Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Jun / 202412Wednesday

പൊലീസ് സ്റ്റേഷൻ മാർച്ച് തടയാൻ റോഡിനു കുറുകെ ബാരിക്കേഡുകൾ കെട്ടിവെച്ച് പൊലീസ്; രോഗിയുമായി എത്തിയ ആംബുലൻസ് ആവശ്യപ്പെട്ടിട്ടും തുറന്ന് നൽകിയില്ല; മടങ്ങിപ്പോയ ആംബുലൻസ് ആശുപത്രിയിലെത്തിയത് മൂന്നു കിലോമീറ്ററോളം അധികം സഞ്ചരിച്ച്

പൊലീസ് സ്റ്റേഷൻ മാർച്ച് തടയാൻ റോഡിനു കുറുകെ ബാരിക്കേഡുകൾ കെട്ടിവെച്ച് പൊലീസ്; രോഗിയുമായി എത്തിയ ആംബുലൻസ് ആവശ്യപ്പെട്ടിട്ടും തുറന്ന് നൽകിയില്ല; മടങ്ങിപ്പോയ ആംബുലൻസ് ആശുപത്രിയിലെത്തിയത് മൂന്നു കിലോമീറ്ററോളം അധികം സഞ്ചരിച്ച്

മറുനാടൻ മലയാളി ബ്യൂറോ

കോഴിക്കോട്: റോഡിനു കുറുകെ കയറിട്ടു കെട്ടി വച്ച ബാരിക്കേഡുകൾ ആംബുലൻസിനും തുറന്നു നൽകാതെ പൊലീസിന്റെ കാടത്തം. അത്യാസന്ന നിലയിലായ രോഗിയുമായി ആംബുലൻസ് എത്തിയിട്ടും ബാരിക്കേഡ് തുറന്നു ആംബുലൻസിന് വഴിയൊരുക്കാൻ പൊലീസ് തയ്യാറായില്ല. മറിച്ച് മറ്റൊരു വഴിയിലൂടെ പോകാൻ ആംബുലൻസിന് നിർദ്ദേശം നൽകുകയാണ് പൊലീസുകാർ ചെയ്തത്. ഇതോടെ മടങ്ങിപ്പോയ ആംബുലൻസ് മൂന്നു കിലോമീറ്ററോളം അധികം സഞ്ചരിച്ചാണ് രോഗിയെ ആശുപത്രിയിൽ എത്തിച്ചത്. പൊലീസിന്റെ മനുഷ്യത്വരഹിതമായ ആ പ്രവൃത്തിക്കെതിരെ നാട്ടുകാർ മനുഷ്യാവകാശ കമ്മീഷന് പരാതി നൽകി.

കോൺഗ്രസിന്റെ നല്ലളം പൊലീസ് സ്റ്റേഷൻ മാർച്ച് തടയാനാണ് റോഡിൽ ബാരിക്കേഡുകൾ കൊണ്ട് കെട്ടി മറച്ചത്. ദേശീയപാതയിൽ നല്ലളത്ത് റോഡിനു കുറുകെയാണ് ബാരിക്കേഡുകൾ കയറിട്ടു കെട്ടി വച്ചത്. ഇതോടെ റോഡിലൂടെയുള്ള ഗതാഗതം തടസ്സപ്പെട്ടു. 11.30നുള്ള മാർച്ചിനു ഒരു മണിക്കൂർ മുൻപേ ബാരിക്കേഡ് സ്ഥാപിച്ച് ഗതാഗതം തടഞ്ഞിരുന്നതായും നാട്ടുകാർ പറയുന്നു. ഇതോടെ റോഡിലൂടെ ആർക്കും പോകാൻ കഴിയാതെയായി.

ഈ സമയത്താണ് ചുങ്കം ക്രസന്റ് ആശുപത്രിയിൽ നിന്നുള്ള 95 വയസ്സുകാരിയായ ചേലേമ്പ്ര സ്വദേശിനി ഇച്ചാത്തുട്ടിയുമായി ആംബുലൻസ് എത്തിയത്. ഇവരെ നഗരത്തിലെ ആശുപത്രിയിലേക്ക് കൊണ്ടുപോകാൻ രാവിലെ പതിനൊന്നോടെയാണ് ആംബുലൻസ് ഈ വഴി എത്തിയത്. രോഗിയെ പെട്ടെന്നു അടുത്ത ആശുപത്രിയിൽ എത്തിക്കണമെന്ന ഡോക്ടർമാരുടെ നിർദേശത്തെ തുടർന്നാണ് ആംബുലൻസ് ദേശീയപാതയിലൂടെ മിനി ബൈപ്പാസിലേക്ക് കയറാനായി ഇതുവഴി വന്നത്. എന്നാൽ അൽപം പോലും മനസാക്ഷി കാണിക്കാൻ പൊലീസ് തയ്യാറായില്ല.

ആംബുലൻസിനോട് മടങ്ങി പോകാനും മറ്റൊരു വഴിയിലൂടെ പോകാനും നിർദിശേച്ചു. ഇതോടെ ബാരിക്കേഡ് തുറക്കാത്തതിനാൽ മടങ്ങി മറ്റൊരു വഴിയിലൂടെയാണ് ആംബുലൻസ് പിന്നീട് പോയത്. നാട്ടുകാർ ആവശ്യപ്പെട്ടിട്ടും ബാരിക്കേഡ് നീക്കി വഴിയൊരുക്കാൻ പൊലീസ് തയാറായില്ലെന്നും ആരോപിക്കുന്നു. എന്നാൽ തൊട്ട് മുൻപുള്ള മോഡേൺ ബസാർ ജംക്ഷനിൽ വച്ച് മറ്റൊരു വഴിയിലൂടെ പോകുന്നതിനായി ആംബുലൻസിന് നിർദ്ദേശം നൽകിയിരുന്നെന്നും ശക്തമായ രീതിയിൽ ഒരുക്കിയ ബാരിക്കേഡുകൾ അഴിച്ചു മാറ്റാൻ എളുപ്പമായിരുന്നില്ലെന്നുമാണ് പൊലീസ് പറയുന്നത്.

അതേസമയം പൊലീസ് നടപടി മനുഷ്യാവകാശ ലംഘനമാണെന്നു സൂചിപ്പിച്ച് മുൻ കൗൺസിലർ എസ്.വി.സയ്യിദ് മുഹമ്മദ് ഷമീൽ മനുഷ്യാവകാശ കമ്മിഷനു പരാതി നൽകിയിട്ടുണ്ട്.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP