാമത്തെ രാജ്യവുമായി ഇന്ത്യ മാറി. തുടർന്ന് ലാൻഡറിൽനിന്നു പുറത്തിറങ്ങിയ റോവർ ചന്ദ്രമണ്ണിൽ ഇന്ത്യയുടെ മുദ്ര പതിപ്പിച്ചു സഞ്ചാരം തുടങ്ങിയിരുന്നു. അശോക സ്തംഭം, ഇന്ത്യൻ ബഹിരാകാശ ഗവേഷണ സ്ഥാപനം ഐഎസ്ആർഒയുടെ ലോഗോ എന്നിവയാണ് പതിഞ്ഞത്. ഈ മുദ്രകൾ മായാതെ ചന്ദ്രന്റെ മണ്ണിലുണ്ടാകും.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP