Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Jun / 202421Friday

''ചെറുകരയിൽ രണ്ടു ജീവനുകൾ കൂടി നഷ്ടമായേനേ'', ജോബി കെറ്ററിംഗിലെ ആത്മാർത്ഥ സുഹൃത്ത് സിബുവിനോട് പറയുന്നത് കരൾ പിടഞ്ഞു കേട്ടിരിക്കാനാകാത്ത വാക്കുകൾ; മകൾ ഇല്ലാതെ താനെങ്ങനെ യുകെയിലേക്ക് വരുമെന്ന് ആശ്വസിപ്പിക്കാനെത്തുന്ന യുകെ മലയാളികളോട് സൗമ്യയും; അരയൻകാവിലും ബ്രിട്ടണിലും മലയാളികൾ തേങ്ങുന്നത് ഒരേ മനസോടെ

''ചെറുകരയിൽ രണ്ടു ജീവനുകൾ കൂടി നഷ്ടമായേനേ'', ജോബി കെറ്ററിംഗിലെ ആത്മാർത്ഥ സുഹൃത്ത് സിബുവിനോട് പറയുന്നത് കരൾ പിടഞ്ഞു കേട്ടിരിക്കാനാകാത്ത വാക്കുകൾ; മകൾ ഇല്ലാതെ താനെങ്ങനെ യുകെയിലേക്ക് വരുമെന്ന് ആശ്വസിപ്പിക്കാനെത്തുന്ന യുകെ മലയാളികളോട് സൗമ്യയും; അരയൻകാവിലും ബ്രിട്ടണിലും മലയാളികൾ തേങ്ങുന്നത് ഒരേ മനസോടെ

കെ ആർ ഷൈജുമോൻ, ലണ്ടൻ

ലണ്ടൻ: ''പപ്പേ, പപ്പേ എന്ന മോളുടെ നിലവിളിയാണ് ഇപ്പോഴും കാതുകളിൽ. ഞങ്ങളിൽ രണ്ടു പേര് കൂടി വെള്ളത്തിൽ പെട്ടെന്നുണ്ടായ ചുഴിയിൽ ഇല്ലാതായേനെ. എന്റെ സഹോദരിയും രണ്ടാമത്തെ മകളും കൂടി ചുഴിയിൽ പെട്ടതാണ്. അലറി നിലവിളി കേട്ട് പരിചയക്കാരനായ യുവാവ് ബൈക്ക് നിർത്തി വെള്ളത്തിൽ ചാടി സഹോദരിയെയും ഇളയ മകളെയും നീന്തിയെത്തി പിടിച്ചു കയറ്റുക ആയിരുന്നു. അപ്പോഴും പപ്പേയെന്ന ജിസ്മോളുടെ അകന്നു പോകുന്ന ശബ്ദം കാതുകളിൽ വന്നു തട്ടുക ആയിരുന്നു. പക്ഷെ ഓടിക്കൂടിയ നാട്ടുകാർക്ക് ചുഴി നിറഞ്ഞ വെള്ളത്തിൽ ചാടാൻ പേടിയായി. വള്ളങ്ങളും മറ്റും എത്തിയപ്പോഴേക്കും രക്ഷിക്കാനുള്ള സമയം പിന്നിട്ടിരുന്നു.'' ഇന്നലെ മലയാളക്കരയെയും പ്രവാസ ലോകത്തെയും ഞെട്ടിച്ച യുകെ മലയാളിയായ കവൻട്രി നിവാസി ജോബിയും കുടുംബവും നേരിട്ട ദുരന്തം ഓർത്തെടുക്കുന്നത് ജോബി തന്നെയാണ്. ദുരന്ത വാർത്തയറിഞ്ഞു നാട്ടിൽ അവധിക്കെത്തിയ സുഹൃത്തും യുക്മ മിഡ്ലാൻഡ്സ് റീജിയൻ വൈസ് പ്രസിഡന്റുമായ സിബു ജോസഫ് കാണാൻ എത്തിയപ്പോഴാണ് ജോബിക്ക് മനസ് തുറക്കാനായത്.

തൃശൂരിൽ നിന്നും ഞായറാഴ്ച അർദ്ധ രാത്രിയോടെയാണ് സിബുവിന് ജോബി മത്തായിയുടെ വീട്ടിൽ എത്താനായത്. വീട് തപ്പിപിടിക്കാൻ വഴിയിൽ ഒരാളെ പോലും കാണാനാകാതെ വന്നതോടെ ഏറെ ക്ലേശിച്ചാണ് വീട്ടിൽ എത്തിയത്. എന്നാൽ നടന്നതെന്താണ് എന്ന് പോലും ഓർത്തെടുക്കാൻ കഴിയാത്ത വിധം പരീക്ഷിണനായി മാറിയ ജോബി ആത്മ മിത്രത്തെ കണ്ടയുടൻ കെട്ടിപ്പിടിച്ചു മകളെ നഷ്ടമായ കദനം മുഴുവൻ പുറത്തെടുക്കുക ആയിരുന്നു. കരൾ പിടയും വേദനയോടെയാണ് ജോബിയുടെ ഓരോ വാക്കുകളും സിബു കേട്ടിരുന്നത്.

കണ്മുന്നിൽ മക്കൾ ഇല്ലാതായി പോകുന്ന ഇത്തരം ഓരോ അപകടവും നെഞ്ചു പിടയ്ക്കുന്ന ഓർമ്മ ആണെങ്കിലും ഇന്ന് യുകെയിലേക്ക് പ്രിയപ്പെട്ടവരോട് മറ്റൊരിക്കൽ കാണും വരേയ്ക്കും നിറ കണ്ണുകളോടെ യാത്ര പറയാൻ തയ്യാറായിരുന്ന ജോബിയും സൗമ്യയും ഇനി പ്രിയ മകൾ ഇല്ലാതെയാണ് കവൻട്രിയിലെ വീട്ടിലേക്ക് വരേണ്ടതെന്ന സത്യം അവർക്ക് മാത്രമല്ല വീട്ടുകാർക്കും പ്രിയപ്പെട്ടവർക്കും സുഹൃത്തുകൾക്കും സഹപ്രവർത്തകർക്കും ഒന്നും ഇനിയും ഉൾക്കൊള്ളാനായിട്ടില്ല എന്നതാണ് സത്യം.

''ഞങ്ങൾ കഴിഞ്ഞ ദിവസങ്ങളിൽ രണ്ടു വട്ടം പോയ പുഴയോരമാണത്. അവിടെ ഒരപകട സാധ്യത ഉണ്ടെന്നു നാട്ടുകാർ ആരും പറഞ്ഞു കേട്ടിട്ടില്ല. ഞങ്ങൾ മാത്രമാണ് വിദേശത്തു നിന്നും ഉണ്ടായിരുന്നത്. കൂടെയുള്ള കുടുംബ അംഗങ്ങൾ ഒക്കെ നാട്ടിൽ കഴിയുന്നവരാണ്. അപകടത്തിൽ മരിച്ച എന്റെ സഹോദരനും ആ പ്രദേശം നന്നായി അറിയാവുന്ന ആളാണ്. ശാന്തമായി കിടക്കുന്ന വെള്ളം തീരത്തു ഒട്ടും ഒഴുക്കില്ലാത്തതാണ്. മുട്ടറ്റം വരെ മാത്രമാണ് തീരത്തുള്ള ആഴവും. ഞാനായിരുന്നു വെള്ളത്തിൽ ഏറ്റവും അകലെ നിന്നിരുന്നത്. പനിക്കോൾ ആയിരുന്നതിനാൽ എന്റെ ഭാര്യ കുളിക്കാൻ ഇറങ്ങിയതുമില്ല. ബാക്കി ഞങ്ങൾ എല്ലാവരും വെള്ളത്തിൽ ഉണ്ടായിരുന്നു. ഇടയ്ക്ക് സഹോദരൻ കുളിച്ചു കയറി, ഞങ്ങളും കയറാൻ ഉള്ള ഒരുക്കത്തിൽ ആയിരുന്നു ''- ജോബി ഒരൊറ്റ ശ്വാസത്തിലാണ് ഇത്രയും പറഞ്ഞത്.

''എന്നാൽ പൊടുന്നനെ വെള്ളത്തിൽ ഒരനക്കം പോലെ തോന്നി. പിന്നീടാണ് മനസിലായത് തീരത്തോട് ചേർന്നു ചുഴി രൂപം കൊള്ളുക ആയിരുന്നെന്ന്. ഇതിനിടയിൽ ജിസ്മോൾ കാൽ തെന്നി വീണു കഴിഞ്ഞിരുന്നു. പപ്പേ പപ്പേ എന്ന നിലവിളി കേട്ട് അൽപം അകലെയായിരുന്ന ഞാൻ നീന്തിയടുക്കുമ്പോഴേക്കും എന്റെ സഹോദരിയും ഇളയ മകളും വെള്ളത്തിൽ വീണു കഴിഞ്ഞിരുന്നു. തൊട്ടടുത്തായിരുന്ന അവരെ കയ്യെത്തി പിടിക്കുമ്പോഴേക്കും എന്നെയും വെള്ളം വലിച്ചെടുത്തു. ഈ സമയത്ത് അലമുറയിട്ടു കരഞ്ഞ സൗമ്യയുടേയും മറ്റുള്ളവരുടെയും നിലവിളി കേട്ടു ഓടിക്കൂടിയവർ ഇട്ടു തന്ന മുണ്ടിൽ പിടിച്ചാണ് ഞാൻ കര കയറിയത് .''- ജോബി സംഭവം ഓർത്തെടുക്കുകയിരുന്നു.

''ഈ സമയം അതുവഴി ബൈക്കിൽ പോയ നാട്ടുകാരാൻ ആയ ചെറുപ്പക്കാരൻ വേഗം വണ്ടി നിർത്തി ഇറങ്ങി വന്നപ്പോൾ ഞങ്ങൾ വെള്ളത്തിൽ താഴ്ന്ന കാഴ്ചയാണ് കണ്ടത്. ഒന്നും ആലോചിക്കാതെ ആ യുവാവ് വെള്ളത്തിൽ എടുത്തു ചാടി താഴ്ന്നു പൊക്കോണ്ടിരുന്ന എന്റെ ഇളയ മകളെയും സഹോദരിയെയും വലിച്ചു കയറ്റുക ആയിരുന്നു. അയാൾ ആ സമയം വന്നില്ലായിരുന്നെകിൽ അവർ രണ്ടു പേരും ഇന്ന് ഞങ്ങളോടപ്പം ഉണ്ടാകില്ലായിരുന്നു. എന്നാൽ ജിസ്മോൾ താഴുന്നത് കണ്ട് ആദ്യം അലോഷിയും ഒപ്പം അവനും നില തെറ്റുന്നത് കണ്ട് എന്റെ സഹോദരനായ കുഞ്ഞാഞ്ഞയും എടുത്തു ചാടുക ആയിരുന്നു. പക്ഷെ വെള്ളത്തിൽ ചുഴി രൂപം കൊണ്ടത് അറിഞ്ഞ ഓടിക്കൂടിയ നാട്ടുകാർ ആർക്കും വെള്ളത്തിൽ ഇറങ്ങാൻ ധൈര്യം ഉണ്ടായിരുന്നില്ല. പെട്ടെന്ന് വള്ളങ്ങൾ ഒക്കെ എത്തിച്ചെങ്കിലും അപ്പോഴേക്കും മൂന്നു പേരും വെള്ളത്തിനടിയിൽ പോയിക്കഴിഞ്ഞിരുന്നു''. ഒരിക്കലും മറക്കാനാകാത്ത ഈ കാഴ്ചകൾ സിബുവിനോട് വിവരിക്കുമ്പോഴും ജോബിയുടെ കണ്ണുകളിൽ ഭയം തളം കെട്ടിയിരുന്നു.

കണ്മുന്നിൽ നടന്നു പോയ ഭയാനകമായ കാഴ്ചകളിൽ നിന്നും വീട്ടിലെ മറ്റു അംഗങ്ങളും ഇപ്പോഴും മോചിതരല്ല. അരയൻകാവിലെ മുണ്ടയ്ക്കൽ വീടിനെ ഭയാനകമായ മൂകത പിടികൂടിയിരിക്കുകയാണ്. ആശ്വസിപ്പിക്കാൻ എത്തുന്നവർക്കും വീട്ടുകാർക്കും ഒരുപോലെ മനസ്സിൽ ശൂന്യതയാണ്. തളംകെട്ടിയ നിശ്ശബ്ദയാണ് ആ പ്രദേശമാകെ. ഒട്ടും വ്യത്യസ്തമല്ല അയ്യായിരം മൈൽ അകലെ ജോബിയും കുടുംബവും താമസിക്കുന്ന കവൻട്രിയിലെ അവസ്ഥയും. ഓരോ മലയാളി വീട്ടിലും ഒരു ശൂന്യതയുടെ നിഴൽ പടർന്നിട്ടുണ്ട്.

ഇന്നലെ പള്ളിയിൽ തുടർച്ചയായി മുഴങ്ങിയ മനസ്സിൽ ശാന്തി പടർത്താനുള്ള നിത്യ സഹായ മാതാവിനോടുള്ള പ്രാർത്ഥനയിൽ പോലും മനസ് നൊമ്പരപ്പെട്ടാണ് ഓരോ മലയാളിയും പങ്കു ചേർന്നത്. പ്രത്യേകിച്ച് ജിസ്മോളുടെ സമപ്രായക്കാരായ മലയാളി കുട്ടികൾക്ക് കൂട്ടുകാരിയുടെ വേർപാടിനോട് ഇനിയും ഒത്തുചേരാനായിട്ടില്ല. സ്‌കൂൾ അവധിക്കാലം കഴിഞ്ഞ് അവൾ ഇല്ലാതെയുള്ള സ്‌കൂൾ യാത്രകളും ക്ലാസ് മുറിയും ഒക്കെ അവരെ വല്ലാതെ നൊമ്പരപ്പെടുത്തുകയാണ്. ഇക്കാര്യം ഒകെ ഓർത്തെടുത്തു വീട്ടിൽ എത്തുന്ന യുകെ മലയാളികളായവരോട് ജിസ്‌മോളുടെ അമ്മ സൗമ്യ ചോദിക്കുന്നതും ഏറെ പ്രയാസം നിറഞ്ഞ ചോദ്യമാണ്. മോൾ ഇല്ലാതെ ഞാൻ ഇനി എങ്ങനെ യുകെയിലേക്ക് വരും എന്ന ആ അമ്മയുടെ നിസ്സഹായത നിറഞ്ഞ വാക്കുകൾ ഹൃദയ വേദനയായി ഉള്ളിൽ തറയ്ക്കുകയാണ് കേട്ട് നിൽക്കുന്നവർക്ക്.

സൗമ്യയും ജോബിയും പങ്കു വയ്ക്കുന്ന വേദന അതേവിധം ഉൾക്കൊണ്ട് ഇന്നലെ കേരള പൊലീസും പ്രത്യേക അഭ്യർത്ഥനയാണ് പുറത്തു വിട്ടിരിക്കുന്നത്. വെള്ളത്തിൽ ഇറങ്ങുന്നവർ നടത്തേണ്ട പ്രത്യേക ശ്രദ്ധയെ കുടിച്ചുള്ള ഓർമ്മപ്പെടുത്തലാണ് പൊലീസ് നടത്തിയിരിക്കുന്നത്. ജിസ് മോൾ അടക്കം ഏഴു പേർ ഞായറാഴ്ച മരിച്ചതും കഴിഞ്ഞ രണ്ടു ദിവസമായി സമാനമായ തരത്തിൽ പത്തു പേരുടെ ജീവൻ നഷ്ടമായതും കണക്കിലെടുത്താണ് പൊലീസ് പ്രത്യേക അഭ്യർത്ഥന നടത്തിയിരിക്കുന്നത്. അവധികാലം ആയതിനാൽ ഒട്ടേറെ വിദേശ മലയാളി കുടുംബങ്ങൾ ഇപ്പോൾ കേരളത്തിൽ എത്തുന്നതും പലർക്കും വെള്ളത്തിൽ നീന്തി പരിചയം ഇല്ലാത്ത സാഹചര്യവും ഒക്കെ കണക്കിലെടുത്താണ് പൊലീസിന്റെ ഓർമ്മപ്പെടുത്തൽ.

അതിനിടെ ചെറുകര അപകടത്തിൽ മരിച്ച അലോഷ്യസിന് ഇന്ന് പ്രിയപ്പെട്ടവർ അന്ത്യാഞ്ജലി അർപ്പിക്കും. കുടുംബ ഇടവകയായ കരിപ്പാടം കാരുണ്യമാതാ ക്നാനായ കത്തോലിക്കാ പള്ളിയിൽ ഇന്ന് ഉച്ചകഴിഞ്ഞു മൂന്നു മണിക്കാണ് സംസ്‌കാര ശുശ്രൂഷകൾ നടക്കുക. നാളെ ഇതേ സമയം ജോബിയുടെ മകൾ ജിസ്മോൾക്കും സഹോദരൻ ജോൺസൺ മത്തായിക്കും പ്രിയപ്പെട്ടവർ അന്ത്യയാത്ര മൊഴി നേരും. തോട്ടറ സെന്റ് മേരിസ് ക്നാനായ പള്ളിയിലാണ് ചടങ്ങുകൾ ക്രമീകരിച്ചിരിക്കുന്നത്.

അവധികാലം പ്രമാണിച്ചു കേരളത്തിൽ എത്തിയ യുകെ മലയാളികൾ നാടിന്റെ നാനാഭാഗത്തു നിന്നും ജിസ്‌മോളെ കാണാൻ എത്തും. അനേകം കവൻട്രി മലയാളികൾ ഇപ്പോൾ നാട്ടിൽ ഉള്ളതിനാൽ അവരൊക്കെയും ജോബിക്കും സൗമ്യക്കും ആശ്വാസം പകരാൻ എത്തുമെന്ന് പ്രതീക്ഷിക്കപ്പെടുകയാണ്. നനീട്ടൻ മലയാളിയായ ജോബി ഐത്തിലും മാൽവേൻ മലയാളി സുനിൽ ജോർജും കഴിഞ്ഞ ദിവസം മുട്ടുചിറ ആശുപത്രിയിൽ എത്തി അന്ത്യാഞ്ജലി അർപ്പിച്ചിരുന്നു. നാളെ കവൻട്രി മലയാളികളായ ജോബി എബ്രഹാം, ദീപേഷ് സ്‌കറിയ, മഹേഷ് കൃഷ്ണൻ എന്നിവരൊക്കെ തോട്ടറയിൽ എത്തുമെന്നാണ് കരുതപ്പെടുന്നത്. 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP